HOME
DETAILS
MAL
ഇസ്ലാമിക ഫിഖ്ഹ്: ഖുര്‍ആന്‍, സുന്നത്ത്, മദ്ഹബുകള്‍ - വിശദ പഠനം
മൂസക്കുട്ടി ഹസ്‌റത്ത്
December 16, 2025 | 4:25 AM
ഫിഖ്ഹ് എന്ന അറബി പദം ഗ്രഹിക്കല്‍, ഒരു വസ്തുവെ ഉള്ളറിഞ്ഞു മനസ്സിലാക്കല്‍ എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കാറുണ്ട്.
ഫിഖ്ഹ് ശറഹില്‍ രണ്ടര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രം ഒരു പ്രത്യേക ശാസ്ത്രശാഖയായി രൂപം പ്രാപിക്കുന്നതിനുമുമ്പുള്ള ആദ്യകാലഘട്ടങ്ങളിലുണ്ടായിരുന്ന പ്രയോഗവും അതിന് ശേഷമുള്ള പ്രയോഗവുമാണ് പ്രസ്തുത രണ്ടര്‍ത്ഥങ്ങള്‍. ശര്‍ഈ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ട ഫിഖ്ഹിന്റെ അര്‍ത്ഥം ഗ്രഹിക്കുന്നതില്‍ പലര്‍ക്കും പിശക് സംഭവിക്കാന്‍ കാരണം ഈ രണ്ടുപ്രയോഗങ്ങളെ മനസ്സിലാക്കാന്‍ സാധിക്കാത്തതാണ്.
ഫിഖ്ഹ് ആദ്യകാലങ്ങളില്‍
ഇസ്‌ലാമിന്റെ ആദ്യകാലഘട്ടങ്ങളില്‍ ഫിഖ്ഹ് എന്ന പദം മതവിജ്ഞാനം എന്ന അര്‍ത്ഥത്തിലായിരുന്നു പ്രയോഗിച്ചുവന്നിരുന്നത്. എല്ലാ വിധത്തിലുള്ള മതവിജ്ഞാനശാഖകള്‍ക്കും ഫിഖ്ഹ് എന്ന പദം പ്രയോഗിക്കപ്പെട്ടിരുന്നു. ഇതര വിജ്ഞാനങ്ങള്‍ക്ക് ഫിഖ്ഹ് എന്ന് പ്രയോഗിക്കപ്പെട്ടിരുന്നില്ല.
ഇസ്‌ലാമിന്റെ ആഗമനശേഷം ദീനി വിജ്ഞാനത്തിനുള്ള മാത്രമുള്ള പേരായി ഫിഖ്ഹ് പ്രയോഗിക്കപ്പെട്ടു. മറ്റു വിജ്ഞാനങ്ങളെക്കാള്‍ ഇതിന് പ്രാമാണികതയും പുണ്യവും ശ്രേഷ്ഠതയുമുണ്ടായതിനാലാണിത്. ഇമാം ഗസ്സാലി(റ) എഴുതുന്നു:
പരലോക വിജയ മാര്‍ഗങ്ങള്‍ അറിയുന്നതിനും മനസ്സുകളുടെ അപകടകരമായ ദുഃസ്വഭാവങ്ങളില്‍ സൂക്ഷ്മമായവയും കര്‍മങ്ങളെ നിഷ്ഫലമാക്കുന്ന കാര്യങ്ങളും കണ്ടെത്തുന്നതിനും ഇഹലോകം നിസ്സാരമാണെന്നു ശക്തമായി തിരിച്ചറിയുന്നതിനും പരലോക സുഖത്തിലേക്ക് ശക്തിയായി ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതിനും, അല്ലാഹുവിനോടുള്ള ഭയം ഹൃദയത്തെ സ്വാധീനപ്പെടുത്തുന്നതിനുമെല്ലാം, പറയപ്പെട്ടു വന്നിരുന്ന പേരായിരുന്നു മുന്‍കാലഘട്ടത്തില്‍ ഫിഖ്ഹ് എന്നത്(ഇഹ്‌യാഉലൂമിദ്ദീന്‍ 1:28).
ഇമാം അബൂഹനീഫ(റ) ഫിഖ്ഹിനെ നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്: ഫിഖ്ഹ്, ആത്മാവിന് ഗുണകരവും ദോഷകരവുമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനാണ് പറയപ്പെടുന്നത്.
പില്‍ക്കാലത്തു വ്യത്യസ്ഥ പലശാസ്ത്രശാഖകളായി രൂപം പ്രാപിച്ച എല്ലാവിധ ദീനിവിജ്ഞാനങ്ങളും ഈ നിര്‍വചനത്തിന്റെയടിസ്ഥാനത്തില്‍ ഫിഖ്ഹിന്റെ പരിധിക്കുള്ളിലാണ് ഉള്‍പ്പെടുന്നത്. വിശ്വാസപ്രമാണവിഷയത്തില്‍ രചിക്കപ്പെട്ട ഇമാം അബൂഹനീഫയുടെ ഗ്രന്ഥത്തിന് അദ്ദേഹം ഫിഖ്ഹുല്‍ അക്ബര്‍ എന്നായിരുന്നു.
ഫിഖ്ഹ് ഒരു പ്രത്യേക ശാസ്ത്രമായി വളര്‍ന്നതിന് ശേഷം കര്‍മ്മശാസ്ത്രപണ്ഡിതന്മാര്‍ ഫിഖ്ഹിനെ ഇങ്ങനെ നിര്‍വചിക്കുന്നു:
''കര്‍മപരമായ ശര്‍ഈ വിധികളെക്കുറിച്ചുള്ള അറിവാണ് ഫിഖ്ഹ്. അവകളുടെ വിസ്തൃത പ്രമാണങ്ങളില്‍ നിന്ന് കണ്ടുപിടിക്കപ്പെട്ടതാണത്.''
ശര്‍ഇന്റെ അനുശാസനക്കര്‍ഹനായവനാണ് മുകല്ലഫ് എന്ന പേരിലറിയപ്പെടുന്നത്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ളവര്‍ മാത്രമേ മുക്കല്ലഫാകൂ. ഒരു മുകല്ലഫ് (അനുശാസിതന്‍) പ്രവര്‍ത്തിച്ചുവരുന്ന ഏതൊരു പ്രവര്‍ത്തനവും ശര്‍ഇന്റെ വിധികളില്‍ ഏതെങ്കിലൊന്നില്‍ ഉള്‍പ്പെടാതിരിക്കുകയില്ല. അവകള്‍ ആറാ
ണ്.
1. വുജൂബ്(നിര്‍ബന്ധം)
2. ഹറാം(നിഷിദ്ധം)
3. നദ്ബ്(സുകൃതം)
4. കറാഹത്ത്(അനാശാസ്യം)
5. ഇബാഹത്ത്(അനുവാദം)
6. ഖിലാഫുല്‍ ഔല(അനുചിതം)
ഫിഖ്ഹിന്റെ അടിസ്ഥാന പ്രമാണങ്ങള്‍
ഇസ്‌ലാമിക കര്‍മശാസ്ത്ര വിധികള്‍ കണ്ടുപിടിക്കപ്പെടുന്ന, അടിസ്ഥാന പ്രമാണങ്ങളില്‍ പ്രബലവും പ്രധാനവുമായി ഗണിക്കപ്പെടുന്നവ യഥാക്രമം നാലാണ്.
1. ഖുര്‍ആന്‍
2. സുന്നത്ത്
3. ഇജ്മാഅ് (മുജ്തഹിദുകളുടെ അഭിപ്രായ ഐക്യം)
4. ഖിയാസ് (സാദൃശ്യാനുമാനം)
മുസ്‌ലിം പണ്ഡിതന്മാരില്‍ ഭൂരിഭാഗവും ഈ നാലു പ്രമാണങ്ങളില്‍ അംഗീകരിക്കുന്നവരാണ്. ഒരു കര്‍മശാസ്ത്ര വിധി ഏതെങ്കിലുമൊരു സംഭവത്തില്‍ ഒരു മുജ്തഹിദ് ഒന്നാമതായി ആരായുന്നത് വിശുദ്ധ ഖുര്‍ആനില്‍ അതിനെക്കുറിച്ചു വല്ല പരാമര്‍ശവുമുണ്ടോ എന്നതാവണം. ഖുര്‍ആനില്‍ അതിനെക്കുറിച്ചു പ്രസ്താവന കണ്ടെത്തിയാല്‍ അതനുസരിച്ചു വിധി പ്രഖ്യാപിക്കണം. ഖുര്‍ആനില്‍ പരാമര്‍ശമൊന്നും കണ്ടെത്താനായില്ലെങ്കില്‍, നബിതിരുമേനിയുടെ തിരുസുന്നത്തില്‍ അന്വേഷിക്കണം. ഹദീസില്‍ വിധികണ്ടെത്തിയാല്‍ അതനുസരിച്ചാവണം വിധി കല്പിക്കേണ്ടത്. എന്നാല്‍ ഹദീസിലും കണ്ടെത്താനായില്ലെങ്കില്‍ ഈ വിഷയത്തില്‍ മുന്‍കാല പണ്ഡിതന്മാരിലെ മുജ്തഹിദുകളുടെ ഏകണ്ഠമായ അഭിപ്രായ ഐക്യം ഏതെങ്കിലുമൊരു കാലത്തുണ്ടായിട്ടുണ്ടോ എന്ന് നോക്കണം. ഉണ്ടായിട്ടുണ്ടെങ്കില്‍ അതനുസരിച്ചാകണം വിധി പ്രഖ്യാപിക്കേണ്ടത്. അങ്ങനെ ഒരു ഇജ്മാഉം ഈ വിഷയത്തില്‍ കണ്ടെത്താനായില്ലെങ്കില്‍ ഖിയാസ്(സാദൃശ്യാനുമാനം) അവലംബമാക്കണം. വിശുദ്ധ ഖുര്‍ആനിലൂടെ ഈ നാലുപ്രമാണങ്ങള്‍ തെളിയിക്കപ്പെടുന്നു.
സത്യവിശ്വാസികളേ; നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കണം. റസൂലിനെയും നിങ്ങളില്‍ നിന്നുള്ള ആജ്ഞാധികാരികളെയും അനുസരിക്കണം. എന്നാല്‍ വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കിക്കൊള്ളണം. നിങ്ങള്‍ അല്ലാഹുവിലും റസൂലിലും അന്ധ്യദിനത്തിലും വിശ്വാസമുള്ളവരാണെങ്കില്‍. ഏറ്റവും ഉത്തമവും ഏറ്റവും നല്ല പര്യവസാനവും അതാണ് (നിസാഅ്: 59)
പ്രസ്തുത തിരുവചനത്തില്‍ അല്ലാഹുവിനും റസൂലിനും അനുസരിക്കാനുള്ള കല്പന, ഖുര്‍ആനും സുന്നത്തും പിന്‍പറ്റാനുള്ള കല്പനയും ഊലുല്‍ അംറ്(ആജ്ഞാധാരികള്‍)ക്ക് അനുസരിക്കാനുള്ള കല്പന, കര്‍മപരമായ വിഷയത്തില്‍ ആജ്ഞാധാരികളായ മുജ്തഹിദുകളായ പണ്ഡിതരെ പിന്‍പറ്റാനുള്ള കല്പനയുമാണ്; കാരണം മുജ്തഹിദുകള്‍ നിമനിര്‍മ്മാണാധികാരികള്‍ ആണല്ലോ? അതിനാല്‍ അവരുടെ അഭിപ്രായഐക്യത്തെ പിന്‍പറ്റാനുള്ള കല്പനയും ഈ കല്പനയില്‍ നിന്ന് ഗ്രഹിക്കപ്പെടാം. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളെ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കാനുള്ള കല്പന വ്യക്തമായ പ്രസ്താവന ഖുര്‍ആനിലോ ഹദീസുകളിലോ കാണപ്പെടാത്ത വിഷയത്തെ, വ്യക്തമായ പ്രസ്താവന വന്ന വിഷയത്തോട് സാദൃശ്യാനുമാനം നടത്തിവിധികല്പിക്കാനുള്ള കല്പനയുമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇതനുസരിച്ചു, നാലു പ്രമാണങ്ങളുടെ പ്രാമാണികതയും പ്രസ്തുത ഖുര്‍ആന്‍ വചനത്തിലൂടെ തെളിയിക്കപ്പെടാം.
