HOME
DETAILS

In Depth News: 'സ്വയംഭൂവായ' വിഗ്രഹം നീക്കാൻ നെഹ്‌റു ആവശ്യപ്പെട്ടെങ്കിലും മലയാളി മജിസ്‌ട്രേറ്റ് കെ.കെ നായർ തയാറായില്ല, പിന്നീടത് കലാശിച്ചത് ബാബരി മസ്ജിദിന്റെ തകർച്ചയിൽ

  
കെ. ഷബാസ് ഹാരിസ്
December 06, 2025 | 7:24 AM

babri masjid history truth and narrative

"സത്യം അത്യന്തികമായി അസത്യത്തിന് മേൽ വിജയം നേടുന്നതിന്റെ സാക്ഷ്യമാണ് ഇന്ന്." പ്രധാന മന്ത്രി നരേന്ദ്ര മോദി 2025 നവംബർ 25ന് ബാബരി മസ്ജിദ് പൊളിച്ചെടുത്ത് പുതുതായി പണിത രാമക്ഷേത്രത്തിന്റെ ധ്വജാരോഹണ ചടങ്ങിൽ പറഞ്ഞ വാക്കുകളാണിത്. വിശ്വ വിഖ്യാത സാഹിത്യകാരൻ ഫയദോർ ദസ്തയെവിസ്കിയുടെ ഒരു വാചകം മോദിയുടെ വാക്കുകളോട് നമുക്ക് ചേർത്ത് വായിക്കാം "എല്ലാറ്റിനുമുപരി, സ്വന്തത്തോടെങ്കിലും നുണ പറയാതിരിക്കുക."

ഏത് സത്യത്തെ കുറിച്ചാണ് മോദി സംസാരിച്ചത്? തുളസിദാസിന്റെ രാമചരിതമനസ്സ് ഉൾപ്പെടെ ബാബരി മസ്ജിദ് നിർമ്മിക്കപ്പെട്ടതിന് ശേഷവും, മുന്നേയും എഴുതപ്പെട്ടിട്ടുള്ള അനവധി ഹൈന്ദവ കൃതികളിൽ എവിടെയും ഒരു ക്ഷേത്രം അവിടെ നിലനിന്നതായോ, അതിനെ പൊളിച്ച് ഒരു പള്ളി നിർമ്മിച്ചതായോ പറയുന്നില്ല. അയോധ്യയെ കുറിച്ചുള്ള പരാമർശങ്ങൾ അഥർവ്വ വേദം തൊട്ട് ഇങ്ങോട്ടുള്ള പല കൃതികളിലും, ഇതിഹാസങ്ങളിലും കാണാം. അതിനർത്ഥം, അയോധ്യ എന്നത് ഹിന്ദു ജന വിഭാഗത്തിന്റെ മാത്രം സംസ്കാരം നിലനിന്നിരുന്ന സ്ഥലമായിരുന്നു എന്നല്ല. അവിടെ ബുദ്ധ - ജൈന മതങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഇസ്‌ലാമിലെ സൂഫി പണ്ഡിതന്മാരുടെ മഖ്ബറകൾ നിലനിൽക്കുന്ന സ്ഥലം കൂടിയാണ് അയോധ്യ. പുരാവസ്തു വകുപ്പിന് പള്ളി സ്ഥിതി ചെയ്യുന്നിടത്ത് നിന്ന് പഴയെ ചില കെട്ടിടാവശിഷ്ടങ്ങൾ ലഭിച്ചിരുന്നെങ്കിലും, അത്‌ ക്ഷേത്രത്തിന്റെയാണെന്നോ, ആ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്നോ ഉള്ള തെളിവുകളൊന്നും പുരാവസ്തു വകുപ്പിന് ലഭിച്ചിരുന്നില്ല. പള്ളി ക്ഷേത്രത്തിന് വിട്ട് കൊടുത്ത കോടതി വിധിയിൽ പോലും ക്ഷേത്രം അവിടെ സ്ഥിതി ചെയ്തിരുന്നു എന്നതിന് തെളിവില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ഒപ്പം പള്ളി തകർത്തത് കുറ്റ കൃത്യമാണെന്നും കോടതി കണ്ടെത്തുന്നു. എന്നിട്ടും പള്ളി ക്ഷേത്രത്തിന് വിട്ട് കൊടുക്കുകയും, അന്വേഷണ സംഘങ്ങൾ പള്ളി പൊളിച്ചതിന് കുറ്റകാരെന്ന് കണ്ടെത്തിയ എൽ കെ അദ്വാനി, മുർലി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാ ഭാരതി എന്നിവരെ ശിക്ഷിക്കാനോ കോടതിക്ക് സാധിച്ചിരുന്നില്ല. വസ്തുതകൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഏത് സത്യം വിജയിച്ച കാര്യമാണ് പ്രധാന മന്ത്രി സൂചിപ്പിച്ചത്? വിജയിച്ചത് സത്യമല്ല, ഹിന്ദുത്വ പ്രൊപ്പഗണ്ടയാണ്. പരാജയപ്പെട്ടത് നുണയല്ല, ഇന്ത്യയിൻ മതേതരത്വമാണ്.

