കാബിൻ ക്രൂവിനെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തു: 60-കാരനായ പൈലറ്റിനെതിരെ കേസ്
ബെംഗളൂരു: ബെംഗളൂരുവിലെ ആഡംബര ഹോട്ടലിൽ വെച്ച് സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ അംഗമായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 60 വയസ്സുകാരനായ പൈലറ്റിനെതിരെ പൊലിസ് കേസെടുത്തു. പൈലറ്റായ രോഹിത് ശരൺ ആണ് പ്രതി.
നവംബർ 19-ന് ബെംഗളൂരുവിൽ നിന്ന് പുട്ടപർത്തിയിലേക്ക് പോകേണ്ട ചാർട്ടേഡ് വിമാനത്തിലെ കാബിൻ ക്രൂ അംഗമാണ് 26 വയസ്സുകാരിയായ അതിജീവിത.നവംബർ 18-ന് ഹൈദരാബാദിലെ ബീഗംപേട്ടിൽനിന്നാണ് രോഹിത് ശരൺ മറ്റൊരു പൈലറ്റിനും അതിജീവിതയ്ക്കും ഒപ്പം വിശ്രമത്തിനായി ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുത്തത്. 19-ന് പുട്ടപർത്തിയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
പുകവലിക്കുന്നതിനായി പുറത്തുപോയ സമയത്ത്, ഹോട്ടൽ മുറിക്ക് സമീപം വെച്ച് രോഹിത് ശരൺ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പൊലിസിൽ നൽകിയ പരാതി.നവംബർ 20-ന് ബീഗംപേട്ടിൽ തിരിച്ചെത്തിയ യുവതി ഉടൻ തന്നെ വിമാനക്കമ്പനി മാനേജ്‌മെന്റിനെ സമീപിക്കുകയും ഹൈദരാബാദിലെ ബീഗംപേട്ട് പൊലിസിൽ പരാതി നൽകുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 63 (ബലാത്സംഗ കുറ്റകൃത്യം) പ്രകാരമാണ് ഹൈദരാബാദ് പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.സംഭവം ബെംഗളൂരുവിൽ വെച്ചായതിനാൽ, കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ബെംഗളൂരു ഹലസുരു പൊലിസിലേക്ക് കൈമാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."