മദ്ഹബുകള്‍
മദ്ഹബ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ''പോയസ്ഥലം'' എന്നാണ്. ഒരാള്‍ ചെന്നെത്തിയ അഭിപ്രായവിധികളെ അയാള്‍ ചെന്നെത്തിയ സ്ഥലത്തിനോടുപമിച്ചാണ് ഒരു ഇമാം ഖണ്ടെത്തിയ കര്‍മശാസ്ത്ര അഭിപ്രായ വിധികള്‍ക്ക് ''മദ്ഹബ്'' എന്നുപറയുന്നത്. ഇതനുസരിച്ചു ഒരു ഇമാമിന്റെ മദ്ഹബ് എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് അദ്ദേഹം തെരെഞ്ഞെടുത്ത കര്‍മ്മശാസ്ത്രവിധികള്‍ എന്നാണ്.
മുന്‍കാലഘട്ടത്തില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രവിധികള്‍ ഖുര്‍ആന്‍, ഹദീസുകളുടെയും മറ്റു അംഗീകൃത പ്രമാണങ്ങളില്‍ നിന്നും കണ്ടുപിടിക്കാന്‍ കഴിവുള്ള ധാരാളം മുജ്തഹിദുകളായ പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. സ്വഹാബ, താബിഉകള്‍, താബിഉത്താബിഈന്‍, ശേഷമുള്ള ഫുഖഹാഅ്, മുതലായവരിലുള്ള മുജ്തഹിദുകളില്‍ പലര്‍ക്കും സ്വന്തമായി മദ്ഹബുകളുണ്ടായിരുന്നു. പലരുടെയും മദ്ഹബുകള്‍ ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെടുകയും അവകളെ പിന്‍പറ്റുന്ന അനുയായികളുമുണ്ടായിരുന്നു. കാലാന്തരത്തില്‍ അവകളില്‍ ഓരോന്നോരോന്നായി അവകളുടെ അനുയായികളും സംരക്ഷിക്കാനാളുകളുമില്ലാതെ, കാലയവനികക്കുള്ളില്‍ അപ്രത്യക്ഷമാവുകയാണുണ്ടായത്.
ഇവകളില്‍ പ്രശസ്ത മദ്ഹബുകളില്‍ ചിലത്.
1. സുഫ്യാനുസ്സൗരി(റ)ന്റെ മദ്ഹബ്
2. സുഫ്‌യാനുബ്‌നു ഉയൈനയുടെ മദ്ഹബ്
ൂ3. ലൈസുബ്‌നുസഅ്ദിന്റെ മദ്ഹബ്
4. ഇസ്ഹാഖുബ്‌നു റാഹ്‌വൈഹിയുടെ മദ്ഹബ്
5. ഇബ്‌നുജരീരിത്ത്വബരിയുടെ മദ്ഹബ്
6. ദാവൂദുള്‌ലാഹിരിയുടെ മദ്ഹബ്
7. ഔസാഈയുടെ മദ്ഹബ്
നാല് മദ്ഹബുകള്‍ എന്ത്‌കൊണ്ട്?
നാല് മദ്ഹബുകളില്‍ ഒന്നുമാത്രമേ അംഗീകരിക്കാവൂ എന്നതിന് ഖുര്‍ആനോ, ഹദീസുകളോ തെളിവുണ്ടോ?. അല്ലാഹു ഒന്ന്, റസൂല്‍ ഒന്ന്, ഖുര്‍ആന്‍ ഒന്ന്, പിന്നെ മദ്ഹബുകള്‍ എങ്ങനെ നാലായി? എന്നിങ്ങനെ മദ്ഹബു വിരോധികളായ നവീനപ്രസ്ഥാനക്കാര്‍ മുസ്‌ലിം പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയ ചോദ്യങ്ങളും സംശയങ്ങളുമാണിത്. ഈ ചോദ്യം ശരി തന്നെയല്ലയോ എന്ന് പ്രഥമ ദൃഷ്ടിയേ സംശയിച്ചേക്കാം. സൂക്ഷ്മമായി പരിശോധിച്ചാല്‍ തികച്ചും ബാലിശമായ ഇത്തരം ചോദ്യങ്ങള്‍ അല്പജ്ഞാനികളില്‍ നിന്ന് മാത്രമേ ഉണ്ടാകാന്‍ നിര്‍വ്വാഹമുള്ളൂ എന്ന് ബോധ്യപ്പെടും.
മദ്ഹബുകളെ ഒരാളും നാലില്‍ പിരിമിതപ്പെടുത്തിയതല്ല. താനേ പരിമിതമായിത്തീര്‍ന്നത് മാത്രമാണ്. ധാരാളം മദ്ഹബുകളും, അവയെ പിന്‍പറ്റിയിരുന്ന അനുയായികളും ഓരോ കാലങ്ങളിലുണ്ടായിരുന്നു. പക്ഷെ കാലാന്തരത്തില്‍ അവകള്‍ക്ക് സംരക്ഷകരോ, അനുയായികളോ ഇല്ലാതെ പോവുകയും, പ്രസ്തുത മദ്ഹബുകള്‍ നാമാവശേഷമാവുകയുമാണുണ്ടായത്. പിന്നീട് സുന്നത്ത് ജമാഅത്തിന്റെ മദ്ഹബുകളില്‍ സംരക്ഷകരും അനുയായികളും ഉള്ളതായി ബാക്കിയാവാന്‍ ഭാഗ്യം ലഭിച്ചത് ഈ നാലു മദ്ഹബുകള്‍ക്ക് മാത്രമാണ്.
ഇങ്ങനെ ഒരാളും മനഃപൂര്‍വ്വം ചെയ്തതല്ല, അങ്ങനെ സംഭവിച്ചുപോയതുമാത്രമാണ്. ഒരുകാലത്ത് 11 നിലവിലുണ്ടായിരുന്നതും നാലല്ലാത്ത ബാക്കിയുള്ളതെല്ലാം അകാലചരമമടഞ്ഞുപോയതും മുമ്പ് വിവരിച്ചല്ലോ? ഇതിനുദാഹരണം 11 മക്കളുണ്ടായിരുന്ന ഒരുപിതാവിന്റെ ഏഴ് മക്കളും ഓരോന്നോരോന്നായി അകാലചരമമടഞ്ഞുപോയി. നാലുപേര്‍മാത്രം ബാക്കിയായാല്‍ ഇതെന്ത് കൊണ്ട് സംഭവിച്ചു? എന്ന ചോദ്യത്തിന് അല്ലാഹുവിന്‍രെ വിധി: എന്ന മറുപടിയല്ലാതെ വേറെ എന്ത് മറുപടിയാണ് പറയാനുള്ളത്. ഈ നാല് മക്കള്‍ മാത്രം ബാക്കിയായതിന് ഖുര്‍ആനോ ഹദീസോ തെളിവുണ്ടോ? എന്നൊരാള്‍ ചോദിച്ചാല്‍ അവനെ എങ്ങോട്ടാണയക്കേണ്ടതെന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാമല്ലോ? അതുപോലെ മാത്രമേ 'മദ്ഹബുകള്‍ നാലായതിന് ഖുര്‍ആനും ഹദീസും തെളിവുണ്ടോ? എന്ന ചോദ്യത്തിനും പ്രസക്തിയുള്ളൂ.
സുന്നത്ത് ജമാഅത്തിന്റെ മദ്ഹബുകളല്ലാത്ത ബിദഈ മദ്ഹബുകള്‍ ക്രോഡീകരിക്കപ്പെട്ടതായും ധാരാളം അനുയായികളുള്ളവയായും ലോകത്തില്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ശീആക്കളുടെ സൈദിയ്യ, ഇസ്മാഈലിയ്യഃ, ജഅ്ഫരിയ്യഃ, ഖവാരിജുകളുടെ ഇബാളിയ്യഃ മുതലായ വിഭാഗങ്ങളുടെ മദ്ഹബുകള്‍ക്ക് ഇന്നും പിന്‍പറ്റപ്പെടുന്നവയും അനുയായികളും സംരക്ഷകരും ധാരാളം ഉള്ളതായും അവശേഷിക്കുന്നുണ്ട് താനും.
ശിആ ഇമാമിയ്യാ വിഭാഗത്തിന് ഇറാന്‍, പാക്കിസ്താന്‍, ഇറാഖ്, ലബനാന്‍, സിറിയ മുതലായ രാജ്യങ്ങളിലായി ഇന്നും 30 മില്യനിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇസ്മായീലി മദ്ഹബുകാര്‍ 12 മില്ല്യനോളമുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സുന്നത്ത് ജമാഅത്തിന്റെ മദ്ഹബുകള്‍ നാലില്‍ മാത്രം പിരിമിതമായി അവശേഷിക്കുകയും, മറ്റു മദ്ഹബുകളെല്ലാം മുബ്തദിഉകളുടെയും, വഴിപിഴച്ചുപോയ കക്ഷികളുടേതുമായി മാത്രം അവശേഷിച്ച സാഹചര്യത്തില്‍, ഒരു സുന്നി ഇങ്ങനെ ചോദിക്കുന്നു: ഇക്കാലത്തു സുന്നത്ത് ജമാഅത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പിന്‍പറ്റാവുന്ന മദ്ഹബുകളേത്?
ഏതൊരു സുന്നിപണ്ഡിതനും, ഒരേ ഒരു മറുപടി മാത്രമല്ലാതെ പറയാനുണ്ടോ? 4 മദ്ഹബുകളില്‍ ഒന്നല്ലാതെ മറ്റൊന്നും പിന്‍പറ്റരുത്. ഇക്കാരണത്താല്‍ തന്നെയാണ് നാലിലൊരു മദ്ഹബിനെ പിന്‍പറ്റല്‍(മുസ്‌ലിംകളുടെ മാര്‍ഗം പിന്‍പറ്റലും) ഇവയിലൊന്നിനെയും പിന്‍പറ്റാതിരിക്കുന്നത്(മുഅ്മിനുകളുടെ മാര്‍ഗമല്ലാത്തതിനെ പിന്‍പറ്റലുമായി)ത്തീരാനുണ്ടായ കാരണം.
പ്രശസ്ത മുഹദിസായ, ശാഹ് വിലിയുല്ലാഹിദ്ദഹ്‌ലവി എഴുതുന്നു: ഈ നാലല്ലാത്ത മറ്റു മദുഹബുകളെല്ലാം നാമാവശേഷമായപ്പോള്‍ അവയെ പിന്‍പറ്റല്‍ ബഹുഭൂരിപക്ഷത്തെ പിന്‍പറ്റലും അവയില്‍ നിന്ന് വ്യതിചലിക്കല്‍ നിന്ന് വ്യതിചലിച്ചു പോകലുമായിത്തീര്‍ന്നു. ശാഫിഈ പണ്ഡിതനായ ഇബ്‌നുഹജറില്‍ ഹൈതമി എഴുതുന്നു. നമ്മുടെ ഇക്കാലത്ത്, ശാഫിഈ, മാലിക്, അബൂഹനീഫ, അഹ്‌മദുബ്‌നു ഹമ്പല്‍, എന്നീ നാലു ഇമാമുകളല്ലാത്തവരെ പിന്‍പറ്റല്‍ അനുവദനീയമല്ല.
തഖ്‌ലീദ്
തഖ്‌ലീദ് എന്ത്? ആര്‍ക്ക്? ആരെ? ഏതു വിഷയത്തില്‍? തഖ്‌ലീദ് ഹറാമോ? കുഫ്‌റോ? ബിദ്അത്തോ? അതോ, നിര്‍ബന്ധമാകുമോ? അനുവദനീയമോ? തഖ്‌ലീദ് വിമര്‍ശകരുടെ തെളിവുകള്‍ എന്തെല്ലാം? അതിന് തഖ്‌ലീദ് അനുകൂലിക്കുന്നവരുടെ മറുപടി എന്ത്? ഇക്കാലത്ത് ഇജ്തിഹാദും മുജ്തഹിദുകളും ഉണ്ടാകുമോ? ഇതൊക്കെയാണല്ലോ തഖ്‌ലീദ് വിഷയത്തില്‍ നടപ്പിലുള്ള വിവാദങ്ങളും ചര്‍ച്ചാവിഷയങ്ങളും.
