മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അല്‍ ഫലാഹ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള മുസ്ലിം സ്ഥാപനങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യംവച്ച് വരുന്നതിനിടെ, പ്രതികരണവുമായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ഷാദ് മദനി. എസ്.പി നേതാവും മുന്‍ മന്ത്രിയുമായ അസം ഖാനെ ജയിലിലടച്ചതും ഡല്‍ഹി സ്‌ഫോടനക്കേസിന്റെ അന്വേഷണവും ഉദ്ധരിച്ച അദ്ദേഹം, സര്‍ക്കാര്‍ മുസ്ലിം സമുദായത്തെ ലക്ഷ്യമിടുകയാണെന്ന് ആരോപിച്ചു.
മുസ്ലിംകള്‍ നിസ്സഹായരായിത്തീര്‍ന്നുവെന്ന് ലോകം കരുതുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ഇന്ന്, ഒരു മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, ഒരു ഖാന് ലണ്ടന്‍ മേയറുമാകാം. അതേസമയം ഇന്ത്യയില്‍ ആര്‍ക്കും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആകാന്‍ പോലും കഴിയില്ല. ആരെങ്കിലും അങ്ങനെ ചെയ്താലും അസം ഖാനെപ്പോലെ അവരെ ജയിലിലേക്ക് അയയ്ക്കും. അല്‍ഫലാഹ് സര്‍വകലാശാലയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. മുസ്ലിം സമുദായത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുകയാണ്. സമുദായം ഒരിക്കലും തല ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ചുള്ള അര്‍ഷദ് മദനിയുടെ പ്രസ്താവനയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉദിത് രാജും സന്ദീപ് ദീക്ഷിതും രംഗത്തുവന്നു. ഭരണകൂടം സംഘടിതമായി ഒരു മതവിഭാഗക്കാര്‍ക്കും അവരിലെ വിദ്യാസമ്പന്നര്‍ക്ക് നേരെയും തിരിഞ്ഞിരിക്കുകയാണെന്ന് സന്ദീപ് ദീക്ഷിത് അഭിപ്രായപ്പെട്ടു. മദനിയുടെ അഭിപ്രായം വളരെ ശരിയാണ്. ഇത്തരത്തിലുള്ള കാര്യങ്ങളെ അല്‍ഫലാഹുമായി കൂട്ടിക്കുഴക്കരുത്. കാരണം, അത് തികച്ചും മറ്റൊരു സാഹചര്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന കേസാണ്. സര്‍ക്കാര്‍ പ്രത്യേക മതവിഭാഗത്തിലെ വിദ്യാസമ്പന്നര്‍ക്ക് നേരെ തിരിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ചിലപ്പോഴൊക്കെ, സര്‍ക്കാരിനകത്ത് നിന്നുതന്നെ ഇത്രയൊക്കെ വേണോയെന്ന ചോദ്യം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദനിയുടെ പ്രസ്താവനയെ പിന്തുണച്ച ഉദിത് രാജ്, സര്‍ക്കാര്‍ അല്‍ഫലാഹ് സര്‍വകലാശാലയെ ലക്ഷ്യമിടരുതെന്ന് ആവശ്യപ്പെട്ടു. മുസ്‌ലിം വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. പ്രധാന അക്കാദമിക്, ഭരണതലത്തിലെ നിയമനങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളെ കേന്ദ്രം വ്യവസ്ഥാപിതമായി മാറ്റിനിര്‍ത്തുകയാണ്. മുസ്ലിംകള്‍ക്ക് മാത്രമല്ല, ദലിതര്‍ക്കും ഒ.ബി.സികള്‍ക്കും നിയമനങ്ങള്‍ നിഷേധിക്കപ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ 'സബ്കാ സാത്ത് സബ്കാ വികാസ്' എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു പ്രത്യേക ജാതിയെ മാത്രംേ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യത്തെ 48 കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ ഒന്നിലും മുസ്ലിം, ദലിത്, ഒ.ബി.സി വൈസ് ചാന്‍സലര്‍മാര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."