സമസ്തയുടെ പത്രപ്രവര്‍ത്തന ചരിത്രം; സുകൃതങ്ങളുടെ വരമൊഴികള്‍
(സുപ്രഭാതം ആരംഭിക്കുന്നതിന് മുമ്പ്, സമസ്ത 85-ാം വാർഷിക സുവനീറിൽ പ്രമുഖ പത്രപ്രവർത്തകനായിരുന്ന കെപി കുഞ്ഞിമ്മൂസ എഴുതിയ ലേഖനം)
samastha journalism history
സമസ്തയും നേതാക്കളും ഇംഗ്ലീഷിന്നും മലയാളത്തിനും എതിരായിരുന്നുവെന്നും അതൊക്കെ നരകത്തിലെ ഭാഷകളാണെന്ന് ഫത്‌വകൊടുത്തവരാണെന്നുമൊക്കെ പ്രചരിപ്പിക്കുന്നവര്‍ ഇന്നുമുണ്ടല്ലോ. മുട്ടോളം മുണ്ടും മുഴുകൈകുപ്പായവുമിട്ട് തലയില്‍ ചന്തമുള്ള കെട്ടുംകെട്ടി സമസ്തയും അക്ഷരങ്ങളും തമ്മിലുള്ള ആത്മ ബന്ധത്തെ വെളിപ്പെടുത്തി തന്നവരുടെ നാലയലത്തിരിക്കാന്‍ ഇന്നത്തെ ഒരൊറ്റ പത്രാധിപ പ്രതിഭയും യോഗ്യനല്ല. സമസ്തയെ വിമര്‍ശിക്കുന്നവരുടെ അര്‍ത്ഥതലങ്ങളിലെ വേരുകളുള്ളത് ഭാഷയിലാണല്ലോ. അറിവുകള്‍ നിറഞ്ഞു തുളുമ്പുന്ന മതാത്മകഭാഷയെ മാറോടടുക്കിയ സമസ്ത, പാരായണം പുണ്യകര്‍മ്മമായി വിളക്കിയെടുക്കുകയായിരുന്നു. സൂക്ഷ്മ നിരീക്ഷണത്തില്‍ സമസ്തയും അക്ഷരങ്ങളും തമ്മിലുള്ള ബന്ധം അര്‍ത്ഥവത്തായ രൂപത്തിലായിരുന്നുവെന്ന് വ്യക്തമാവും.
വിവിധ മതങ്ങളുടെ സ്വാധീനം മലയാളപത്രപ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നു എന്നത് സത്യമാണല്ലോ. ആദ്യകാലപത്രങ്ങളില്‍ ക്രൈസ്തവമതത്തിന് ശക്തിപകര്‍ന്നതായി കാണാം. സമസ്തയുടെ ചരിത്രം പഠിക്കാനാരംഭിക്കുമ്പോള്‍ മതത്തിന്റെ വൈകാരിക വൈചാരിക ഭാവം അക്ഷരരംഗത്ത് അത്യാവശ്യമായിരുന്നുവെന്ന തിരിച്ചറിവ് കാണണം. ആ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നടുവിലേക്കാണ് സമസ്തയുടെ പത്രപ്രവര്‍ത്തനം ജനിച്ചുവീഴുന്നത്. ഭൂതകാലത്തിന്റെ പ്രഭാവതന്തുക്കള്‍ കൊണ്ടല്ലാതെ മഹത്തായഭാവിയെ നെയ്യാനാവില്ലെന്ന് സമസ്തയാണ് ഓര്‍മ്മപ്പെടുത്തിയത്. ഭൂതകാലവുമായുള്ള നാഭീനാളബന്ധത്തെ മുറിച്ചുകളയാന്‍ ആരെയും അനുഭവിക്കാതിരുന്നത് സമസ്തയുടെ ബാഹ്യമാന്യരായ നേതാക്കളായിരുന്നു. അനുഭവ പരമ്പര സൃഷ്ടിച്ച വളക്കൂറുള്ള പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റെയും അടിയിലോളം വേരുകള്‍ പായിക്കാന്‍ ഖുത്തുബി മുഹമ്മദ് മുസ്‌ലിയാരും കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരും ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുമൊക്കെ ഔചിത്യപൂര്‍വ്വം മുന്നോട്ടു വന്നു. പത്രപ്രവര്‍ത്തനരംഗത്ത് മത സൗന്ദര്യത്തിന്റെ പുതിയ പൊടിപ്പുകള്‍ വിരിയിക്കുകയാണവര്‍ ചെയ്തത്.