ഈ വിഷയത്തിലേക്ക് കടക്കുന്നതിന്റെ മുമ്പ് തഖ്‌ലീദ് എന്നാലെന്ത്? ഇജ്തിഹാദ് എന്നാല്‍ എന്ത്? ഒരാള്‍ മുജ്തഹിദാകാനായി പണ്ഡിതന്മാര്‍ വിവരിച്ച യോഗ്യതകള്‍ ഏതെല്ലാം? എന്ന് മനസ്സിലാക്കാതെ നിര്‍വ്വാഹമില്ലല്ലോ. മറ്റൊരാളുടെ വാക്ക്, അതിന്റെ തെളിവെന്ത്? എന്നറിയാതെ സ്വീകരിക്കലാണ് തഖ്‌ലീദ്. പ്രസ്തുത നിര്‍വ്വചനമനുസരിച്ചു ഒരു പണ്ഡിതനോ ഇമാമോ പറഞ്ഞത്, അതിന്റെ ന്യായന്യായമോ, തെളിവുകളോ അന്വേഷിക്കാതെയും അറിയാതെയും പിന്‍പറ്റുന്നതിനാണ് തഖ്‌ലീദ് എന്ന് പറയപ്പെടുന്നത്.
മറ്റൊരാളുടെ വാക്ക്, അദ്ദേഹത്തിന്റെ തെളിവുകളറിഞ്ഞു സ്വീകരിച്ചാല്‍ അത് തഖ്‌ലീദാകുകയില്ല. മറ്റൊരാളുടെ വാക്ക് അദ്ദേഹത്തിന്റെ തെളിവുകളെന്ത് എന്നറിഞ്ഞുകൊണ്ട് സ്വീകരിച്ചാല്‍ അത് അപ്പറഞ്ഞ ആളുകളുടെ ഇജ്തിഹാദിനോട് യോജിച്ച ഒരു ഇജ്തിഹാദ് മാത്രമാണ്.
ഇജ്തിഹാദ്
തഖ്‌ലീദിന്റെ വിപരീത പദമാണ് ഇജ്തിഹാദ്. ശരീഅത്തിന്റെ ശാഖാപരമായ വിധികള്‍ അവയുടെ വിസ്തൃത തെളിവുകളിലൂടെ കണ്ടെത്തുവാനായി ഒരു ഫഖീഹ്, അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി ശ്രമിക്കലാണ് ഇജ്തിഹാദ്.
ഇമാം താജുദ്ദീനിസ്സുബ്കി എഴുതുന്നു: ഒരു ശര്‍ഈ വിധി എന്താണെന്ന അനുമാനം ലഭിക്കുവാന്‍ വേണ്ടി ഒരു ഫഖീഹ് കഴിവിന്റെ പരമാവധി വിനിയോഗിക്കലാണ് ഇജ്തിഹാദ്. അപ്പോള്‍ ഫിഖ്ഹിന്റെ മുമ്പ് വിവരിച്ച പ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവവഴി ഏതെങ്കിലുമൊരു കര്‍മപരമായ വിഷയത്തിന്റെ മതവിധി എന്താണെന്ന് അറിയുവാനായി കഠിനാധ്വാനം ചെയ്തു കണ്ടെത്തുന്നതിന് ഇജ്തിഹാദ് എന്നും, ഇങ്ങനെ കണ്ടെത്തുന്ന വ്യക്തിക്ക് മുജ്തഹിദ് എന്നും പറയപ്പെടുന്നു.
ഇജ്തിഹാദിന്ന് അര്‍ഹത
ഇങ്ങനെ ഇജ്തിഹാദ് ചെയ്തു കണ്ടെത്താന്‍ എല്ലാവര്‍ക്കും സാധിക്കുകയില്ലല്ലോ? അതിനാല്‍ ഒരു മുജ്തഹിദിനുണ്ടാകേണ്ട മിനിമം യോഗ്യതകളെന്തെല്ലാമെന്ന് പണ്ഡിതന്മാര്‍ വിവരിക്കുന്നത് കാണുക. അഞ്ച് യോഗ്യതകളുള്ളയാള്‍ക്ക് മാത്രമേ ഇജ്തിഹാദിന്ന് അര്‍ഹതയുള്ളൂവെന്ന് ഇമാം നവവി(റ) എഴുതുന്നു.
താഴെ കാര്യങ്ങളില്‍, അവഗാഹം നേടിയ ഒരാള്‍ക്ക് മാത്രമേ ഇജ്തിഹാദിന്ന് യോഗ്യതയുണ്ടാകൂ.
1. വിശുദ്ധ ഖുര്‍ആന്‍
മുഴുവന്‍ ഖുര്‍ആനിലും അവഗാനം നേടേണ്ടില്ല. കുറഞ്ഞത് വിശുദ്ധ ഖുര്‍ആനിലെ കര്‍മ്മശാസ്ത്രനിയമവിധികളുമായി ബന്ധപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ വചനങ്ങളിലെങ്കിലും അവഗാഹം വേണ്ടതാണ്. അവകള്‍ മനഃപാഠമാക്കണമെന്നില്ല. ഇമാം ശാഫിഈ(റ)ന്റെ അസ്ഹാബില്‍ ചിലര്‍ പ്രത്യക്ഷത്തില്‍ ഇതിനോട് എതിരഭിപ്രായം പ്രകടിപ്പിച്ചവരായും ഉണ്ട്.
2. ഹദീസുകള്‍
മുഴുവന്‍ ഹദീസുകളിലും പാണ്ഡിത്യം നേടണമെന്നില്ല. എന്നാല്‍ അവകളില്‍ നിയമവിധികളുമായി ബന്ധപ്പെട്ടതില്‍ അവഗാഹം നേടേണ്ടത് അനിവാര്യമാണ്. ഇവയില്‍ നിന്നുള്ള താഴെ വിഷയങ്ങളേതെല്ലാമെന്നതിലും പാണ്ഡിത്യമുണ്ടാകേണ്ടതുണ്ട്.
1. വ്യാപ്തവും അവ്യാപ്തവും
2. നിരുപാധികവും, സോപാധികവും
3. അസ്ഫുടവും, സ്ഫുടീകരിക്കപ്പെട്ടതും
4. ദുര്‍ബലപ്പെടുത്തുന്നതും, ദുര്‍ബലപ്പെടുത്തപ്പെട്ടതും
കൂടാതെ ഹദീസുകളില്‍ മുതവാതിര്‍, ആഹാദ്, മുര്‍സല്‍, മുത്തസില്‍ മുതലായവ ഏതെല്ലാമെന്നറിയണം.
3 സഹാബാക്കളിലും അവര്‍ക്ക് ശേഷമുള്ളവരിലുമുള്ള പണ്ഡിതന്മാര്‍ക്കിടയില്‍ ഐക്യമുള്ളതും അനൈക്യമുള്ളവയും ഏതെല്ലാം വാക്കുകളിലാണെന്നറിയണം.
(4) ഖിയാസ്(സാദൃശാനുമാനം) അതില്‍ സ്പഷ്ടാനുമാനവും ഗോപ്യാനുമാനവും ഏതെല്ലാമെന്നറിയണം.
(5) ലിസാനുല്‍ അറബി(അറബി ഭാഷ) ഭാഷയും വ്യാകരണനിയമങ്ങളും അറിയണം. കാരണം അറബിയിലാണല്ലോ ശരീഅത്ത് വന്നിട്ടുള്ളത്.
ഈയടിസ്ഥാനത്തില്‍ പദങ്ങളുടെ വ്യാപ്തിയും അവ്യാപ്തിയും നിരുപാധികതയും സോപാധികതയും, അസ്ഫുടതയും, സ്ഫുടതയും അറിഞ്ഞിരിക്കണം.
എന്നാല്‍ ഈ വിഷയത്തില്‍ അഗാധ പാണ്ഡിത്യം വേണ്ടതില്ലെങ്കിലും, കുറെ ഭാഗം അറിഞ്ഞാല്‍ മതിയാകുമെന്ന് ശാഫിഈ(റ) ന്റെ അസ്ഹാബ് വിവരിച്ചിട്ടുണ്ട്. (റൗള) വാ: 11, പേജ് 95-96)
തഖ്‌ലീദ് ചെയ്യേണ്ടവര്‍ ആര്‍?
മുന്‍പ്രസ്താവിച്ച യോഗ്യതകള്‍ സമ്മേളിച്ചവര്‍ ശരീഅത്ത് വിധികകള്‍ ഇജ്തിഹാദ് ചെയ്തതായിരിക്കണം കണ്ടുപിടിക്കേണ്ടത്. ഈ യോഗ്യതയില്ലാത്തവര്‍ തഖ്‌ലീദ് ചെയ്യുകയാണ് വേണ്ടത്. കാരണം ഇജ്തിഹാദ് ചെയ്യാനുള്ള അറിവും യോഗ്യതയും അവര്‍ക്കില്ലല്ലോ? ഈ വിഷയത്തില്‍ ആര്‍ക്കിടയിലും തര്‍ക്കമില്ല.
മുജ്തഹിദ്ല്ലാത്തവര്‍ അവര്‍ സാധാരണക്കാരോ അല്ലാത്തവരോ ആയിരുന്നാലും മുജ്തഹിദിനെ തഖ്‌ലീദ് ചെയ്യല്‍ നിര്‍ബന്ധമാണ്. കാരണം അല്ലാഹു പറയുകയുണ്ടായി. നിങ്ങള്‍ അറിയാത്തവരാണെങ്കില്‍ അറിവുള്ളവരോട് ചോദിക്കുക.
ഒരു മുജ്തഹിദിന് തഖ്‌ലീദ് ഹറാം
എന്നാല്‍ സ്വന്തം ഇജ്തിഹാദിലൂടെ ശരീഅത്ത് വിധി അനുമാനിച്ചെടുത്തവന്‍ തഖ്‌ലീദ് ചെയ്യല്‍ ഹറാമാണ്. അത്‌പോലെ ഇജ്തിഹാദിന് യോഗ്യതയുള്ളവനും തഖ്‌ലീദ് ഹറാമാണെന്ന് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. കാരണം ഇജ്തിഹാദ് അസലും, തഖ്‌ലീദ് ബദലുമാണ്. അസ്വ്‌ലിന് കഴിയുന്നവന്‍ ബദലിലേക്ക് മാറല്‍ അനുവദനീയമല്ല. വുളൂഅ് ചെയ്യാന്‍ കഴിയുന്നവന്‍ അതൊഴിവാക്കി അതിന്റെ ബദലിലേക്ക് നീങ്ങല്‍ അനുവദനീയമല്ലല്ലോ(ശര്‍ഹുജംഇല്‍ ജവാമിഅ്, പേജ് 394, വാള്യം 2)
തഖ്‌ലീദ് വിശ്വാസ പ്രമാണങ്ങളിലില്ല
ഇസ്‌ലാമിലെ വിധി നിയമങ്ങളെ രണ്ടായി തരം തിരിക്കപ്പെടാം.
1. വിശ്വാസപ്രമാണങ്ങള്‍
2. കര്‍മശാസ്ത്ര വിധികള്‍
ഇവയില്‍ കര്‍മശാസ്ത്രവിധികളെക്കുറിച്ചാണ് മുമ്പ് പ്രസ്താവിച്ചത്. എന്നാല്‍ വിശ്വാസ പ്രമാണങ്ങളില്‍ ആരും ആരെയും തഖ്‌ലീദു ചെയ്യുകയല്ല വേണ്ടത്. ബുദ്ധികൊണ്ട് ചിന്തിച്ചു തെളിവുകള്‍ നോക്കി വിശ്വാസം ഉറപ്പിക്കുകയാണ് ആവശ്യം. ശാഫിഈ(റ) പറഞ്ഞതിനാലാണ് ഞങ്ങള്‍ അല്ലാഹു ഉണ്ടെന്ന് വിശ്വസിക്കുന്നത്. അദ്ദേഹം അവിശ്വസിച്ചാല്‍ ഞങ്ങളും അവിശ്വസിക്കും എന്ന നിലപാട് വിശ്വാസത്തില്‍ ഉണ്ടാകാന്‍ പാടില്ല.
