രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ
കോഴിക്കോട്: ദിവസങ്ങളായി സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്. ബലാത്സംഗ കേസിൽ ഉൾപ്പെട്ട പാർട്ടി എം.എൽ.എയെ പൊലിസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പുതന്നെ പുറത്താക്കിയതിലൂടെ ഇത്തരം കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും എടുക്കാത്ത ആർജവമുള്ള സമീപനമാണ് ഇതെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു.
രാഹുൽ കോൺഗ്രസുകാരൻ അല്ലെന്ന വാദമാണ് ഇനി കോൺഗ്രസ് ഉയർത്തുക. പുറത്താക്കിയതോടെ കോൺഗ്രസ് എം.എൽ.എ എന്ന നിലയിൽ ഇനി രാഹുലിനെ അഭിസംബോധന ചെയ്യാൻ എതിരാളികൾക്ക് കഴിയില്ലെന്നും കോൺഗ്രസ് സൂചിപ്പിക്കുന്നു. ഇത്തരം പരാതികൾ ഉയരുമ്പോൾ പാർട്ടി അന്വേഷിക്കുമെന്നും പാർട്ടി കോടതി വിധി പറയുമെന്നുമുള്ള സി.പി.എമ്മിന്റെ രീതിയല്ല തങ്ങളുടേതെന്ന സന്ദേശം കൂടി കോൺഗ്രസ് പങ്കുവയ്ക്കുന്നു. എം. മുകേഷ് എം.എൽ.എക്കെതിരേ സമാന ആരോപണം ഉയർന്നിട്ടും സി.പി.എം ഒരു നടപടിയും എടുത്തില്ലെന്ന ഓർമിപ്പിക്കൽ കൂടിയാണ് നടപടിയിലൂടെ കോൺഗ്രസ് ലക്ഷ്യംവയ്ക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ പുറത്താക്കൽ നടപടിയിലൂടെ വിവാദത്തിൽ നിന്ന് പാർട്ടിയെ മോചിപ്പിക്കാൻ കഴിഞ്ഞുവെന്ന് കോൺഗ്രസ് കരുതുന്നു. താൻ രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായാണെന്നും പരാതി വന്നതിന് ശേഷം ഒരു തലത്തിലും സംരക്ഷിച്ചില്ലെന്നുമാണ് രാഹുലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപണം നേരിട്ട ഷാഫി പറമ്പിൽ എം.പി വ്യക്തമാക്കിയത്. അതേസമയം, ഷാഫിയെ സൈബറിടങ്ങളിൽ അടക്കം അധിക്ഷേപിക്കുന്ന സി.പി.എമ്മിനെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
രാഹുലിനെ ഏതെങ്കിലും തരത്തിൽ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിൽ കൂടിയാണ് പുറത്താക്കൽ നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്തായതോടെ രാഹുലിന് എം.എൽ.എ സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. രാഹുലിനെ പുറത്താക്കാൻ കഴിഞ്ഞ ദിവസം തന്നെ നേതൃത്വം ധാരണയിലെത്തിയെങ്കിലും മുൻകൂർ ജാമ്യഹരജിയിലെ കോടതി വിധി വന്നശേഷമാണ് തീരുമാനം പുറത്തുവിട്ടത്. കെ.പി.സി.സിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ചൊവ്വാഴ്ച തന്നെ ഹൈക്കമാൻഡ് നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ കോൺഗ്രസിനെ ബാധിക്കില്ലെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. രാഹുലിനെ പിടികൂടാൻ വൈകിയത് ആഭ്യന്തര വകുപ്പിന്റെ പരാജയമായി ചൂണ്ടിക്കാണിച്ച് തിരിച്ചടിക്കാൻ കൂടിയാണ് കോൺഗ്രസിന്റെ നീക്കം.
രാഹുലിനെതിരേ ലഭിച്ച പരാതികളിൽ ഹൈക്കമാൻഡ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്നും തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുൻഷി നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യപരാതി വന്ന സമയം തന്നെ വിശദമായ റിപ്പോർട്ട് ഇവർ നൽകിയിരുന്നു.
രാഹുലിനെ മാറ്റിനിർത്തണമെന്നും പാർട്ടി വേദികളിൽ അടുപ്പിക്കരുതെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തുടക്കംമുതലേയുള്ള നിലപാടിനുള്ള അംഗീകാരം കൂടിയായി പുറത്താക്കൽ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."