പാരമ്പര്യ പ്രൗഢിയെ നിഷേധിച്ചുകൊണ്ട് ഒരു പത്രാധിപര്‍ക്കം പത്രം നടത്താനാവില്ലെന്ന് കാലം തെളിയിച്ചു. മലയാളപത്രപ്രവര്‍ത്തന രംഗത്തെ ഏകമാനമെടുത്ത് വിലയിരുത്തുമ്പോള്‍ ജീവിതത്തില്‍ പൂര്‍ണ്ണമായ വിശുദ്ധി പാലിച്ചിട്ടുള്ള നടത്തിപ്പുകാരുടെ പട്ടിക ലഭിക്കും. ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡിന് തുടക്കമിട്ട സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ മൂല്യാധിഷ്ഠിതമായ മതദര്‍ശനം വെച്ചുപുലര്‍ത്തിക്കൊണ്ടുതന്നെയാണ് പത്രനടത്തിപ്പുകാരനായത്. കടന്നുപോവുന്ന പുതിയതലമുറക്ക് വഴികാണിക്കുന്ന പ്രകാശഗോപുരമായി നില്‍ക്കാന്‍ ഓരോ പണ്ഡിതനും സാധിച്ചു. മാധ്യമമേഖലക്ക് ധാരാളം ദോഷങ്ങളുണ്ടെങ്കിലും നന്മവശം നിരാകരിക്കാന്‍ കഴിയാത്തതാണെന്ന് അവര്‍ തെളിയിച്ചു. പലരും ആശയ പ്രചരണരംഗത്ത് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ പ്രതിരോധിക്കാനും മേഖലയെ ശുദ്ധീകരിക്കാനും ഈ പണ്ഡിതന്മാര്‍ തന്നെ വേണ്ടിവന്നു.
പറവണ്ണ കെ.പി.എ. മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍ അക്ഷരലോകത്ത് നിഷ്‌കമാകര്‍മ്മം കൊണ്ട് നിത്യവിസ്മയം സൃഷ്ടിച്ച പ്രസാധകനായിരുന്നു. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പുസ്തകങ്ങളുടെയും വെളിച്ചവും തെളിച്ചവും തലമുറകളുടെ ഹൃദയങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച ആദര്‍ശശാലിയായ ആ പണ്ഡിതന്‍ പ്രസിദ്ധീകരണ രംഗത്തെ സുഗന്ധപൂരിതമായ സുഭഗസരണിയായി ഇന്നും നിലനില്‍ക്കുന്നു.
സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.ടി. മുഹമ്മദ് എന്ന മാനു മുസ്‌ല്യാരുടെ അക്ഷരങ്ങള്‍ക്ക് മതസംസ്‌കൃതിയുടെ സൗരഭ്യമുണ്ടായിരുന്നുവല്ലോ. സമസ്തയോടുള്ള ആദരവില്‍ നിന്നും അതുണര്‍ത്തുന്ന ആത്മസംസ്‌കൃതിയില്‍ നിന്നുമാകാം പ്രൗഢവും ഗംഭീരവുമായ രചനകള്‍ രൂപപ്പെട്ടത്. കൂറ്റനാട് ഉസ്താദ് പത്രപ്രവര്‍ത്തനരംഗത്ത് മറ്റാര്‍ക്കുമില്ലാത്ത ചില പ്രത്യേകതകള്‍ കാഴ്ചവെച്ച വ്യക്തിയാണ്. കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ എന്ന കൂറ്റനാട് ഉസ്താദ് ബുദ്ധിവിരുദ്ധരെ നല്ല ശുദ്ധമായ മലയാളത്തിലൂടെയാണ് അന്ന് നേരിട്ടത്. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച കൂറ്റനാട്, പ്രസിദ്ധീകരണ രംഗത്തും പത്രപ്രവര്‍ത്തന മേഖലയിലും പണ്ഡിതന്മാര്ക്ക് സമഗ്രവീക്ഷണമുണ്ടായിരുന്നില്ലെന്ന കുറ്റപ്പെടുത്തുന്നവര്‍ക്ക് വായടപ്പന്‍ മറുപടികൂടിയായിരുന്നു.
