ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചത് പരുക്കുമായെന്ന് സായ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി മത്സരിച്ച പല താരങ്ങളും കായികക്ഷമത ഇല്ലാത്തവരായിരുന്നുവെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) റിപ്പോര്‍ട്ട്. യോഗ്യത നേടിയ ശേഷം താരങ്ങള്‍ പരുക്കിന്റെ പിടിയിലായിരുന്നു. മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നേഹ്‌വാള്‍ നൂറു ശതമാനം ആരോഗ്യത്തോടെയല്ല കളിക്കാനിറങ്ങിയത്. സൈന ഒളിംപിക്‌സിനു ശേഷം മുട്ടിനേറ്റ പരുക്കിനു ശസ്ത്രക്രിയക്ക് വിധേയമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സായ് ഡയറക്ടര്‍ ജനറല്‍ ഇന്‍ജതി ശ്രീനിവാസാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മിക്ക താരങ്ങളും മുന്‍പ് നടത്തിയ വ്യക്തിഗത പ്രകടനത്തിന്റെ അടുത്തു പോലും എത്താതെയാണ് പരാജയമേറ്റു വാങ്ങിയത്. ഷൂട്ടിങില്‍ അഭിനവ് ബിന്ദ്രയ്ക്കും ജിംനാസ്റ്റിക്‌സില്‍ ദിപ കര്‍മാകര്‍ക്കും തലനാരിഴയ്ക്ക് മെഡല്‍ നഷ്ടമായത് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
ഒളിംപിക്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം സംബന്ധിച്ച് ആഴത്തിലുള്ള ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഭാവിയില്‍ പ്രകടനം മെച്ചപ്പെടാനുതകുന്ന സമൂല പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടണം. 2020ലെ ടോക്യോ ഒളിംപിക്‌സിലെ പ്രകടനം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളുണ്ട്.
വിദേശ പരിശീലകരെ തിരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത കാണിക്കണം. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള കോച്ചുമാരുടെ സേവനം ഉറപ്പാക്കണം. മൂന്നു ഘട്ടമായി കായിക ഇനങ്ങളെ തരംതിരിച്ച് പ്രത്യേക പദ്ധതികളാണ് മറ്റൊരു നിര്‍ദേശം. നീന്തല്‍, ട്രയാത്‌ലണ്‍, ഫെന്‍സിങ്, ജൂഡോ, ത്വയ്കാണ്ടോ അടക്കമുള്ള കായിക ഇനങ്ങളില്‍ ഇന്ത്യയുടെ മികച്ച സാന്നിധ്യം ഉറപ്പാക്കണം. താരങ്ങളുണ്ടായിട്ടും മുന്നേറ്റം ലഭിക്കാത്ത അത്‌ലറ്റിക്‌സ്, ബോക്‌സിങ് പോലുള്ള ഇനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുക.
നിലവില്‍ നാലു മുതല്‍ ആറ് ഇനങ്ങളില്‍ മാത്രമാണ് ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. ഇതിനു മാറ്റം വരുത്തി മെഡല്‍ നേട്ടം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കരുത്തുറ്റ നിരയെ വാര്‍ത്തെടുക്കണം. അതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കായിക മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് സായ് തലവന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."