പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി (African Swine Fever) സ്ഥിരീകരിച്ച സാഹചര്യത്തിൽ നാല് ഗ്രാമപഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ചാഴിയാട്ടിരിയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തിര നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പന്നി മാംസ വിതരണത്തിന് പൂർണ്ണ വിലക്ക്
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിൽ സ്ഥിതി ചെയ്യുന്ന പന്നിഫാമിലാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടർന്ന്, രോഗം സ്ഥിരീകരിച്ച ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് 'രോഗബാധിത പ്രദേശം' അഥവാ 'ഇൻഫെക്റ്റഡ് സോൺ' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, പത്ത് കിലോമീറ്റർ ചുറ്റളവിൽ വരുന്ന മുകളിൽ സൂചിപ്പിച്ച നാല് ഗ്രാമപഞ്ചായത്തുകളെ 'രോഗനിരീക്ഷണ മേഖല' അഥവാ 'സർവൈലൻസ് സോൺ' ആയും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതിനും, പന്നി മാംസം വിതരണം ചെയ്യുന്ന കടകൾ പ്രവർത്തിക്കുന്നതിനും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണമായി വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. രോഗം പടരുന്നത് തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി മറ്റ് ഫാമുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ നിരീക്ഷണവും പരിശോധനയും തുടരുകയാണ്.
കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. കോടഞ്ചേരി മുണ്ടൂരിലെ ഒരു സ്വകാര്യ പന്നിഫാമിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അധികൃതർ കർശന നടപടികൾ സ്വീകരിച്ചിരുന്നു.
രോഗത്തെ തുടർന്ന് ഫാമിന്റെ പരിധിയിലെ 20 പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് നടത്തിയ ആന്തരിക അവയവ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി, ഈ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിൽക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു.
African swine fever (ASF) has been confirmed in Palakkad, prompting the implementation of strict control measures across four local governing bodies (panchayats) to contain the highly contagious viral disease that affects domestic and wild pigs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."