എന്നാല്‍ ഫിഖ്ഹീ വിഷയങ്ങളില്‍ ഖണ്ഡിതമായ തെളിവ് വേണ്ടതില്ല. അനുമാനമാണ് ഫിഖ്ഹ് മുഴുവനും. ഇതില്‍ മേല്‍പറഞ്ഞത് തെളിവറിയാതെ തന്നെ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം. തെളിവറിയാത്ത അനുകരണമാണല്ലോ തഖ്‌ലീദ്. തഖ്‌ലീദ് കൊണ്ട് ദൃഢവിശ്വാസമുണ്ടാവുകയില്ല. ഇളക്കിയാല്‍ ഇളകുന്നതാണ് തഖ്‌ലീദ്.
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുമായിരുന്നു: ''ഒരാളും തന്നെ മറ്റൊരാളെ അവന്റെ ദീനില്‍ (വിശ്വാസം) അനുകരിക്കരുത്. അവന്‍ വിശ്വസിച്ചാല്‍ വിശ്വസിക്കുകയും അവന്‍ കാഫിറായാല്‍ കാഫിറാകുകയും ചെയ്യുന്ന വിധത്തിലാകരുത്. നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് നിങ്ങള്‍ തെളിവുകളന്വേഷിക്കണം''(ബൈഹഖി).
വിശ്വാസ പ്രമാണവിഷയത്തില്‍ തഖ്‌ലീദ് അനുവദനീയമോ? അല്ലയോ? എന്നതില്‍ ഭിന്നാഭിപ്രായമാണുള്ളത്. അധികപക്ഷവും ഇവയില്‍ തഖ്‌ലീദ് ചെയ്യല്‍ അനുവദനീയമല്ലെന്ന് പറയുന്നു. തെളിവന്വേഷിച്ചു തന്നെയായിരിക്കണം വിശ്വാസം. ഇമാം റാസി (റ) യും ഇമാം ആമിദിയും(റ) ഈ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കിയത്.
അല്ലാഹു തന്റെ നബിയോട്കല്‍പിച്ചത് ഇങ്ങനെയാണ്: ''അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന് ദൃഢമായി വിശ്വസിക്കണം.'' നബി(സ) അതപ്പടി ദൃഢമായി വിശ്വസിക്കുകയുണ്ടായി. ജനങ്ങളോടായി അല്ലാഹു ഇങ്ങനെ കല്പിച്ചു: നിങ്ങള്‍ക്ക് സന്മാര്‍ഗ്ഗം ലഭിക്കുവാനായി നബിയോടുപിന്‍പറ്റുക.
ഇത് ദൃഢവിശ്വാസം ജനങ്ങള്‍ക്കുണ്ടാകാനുള്ള കല്പനയാണ്. വഹ്ദാനിയ്യത്ത് (ഇലാഹീ ഏകത്വം) അല്ലാത്തതും അതുപോലെ തന്നെയാണെന്നനുമാനിക്കപ്പെടാം.
വഹാബികള്‍ എഴുതുന്നു: രക്ഷപ്പെട്ട വിഭാഗത്തില്‍ നിന്ന് മുഖല്ലിദുകള്‍ പുറത്തുപോയവരും, നരകാവകാശികളും അവരുമായി വൈവാഹിക ബന്ധം പാടില്ലാത്തവരുമാകുന്നു. ഖുര്‍ആന്‍ സുന്നത്തിനോട് പിന്‍പറ്റുകയാണ് ആവശ്യം. മറിച്ച് ആരെങ്കിലും ശാഫിഈ, അബൂഹനീഫ മുതലായവരില്‍ ആരെയെങ്കിലും പിന്‍പറ്റുന്നപക്ഷം പരലോകത്തിലവര്‍ ഖേദപൂര്‍വ്വം ഇന്നവനെ സ്‌നേഹിതനാക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ എന്ന് പറയേണ്ടതായി വരും.
തഖ്‌ലീദ് നിഷേധികള്‍ രണ്ട് വിധം
തഖ്‌ലീദ് ചെയ്യല്‍ അനിസ്‌ലാമികവും വഴിതെറ്റിയ ചിന്താഗതിയുമാണെന്ന് വാദിക്കുന്നവരെ രണ്ട് വിഭാഗങ്ങളായിതരം തിരിക്കപ്പെടാം.
1. എല്ലാ തഖ്‌ലീദുകളും തെറ്റും ദുര്‍മാര്‍ഗവുമാണെന്ന് വാദിക്കുന്നവര്‍
2. ഒരു വ്യക്തിയെ മാത്രം തഖ്‌ലീദ് ചെയ്യല്‍ വിമര്‍ശിക്കുന്നവര്‍.
ഒരു നിശ്ചിത ഇമാമിനെയല്ലാതെ ഓരോ വിഷയത്തിലും ഏതെങ്കിലുമൊരു ഇമാമിനെ പിന്‍പറ്റല്‍, അനുകൂലിക്കുന്നവര്‍. ഇബ്‌നുതീമിയ്യ ഈ വിഭാഗത്തിലാണുള്ളത്.
തഖ്‌ലീദുവിമര്‍ശകരുടെ ജല്പനങ്ങള്‍ക്ക് മറുപടി
ഇബ്‌നുഹസ്മ്, തഖ്‌ലീദ്, ഹറാമാണെന്ന് കണ്ട് പിടിച്ച ഖുര്‍ആന്‍ വചനം നോക്കാം.
അല്ലാഹു ഇറക്കിയതിനെ നിങ്ങള്‍ പിന്തുടരുവീന്‍, എന്നവരോട് പറയപ്പെടുമ്പോള്‍, അല്ല ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ ഏതൊന്നിലായി കണ്ടുവോ അതിനെ ഞങ്ങള്‍ പിന്തുടരുന്നുവെന്ന് അവര്‍ പറയും. അവരുടെ പിതാക്കള്‍ ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരും, സന്മാര്ഗം പ്രാപിക്കാത്തവരും ആയിരുന്നാലുമോ? (അല്‍ബഖറ: 170)
പ്രസ്തുത വചനത്തിലെ ആക്ഷേപിക്കപ്പെട്ട അന്ധമായ അനുകരണവും, ഇസ്‌ലാമിലെ കര്‍മാനുഷ്ഠാന വിഷയത്തിലുള്ള തഖ്‌ലീദും ഒന്നല്ലെന്നു മനസ്സിലാക്കുവാന്‍ വളരെ ബുദ്ധിയൊന്നും വേണ്ടതില്ല. മുമ്പ് പ്രസ്താവിച്ച വിശ്വാസപരമായ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശമുള്ളത്. നബിതിരുമേനിയെയോ, ഖുര്‍ആനിനെയോ അനുസരിക്കാതെ, വിഗ്രഹാരാധനകളിലും ശിര്‍ക്കിലും നിലകൊള്ളുന്ന മുശ്‌രിക്കുകളാണല്ലോ അവരുടെ പൂര്‍വ്വപിതാക്കളുടെ മതവും ആചാരവും കയ്യൊഴിക്കാന്‍ തയ്യാറാകാത്തവര്‍.
അവരുടെ പിതാക്കള്‍ ഒന്നും ചിന്തിക്കാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരുമായിരുന്നാലുമോ?... എന്ന വചനവും കൂടി കൂട്ടി വായിക്കുമ്പോള്‍, ഇതിന്റെ എതിര്‍ വ്യംഗ്യം സൂചിപ്പിക്കുന്നതെന്ത്? അവരുടെ പിതാക്കള്‍ ചിന്തിക്കാത്തവരും സന്മാര്‍ഗം പ്രാപിച്ചവരുമാണെങ്കില്‍ അവരെ പിന്തുടരുന്നതില്‍ തെറ്റില്ലായിരുന്നു. പൂര്‍വ്വപിതാക്കള്‍ക്ക് ചിന്തയും സന്മാര്‍ഗവുമില്ലാത്തതിനാലാണ് അവരെ അതിക്ഷേപിച്ചതെന്ന് വ്യക്തമാകുമല്ലോ?
അതനുസരിച്ചു ചിന്താശക്തിയും സന്മാര്‍ഗവുമുള്ള മദ്ഹബിന്റെ ഇമാമുകളെയോ പണ്ഡിതന്മാരെയോ പിന്‍പറ്റുന്നത് അനുവദനീയമാണ് എന്നതിന് കൂടി തെളിവാണല്ലോ പ്രസ്തുത ഖുര്‍ആന്‍ വചനം.
ഇബ്‌നു ഹസം തഖ്‌ലീദ് ചെയ്യാത്തവരെ പ്രശംസിച്ചുകൊണ്ടു അല്ലാഹു പറഞ്ഞതാണെന്ന് ജല്പിക്കുന്ന വചനവും, തഖ്‌ലീദുമായുമുള്ള ബന്ധവും പരിശോധിക്കാം. ''അന്യദൈവങ്ങളെ ആരാധിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയും അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്തവര്‍ ആരോ അവര്‍ക്ക് സന്തോഷവാര്‍ത്തയുണ്ട്. അതിനാല്‍ എന്റെ അടിമകള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുക! വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അങ്ങനെ അതില്‍ ഏറ്റവും നല്ലതിനെ പിന്തുടരുന്നവരുമാണ്. (എന്റെ അടിമകള്‍). അല്ലാഹു സന്മാര്‍ഗത്തിലാക്കിയവരാണവര്‍ അവര്‍ തന്നെയാണ് ബുദ്ധിമാന്മാരും''(സുമര്‍ 17-18).
പ്രസ്തുത വചനത്തിലെവിടെയാണ് തഖ്‌ലീദിനെക്കുറിച്ചു പരാമര്‍ശിക്കപ്പെടുന്നത്? നല്ലതും ചീത്തയും കേട്ടാല്‍ അവയില്‍ ഏറ്റവും നല്ലത് നോക്കി അതിനെ പിന്‍പറ്റുന്ന അവരെയാണല്ലോ ഖുര്‍ആന്‍ പ്രശംസിച്ചത്. ഇത് തഖ്‌ലീദ് ചെയ്യാത്തവരാണെന്ന് എവിടെ നിന്ന് കണ്ടുപിടിച്ചതാണ്?
പ്രസ്തുത വചനത്തില്‍ മുന്‍കാല ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എന്തെല്ലാം വ്യാഖ്യാനങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് പരിശോധിക്കാം.
1. ഇബ്‌നു അബ്ബാസ്(റ)യുടെ അഭിപ്രായം: നല്ലതും ചീത്തയും കേള്‍ക്കുന്ന ഒരാളാണത്. എന്നിട്ട് നല്ലത്മാത്രം പറയുകയും, ചീത്തയില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യും.
2. ഖുര്‍ആനും അല്ലാത്തതും കേള്‍ക്കുന്നയാള്‍, ഖുര്‍ആനിനെ പിന്തുടര്‍ന്നു ജീവിക്കുന്നതും.
3. ഖുര്‍ആനും, റസൂല്‍(സ)യുടെ വാക്കുകളും കേള്‍ക്കുകയും അവയില്‍ മുഹ്കമിനോട് പിന്‍പറ്റുന്നവരാണവര്‍.
4. കര്‍ക്കശവും ഇളവും കേള്‍ക്കുമ്പോള്‍ കര്‍ക്കശങ്ങള്‍ തെരെഞ്ഞെടുത്തു പ്രവര്‍ത്തിക്കുന്നവരാണവര്‍.
5. ശിക്ഷിക്കുവാനും മാപ്പ് ചെയ്യാനുമുള്ള അനുമതിയുള്ള സ്ഥലങ്ങളില്‍ മാപ്പിന് മുന്‍ഗണന നല്‍കുന്നവരാണവര്‍.
