സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: എന്‍ട്രി ടിക്കറ്റ് ഉദ്ഘാടനം ഇന്ന്
കാസർകോട്: കുണിയയില്‍ 2026 ഫെബ്രുവരി 4, 5, 6, 7, 8 തീയതികളില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന 'സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ' എന്‍ട്രി ടിക്കറ്റ് ഉദ്ഘാടനം ഇന്ന് മംഗലാപുരത്ത് നടക്കും. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും യെനെപ്പോയ സര്‍വകലാശാല ചാന്‍സലറുമായ ഡോ. വൈ. അബ്ദുല്ല കുഞ്ഞി പ്രഥമ ടിക്കറ്റ് സ്വീകരിക്കും. സമസ്ത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
നഗരിയോടു ചേര്‍ന്ന അഞ്ചര ഏക്കര്‍ സ്ഥലത്താണ് അറിവിന്റെയും കാഴ്ചകളുടെയും വ്യത്യസ്ത മാനങ്ങള്‍ ആവിഷ്‌കരിക്കുന്ന വിശാലമായ പത്ത് പവലിയനുകളിലായി എക്‌സ്‌പോ ഒരുക്കുന്നത്. ആത്മീയതയുടെയും ഇസ്‌ലാമിക സമൂഹത്തിന്റെയും പുരോഗതിയുടെ ചരിത്രം, മധ്യകാല മുസ്‌ലിം സമൂഹത്തിന്റെ ശാസ്ത്ര-നാഗരിക-സാംസ്‌കാരിക-വൈജ്ഞാനിക സംഭാവനകളുടെ ചരിത്രം, അവയുടെ കാലിക പ്രസകതി, വിശ്വാസത്തിന്റെ സാര്‍വജനീനതയുടെയും കാലാതിവർത്തിത്വത്തിന്റെയും പരിചയം, കേരള മുസ്‌ലിം വൈജ്ഞാനിക സാംസ്‌കാരിക സംഭാവനകളുടെ ആവിഷ്‌കാരം, സമസ്തയും പോഷക സംഘടനകളും നടത്തിയ നവോഥാന മുന്നേറ്റം, അന്തര്‍ദേശീയ- ദേശീയമാപ്പിള കലകളുടെ തത്സമയ പ്രദര്‍ശനം, തത്സമയ ആര്‍ട്‌സ് ആക്ടിവിറ്റികള്‍, ഓഡിയോ- വിഡിയോ പ്രദര്‍ശനം, എ.ഐ ഉസ്താദ്, പാനല്‍ ഡിസ്‌കഷനുകള്‍, വിവിധ ദര്‍സ് അറബിക് കോളജുകളുടെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്റ്റാളുകള്‍, അറിവിന്റെയും കാഴ്ചയുടെയും കൗതുകമൊരുക്കുന്ന കുട്ടികളുടെ പാര്‍ക്ക്, ഫു്ഡ്‌ഫെസ്റ്റ് തുടങ്ങിയവ അവതരിപ്പിക്കും.
2026 ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ നടക്കുന്ന എക്‌സ്‌പോയില്‍ ആദ്യ രണ്ടുദിനം സ്ത്രീകള്‍ക്കായിരിക്കും പ്രവേശനം. പവലിയനുകള്‍ നിയന്ത്രിക്കുന്നതിനും കാഴ്ചക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രത്യേകം പരിശീലനം നേടിയ മികച്ച എച്ച്.ആര്‍ വിഭാഗം പ്രദര്‍ശനത്തിന്റെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."