സൂക്ഷ്മത കണക്കിലെടുത്ത് സുന്നി പണ്ഡിതന്മാര്‍ ഖുര്‍ആന്‍ പരിഭാഷാരംഗത്ത് കൈവെക്കാന്‍ മടിച്ചു നിന്നപ്പോള്‍ ഉല്‍പതിഷ്ണു വിഭാഗത്തെ അമ്പരപ്പിച്ചുകൊണ്ട് മികവ് പുലര്‍ത്തി അവസരത്തിനൊത്തുയര്‍ന്ന ശൈഖുനയുടെ പാടവം ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായി മാറുകയായിരുന്നു. ഇന്നത്തെപ്പോലെയുള്ള പ്രസിദ്ധീകരണ ബാദ്ധ്യതകളില്ലാത്ത കാലത്ത് പ്രതികരണശേഷി പരമപ്രധാനമാണെന്ന് മനസ്സിലാക്കി നേരെചൊവ്വേ ഏവരുടെയും മുഖത്തുനോക്കി പ്രതികരിക്കാനുള്ള ആര്‍ജ്ജവമാണ് അദ്ദേഹം കാണിച്ചത്.
ഖുത്തുബി ഉസ്താദും പുതിയാപ്പിള അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരും അബ്ദുല്‍ ബാരി ഉസ്താദും പാലോട്ട് മൂസക്കുട്ടി ഹാജിയും വളര്‍ത്തിയെടുത്ത വായനാശീലം സുന്നി പ്രസിദ്ധീകരണങ്ങളുടെ മുന്നേറ്റത്തിന് പ്രേരണയായി മാറി. അല്‍ബഖറ സൂറയുടെ വ്യാഖ്യാനം മുഴുവന്‍ അല്‍ബുര്‍ഹാന്‍ മാസികയിലൂടെ പ്രത്യക്ഷപ്പെട്ടപ്പോള്‍ അന്‍സാരിയുടെയും ന്യൂ അന്‍സാരിയുടേയും അവകാശവാദങ്ങള്‍ പൊളിയുകയായിരുന്നു.
സമസ്ത ഫത്‌വ കമ്മിറ്റി അംഗമായിരുന്ന പ്രഗത്ഭ മുദര്‍റിസ് സൈനുല്‍ ഉലമ അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത യുടെ വൈസ് പ്രസിഡണ്ടായിരിക്കെ പലപ്രമുഖ പത്രപ്രവര്‍ത്തകരും സംശയനിവരണത്തിനായി സമീപിക്കാറുണ്ടായിരുന്നു. സൈനുല്‍ ഉലമ പൂര്‍വ്വ വിദ്യാര്‍ത്ഥി സമാജം പ്രസിദ്ധീകരിച്ച സ്മരണിക പ്രസ് ഫോറത്തില്‍ പത്രപ്രവര്‍ത്തകന്‍ റഫര്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഉത്തരദേശത്തെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തില്‍ തുല്യതയില്ലാത്ത പങ്ക് വഹിച്ച കാസര്‍കോട് ഖാസി അബ്ദുല്ല ഹാജി അടയാളപ്പെടുത്തിയ മത-സാഹിത്യ-സാംസ്‌കാരിക വിദ്യാഭ്യാസ ചിന്തകള്‍ എഴുത്തുമായി ബന്ധപ്പെട്ട പിന്‍തലമുറക്ക് ഉപകാരപ്പെട്ടു. മലയാള ഭാഷാ വ്യാകരണ വിജ്ഞാനങ്ങള്‍ സ്വായത്തമാക്കിയ മാപ്പിള മഹാകവി ടി. ഉബൈദ് സാഹിബ്, അബ്ദുല്ല ഖാസിയെക്കുറിച്ച് പുസ്തകം രചിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ കൂടിയായ ഉബൈദ് സാഹിബിന്റെ പുസ്തകത്തിന് അവതാരിക എഴുതിയത് കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു. കാസര്‍കോട് - ദക്ഷിണ കന്നട ഭാഗങ്ങളില്‍ സുന്നത്ത് ജമാഅത്തിന്റെ സന്ദേശമെത്തിക്കുന്നതില്‍ പങ്ക് വഹിച്ചവര്‍ സാഹിതീയ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരുമായിരുന്നു. അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു നിന്ന മലപ്പുറം ജില്ലയിലെ വെളിമുക്ക് സ്വദേശി കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ 34 വര്‍ഷം കാസര്‍ക്കോട്ടെ ഖാസിപദം അലങ്കരിച്ചു.