ബാബരി മസ്ജിദ് നിർമ്മാണം:

1528ൽ ഫൈസാബാദിലെ ബാബറിന്റെ ഗവർണർ മിർ ബാഖിയാണ് ബാബറിന്റെ നിർദ്ദേശ പ്രകാരം ബാബരി മസ്ജിദ് നിർമ്മിക്കുന്നത്. 2.77 ഏക്കറിൽ അതിമനോഹരമായി പണി കഴിപ്പിച്ച മുസ്ലിം ആരാധനാലയം. നേരത്തെ സൂചിപ്പിച്ച പോലെ അവിടങ്ങളിൽ അന്ന് ഹിന്ദുക്കളും ജീവിച്ചിരുന്നു. ഒപ്പം തന്നെ ബുദ്ധ - ജൈന മതങ്ങളുടെ പാരമ്പര്യവും അയോധ്യയിൽ അന്ന് നിലനിന്നിരുന്നു. എല്ലാവരും പരസ്പര സ്നേഹത്തോടെയും, സഹകരണത്തോടെയും ജീവിച്ചു. മുസ്ലിം ഭരണാധികാരിയായിരുന്നിട്ടും ബാബർ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടായിരുന്നു. ഗുർ ഖത്രി, കച്വ പോലെയുള്ള സ്ഥലങ്ങളിൽ അന്ന് നിലനിന്നിരുന്ന ഹിന്ദു സന്ന്യാസി മഠങ്ങളെയും, അവിടുത്തെ യോഗികളെയും ബാബർ സന്ദർശിക്കാറുണ്ടായിരുന്നു എന്നത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വസ്തുതയാണ്. അങ്ങനെയുള്ള ബാബർ ക്ഷേത്രം പൊളിച്ച് പള്ളി പണിയാൻ ഉത്തരവിട്ടു എന്ന് ആരോപിക്കുന്നതിന് പിന്നിലെ വിരോധാഭാസം ഏതൊരാൾക്കും മനസിലാക്കാവുന്നതേയുള്ളൂ.

ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം തുടങ്ങി വെച്ച നറേറ്റീവ്:

പോർച്ചുഗീസുകാർ തൊട്ട് ബ്രിട്ടീഷുകാർ വരെ ഒരിക്കൽ ലോകത്തെ അധിനിവേശം നടത്തി കീഴടക്കാൻ പുറപ്പെട്ടത് ലോകം കീഴടക്കണം എന്ന ഉദ്ദേശത്തോടെ മാത്രമല്ല. മുസ്ലിംകളുടെ കച്ചവടവും, ഭരണ കേന്ദ്രങ്ങളും നശിപ്പിക്കുക എന്ന ലക്ഷ്യവും കൂടി അവർക്കുണ്ടായിരുന്നു, കുരിശ് യുദ്ധങ്ങളിലേറ്റ തിരിച്ചടികൾ തന്നെ ഈ മനോഭാവത്തിന് കാരണം. ബ്രിട്ടീഷുകാർ മുസ്ലിംകളെ ഈയൊരു കാരണത്താൽ ശത്രുക്കളായിട്ടായിരുന്നു പരിഗണിച്ചിരുന്നത്. അധിനിവേശ ബ്രിട്ടീഷ് ഭരണത്തിന് നേരെ മുസ്ലിം ഭരണാധികാരികളും, വിപ്ലവകാരികളും നിരന്തരം പോരാടാൻ കൂടി ആരംഭിച്ചതോടെ ബ്രിട്ടീഷുകാരിലെ മുസ്ലിം വിരുദ്ധത വർദ്ധിക്കുക മാത്രമേ ചെയ്തുള്ളൂ.