6. ഇസ്‌ലാമിന്റെ മുമ്പ് തന്നെ തൗഹീദ് തെരെഞ്ഞെടുത്തവരാണവര്‍.
7. സല്‍മാനുല്‍ ഫാരിസി(റ), അബൂദര്‍റുല്‍ ഗഫ്ഫാരി, സൈദ്ബ്‌നു അംറ്(റ) മുതലായ ജാഹിലിയ്യ കാലത്തുതന്നെ വിഗ്രഹാരാധന ഒഴിവാക്കി ഏറ്റവും നല്ലതിനെ പിന്തുടര്‍ന്നവരാണവര്‍.
നോക്കുക: ഇതെല്ലാമാണ് മുന്‍കാല ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചത്? ഇതിലെവിടെയാണ് ''തഖ്‌ലീദ് ചെയ്യാത്തവരാണ് എന്റെ അടികമള്‍, എന്ന് പറഞ്ഞത്? ആരും അങ്ങനെ പറഞ്ഞതായി അറിയുന്നില്ല. തഖ്‌ലീദ് ചെയ്യാതിരുന്നാല്‍ ഖുര്‍ആനിന് ആരും പറയാത്തതും കേള്‍ക്കാത്തതുമായ തഫ്‌സീറുകള്‍ സ്വന്താഭിപ്രായവും സ്വേച്ഛയനുസരിച്ചും ചെയ്യാമല്ലോ?
തഖ്‌ലീദ് ഹറാമും, മുഅ്മിനികളുടെ മാര്‍ഗമല്ലാത്തതിനെ പിന്തുടരലുമാണെന്ന് ഇബ്‌നു ഹസം കണ്ടുപിടിച്ച ഖുര്‍ആന്‍ വചനവും തഖ്‌ലീദും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.
''സത്യവിശ്വാസികളേ; നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവീന്‍! റസൂലിനെയും നിങ്ങളില്‍ നിന്നുള്ള കാര്യസ്ഥന്മാര്‍ക്കും, അനുസരിക്കുവീന്‍. എന്നാല്‍ വല്ലവിഷയത്തിലും നിങ്ങള്‍ ഭിന്നിക്കുകയാണെങ്കില്‍, അല്ലാഹുവിലേക്കും റസൂലിലേക്കും നിങ്ങളതിനെ മടക്കണം. നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവരാണെങ്കില്‍ അത് ഏറ്റവും ഉത്തമവും ശുഭപര്യവസാനവുമാണ്''(അന്നിസാഅ്: 59).
ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ 4 അടിസ്ഥാന പ്രമാണങ്ങള്‍ പണ്ഡിതന്മാര്‍ സ്ഥാപിച്ച ഖുര്‍ആന്‍ വചനമാണിതെന്ന് മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ?
നിങ്ങള്‍ അല്ലാഹുവിനനുസരിക്കുവീന്‍ എന്നത് ഖുര്‍ആനിന്റെ പ്രാമാണികതയിലേക്കും നിങ്ങള്‍ റസൂലിനെ അനുസരിക്കണം എന്നത് സുന്നതിലെ പ്രാമാണികതയിലേക്കും
നിങ്ങളില്‍ നിന്നുള്ള കാര്യസ്ഥാന്മാര്‍ക്കും എന്നത് ഇജ്മാഇലേക്കും സൂചനയാണെന്ന് പണ്ഡിതന്മാര്‍ വിവരിക്കുന്നു.
ഊലുല്‍ അംറ് എന്നതിന്റെ വ്യാപ്തിയില്‍ എല്ലാ കാര്യകര്‍ത്താക്കളും ഉള്‍പ്പെടുന്നതിനാല്‍ പണ്ഡിതന്മാരും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നതില്‍ തര്‍ക്കമില്ല.
ജനങ്ങള്‍ക്ക് ശരീഅത്ത് വിധികളില്‍ നിയമോപദേശം ചെയ്യുകയും, അവര്‍ക്ക് ദീന്‍പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിതന്മാരാണ് ഊലുല്‍ അംറ് കൊണ്ടുദ്ദേശിക്കപ്പെടുന്നതെന്ന് ഇബ്‌നു അബ്ബാസ്(റ) ല്‍ നിന്ന് സഹ്‌ലബിയുടെ നിവേദനവും ഹസന്‍ബസ്‌രി, മുജാഹിദ്, ളഹാക്ക് മുതലായവരുടെ അഭിപ്രായവുമാണ്) എന്ന് ഇമാം റാസി എഴുതുന്നു.
അതിനാല്‍ പണ്ഡിതന്മാരായ മുജ്തഹിദുകള്‍ ഒരു വിഷയത്തില്‍ യോജിച്ചാല്‍ അത് പിന്തുടരല്‍ നിര്‍ബന്ധമാണെന്ന് പ്രസ്തുത വചനത്തിലൂടെ തെളിയിക്കപ്പെടുന്നു.
''എന്നാല്‍ നിങ്ങള്‍ വല്ല വിഷയത്തിനും ഭിന്നിക്കുകയാണെങ്കില്‍, അല്ലാഹുവിലേക്കും റസൂലിലേക്കും നിങ്ങളതിനെ മടക്കണം.'' പ്രസ്തുത: 3 ആജ്ഞകള്‍ക്ക് ശേഷമാണ് ഇങ്ങനെ പറഞ്ഞത്. അതിനാല്‍ തന്നെ അവ മൂന്നിലും ഉള്‍പ്പെടാത്ത മറ്റൊരു ആജ്ഞ തന്നെയാകണം ഈ വചനത്തിലെ ആജ്ഞ. അതിനാല്‍ ഈ ഭിന്നിപ്പുള്ള വിഷയം, ഖുര്‍ആനിലോ, സുന്നത്തിലോ, ഇജ്മാഇലോ, നേരില്‍ പ്രസ്താവനയില്ലാത്ത ഒരു വിഷയം തന്നെയാവണമല്ലോ? അല്ലാത്തപക്ഷം അത് മുമ്പ് പറഞ്ഞതിന്റെ ആവര്‍ത്തനം തന്നെയാകുമല്ലോ? അല്ലാഹുവിനും റസൂലിനും അനുസരിക്കണമെന്നു മുമ്പു പറഞ്ഞിട്ടുണ്ട്.
അതിനാല്‍ ഈ വചനം മറ്റൊരു പ്രമാണത്തെയാണ് സൂചിപ്പിക്കുന്നത്. ഖുര്‍ആനിലും സുന്നത്തിലും ഇജ്മാഇലും വിധികണ്ടെത്താന്‍ കഴിയാത്ത ഒരു വിഷയം നേരിട്ടാല്‍, അതിനോട് സാദൃശ്യമുള്ള ഖുര്‍ആനിലോ, ഹദീസിലോ വിധിപറയപ്പെട്ട സമാനവിഷയത്തിലേക്ക് ഇതിനെ മടക്കിയതായി ഇതിന്റെ വിധിയും അതുപോലെ തന്നെയാണെന്ന് തീരുമാനിക്കണമെന്നാണ് ഈ വചനത്തിലൂടെയുള്ള ആജ്ഞ. ഇതിന് തന്നെയാണ് ഖിയാസ് എന്ന് പറയുന്നതും. ഇങ്ങനെ ഖിയാസും ഒരു കര്‍മശാസ്ത്രപ്രമാണമാണ് എന്നത് ഈ വചനത്തിലൂടെ തെളിയിക്കപ്പെടുന്നു.
ഇമാം റാസി (റ) എഴുതുന്നു: ഇതാണ് പ്രസ്തുത ഖുര്‍ആന്‍ വചനത്തിന്റെ തഫ്‌സീറില്‍ പണ്ഡിതന്മാര്‍ പറഞ്ഞത്. ഇവിടെ ആരും തഖ്‌ലീദിനെക്കുറിച്ചു പറഞ്ഞിട്ടില്ല. അപ്പോള്‍ ഈ തിരുവചനം പഠിപ്പിക്കുന്നത് ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസിന്റെ അടിസ്ഥാനത്തില്‍ വിധി പ്രഖ്യാപിക്കുന്ന പണ്ഡിതന്മാരെ പിന്‍പറ്റല്‍ ഖുര്‍ആനിനെയും ഹദീസിനെയും പിന്‍പറ്റല്‍ തന്നെയാണെന്നാണ്.
അതനുസരിച്ചു തഖ്‌ലീദിന്റെ അനുവദനീയതയാണ് ഈ വചനം സൂചിപ്പിക്കുന്നത്. കാരണം നാല് മദ്ഹബിന്റെ ഇമാമുകളിലാരും തന്നെ ഖുര്‍ആന്‍, ഹദീസിന്റെ എതിരില്‍ വിധിപ്രഖ്യാപിച്ചതായി അറിയപ്പെടുന്നില്ലല്ലോ?
തഖ്‌ലീദ് ഹറാമാണെന്നതിന് ഇബ്‌നു ഹസം എഴുതിയ മറ്റൊരു തെളിവ് മദ്ഹബിന്റെ ഇമാമുകളെല്ലാം അവരെ തഖ്‌ലീദ് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്.
മറുപടി ശരിയാണ്. അവരെല്ലാം തഖ്‌ലീദ് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. പക്ഷെ ഇജ്തിഹാദിന് കഴിവും യോഗ്യതയുള്ളവരെ മാത്രം. ഒരു മുജ്തഹിദ് മറ്റൊരു മുജ്തഹിദിനെ തഖ്‌ലീദ് ചെയ്യല്‍ ഹറാമാണെന്ന് മുമ്പ് വിവരിക്കുകയുണ്ടായല്ലോ?
'തഖ്‌ലീദ് മറ്റൊരാളുടെ വാക്ക് ദലീല്‍ അറിയാതെ സ്വീകരിക്കലാണല്ലോ'
അല്ലെങ്കിലും, നിങ്ങളെല്ലാം എന്റെ വാക്ക് കണ്ണടച്ച് സ്വീകരിക്കണമെന്ന് ഒരു ഇമാമല്ലാത്ത സാധാരണ ബുദ്ധിയുള്ളവര്‍ പോലും പറയുമോ?
അവര്‍ എങ്ങനെയാണ് പറഞ്ഞതെന്ന് പരിശോധിക്കാം. ഇമാം ശാഫിഈ (റ) സ്വന്തം ശിഷ്യനായ ഇബ്‌റാഹീം മുസ്‌നിയോട് പറഞ്ഞു:-
ഇബ്‌റാഹീം: താങ്കള്‍ ഞാന്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളിലും എന്നെ തഖ്‌ലീദ് ചെയ്യരുത്. അതില്‍ താങ്കള്‍ സന്തം ചിന്തിക്കണം. കാരണം അത് ദീനാണ്.
ഇമാം മുസ്‌നിയുടെ മുഖതസറുല്‍ മുസ്‌നി എന്ന ഗ്രന്ഥമാണ് ശാഫിഈ മദ്ഹബിലെ പല ഗ്രന്ഥങ്ങളുടെയും ആധാരം. ഇമാം ബൈഹഖി (റ) ഇതിനെ കുറിച്ചെഴുതിയത് ഇങ്ങനെയാണ്.
''ഇസ്‌ലാമില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഏറ്റവും ഉപകാരപ്രദവും, സാര്‍വത്രിക ബറക്കത്തും ഏറ്റവുമധികം ഫലവുമുള്ള മറ്റൊരു ഗ്രന്ഥം, മുഖ്തസര്‍ പോലെ ഞാന്‍ കണ്ടിട്ടില്ല.''
