'കൂടെതാമസിക്കുന്നവരുമായി വാക്കുതര്‍ക്കം, പിന്നാലെ ഫ്‌ലാറ്റില്‍ നിന്നിറങ്ങിപ്പോയി'; ദുരൂഹത ബാക്കിയാക്കി മലയാളി യുവാവിന്റെ മരണം
ദുബൈ: ദുബൈയിൽ കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് ഷഫീഖ് (25) മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ യുഎഇയിലെ മലയാളി സമൂഹം. ദുബൈ റാഷിദ് തുറമുഖത്തിന് സമീപം കഴിഞ്ഞ ദിവസമാണ് ഷഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ഷഫീഖ് മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും സംഭവത്തിൽ ദുബൈ പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ എട്ട് മാസമായി ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അവിവാഹിതനായ ഷഫീഖ്. ബർദുബൈയിലെ ബാച്ചിലർ ഫ്ലാറ്റിലായിരുന്നു താമസം. ഷഫീഖിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഓൺലൈൻ ഗെയിമിംഗിൽ തത്പരനായിരുന്ന ഷഫീഖ് ഇതിനായി ധാരാളം പണം ചെലവഴിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.
ഗെയിമിംഗിനായി കൂടെ താമസിക്കുന്നവരിൽ നിന്ന് കടം വാങ്ങിയിരുന്നത് സംബന്ധിച്ച് ഇവർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായും കാണാതായ ദിവസം ഫ്ലാറ്റിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്നും റിപ്പോർട്ടുകളുണ്ട്. മൊബൈൽ ഫോൺ എടുക്കാതെയാണ് ഷഫീഖ് പുറത്തുപോയത്. തുടർന്ന് ബന്ധു പൊലിസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് റാഷിദ് പോർട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്.
താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ഷഫീഖ് ഒറ്റയ്ക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ച അപകട മരണമാണോ എന്നും പൊലിസ് സംശയിക്കുന്നുണ്ട്. മഞ്ചേശ്വരം മംഗൽപാടി സ്വദേശികളായ ഹസൈനാർ-സഫിയ ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് ഷഫീഖ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
a malayali youth died under suspicious circumstances after a verbal argument with flatmates. authorities are investigating, leaving many questions about the incident and the events leading to his death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."