ഇന്ത്യയിലെ ഹിന്ദു - മുസ്ലിം ഐക്യം തങ്ങളുടെ നിലനിൽപ്പിന് അപകടമാണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് തന്നെ 'ഭിന്നിച്ച് ഭരിക്കുക' എന്ന തങ്ങളുടെ തന്ത്രം ഇന്ത്യയിൽ പരീക്ഷിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ആദ്യമായി രാമ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്ന നറേറ്റീവ് സൃഷ്ടിക്കുന്നത് ബ്രിട്ടീഷുകാരാണ്. ഇത് ഹിന്ദു സമുദായത്തിലുള്ള ചിലർ ഏറ്റെടുക്കുകയും ചെയ്തതോടെ സംഘർഷങ്ങൾ ഉടലെടുത്തു തുടങ്ങി. അപ്പോഴും പള്ളി മുസ്ലിംകളുടെ കയ്യിൽ തന്നെയായിരുന്നു.

1857ൽ ബ്രിട്ടീഷുകാർ ഹിന്ദു സമുദായത്തിന് പള്ളിക്കകത്ത് 'ചബുദ്ര' (പ്രാർത്ഥനകൾക്കും മറ്റുമായുള്ള ഇടം) ഉണ്ടാക്കാൻ അനുമതി നൽകി.

ഇതേ വർഷമാണ് ബഹദൂർ ഷാഹ്‌ സഫർ രണ്ടാമന്റെ കീഴിയിൽ ഇന്ത്യയിലെ മുസ്ലിംകളും, ഹിന്ദുക്കളും ഒന്നിച്ച് നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന് നേർക്ക് സായുധമായി പോരാടുന്നത്. പോരാട്ടത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യം പിന്നീട് ഹിന്ദു - മുസ്ലിം ജന വിഭാഗങ്ങൾക്കിടയിൽ കൂടുതൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ 1859ൽ ബ്രിട്ടീഷുകാർ ബാബരി മസ്ജിദിനെ രണ്ടായി വിഭജിച്ച്, രണ്ട് മതങ്ങൾക്കും നൽകി. ഇതിലൂടെ ഹിന്ദുക്കളും, മുസ്ലിംകളും ഒരേ സമയം പ്രാർത്ഥിക്കുന്ന സാഹചര്യമുണ്ടായി. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.

1885 ജനുവരി 29ന് മഹന്ത് രഗ്ബീർ ദാസ് എന്ന ഹിന്ദു പുരോഹിതൻ പള്ളിയുള്ളിടത്ത് ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബ്രിട്ടീഷ് കോടതിയെ സമീപിക്കുന്നുണ്ടെങ്കിലും, കോടതി ആവശ്യം തള്ളി കളഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷം:

1947ൽ ഇന്ത്യ - പാകിസ്ഥാൻ വിഭജനത്തിന് ശേഷം രാജ്യത്ത് ഉടലെടുത്ത അനേകം വർഗ്ഗീയ കലാപങ്ങളുടെ തുടർച്ചയിൽ 1949 ഡിസംബർ 22ന് രാത്രി ഹിന്ദു തീവ്രവാദികളിൽ ചിലർ പള്ളിയിലേക്ക് അതിക്രമിച്ച് കയറുകയും, മുസ്ലിംകൾ പ്രാർത്ഥിക്കുന്നിടത്ത് രാമന്റെ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു. പോലീസ് ഇവർക്കെതിരിൽ കേസുടുക്കുന്നുമുണ്ട്. അന്നത്തെ പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്‌റു വിഗ്രഹം പള്ളിയിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അന്നത്തെ ജില്ലാ മജിസ്‌ട്രെറ്റായിരുന്ന മലയാളിയായിട്ടുള്ള കെ കെ നായർ എന്നാൽ പള്ളിയിൽ നിന്നും വിഗ്രഹം എടുത്ത് മാറ്റാൻ തയ്യാറായില്ല, വിഗ്രഹം അവിടെ നിന്ന് മാറ്റിയാൽ വർഗ്ഗീയ ലഹള ഉണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഇതേ കെ കെ നായർ പിന്നീട് ഹിന്ദുത്വ രാഷ്ട്രീയ സംഘടനയായ ജനസംഘിന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.

