'ഒരു ടി20 കളിക്കാരന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല'; ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ പരാജയത്തിന് പിന്നാലെ ഇതിഹാസ താരത്തിന്റേ വിമർശനം
ഗുവാഹത്തി: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ 2-0-ന് സമ്പൂർണ പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിനും രാജ്യത്തെ ക്രിക്കറ്റ് വിക്കറ്റുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ് രംഗത്ത്.
നവംബർ 26 ബുധനാഴ്ച ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 408 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു ഹർഭജന്റെ പ്രതികരണം. ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടെസ്റ്റിലും 30 റൺസിന് ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
"നല്ല ടെസ്റ്റ് വിക്കറ്റുകളിൽ കളിക്കാം"
ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന് ശേഷം തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഹർഭജൻ സിംഗ്. ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ച മികച്ച വിക്കറ്റുകൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹർഭജന്റെ വാക്കുകൾ:"ഇന്ത്യൻ ക്രിക്കറ്റിലെ പഴയകാല ഇതിഹാസങ്ങൾ മികച്ചവരായിരുന്നു, കാരണം അവർക്ക് അഞ്ച് ദിവസത്തെ മത്സരങ്ങൾ എങ്ങനെ കളിക്കണമെന്ന് അറിയാമായിരുന്നു. ആർക്കും ടി20 കളിക്കാം. എന്നാൽ, ഒരു ടി20 കളിക്കാരന് ടെസ്റ്റ് ക്രിക്കറ്റിൽ വിജയിക്കാൻ കഴിയില്ല. ആളുകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ദക്ഷിണാഫ്രിക്ക ഈ രണ്ടാം മത്സരത്തിൽ 408 റൺസിന് വിജയിക്കുകയും ടെസ്റ്റ് പരമ്പര 2-0 ന് നേടുകയും ചെയ്തു എന്നതാണ് വസ്തുത. ടെസ്റ്റ് പരമ്പര തോൽക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, നമുക്ക് നല്ല ടെസ്റ്റ് വിക്കറ്റുകളിൽ കളിക്കാൻ തുടങ്ങാം, അവിടെ വിജയിക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്."
കഠിനാധ്വാനം ചെയ്ത വിജയമാണ് ആവശ്യം
ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരായ റെഡ്-ബോൾ പരമ്പരയിൽ അഞ്ച് മത്സരങ്ങളും അവസാന ദിവസം വരെ നീണ്ടുനിന്നത് കാണാൻ സന്തോഷകരമായിരുന്നുവെന്നും, മികച്ച വിക്കറ്റുകളിൽ കളിച്ചപ്പോൾ ടീം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇംഗ്ലണ്ടിൽ അഞ്ചാം ദിവസം ഞങ്ങൾ ആ മത്സരം ജയിച്ചപ്പോൾ അത് വളരെ ആസ്വാദ്യകരമായിരുന്നു. സിറാജിനെ പോലുള്ള ഫാസ്റ്റ് ബൗളർമാർ മത്സരം ജയിക്കാൻ വേണ്ടി കഠിനമായി പന്തെറിഞ്ഞു. അത്തരം മത്സരങ്ങൾ കാണുന്നത് രസകരമാണ്. നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. സിറാജിനോടോ ഗില്ലിനോടോ ആ വിജയത്തെക്കുറിച്ച് ചോദിച്ചാൽ, അത് അവരുടെ കരിയറിനെ സഹായിച്ചുവെന്ന് അവർ പറയും, കാരണം അവർ കഠിനാധ്വാനത്തിന് ശേഷമാണ് വിജയിച്ചത്. നല്ല വിക്കറ്റുകളിൽ, ഞങ്ങളുടെ ബാറ്റ്‌സ്മാൻമാർ റൺസ് നേടി, ഞങ്ങളുടെ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി."
ശുഭ്മാൻ ഗില്ലിന്റെ കീഴിൽ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ആ പരമ്പര 2-2 ന് സമനിലയിലാക്കിയിരുന്നു. ഓവലിൽ നടന്ന അവസാന മത്സരത്തിൽ ആറ് റൺസിന്റെ ചരിത്രവിജയമാണ് ഇന്ത്യ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."