ശാഫിഈ മദ്ഹബിന്റെ ആധാരഗ്രന്ഥമായി അറിയപ്പെടുന്ന മുഖ്തസറുല്‍ മുസ്‌നിയുടെ ആരംഭത്തിലദ്ദേഹം ഇങ്ങനെ എഴുതുകയുണ്ടായി:
''ഈ ഗ്രന്ഥം ഇമാം ശാഫിഈ (റ) ന്റെ അറിവില്‍ നിന്നും അദ്ദേഹത്തിന്റെ വാക്കുകളുടെ ആശയങ്ങളില്‍ നിന്നും, ഇതറിയാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി ഞാന്‍ സംഗ്രഹിച്ചെടുത്തതാണ്. അദ്ദേഹത്തെയോ മറ്റുള്ളവരേയോ തഖ്‌ലീദ് ചെയ്യുന്നത് അദ്ദേഹം നിരോധിക്കുകയുണ്ടായിട്ടുണ്ടെന്ന് അവര്‍ക്ക് അറിയിച്ചു കൊടുക്കുന്നതോടൊപ്പം അവരുടെ ദീനില്‍ ചിന്തിക്കുവാനും സൂക്ഷ്മത പുലര്‍ത്തുവാനുമാണിത്.''
ഇമാം അബൂഹനീഫ(റ) പറയുമായിരുന്നു. എന്റെ ദലീല് അറിയാത്തവര്‍ എന്റെ വാക്കുകളനുസരിച്ചു ഫത്‌വ ചെയ്യല്‍ അനുവദനീയമല്ല. പ്രസ്തുത മദ്ഹബുകളുടെ ഇമാമുകളുടെ മുമ്പ് പ്രസ്താവിച്ചവയും അതുപോലുള്ളവയിലും അവര്‍ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ദലീലുകള്‍ കൂടി അറിഞ്ഞിരിക്കുവാനാണ്. ദലീല്‍ അറിഞ്ഞുകൊണ്ടു ഒരാളെ പിന്‍പറ്റുന്നതിന് സാങ്കേതികാര്‍ത്ഥത്തില്‍ തഖ്‌ലീദ് എന്നപദം ഉപയോഗിക്കപ്പെടുകയില്ല. അത് പ്രസ്തുത ഇമാമിന്റെ ഇജ്തിഹാദിനോട് യോജിച്ച ഒരു ഇജ്തിഹാദ് മാത്രമായിരിക്കുമെന്ന് മുമ്പ് വിവരിക്കുകയുണ്ടായല്ലോ. ദലീല് അറിഞ്ഞുകൊണ്ട് ഒരാളുടെ വാക്ക് സ്വീകരിക്കുന്നതിന്, വക്താവിന്റെ ഇജ്തിഹാദിനോട് യോജിച്ച ഒരു ഇജ്തിഹാദ് എന്നുമാത്രമാണ് പറയപ്പെടുന്നത്.
ഇതൊന്നും തഖ്‌ലീദ് ഹറാമാണെന്നതിന് തെളിവല്ല. തഖ്‌ലീദ് മുന്‍യോഗ്യതയില്ലാത്ത ഒരാളുടെ മാര്‍ഗമാണ്. ദലീല് പരിശോധിക്കുവാനോ, ഖുര്‍ആന്‍ ഹദീസുകളോ, അവകളിലെ നാസിഖ് മന്‍സൂഖോ, ആംഖാസ്സോ, മുത്വ്‌ലഖ് മുഖയ്യദോ ഒരു സാധാരണക്കാരന് എന്തറിയാനാണ്? അവന്‍ തഖ്‌ലീദ് ചെയ്യുകയല്ലാതെ വേറെ ഒരു മാര്‍ഗവും പണ്ഡിതന്മാര്‍ നിര്‍ദ്ധേശിച്ചിട്ടില്ല.
മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിഭാഗവും ഇത്തരം സാധാരണക്കാരാണല്ലോ? അവരെല്ലാം ദലീലറിഞ്ഞേ ഏതു വിധിയും സ്വീകരിക്കാന്‍ പാടുള്ളൂ എന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാല്‍ തന്നെ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ? പിന്നീടുണ്ടാകല്‍ ഏതെങ്കിലുമൊരു നവീന പ്രസ്ഥാന നേതാവിനെയോ, മറ്റോ തഖ്‌ലീദ് ചെയ്യുക മാത്രമായിരിക്കും ഉണ്ടാകുന്നത്. അവരെ കണ്ണടച്ച് തഖ്‌ലീദു ചെയ്യുന്നതിനെക്കാള്‍ എത്രയോ ഭേദം ഒരു സുസമ്മതനായ മദ്ഹബിന്റെ ഇമാമിനെ പിന്‍പറ്റുകയല്ലേ? എന്ന് ഒരു സാധാരണക്കാരനും ചിന്തിച്ചാല്‍ മനസ്സിലാകുന്ന കാര്യമാണല്ലോ?
മുജ്തഹിദുകള്‍
ഇമാം നവവി(റ) എഴുതുന്നു: നമ്മുടെ അസ്ഹാബുകളിലെ (ശാഫിഈ(റ)ന്റെ) സൂക്ഷ്മദര്‍ശികളുടെ ശരിയായ അഭിപ്രായം ''അവര്‍ ഇമാം ശാഫിഈ(റ) ന്റെ മദ്ഹബ് സ്വീകരിച്ചത് അദ്ദേഹത്തെ തഖ്‌ലീദ് ചെയ്തുകൊണ്ടല്ല. ഇജ്തിഹാദ്, ഖിയാസില്‍ അദ്ദേഹത്തിന്റെ മാര്‍ഗം ഏറ്റവും ചൊവ്വായതായി കണ്ടെത്തിയതിനാലും ഇജ്തിഹാദ് ചെയ്യാതെ നിര്‍വ്വാഹമില്ലാത്തതിനാലും, അദ്ദേഹത്തിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുകയാണ് ചെയ്തത്. അങ്ങനെ ഇമാം ശാഫിഈ(റ)ന്റെ മാര്‍ഗ്ഗമനുസരിച്ചു വിധികണ്ടെത്താനൊരുങ്ങുകയാണവര്‍ ചെയ്തത്.
ഇത്‌പോലെ അബൂ അലിയ്യിസ്സീന്‍ജിയും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഇമാം ശാഫിഈ (റ) യുടെ വാക്ക് ഏറ്റവും മികച്ചതും നീതിയുക്തവുമായതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ ഇത്തിബാഅ് ചെയ്യുകയാണ് ചെയ്തത് എന്നല്ലാതെ ഞങ്ങള്‍ അദ്ദേഹത്തെ തഖ്‌ലീദ് ചെയ്തിട്ടില്ല.
അദ്ദേഹം ഇപ്പറഞ്ഞത് ഇമാം ശാഫിഈയും പിന്നീട് ഇമാം മുസ്‌നി അദ്ദേഹത്തിന്റെ മുഖ്തസ്വറിന്റെ ആരംഭത്തിലും അവരോട് കല്പിക്കുകയും അദ്ദേഹത്തെയും മറ്റുള്ളവരെയും തഖ്‌ലീദ് ചെയ്യുന്നത് വിരോധിക്കുകയും ചെയ്തതിനോട് ഈ പ്രസ്താവന യോജിച്ചതാണ്.
മുമ്പ് പ്രസ്താവിച്ചതില്‍ നിന്ന് വ്യക്തമാകുന്നത് ഇജ്തിഹാദിന് യോഗ്യതയുള്ള പണ്ഡിതന്മാരെയാണ് അദ്ദേഹം തെളിവറിയാതെ തഖ്‌ലീദ് ചെയ്യുന്നത് വിലക്കിയത്. ഇമാം ശാഫിഈ(റ) യുടെ അസ്ഹാബ് പ്രസ്തുത പദവിയുള്ളവരുമായിരുന്നു എന്നത് ഇമാം നവവിയുടെ ഉപര്യുക്ത പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നതുമാണല്ലോ.
മദ്ഹബിന്റെ ഇമാമുകളെ തഖ്‌ലീദ് ചെയ്യുന്നതിനെക്കാള്‍ നല്ലത് സ്വഹാബാക്കളിലെ പണ്ഡിതന്മാരെ പിന്‍പറ്റുകയല്ലേ? ഇതാണ്
ഇബ്‌നു ഹസമിന്റെ മറ്റൊരു ചോദ്യം.
മറുപടി: മദ്ഹബിന്റെ ഇമാമുകളെക്കാള്‍ എത്രയോ മഹത്വവും സ്ഥാനവും സ്വഹാബാക്കളിലുള്ള, കര്‍മശാസ്ത്രവിഷയത്തില്‍ ഫത്‌വ ചെയ്തിരുന്ന പണ്ഡിതന്മാര്‍ക്കുണ്ടായിരുന്നു എന്നതില്‍ ഒരാള്‍ക്കും തര്‍ക്കമില്ല.
എന്നാല്‍ ഒരു മദ്ഹബ് അംഗീകരിക്കപ്പെടുന്നത് അംഗീകരിക്കപ്പെടുന്നവരുടെ സ്ഥാനവും മഹത്വവും നോക്കിയിട്ട് മാത്രമല്ല. ഫിഖ്ഹിന്റെ മുഴുവന്‍ ബാബുകളും പരാമര്‍ശിക്കപ്പെടുന്ന ഒരു വിശ്വനീയ ഗ്രന്ഥം ആര്‍ക്കുണ്ടോ അവരെ മാത്രമേ തഖ്‌ലീദ് ചെയ്യപ്പെടുവാന്‍ യോഗ്യതയുള്ളൂ. എന്നാല്‍ മുന്‍കഴിഞ്ഞ സ്വഹാബാക്കളുടെയും അവര്‍ക്ക് ശേഷമുള്ള താബിഉകളുടെയും മദ്ഹബുകള്‍ മുഴുവന്‍ ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥമോ അവരുടെ നിയമവ്യവസ്ഥകളോ ഇന്ന് എവിടെയുമില്ല. ഏതെങ്കിലും കിതാബുകളുടെ താളുകളില്‍ ചിതറിക്കിടക്കുന്ന ഒറ്റപ്പെട്ട ചിലവിധികളും ഫത്‌വകളും മാത്രമാണ് അവരിലേക്ക് ചേര്‍ക്കപ്പെടുന്നതായി നിലവിലുള്ളൂ. ഇമാം നവവി (റ) എഴുതുന്നു: മുജ്തഹിദല്ലാത്ത ഒരാള്‍ തഖ്‌ലീദു ചെയ്യുവാന്‍ ഒരു നിശ്ചിത മദ്ഹബ് തെരെഞ്ഞെടുക്കല്‍ അനിവാര്യമാണ്. അത് തനിസ്വേച്ഛയുടെയോ, അവന്റെ പിതാക്കളെ ചെയ്യുന്നതായി കണ്ടെത്തിയതിനാലോ ആവരുത്.
സ്വഹാബത്തിലെ ഇമാമുകളുടെയോ, മറ്റു പൂര്‍വ്വീകരില്‍ ആരുടെയെങ്കിലുമോ മദ്ഹബുകള്‍ സ്വീകരിക്കവതല്ല. അവര്‍ പില്‍ക്കാലത്തുള്ളവരെക്കാള്‍ എത്രയോ പ്രഗത്ഭരായാലും ശരി. കാരണം അവരാരും തന്നെ ഇല്‍മ് ക്രോഡീകരിക്കുവാനോ അതിന്റെ മൗലികവും, ശാഖാപരവുമായവകള്‍ക്ക് വ്യവസ്ഥ ഉണ്ടാക്കുവാനോ ഒരുമ്പെട്ടിരുന്നില്ലാത്തതിനാല്‍ അവര്‍ക്കാര്‍ക്കും തന്നെ ക്രമവ്യവസ്ഥയോടെ പരിശോധിച്ചു സ്ഥിരീകരിക്കപ്പെട്ട ഒരു മദ്ഹബും നിലവിലില്ല. അതുണ്ടായത് അവര്‍ക്ക് ശേഷമുണ്ടായ ഇമാമുകളായ ഇമാം മാലിക്, അബൂഹനീഫ മുതലായവര്‍ക്കാണ്. സ്വഹാബ, താബിഉകള്‍ മുതലായവരുടെ മദ്ഹബുകള്‍ തെരെഞ്ഞെടുത്തു അവകള്‍ക്ക് നിദാനവും ശാഖകളും വ്യക്തമാക്കുകയും, സംഭവിക്കുന്നതിന്ന് മുമ്പ് തന്നെ സംഭവങ്ങളുണ്ടായാലുള്ള വിധികള്‍ക്ക് അടിത്തറ പാകുകയും ചെയ്യുകയുണ്ടായി. (ശര്‍ഹുല്‍ മുഹദബ് 1:55)
ഇബ്‌നു തൈമിയ്യയുടെ വാദങ്ങള്‍ക്ക് മറുപടി
ഇബ്‌നുതൈമിയ്യയുടെ വാദം ഇങ്ങനെ സംഗ്രഹിക്കാം. ഏതെങ്കിലുമൊരു ഇമാമിനെ തഖ്‌ലീദ് ചെയ്യാം. എന്നാല്‍ ഒരു വിഷയത്തില്‍ ആ ഇമാമിന്റെ അഭിപ്രായത്തെക്കാള്‍ യുക്തമായ അഭിപ്രായം മറ്റൊരാളുടേതാണെന്ന് മനസ്സിലായാല്‍ ആ വിഷയത്തില്‍ അദ്ദേഹത്തെ ഒഴിവാക്കി കൂടുതല്‍ സത്യമാണെന്ന് തോന്നിയയാളുടെ അഭിപ്രായമാണ് സ്വീകരിക്കേണ്ടത്. അല്ലാത്തപക്ഷം അവന്‍ വഴിപിഴച്ചുപോയവനായിത്തീരും.