ഹിന്ദുത്വ നറേറ്റീവ് ശക്തിയാർജ്ജിക്കുന്നു:

1980 കാലഘട്ടങ്ങളിൽ പള്ളി പൊളിക്കാനും, അവിടെ രാമ ക്ഷേത്രം പണിയാനുമുള്ള ആഹ്വാനങ്ങൾക്കും, പ്രതിഷേധങ്ങൾക്കും ഹിന്ദുത്വ സംഘനകൾ തുടക്കം കുറിച്ചു. 1984ൽ എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ വിശ്വ ഹിന്ദു പരിഷത്ത് രാമക്ഷേത്ര വിഷയം മുന്നിൽ വെച്ച് കൊണ്ട് ശ്രിറാം - ജാനകി രഥ യാത്ര ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് നടത്തി. 1987ൽ കേന്ദ്ര സർക്കാരിന്റെ കീഴിയിൽ വരുന്ന ദൂരദർശൻ ചാനലിൽ രാമായണ സീരിയൽ സംപ്രേഷണം ചെയ്യപ്പെട്ട് തുടങ്ങി. ഇത് രാമനെ കുറിച്ചും, രാമന്റെ ജന്മ സ്ഥലമെന്ന് പറയപ്പെടുന്ന അയോധ്യയെ കുറിച്ചും പൊതു ജനങ്ങളിൽ ആവേശവും, വൈകാരികതയും സൃഷ്ടിക്കാൻ കാരണമായി. ഇതേ സമയം പത്ര മാധ്യമങ്ങളിൽ ബാബരി മസ്ജിദ് കേവലം തർക്ക മന്ദിരമായി മാറുകയും ചെയ്തു. ഇതൊക്കെ ഒന്നിച്ച് ചേർന്നപ്പോൾ കൃത്യമായ തെളിവുകളുടെ ഒന്നിന്റെയും പിൻബലം ഇല്ലാതെ തന്നെ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന ഹിന്ദുത്വ നറേറ്റീവ് പൊതു ബോധത്തിന്റെ ഭാഗമായി തീർന്നു. കൊളോണിയൽ ഭരണകൂടം തുടങ്ങി വെച്ചത് ഹിന്ദുത്വ വർഗ്ഗീയ ശക്തികൾ ഏറ്റു പിടിച്ചപ്പോൾ ആ നറേറ്റീവ് സത്യത്തിന് മേലെ നിലനിൽക്കാൻ മാത്രമുള്ള ശക്തിയാർജ്ജിച്ചു കഴിഞ്ഞിരുന്നു. 1989ൽ അന്നത്തെ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധി രാമക്ഷേത്രത്തിന് ബാബരി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് തറക്കല്ലിടാൻ അനുവദിക്കുന്നിടത്ത് വരെ കാര്യങ്ങളെത്തി.

1990 എൽ കെ അദ്വാനി രണ്ടാമത് ഒരു രഥ യാത്ര കൂടി നടത്തി. ആൾക്കൂട്ടങ്ങളുടെ ആരാവങ്ങൾക്കിടയിൽ പള്ളി പൊളിക്കണമെന്ന ആവശ്യവുമായി ഇറങ്ങി തിരിച്ച എൽ കെ അദ്വാനിയെ ഒട്ടുമേ ഭയക്കാതെ അറസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ചത് അന്നത്തെ ബിഹാർ മുഖ്യ മന്ത്രി ലാലു പ്രസാദ് യാദവ് മാത്രമായിരുന്നു.

പള്ളിയുടെ മിനാരങ്ങൾ തകർക്കപ്പെട്ട ദിവസം:

