തദ്ദേശപ്പോര്; തളിപ്പറമ്പിലും ആന്തൂരിലും മുന്നണികൾക്ക് ഭരണത്തുടർച്ച
തളിപ്പറമ്പ്: നഗരസഭകളിൽ തളിപ്പറമ്പിലും ആന്തൂരിലും ഭരണത്തുടർച്ച. ആന്തൂരിൽ ഇടതുപക്ഷം അനായാസ ജയം നേടിയപ്പോൾ തളിപ്പറമ്പ് നഗരസഭയിൽ ഫോട്ടോ ഫിനിഷിങ് എന്ന് വിശേഷിപ്പിക്കാവുന്ന ഫല പ്രഖ്യാപനമാണ് നടന്നത്. ഒരു ഘട്ടത്തിൽ ആകെയുള്ള 35 വാർഡുകളിൽ മൂന്നു വാർഡുകൾ എൻ.ഡി.എയും 16 വീതം യു.ഡി.എഫിനും എൽ.ഡി.എഫിനും ലഭിക്കുമെന്ന നിലയായിരുന്നു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ കാക്കാഞ്ചാൽ ഒരു വോട്ടിന് എൽ.ഡി.എഫിലെ എം.പി സജീറ വിജയിച്ചപ്പോൾ, എൽ.ഡി.എഫ് വിജയം ഉറപ്പിച്ചിരുന്ന പുഴക്കുളങ്ങരയും പാളയാടും വിജയിച്ച് യു.ഡി.എഫ് നഗര ഭരണം ഉറപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതൽ എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കും എന്ന പ്രതീതി നിലനിന്നിരുന്നു.
മുസ്‍ലിം ലീഗിലെ പി.കെ സുബൈറിനെയാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കോൺഗ്രസിലെ ദീപ രഞ്ജിത്തിനെയാകും വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കുക. ആന്തൂരിൽ മൂന്നാം തവണയും ആധികാരികവും സമ്പൂർണവുമായ വിജയം നേടാൻ എൽ.ഡി.എഫിന് ഇത്തവണയും സാധിച്ചു. ഇത്തവണ ആകെയുള്ള 29ൽ അഞ്ച് വാർഡുകളിൽ എൽ.ഡി.എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റുവാർഡുകളിൽ അനായാസ വിജയം നേടാനും സാധിച്ചു. 27 വാർഡുകളിൽ മത്സരിച്ച യു.ഡി.എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ കുറവ് വോട്ട് നേടാനേ സാധിച്ചുള്ളു. വലിയ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പിച്ച് ഒൻപത് വാർഡിൽ മത്സരിച്ച എൻ.ഡി.എയ്ക്കും വോട്ട് വിഹിതത്തിൽ വൻ ഇടിവുണ്ടായെങ്കിലും മത്സരിച്ച ഒൻപത് വാർഡിൽ ആറിടത്ത് രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചു. വി. സതീദേവിയെ ചെയർപേഴ്‌സണായും പാച്ചേനി വിനോദിനെ വൈസ് ചെയർമാനായും പരിഗണിക്കും.
പഞ്ചായത്തുകളിൽ കുറുമാത്തൂർ, പട്ടുവം, പരിയാരം എന്നിവിടങ്ങളിൽ എൽ.ഡി.എഫ് ഭരണത്തുടർച്ച നേടി. കുറുമാത്തൂരിൽ 20 വാർഡുകളിൽ എൽ.ഡി.എഫിന് 14 വാർഡുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ് ആറ് വാർഡുകളിൽ വിജയിച്ചു. യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ വിമതയായി മത്സരിച്ച ജുബൈര്യത്തിന്റെ വിജയവും ഇതിൽ ഉൾപ്പെടും. 1995 ൽ അവസാനമായി ജയിച്ച പൂമംഗലം വാർഡ് തിരിച്ചു പിടിച്ചതാണ് പഞ്ചായത്തിൽ യു.ഡി.എഫിന്റെ നേട്ടം. പരിയാരം പഞ്ചായത്തിൽ 21 സീറ്റിൽ എൽ.ഡി.എഫ് 13 ലും യു.ഡി.എഫ് എട്ട് സീറ്റിലും വിജയിച്ചു. മുൻ തെരഞ്ഞെടുപ്പിലെതിനെക്കാൾ ഒരു വാർഡ് അധികം നേടാൻ യു.ഡി.എഫിന് സാധിച്ചു. പട്ടുവം പഞ്ചായത്തിൽ 14 ൽ ഒൻപത് സീറ്റ് എൽ.ഡി.എഫിനും അഞ്ച് വാർഡ് യു.ഡി.എഫിനും ലഭിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എ ഒരു വാർഡിൽ വിജയിച്ചിരുന്നു. ഇത്തവണ രണ്ട് വാർഡിൽ പ്രതീക്ഷയുമായി ഇറങ്ങിയ മുന്നണി ഇത്തവണ ഒരു സീറ്റ് പോലും നേടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."