എല്ലാ വിഷയത്തിലും ഒരാളെ തന്നെ എപ്പോഴും തഖ്‌ലീദ് ചെയ്യണമെന്ന വിശ്വാസം തെറ്റാണ്. ചിലപ്പോള്‍ കുഫ്‌റുമായേക്കും.
അവനോട് തൗബ ചെയ്യുവാന്‍ ആവശ്യപ്പെടണം. എന്നിട്ട് തൗബ ചെയ്താല്‍ ശരി, ഇല്ലെങ്കില്‍ അവനെ കൊല്ലപ്പെടണം.
'നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍ അറിവുള്ളവരോട് ചോദിക്കുവീന്‍' എന്ന തിരുവചനത്തിന്റെയും അല്ലാഹുവിനെ നിങ്ങള്‍ അനുസരിക്കുവീന്‍, റസൂലിനും, നിങ്ങളില്‍ നിന്നുള്ള കാര്യകര്‍ത്താക്കള്‍ക്കും അനുസരിക്കുവീന്‍ എന്ന വചനത്തിന്റെ അടിസ്ഥാനത്തിലും, തഖീദ് നിര്‍ബന്ധമാണെന്ന് വ്യക്തമാണ്. യോഗ്യതയില്ലാത്തവര്‍ യോഗ്യതയുള്ളവരെ തഖ്‌ലീദ് ചെയ്യണമെന്ന് പ്രസ്തുത വചനത്തിലൂടെ ഗ്രഹിക്കപ്പെടാം. തഖ്‌ലീദ് റസൂല്‍(സ)യുടെ കാലം മുതല്‍ തന്നെയുണ്ടായിരുന്ന ഒരു കാര്യമാണെന്ന് ഹദീസ് ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും പരിശോധിച്ചാലറിയാന്‍ കഴിയും.
ചില ഉദാഹരണം കാണുക: അധ്യാപകനും അമീറുമായിക്കൊണ്ട് മുആദ് (റ) ഞങ്ങള്‍ക്ക് യമനില്‍ വരുകയുണ്ടായി. ഒരാള്‍ മരിച്ചപ്പോള്‍ ഒരു മകളും ഒരു സഹോദരിയുമുണ്ട്. എങ്ങനെയാണ് മുതല്‍ ഭാഗിക്കേണ്ടത്? എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മകള്‍ക്ക് പാതിയും സഹോദരിക്ക് പാതിയുമുണ്ടെന്ന് വിധിപ്രഖ്യാപിച്ചു. റസൂല്‍ (സ) അന്ന് ജീവിച്ചിരിപ്പുണ്ട്.) (ബുഖാരി, അബൂദാവൂദ്)
മറ്റൊരാളുടെ വാക്ക് ദലീലറിയാതെ സ്വീകരിക്കുന്നതിനാണല്ലോ തഖ്‌ലീദ് എന്നുപറയുന്നത്.
മുആദ് (റ) വിധിപറഞ്ഞപ്പോള്‍ എന്ത് ദലീലിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ ഇങ്ങനെ ഫത്‌വാ ചെയ്തതെന്ന അദ്ദേഹത്തോട് ചോദിച്ചില്ലല്ലോ. റസൂല്‍(സ)യുടെ ജീവിതകാലത്തുഎല്ലാ സ്വഹാബാക്കളും ഫത്‌വാ ചെയ്തിരുന്നില്ല. 8 പേര്‍ ഫത്‌വയില്‍ പ്രശസ്തരായിരുന്നു. നാലു ഖലീഫമാര്‍, മുആദുബ്‌നു ജബല്‍ (റ) ഉബയ്യുബ്‌നു കഅ്ബ് (റ) അബ്ദുര്‍ഹ്‌മാനുബ്‌നു ഔഫ് (റ) സൈദുബ്‌നു സാബിത് (റ). മറ്റുചിലര്‍ 12 ആണെന്ന് പറയുന്നു. മുമ്പ് വിവരിക്കപ്പെട്ടവര്‍ക്ക് പുറമെ, അബൂമൂസല്‍ അശ്അരി (റ), അബൂദര്‍ദാഅ് (റ), ഹുദൈഫത്തുബ്‌നുല്‍യമാനി (റ), അമ്മാറുബ്‌നുയാസിര്‍ (റ) എന്നിങ്ങനെ 12 ആളുകള്‍ ഫത്‌വാ ചെയ്തിരുന്നു. ഒരാള്‍ ഫത്‌വാ ചെയ്താല്‍ മറ്റുള്ളവര്‍ ദലീലന്വേഷിക്കാതെ തന്നെ അത് സ്വീകരിച്ചിരുന്നു. ഇത് തന്നെയാണല്ലോ തഖ്‌ലീദ്.
സ്വഹാബയുടെ കാലത്തും തഖ്‌ലീദ് നടപ്പിലുണ്ടായിരുന്നു. താഴെ ഉദാഹരണം കാണുക.
ഉബൈദ് അബൂസാലിഹില്‍ നിന്ന് ഇമാം മാലിക് നിവേദനം: ഞാന്‍ (മദീനായിലെ പ്രശസ്ത വ്യാപാരകേന്ദ്രമായിരുന്ന) ദാറുന്നഖ്‌ലയിലെ വ്യാപാരികള്‍ക്ക് ചില വസ്ത്രങ്ങള്‍ വിറ്റു. വില പിന്നീട് തരാം എന്ന് ഒരവധിയും നിശ്ചയിച്ചു. പിന്നീട് എനിക്ക് കൂഫയിലേക്ക് പുറപ്പെടേണ്ടതായി വന്നപ്പോള്‍ ഞാനവരോട് ചില അവധിക്കുമുമ്പ് തന്നെ തരാനാവശ്യപ്പെട്ടു. അവര്‍ പറഞ്ഞു: വിലയില്‍ അല്പം ഇളവ് വരുത്തിയാല്‍ റൊക്കം തന്നെ വില തരാം. ഇതനുവദനീയമാണോ എന്ന് ഞാന്‍ സൈദുബ്‌നു സാബിത് (റ) നോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. അത് തിന്നുവാനോ തീറ്റുവാനോ ഞാന്‍ താങ്കളോടു കല്പിക്കുകയില്ല. ഇവിടെ ഉബൈദ് (റ) സൈദുബ്‌നു ഥാബിത് പറഞ്ഞത് സ്വീകരിച്ചു. എന്ന് തെളിവിന്റെ അടിസ്ഥാനത്തിലാണ് താങ്കളിത് പറയുന്നതെന്ന് ചോദിച്ചില്ല. ഇത് തന്നെയാണല്ലോ തഖ്‌ലീദ്. അപ്പോള്‍ തഖ്‌ലീദ് ഉത്തമ നൂറ്റാണ്ടുകളായ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമുണ്ടായ ഒരു അനാചാരമായിരുന്നുവെന്ന തഖ്‌ലീദ് വിമര്‍ശകരുടെ വാദം അടിസ്ഥാനരഹിതമാണ്.
തഖ്‌ലീദ് രണ്ടു വിധത്തില്‍
തഖ്‌ലീദിനെ രണ്ടായി വിഭജിക്കാവുന്നതാണ്.
1. ഒരു നിശ്ചിത വ്യക്തിയെ തഖ്‌ലീദ് ചെയ്യല്‍
2. ഏതെങ്കിലും ഒരാളെ തഖ്‌ലീദ് ചെയ്യല്‍
ഹദീസുകളും ചരിത്രങ്ങളും പരിശോധിച്ചാല്‍, ഈ രണ്ടു വിധത്തിലുള്ള തഖ്‌ലീദുകളും സ്വഹാബാക്കളുടെയും താബിഈങ്ങളുടെയും കാലത്തുണ്ടായിരുന്നതായി മനസ്സിലാക്കാവുന്നതാണ്.
ഇമാം ബുഖാരി നിവേദനം ചെയ്യുന്നു: ഒരു സ്ത്രീക്ക് ഇഫാളത്തിന്റെ ത്വവാഫ് കഴിഞ്ഞതില്‍ ശേഷം ആര്‍ത്തവമുണ്ടായാല്‍ ത്വവാഫില്‍ വിദാഅ് ചെയ്യാതെ പുറപ്പെടാമോ എന്ന് മദീനക്കാര്‍ ഇബ്‌നു അബ്ബാസി (റ) നോടു ചോദിച്ചപ്പോള്‍ അദ്ദേഹം പുറപ്പെടാമെന്ന് അനുവാദം നല്‍കുകയുണ്ടായി. അവര്‍ പറഞ്ഞു: ''ഞങ്ങള്‍ സൈദുബ്‌നുസാബിതിന്റെ വാക്കുപേക്ഷിച്ചു താങ്കളുടെ വാക്ക് സ്വീകരിക്കാന്‍ തയ്യാറല്ല. അപ്പോള്‍ മദീനാവാസികളിലൊരു വിഭാഗം സൈദുബ്‌നു സാബിതിനെ തഖ്‌ലീദ് ചെയ്തിരുന്നു. എന്നതിന് തെളിവാണല്ലോ ഇത്.
മറ്റൊരുദാഹരണം: അംറുബ്‌നു മയ്മൂന്‍ പറയുന്നു: റസൂല്‍ (സ) യുടെ ദൂതനായിക്കൊണ്ട് ഞങ്ങള്‍ക്ക് മുആദ് (റ) യമനില്‍ വന്നു. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും, അദ്ദേഹത്തെ മരിച്ചതിന്‌ശേഷം ഞാന്‍ ശാമില്‍ മറയടക്കുന്നത് വരെ അദ്ദേഹവുമായി പിരിയുകയുണ്ടായില്ല. പിന്നീട് ഏറ്റവും കൂടുതല്‍ ഫഖീഹ് ആരാണെന്ന് നോക്കി. അദ്ദേഹത്തിനു ശേഷം ഇബ്‌നുമസ്ഊദ്(റ)നെ സമീപിച്ചു. മരണം വരെ അദ്ദേഹത്തിന്റെ കൂടെ കൂടുകയുണ്ടായി. (അബൂദാവൂദ്) ഇതെല്ലാം ഒരു പ്രത്യേക വ്യക്തിയെ തഖ്‌ലീദ് ചെയ്യുന്നതിനുള്ള ഉദാഹരണമാണല്ലോ.
പിന്നീട് താബിഈങ്ങളുടെ പണ്ഡിതന്മാരില്‍ ഓരോരുത്തര്‍ക്കും പ്രത്യേക മദ്ഹബുകളുണ്ടായി. ഓരോ രാജ്യങ്ങളിലും ഓരോ ഇമാം ഫത്‌വ ചെയ്യുവാനായി തയ്യാറായി. മദീനയില്‍ സഈദുബ്‌നു മുസയ്യബും, സാലിമുബ്‌നു അബ്ദില്ലാഹിബ്‌നുഉമറും, അവര്‍ക്ക്‌ശേഷം ഇമാം സുഹ്‌രിയും, ഖാളി യഹ്‌യ ബ്‌നു സഈദും, റബീഅത്തുബ്‌നു അബ്ദില്‍ റഹ്‌മാനും മദീനയില്‍, മക്കയില്‍ അത്വാഉബ്‌നു അബീറബാഹും, കൂഫയില്‍ ഇബ്‌റാഹീമുന്നഖ്ഈയും, ശഅ്ബിയും, ബസ്‌റയില്‍ ഗസന്‍ബസ്‌രിയും, യമനില്‍ ത്വാഈസും ശാമില്‍ മക്ഹൂലും.