1992 ഡിസംബർ 6, ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് ഒന്നര ലക്ഷത്തോളം വരുന്ന കർസേവകർ ജയ് ശ്രീറാം മുഴക്കി കൊണ്ട് ബാബരി മസ്ജിദിലേക്ക് നടന്നടുത്തു. എല്ലാവരുടെയും കൈകളിൽ ആയുധങ്ങൾ. പത്രക്കാരെയും, ഫോട്ടോഗ്രാഫർമാരെയും കർസേവകർ തല്ലിയോടിച്ചു. അന്ന് കർസേവകരുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട മാധ്യമ പ്രവർത്തകരിൽ മലയാളികളായിട്ടുള്ള ജോൺ ബ്രിട്ടാസ്, ഫോട്ടോഗ്രാഫർ പി മുസ്തഫ എന്നിവരുമുണ്ടായിരുന്നു. പോലീസും, സൈന്യവും നോക്കി നിൽക്കെ ലക്ഷക്കണക്കിന് വരുന്ന കർസേവകർ പള്ളി മിനാരങ്ങൾ ഇടിച്ചു തകർത്തു. 464 വർഷത്തെ മുസ്ലിം പൈതൃകം ഒറ്റ ദിവസം കൊണ്ട് തകർത്ത് ഇല്ലാതാക്കപ്പെട്ടു. ഇന്ത്യൻ ജനാധിപത്യം അന്നേ ദിവസം ഹിന്ദുത്വ ഭീകരതയാൽ പിടഞ്ഞു, നൂറ്റാണ്ടുകളുടെ മഹത്വമുള്ള ഇന്ത്യൻ മതേതരത്വം അന്ന് അപമാനിക്കപ്പെട്ട് തല കുനിച്ചു. ഇന്ത്യയിലെ കോടി കണക്കിന് വരുന്ന മുസ്ലിം ജന വിഭാഗത്തിന്റെ ആത്മാഭിമാനത്തിന് ഏറ്റ മുറിവിനെ ഉണക്കാൻ പിന്നീട് വന്ന ഭരണക്കൂടങ്ങൾക്കോ, ജനാധിപത്യ സംവിധാനങ്ങൾക്കോ സാധിച്ചുമില്ല.

ബാബരി ധ്വംസനത്തിന് ശേഷം:

എൽ കെ അദ്വാനി അടങ്ങുന്ന പലയാളുകൾക്കും നേരെ സി ബി ഐ അടക്കം പ്രതിച്ചേർത്ത് കേസ് എടുത്തെങ്കിലും ആരും ശിക്ഷിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ഇവരൊക്കെയും രാഷ്ട്രീയത്തിൽ ബി ജെ പിയിലൂടെ വലിയ നേതാക്കളായി വളരുകയും ചെയ്തു. ബാബരി ധ്വംസനത്തിലൂടെ ആത്മവിശ്വാസം കൈവരിച്ച ഹിന്ദുത്വ ശക്തികൾ രാജ്യത്ത് ഉടനീളം മുസ്ലിംകൾക്ക് നേരെ വർഗ്ഗീയ കലാപങ്ങൾ അഴിച്ചു വിടാൻ തുടങ്ങി, അത്‌ 2002ലെ ഗുജറാത്ത് കലാപത്തിലേക്കും, അതിന് ശേഷമുള്ള പല കലാപങ്ങളിലേക്കും വഴി വെക്കുകയും ചെയ്തു. ഒപ്പം തന്നെ ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടിയിൽ ഒന്നായി വേഗത്തിൽ തന്നെ ബി ജെ പി വളർന്നു. ഇന്ത്യയുടെ പൊതു ബോധത്തെ നിയന്ത്രിച്ചു നിർത്താനും, മുസ്ലിം അപരവത്കരണം സൃഷ്ടിച്ചെടുക്കാനും ബാബരിയാനന്തരം ഹിന്ദുത്വയ്ക്ക് എളുപ്പത്തിൽ സാധിക്കുന്നുണ്ട്. കോടതിയെ പോലും സ്വാധീനിക്കാൻ ശേഷിയുള്ള ശക്തിയായി നിലനിൽക്കുന്ന ഹിന്ദുത്വയെയാണ് പിന്നീട് രാജ്യം കാണുന്നത്.

കോടതി വിധി:

2019ൽ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചു ബാബരി വിഷയത്തിൽ അന്തിമ വിധി പുറപ്പെടിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയി, മറ്റു ജഡ്ജുമാരായിട്ടുള്ള എസ് എ ബോബ്ദെ, ഡി വൈ ചന്ദ്രച്ചൂട്, അശോക് ഭൂഷൻ, എസ് എ നസീർ അടങ്ങുന്ന ഭരണഘടന ബെഞ്ചു പുറപ്പെടിച്ച വിധിയിൽ പള്ളി പൊളിച്ചത് കുറ്റ കൃത്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. പുരാവസ്തു വകുപ്പ് പള്ളിയുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തി എന്ന് പറയുന്ന അവശിഷ്ടങ്ങൾ ക്ഷേത്രത്തിന്റെതാണെന്ന് തെളിവില്ല എന്നും കോടതി സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്നതിന് യാതൊരു തെളിവുമില്ലെന്ന് കൂടി കോടതി സൂചിപ്പിക്കുന്നുണ്ട്. തുടർന്ന് ഭരഘടന ബെഞ്ചു വിധി പ്രഖ്യാപിച്ചു. പള്ളിയുള്ളിടത്ത് ക്ഷേത്രം വരട്ടെ, മറ്റൊരു പള്ളി പണിയാൻ അയോധ്യയിൽ തന്നെ 5 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചു നൽകുക!

ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയാണ് ബാബരി ധ്വംസനം എന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ട് കൂടിയും നീതിക്കൊപ്പം നിന്ന് കൊണ്ടൊരു വിധി പ്രഖ്യാപനം നടത്താൻ കോടതിക്ക് പോലും സാധിക്കാത്ത വിധത്തിൽ ഹിന്ദുത്വ വളർന്നിരിക്കുന്നു എന്ന അപകടം നാം ഇനിയും തിരിച്ചറിയേണ്ടതുണ്ട്.

ബാബരി പൊളിച്ചതോടെ ഹിന്ദുത്വ ശക്തികൾക്ക് കൈവന്നിട്ടുള്ള ആത്മവിശ്വാസം അവരിൽ ഇനിയും ചോർന്നിട്ടില്ല. അത്‌ മറ്റാനേകം പള്ളികളിലേക്ക് അവകാശവാദം ഉന്നയിക്കുന്നതിലേക്കും, പള്ളികൾ പൊളിക്കുന്നതിലേക്കും അവരെ കൊണ്ടെത്തിച്ചിരിക്കുകയാണ്. നൂറ്റാണ്ടുകളോളം ഈ രാജ്യത്ത്, ഈ രാജ്യത്തിന്റെ പൗരന്മാരായി ജീവിച്ചിട്ടുള്ള മുസ്ലിം ജന വിഭാഗത്തിന്റെ ആത്മാഭിമാനവും, നിലനിൽപ്പും നിരന്തരം ചോദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന ഈ പുതിയ കാലത്ത്, ഈയൊരു ഡിസംബർ 6നെങ്കിലും നമുക്ക് രാജ്യത്തോട് ഉച്ചത്തിൽ വിളിച്ചു പറയാം "ബാബരി തന്നെയാണ് നീതി".

This article examines how political narratives have reshaped the history of the Babri Masjid, contrasting Prime Minister Narendra Modi’s 2025 remarks on the “victory of truth” with documented historical evidence. It highlights that neither Tulsidas’s Ramcharitmanas nor other early Hindu texts mention a temple being demolished to build the mosque, and archaeological findings never proved such a claim. Tracing the origins of the temple-demolition narrative to British colonial “divide and rule” strategy, the piece describes how this narrative was later amplified by Hindutva organisations, culminating in the mosque’s demolition in 1992. It recounts the legal, political, and communal consequences that followed—including the Supreme Court’s 2019 verdict acknowledging the demolition as unlawful yet still granting the site for a temple—and reflects on how this event reshaped India’s secular fabric, empowered majoritarian politics, and continues to fuel challenges to Muslim identity and heritage in the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസുവരെ പഠനം ഓൺലൈനിൽ മാത്രം

National
  •  2 days ago
No Image

In Depth News : തെരഞ്ഞെടുപ്പ് വരുന്നു, തിരിപ്പുരംകുൺറം ഏറ്റെടുത്തു ആർഎസ്എസ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ 'ഹിന്ദുവിനെ ഉണർത്താനുള്ള' നീക്കം

National
  •  2 days ago
No Image

സ്ത്രീധനം ചോദിച്ചെന്ന് വധു, തടി കാരണം ഒഴിവാക്കിയെന്ന് വരൻ; വിവാഹപ്പന്തലിൽ നാടകീയ രംഗങ്ങൾ

National
  •  2 days ago
No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  2 days ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  2 days ago
No Image

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 311 കേന്ദ്രങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്തു; യു.ഡി.എഫാണ് അവരുടെ ഇനിയുള്ള ഏക പ്രതീക്ഷ; വി.ഡി സതീശൻ

Kerala
  •  2 days ago
No Image

പലസ്തീൻ ചിത്രങ്ങളുൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; 'ഭ്രാന്തമായ നടപടി'; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി

Kerala
  •  2 days ago
No Image

ഡോളറിനെതിരെ ഇടിഞ്ഞുതാഴ്ന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

Economy
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ നിവേദനം; കോടതിയലക്ഷ്യ നടപടിക്ക് ആവശ്യം

Kerala
  •  2 days ago