ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഭിന്നത; തീരുമാനമെടുക്കാനാകാതെ അമ്മ എക്‌സിക്യുട്ടീവ് യോഗം
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് സിനിമാ സംഘടനകളിൽ ഭിന്നത. താരസംഘനയായ അമ്മയുടെ എക്‌സിക്യുട്ടിവ് യോഗം വിധി വന്നദിവസം തന്നെ ചേർന്നെങ്കിലും എതിർപ്പുകളെ തുടർന്ന് തീരുമാനം എടുക്കാതെ പിരിഞ്ഞു. സിനിമാ മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലേക്ക് തിരികെവരാൻ ദിലീപിന് അവകാശമുണ്ടെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു. എന്നാൽ, ദിലീപിനെ തിരിച്ചെടുക്കുന്നത് തീരുമാനിക്കാൻ യോഗം ചേരാനിരിക്കെ ഫെഫ്കയിൽ നിന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രാജിവയ്ക്കുകയും നേതൃത്വത്തിനെതിരേ പരസ്യവിമർശനം നടത്തുകയും ചെയ്തു.
വിചാരണകോടതിയുടെ വിധിക്കെതിരേ അപ്പീൽ പോകുമെന്ന് സർക്കാരും പ്രോസിക്യൂഷനും വ്യക്തമാക്കിയ സാഹചര്യത്തിൽ അന്തിമ വിധി എന്ന നിലയിൽ നിലപാട് എടുക്കാൻ കഴിയില്ലെന്ന അഭിപ്രായമാണ് അമ്മ എക്‌സിക്യുട്ടിവ് യോഗത്തിലുയർന്നത്. ഇക്കാര്യത്തിൽ സംഘടനാനേതൃത്വത്തിലുള്ളവർ കാണിക്കുന്ന തിടുക്കം പൊതുസമൂഹത്തിൽ അവമതിപ്പ് സൃഷ്ടിക്കുമെന്നും പ്രമുഖർ നിലപാടെടുത്തു. ഇതോടെ, എടുത്തുചാടി തീരുമാനം എടുക്കേണ്ടന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ദിലീപിനോട് സിനിമാ മേഖലയിലെ പ്രമുഖർ കാണിക്കുന്ന മൃദുസമീപനം നേരത്തെ മുതൽ വിമർശനത്തിന് കാരണമായിരുന്നു. ഇത് വനിതാ സിനിമാ പ്രവർത്തകർ പുതിയ സംഘടന രൂപീകരിക്കുന്നതിന് വരെ വഴിവയ്ക്കുകയും ചെയ്തിരുന്നു. ഫെഫ്കയും അമ്മയും വേട്ടക്കാർക്കൊപ്പമാണെന്നും അതിജീവിതയ്ക്ക് ഒപ്പമല്ല ഇവരെന്ന് തിരിച്ചറിഞ്ഞതിനാൽ ഒരു സംഘടനയിലും ഇനി പ്രവർത്തിക്കില്ലെന്നുമാണ് ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരിക്കുന്നത്. അമ്മ പ്രസിഡന്റ് ശ്വേത മേനോനെ ലക്ഷ്യംവച്ച് കടുത്ത വിമർശനവും ഭാഗ്യലക്ഷ്മി ഉയർത്തി. അമ്മയുടെ തലപ്പത്ത് സ്ത്രീകൾ വന്നിട്ടും ഫലമില്ല.
സ്ത്രീകൾ നയിക്കുന്നതിൽ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അവർ പറയുന്നത് പിന്നിലുള്ള പുരുഷന്മാരുടെ അഭിപ്രായമാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. . സാങ്കേതികവിദഗ്ധരുടെ സംഘടന, താരസംഘടന, തിയേറ്റർ ഉടമകളുടെ സംഘടന, നിർമാതാക്കളുടെ സംഘടന, വിതരണക്കാരുടെ സംഘടന തുടങ്ങി ഒട്ടുമിക്ക സിനിമാസംഘടനകളിലും പ്രധാന അംഗമായ ദിലീപിന്റെ കാര്യത്തിൽ ആരോപണം ഉയർന്നപ്പോൾ തന്നെ വ്യത്യസ്ത അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, ദിലീപ് അറസ്റ്റിലാകുകയും ജയിലിൽ പോകുകയും ചെയ്തതോടെ സംഘടനകളിൽ നിന്നെല്ലാം പുറത്താക്കേണ്ടിവന്നു.
ഇപ്പോൾ കുറ്റവിമുക്തനാക്കിയ വിധി വന്നയുടൻ സിനിമാ സംഘടനകളിൽ തിരികെഎടുക്കുന്നതിനുള്ള നീക്കം പുറത്താക്കിയതിനേക്കാൾ വേഗത്തിൽ പുരോഗമിച്ചതോടെയാണ് എതിർപ്പ് രൂക്ഷമായത്. പാർവതി തിരുവോത്ത്, റിമ കല്ലുങ്കൽ തുടങ്ങിയ ചില താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയ്ക്ക് ഒപ്പം എന്ന നിലപാട് സ്വീകരിച്ചത് ഒഴിച്ചാൽ, സിനിമാ മേഖലയിലെ പ്രമുഖർ ആരും തന്നെ പ്രതികരിക്കാൻ തയാറായിട്ടില്ല. പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പൃഥിരാജും ഉൾപ്പടെയുള്ളവർ ആരും പ്രതികരിച്ചിട്ടില്ല. പ്രതികരിച്ചവരിൽ അധികംപേരും അതിജീവിതയ്ക്ക് ഒപ്പമെന്ന് പറയുന്നതിനൊപ്പം ദിലീപ് കുറ്റവിമുക്തനായതിൽ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി കോടതി തീരുമാനം അംഗീകരിക്കുന്നുവെന്നും ദിലീപിന്റെ തിരിച്ചുവരവ് തീരുമാനിക്കേണ്ടത് സിനിമാ സംഘനകളുടെ നേതൃത്വമാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് നടനും എം.എൽ.എയുമായ മുകേഷും ചെയ്തത്. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടുവെന്നാണ് വിശ്വാസമെന്നും വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപമുണ്ടാകുക സ്വാഭാവികമാണെന്നുമായിരുന്നു നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ പ്രതികരണം. അതിജീവിതയ്ക്ക് ഒപ്പമെന്ന് പറഞ്ഞ യുവനടൻ ആസിഫ് അലി, കോടതിവിധി മാനിക്കുന്നുവെന്നും വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട നടി ആദ്യം സമീപിച്ച നടനും സംവിധായകനുമായ ലാൽ കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്നാണ് പ്രാർഥനയെന്ന് പറഞ്ഞെങ്കിലും ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതിനെക്കുറിച്ച് ഒന്നും പറയാൻ തയാറായില്ല. താൻ അതിജീവിതയ്‌ക്കൊപ്പമാണെന്നും എന്നാൽ കേസിന്റെ ഒരു ഘട്ടത്തിലും ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ലെന്നും ഇത്രയും കാലം നടന്നത് വേട്ടയാടലാണെന്നുമാണ് നടൻ രമേശ് പിഷാരടി പറഞ്ഞത്.
“with the trial court acquitting actor dileep, who was accused in the case of attacking the young actress, film organizations are divided over taking him back.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."