ഇവരെല്ലാം ഫത്‌വാ ചെയ്യുകയും ജനങ്ങള്‍ അവരുടെ ഫത്‌വകള്‍ സ്വീകരിക്കുകയും ചെയ്തുവന്നു. മുമ്പ് പ്രസ്താവിച്ച രണ്ടുവിധമുള്ള തഖ്‌ലീദുകളും സ്വഹാബഃ താബിഈന്‍, ഇവരുടെ കാലങ്ങളില്‍ നടപ്പുണ്ടായിരുന്നു. രണ്ടുവിഭാഗങ്ങളില്‍ ഒരു വിഭാഗം ഈ വിഷയത്തില്‍ മറു വിഭാഗത്തെ ആക്ഷേപിച്ചിരുന്നില്ല. പിന്നീടുള്ള കാലം വന്നപ്പോള്‍ കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കപ്പെടുകയും, മദ്ഹബുകളിലെ ഇമാമുകളുടെ വിധികളും അഭിപ്രായങ്ങളും ഗ്രന്ഥങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. ഇതില്‍ നിന്ന് മുതലെടുത്ത് പലവിഭാഗങ്ങളും ഓരോ മദ്ഹബിലും ഏറ്റവും എളുപ്പമുള്ളത് തെരെഞ്ഞുപിടിച്ചു സ്വേച്ഛക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിതന്മാര്‍ ഇതിന്ന് പരിഹാരമായി ജനങ്ങളെ ഏതെങ്കിലുമൊരു മദ്ഹബിനെത്തന്നെ പിന്‍പറ്റണമെന്ന് വിധിക്കുകയും ജനങ്ങളെ അതിന്നായി ഉപദേശിക്കുകയും ചെയ്തു. ഇത് ദീന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു. ഇല്ലെങ്കില്‍ ദീന്‍ എന്നത് കുറെ തന്നിഷ്ടങ്ങളുടെയും സ്വേച്ഛകളുടെയും പേരായിത്തീരുമായിരുന്നല്ലോ? എല്ലാവരും ഇഷ്ടത്തിനൊത്തു പന്താടാനുള്ള ഒരു കളിക്കോപ്പ് പോലെയായിത്തീരുമോ എന്ന ഭയത്താലാണ് ഇത് നിരോധിച്ചത്.
നാലുമദ്ഹബുകളില്ലെങ്കില്‍
നാലു മദ്ഹബില്‍, സുന്നത്ത് ജമാഅത്തിന്റെ മദ്ഹബുകള്‍ പരിമിതപ്പെട്ടതിന് ശേഷം ഇനിയൊരു പുതിയ മദ്ഹബുമായി ആരെങ്കിലും രംഗത്തുവരുന്നത് ദീനിന്ന് ആപത്താണെന്ന് ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിതമഹത്തുക്കള്‍ മുന്‍കൂട്ടി മനസ്സിലാക്കിയതിനാല്‍ അത്തരമൊരു മദ്ഹബുണ്ടായില്ല. കാരണം അങ്ങനെയൊരവസരം നല്‍കിയാല്‍ ഓരോരുത്തര്‍ക്കും തോന്നിയത് പോലെ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കുവാനും, പുതിയ പുതിയ പ്രസ്ഥാനങ്ങളിലൂടെ ദീനിന്റെ തനിമ തന്നെ നഷ്ടപ്പെടുത്താനും കാരണമാകുമായിരുന്നു.
അതിനാല്‍ പരിശുദ്ധ ദീനിന്റെ സംരക്ഷണത്തില്‍ ഈ നാല് മദ്ഹബുകള്‍ വഹിച്ച പങ്ക് വലുതാണ്. ആരെന്ന് ഇജ്തിഹാദ് ചെയ്താലും ഈ നാലതിരുകള്‍ക്ക് പുറത്ത് കടക്കരുതെന്ന നിര്‍ബന്ധമില്ലായിരുന്നെങ്കില്‍, ദീനിന്റെ വിരോധികളുടെ കുണ്ഡിത തന്ത്രത്താല്‍ ദീന്‍ എന്നോ ഒന്നായി മാറുമായിരുന്നു. ഇതര മതസ്ഥരുടെ ആരാധനകള്‍ക്കും മതഗ്രന്ഥങ്ങള്‍ക്കും വന്ന ഗതികേട് ഇസ്‌ലാമിനും വന്നുഭവിക്കുമായിരുന്നു.
അഭിപ്രായ ഭിന്നതകള്‍ക്ക് കാരണങ്ങള്‍
മദ്ഹബുകളിലെ അഭിപ്രായ ഭിന്നതകളുണ്ടായത് ഓരോരുത്തരും, വിഷയങ്ങളില്‍ വന്ന തെളിവുകളുടെ വീക്ഷിക്കുന്നതിലുള്ളതോ മനസ്സിലാക്കാവുന്നതിലോ ഉള്ള ഭിന്നതയായേക്കാം. വേറെയും പലസാഹചര്യങ്ങളും കാരണങ്ങളും ഭിന്നതക്കുണ്ടാകാം.
ചില കാര്യങ്ങള്‍
1. ചിലപ്പോള്‍ ദ്വയാര്‍ത്ഥപദം ഖുര്‍ആനിലോ ഹദീസിലോ വന്ന കാരണത്താല്‍ ചിലര്‍ അതിന്റെ ഒരര്‍ത്ഥം ഗ്രഹിക്കുമ്പോള്‍ മറ്റുചിലര്‍ മറ്റെ അര്‍ത്ഥം ഗ്രഹിക്കുന്നു.
2. രണ്ടവസ്ഥയില്‍, രണ്ടുവിധികള്‍, രണ്ടിടങ്ങളില്‍ വന്നത് കാരണം രണ്ടവസ്ഥകളും ഒരുമിച്ചു കൂടുന്ന ചില സന്ദര്‍ഭങ്ങളില്‍ ഏതാണ് സ്വീകരിക്കേണ്ടത്? എന്നതിലുള്ള അഭിപ്രായ ഭിന്നത.
3. ഹദീസുകള്‍ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളില്‍ ഭിന്നതയുണ്ടായതിനാല്‍ ചിലര്‍ ഒരു ഹദീസ് കൊണ്ട് വിധി പ്രഖ്യാപിക്കുമ്പോള്‍ മറ്റുചിലര്‍ക്ക് അത് സ്വീകാര്യമല്ലാതെ വരുന്നു.
4. ചിലര്‍ അടിസ്ഥാന പ്രമാണമായി പരിഗണിക്കുന്ന പ്രമാണം ചിലര്‍ പ്രമാണമായി ഗണിക്കുന്നില്ല.
കേരളവും കര്‍മ്മശാസ്ത്രവും
ഇസ്‌ലാമിന്റെ ആരംഭകാലത്ത് തന്നെ കേരളത്തില്‍ ഇസ്‌ലാം വന്നതായി ചരിത്രരേഖകളിലുണ്ടെങ്കിലും ഹിജ്‌റയുടെ അഞ്ചു നൂറ്റാണ്ട് കാലങ്ങളിലിവിടെയുണ്ടായിരുന്ന പണ്ഡിതന്മാരെക്കുറിച്ചോ അവര്‍ രചിച്ച ഗ്രന്ഥങ്ങളെക്കുറിച്ചോ ചരിത്രാന്വേഷകര്‍ക്ക് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
കേരളത്തില്‍ ആദ്യമായി ഇസ്‌ലാം കടന്ന് വന്നത് തീരപ്രദേശത്താണ്. കടല്‍മാര്‍ഗ്ഗം കേരളത്തിലെത്തിയ അറബികളിലൂടെയായിരുന്നുല്ലോ യമന്‍ കടല്‍ തീരങ്ങള്‍ക്ക് നേരെ അഭിമുഖമായാണ് കേരളത്തിലെ കടല്‍ തീരപ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇക്കാരണത്താലാവണം യമന്‍കാരായ പണ്ഡിതന്മാരും കച്ചവടക്കാരും സയ്യിദ് കുടുംബങ്ങളും കൂടുതലായി കേരളത്തിലെത്തിയത്.
ശാഫിഈ മദ്ഹബും കേരളത്തില്‍ വളരെ മുമ്പ് തന്നെ കടത്ത് വന്നിട്ടുണ്ടാകാനാണ് സാധ്യത. വസ്തുനിഷ്ഠമായ രേഖകളൊന്നും അറിയപ്പെടുന്നില്ല. പ്രശസ്ത ലോകസഞ്ചാരിയായ ഇബ്‌നുബത്തൂത്ത 1342 നും 1347 നുമിടയില്‍ കേരളം സന്ദര്‍ശിച്ച കഥയില്‍ കേരളത്തില്‍ അക്കാലത്തു അദ്ദേഹം കണ്ട ചിലപണ്ഡിതന്മാരെക്കുറിച്ചു അദ്ദേഹത്തിന്റെ യാത്രാനുഭവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മംഗലാപുരത്തു ശാഫിഈ മദ്ഹബുകാരനായ ഒരുഖാസിയെക്കുറിച്ചെഴുതിയിട്ടുണ്ട്.
അദ്ദേഹം എഴുതി... ''അവിടെ നിന്നു പുറപ്പെട്ടതിന്റെ നാലാം ദിവസം ഞങ്ങള്‍ മഞ്ചരൂര്‍ (മംഗലാപുരം) എത്തി.
ഇത് വലിയ നഗരം.... ഇവിടെ ശാഫിഈ മദ്ഹബ് കാരനായ ഒരു ഖാസിയുണ്ട്. അദ്ദേഹത്തിന്റെ പേര്‍ ബദ്‌റുദ്ദീനുല്‍ മഅ്ബരി. അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നു. ഇതൊരു ചരിത്ര രേഖയാണ്. ഇത് പഠിപ്പിക്കുന്നത് ശാഫിഈ മദ്ഹബും കേരളവുമായി പഴയകാലത്ത് തന്നെ ബന്ധമുണ്ടെന്നത് തന്നെയാണല്ലോ? ഒരു ഖാസിയെ ശാഫിഈ മദ്ഹബുകാരനായി തെരഞ്ഞെടുക്കണമെങ്കില്‍, അന്നാട്ടുകാര്‍ മുമ്പ് തന്നെ ശാഫിഈ മദ്ഹബുകാരാകണമല്ലോ?
ഇബ്‌നു ബത്തൂത്ത്വ വന്നത് മഖ്ദൂം കുടുംബത്തിലെ മഖ്ദൂം ഒന്നാമന്‍ ജനിക്കുന്നതിന്റെ 125 വര്‍ഷം മുമ്പാണ്. ഇത് സൂചിപ്പിക്കുന്നത് മഖ്ദൂമുമാര്‍ വരുന്നതിന് മുമ്പ് തന്നെ ഇവിടെ ശാഫിഈ മദ്ഹബുണ്ടായിരുന്നു എന്നതാണല്ലോ?
This comprehensive article explores the meaning, scope, and historical evolution of Fiqh as an Islamic legal science. It examines the primary sources of Islamic jurisprudence—Qur’an, Sunnah, Ijma, and Qiyas—and explains how scholarly interpretation shaped Islamic law. The study analyzes the development of Madhhabs, the reasons only four Sunni Madhhabs endured, and the scholarly balance between Taqlid (adherence) and Ijtihad (independent reasoning). It also discusses the qualifications required for Ijtihad, the wisdom behind Madhhab differences, the arrival of the Shafi Madhhab in Kerala, and the crucial role of scholars in preserving the integrity of Islamic law.
Archive Note : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."