ജമ്മു മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മുസ്ലിംകള്‍; പ്രവേശനത്തിനെതിരേ ഗവര്‍ണറെ കണ്ട് ബി.ജെ.പി
ശ്രീനഗര്‍: ജമ്മു ഡിവിഷനില്‍പ്പെട്ട ശ്രീമാതാ വൈഷ്‌ണോദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എക്‌സലന്‍സിലെ ആദ്യ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ കൂടുതലും മുസ്ലിംകള്‍ ആയതോടെ ഗവര്‍ണറെ കണ്ട് ബി.ജെ.പി. കോളജിലെ 42 മുസ്ലിം വിദ്യാര്‍ത്ഥികളുടെ പ്രവേശനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് (ജെ.കെ.ബി.ഒ.പി.ഇ.ഇ) തയാറാക്കിയ 50 പേരുടെ അന്തിമ റാങ്ക് പട്ടികപ്രകാരം പ്രവേശനം നേടിയവരില്‍ 45 പേരും മുസ്ലിംകളായതോടെ, ദിവസങ്ങളായി തീവ്രഹിന്ദുത്വസംഘടനകള്‍ കോളജിന് മുന്നില്‍ പ്രതിഷേധപരിപാടികള്‍ നടത്തിവരികയായിരുന്നു. പ്രവേശനം നേടിയ 45 മുസ്ലിംകളില്‍ 42 പേരെ പുറത്താക്കിയാല്‍ മുസ്ലിംകളുടെ എണ്ണം മൂന്നായി കുറയും.
നാഷനല്‍ മെഡിക്കല്‍ കൗണ്‍സിന്റെ ചട്ടങ്ങള്‍ പാലിച്ചും നീറ്റ് റാങ്ക് പട്ടിക അനുസരിച്ചുമാണ് കോളജ് പ്രവേശനനടപടികള്‍ പാലിച്ചതെങ്കിലും, ഹിന്ദുക്കള്‍ ആയിരിക്കണം സ്ഥാപനത്തിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും എന്നാണ് സംഘ്പരിവാര്‍ വാദം. പ്രത്യേക സമുദായത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കോളേജില്‍ പ്രവേശനം നല്‍കുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് സ്വീകാര്യമല്ല. ഞങ്ങളുടെ വികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. മാതാ വൈഷ്‌ണോ ദേവിയില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനം നല്‍കാവൂ എന്ന നിലപാടില്‍ ബി.ജെ.പി ഉറച്ചുനില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."