കര്‍മ്മശാസ്ത്രപ്രശ്‌നങ്ങളിലും സാമൂഹിക വിഷയങ്ങളിലും പത്രക്കാര്‍ സംശയം തീര്‍ത്തത് ഇദ്ദേഹത്തില്‍ നിന്നാണ്. പ്രസിദ്ധ സൂഫിവര്യന്‍ ഖാസി. ഇ.കെ. ഹസന്‍ മുസ്‌ല്യാരും പത്രപ്രവര്‍ത്തകന്‍, വിമര്‍ശകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു. 'അല്‍ ജലാല്‍' മാസികയുടെ പത്രാധിപര്‍ കൂടിയായിരുന്ന ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരുടെ സഹോദരനാണ്.
ദുരൂഹമരണത്തിന് സാക്ഷ്യം വഹിച്ച ഖാസി. ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവി എഴുത്തുകാരന്‍, പത്രാധിപര്‍, ഗോളശാസ്ത്ര വിദഗ്ധന്‍, അറബി മലയാള ഗ്രന്ഥ രചയിതാവ്, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തി നേടിയ സമസ്തയുടെ സാരഥിയായിരുന്നു.
തൃക്കരിപ്പൂരില്‍ ജനിച്ച് മാട്ടൂല്‍ ടി.കെ. എന്നറിയപ്പെടുന്ന അബ്ദുല്ല മുസ്‌ലിയാര്‍ സമസ്തയുടെ മുഖപത്രമായിരുന്ന അല്‍ബയാന്‍ അറബി -മലയാള മാസികയുടെ സ്ഥിരം ലേഖകനും പരപ്പനങ്ങായി ബയാനിയ്യ ബുക്ക് സ്റ്റാള്‍ ഉടമയും അല്‍ബയാന്‍ മലയാളമാസികയുടെ മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ചു.
ഉത്തരമലബാറില്‍ സമസ്തയുടെ സന്ദേശം എത്തിക്കുന്നതിലും മദ്രസാ പ്രസ്ഥാനം പ്രചരിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ച സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സിക്രട്ടറി വി.പി.എം. അസീസ് മാസ്റ്റര്‍ പത്രപ്രവര്‍ത്തകരുടെ ഇഷ്ടപുത്രനായാണ് ജീവിച്ചത്. മേല്‍പറമ്പ് അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും വായനാലോകത്തെ അത്ഭുതപ്രതിഭയെ ആ നിലക്കാണ് പത്രലോകത്ത് അറിയപ്പെട്ടത്. സുന്നത്ത് ജമാഅത്ത് പ്രവര്‍ത്തനവുമായി അടുത്ത ബന്ധം പുലര്‍ത്തിയ പടന്നയിലെ വി.കെ.പി. അബ്ദുല്‍ ഖാദര്‍ ഹാജി ചന്ദ്രിക നടത്തിപ്പുകാരായ മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ഡയരക്ടറായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ഉറ്റബന്ധുവായിരുന്ന വി.കെ.പി. ഖാലിദ് ഹാജി മില്ലത്ത് പബ്ലിഷിംഗ് കമ്പനിയെ പത്രനടത്തിപ്പ് സ്ഥാപനത്തിന്റെ ഡയരക്ടറുമായിട്ടുണ്ട്.
കേരള മുസ്‌ലിംകളുടെ ആധികാരിക മതപണ്ഡിത സഭയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ അംഗീകരിച്ചവരായിരുന്നു കാസര്‍ക്കോട്ടെ ബഹുഭൂരിഭാഗം മുസ്‌ലിംകളും. 1925 ല്‍ കോഴിക്കോട് മൂദാക്കരപ്പള്ളിയില്‍ സുന്നികള്‍ ഒരുമിച്ചുകൂട്ടി സംഘടനക്ക് രൂപം കൊടുത്ത ചരിത്രം നന്നായറിയുന്നവരാണ് കാസര്‍ക്കോട് മുസ്‌ലിംകളുടെ പൂര്‍വ്വികര്‍ പറവണ്ണയും പാങ്ങിലും കണ്ണിയ്യത്തുമൊക്കെ നിരന്തരമായി ബന്ധപ്പെടുന്ന പ്രദേശം കൂടിയായിരുന്ന കാസര്‍ക്കോട് സമസ്തയുടെ സന്ദേശവാഹകരൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അക്ഷരവിപ്ലവത്തിന്ന് ആക്കം കൂട്ടിയവരായിരുന്നു. മദ്രസാപ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിക്കുവെച്ച സമസ്തയുടെ സന്ദേശവാഹകന്‍ കെ.പി. ഉസ്മാന്‍ സാഹിബ് തലശ്ശേരി കോളേജില്‍ ഇന്റര്‍ മീഡിയത്തിന്ന് പഠിക്കുമ്പോള്‍ തന്നെ പത്രലേഖകനായിരുന്നു.
1963 ല്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങളുടെ അധ്യക്ഷതയില്‍ കാസര്‍ക്കോട് മുശാവറയോഗം നടന്നപ്പോള്‍ നേതാക്കള്‍ പത്രസമ്മേളനമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ വിവിധവിഷയങ്ങളെക്കുറിച്ചുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രങ്ങള്‍ക്ക് സ്റ്റാഫ് പ്രതിനിധികളെതന്നെ അയക്കേണ്ടി വന്നു. കെ.കെ. അബൂബക്കര്‍ ഹസ്രത്തിന്റെയും കെ.വി.ഉസ്താദിന്റെയും എന്‍.എ. അബ്ദുല്ല മുസ്‌ല്യാരുടെയും ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരുടെയും വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ല്യാരുടെയും കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാരുടെയും പ്രസംഗ റിപ്പോര്‍ട്ടുകളടങ്ങിയ പത്രങ്ങള്‍ വായിച്ചു പഠിച്ചവര്‍ ഏറെയാണ്. കാസര്‍ക്കോട് സമസ്തയുടെ വേരോട്ടത്തില്‍ പത്രങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. മലബാറിലും സൗത്ത് കന്നടയിലും ഉമറാക്കളും ഉലമാക്കളും വായനാസൗകര്യങ്ങള്‍ ചെയ്തുകൊടുത്തതും വലിയ പ്രയോജനം ചെയ്തു. സമസ്തയെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരും പ്രവാസി സുഹൃത്തുക്കളും സമസ്തയെ പത്രലോകവുമായി വളരെ അടുപ്പിച്ചു.
തളങ്കര, കിഷൂര്‍, തൃക്കരിപ്പൂര്‍, ബീരിച്ചേരി, ആദൂര്‍, പടന്ന, ഒറവങ്കര, അതിഞ്ഞാല്‍, പൂച്ചക്കാട്, കുമ്പോല്‍, ഇച്ചിലങ്കോട്, അംഗടിമുഗള്‍, തുരുത്തി, തായലങ്ങാടി, ബേവിഞ്ച, എരിക്കാടി, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ഉദ്യാവര്‍, ബന്തിയോട്, കുങ്ങിയ, കൈകോട്ട് കടവ്, കൈതക്കാട്, ചെങ്കള, നെല്ലിക്കുത്ത്, പെരിമ്പട്ട എന്നിവിടങ്ങളിലെ സമസ്തയുമായി ബന്ധപ്പെട്ട ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍ പത്രങ്ങള്‍ താല്പര്യം കാണിച്ചതിന് പിന്നില്‍ അക്ഷര സ്‌നേഹികളുടെ ആവേശമായിരുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളികളുടെ നടത്തിപ്പിലൂടെ സുന്നത്ത് ജമാഅത്ത് പ്രവര്‍ത്തകര്‍ ശ്രദ്ധേയരുമായി. പുണ്യ കര്‍മ്മങ്ങളിലൊന്നാണ് പള്ളി നിര്‍മ്മാണമെന്നും പള്ളികളെക്കുറിച്ചുള്ള ചരിത്രം നാട്ടിലെ മുസ്‌ലിംകളുടെ ചരിത്രം കൂടിയാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ഇസ്‌ലാമിക ചൈതന്യത്തിന്റെ മുഖ്യപങ്കിനെപ്പറ്റിധാരാളം ലേഖനങ്ങള്‍ പണ്ഡിതന്മാര്‍ വിവിധ പത്രമാസികകളില്‍ എഴുതിക്കൊണ്ടിരുന്നു. അതിന്റെ ഗാംഭീര്യത നഷ്ടപ്പെടാതെ അത് പ്രസിദ്ധീകരിക്കാന്‍ ഒട്ടേറെ പത്രങ്ങള്‍ ഉണ്ടായി.
A rare historical essay by veteran journalist K.P. Kunjimmuusa exploring the profound relationship between Samastha Kerala Jamiyyathul Ulama and Malayalam journalism. The article highlights how Samastha’s great scholars—like E.K. Aboobacker Musliyar, Kuthubi Musliyar, and Kanniyath Ahmad Musliyar—enriched Islamic thought, education, and media in Kerala, inspiring a tradition of value-based writing that shaped modern Malayalam Muslim journalism.
Archive Note : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."