തസവ്വുഫ്, ത്വരീഖത്, ആത്മീയത - നേര്‍വഴിയുടെ നേര്‍രേഖ
അല്ലാഹുവില്‍ നിന്ന് നബി(സ) എത്തിച്ചുതന്ന ദീന്‍ പിന്‍പറ്റുകയും അത് ഉറച്ചു വിശ്വസിക്കലുമാണ് യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം. നബി(സ)യില്‍ നിന്ന് മതം ഗ്രഹിച്ച സ്വഹാബത്ത് വഴിക്കാണ് ഇസ്‌ലാമികാധ്യാപനങ്ങള്‍ നമുക്കു ലഭ്യമായത്. അവരില്‍ നിന്ന് താബിഉകള്‍, താബിഉത്താബിഉകള്‍ എന്ന വഴിയിലൂടെ. പ്രവാചകന്റെ വൈജ്ഞാനികാനന്തരത്വം കൃമപ്രവൃദ്ധമായി കൈമാറപ്പെടുകയും മൂന്നാം തലമുറയിലെയും തുടര്‍ന്നുമുള്ളവര്‍ ശരീഅത്ത് ക്രോഡീകരിക്കുകയും ചെയ്തു. പണ്ഡിതന്മാരില്‍ ചിലര്‍ ഹദീസ്, മറ്റു ചിലര്‍ തഫ്‌സീര്‍, വേറെ ചിലര്‍ ഫിഖ്ഹ്, കുറെ പേര്‍ തസ്വവ്വുഫ്, ചിലര്‍ മാധ്യമ ശാസ്ത്രങ്ങളായ നഹ്‌വ്, സ്വര്‍ഫ്, ബലാഗ തുടങ്ങിയ വിജ്ഞാന ഭാഗങ്ങള്‍ വെവ്വേറെ ശാസ്ത്രങ്ങളായി അവതരിപ്പിക്കുകയുണ്ടായി.
ഓരോ ശാസ്ത്രവുമായി ഇടപഴകിയവര്‍ മുഹദ്ദിസ്, മുഫസ്സിര്‍, നഹ്‌വിയ്യ്, ഫഖീഹ്, സൂഫി എന്നിത്യാദി സാങ്കേതിക സംജ്ഞകളില്‍ അറിയപ്പെട്ടു. ഒരേ വ്യക്തിയില്‍ തന്നെ ഇവയെല്ലാം സമ്മേളിച്ച മഹാ പ്രതിഭകളും ഇസ്‌ലാമിന്റെ സംരക്ഷണത്തിന് നിയോഗിതരായിട്ടുണ്ട്.
എന്നാല്‍ ഇത്യാദി സാങ്കേതിക സംജ്ഞകള്‍ നബി(സ)യുടെ കാലത്ത് പ്രചാരപ്പെട്ടിട്ടില്ലായിരുന്നു. അന്ന് വിവിധ ശാസ്ത്രങ്ങള്‍ വെവ്വേറെ ഉരുവപ്പെടാത്തതാണ് അതിന്റെ കാരണം. വെവ്വേറെ സംജ്ഞകളില്‍ നാമകരണം ചെയ്യപ്പെട്ടുവെന്നത് 'മുസ്‌ലിം' എന്ന പൊതുനാമത്തിന് ഹാനികരമല്ല. ഖുര്‍ആനിലും ഹദീസിലും വന്നിട്ടില്ലാത്ത നാമവും വിശേഷണവും പുതുതായി സ്വീകരിക്കുന്നത് മതദൃഷ്ട്യാ തെറ്റൊന്നുമല്ല. ഖുര്‍ആന്‍ തന്നെ മുഅ്മിനുകളിലെ വിവിധ പദവിയിലുള്ളവരെ സാബിഖുകള്‍, മുഖര്‍റബുകള്‍, സാദിഖുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍, സ്വിദ്ദീഖീങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് പേര്‍ നല്‍കിയ മാതൃക നമ്മുടെ മുന്നിലുണ്ടുതാനും.
ഓരോ ശാസ്ത്രത്തിനും വിഭാഗത്തിനും അതിന്റേതായ സാങ്കേതിക നാമങ്ങള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇമാം സൂയൂത്വി പറയുന്നു: സാങ്കേതിക പ്രയോഗത്തില്‍ തര്‍ക്കത്തിനു വകയില്ല. കാരണം ശര്‍ഇനു വിരുദ്ധമല്ലാത്ത ശരിയായ ഒരര്‍ത്ഥത്തില്‍ ഒരു പദം ഉപയോഗിക്കുന്നതിന് ആരെയും തടയേണ്ടതില്ല. (അല്‍ ഹാവി ലില്‍ ഫതാവ: 2/134).
ഇബ്‌നു ഹജര്‍(റ)വിന്റെ പ്രസ്താവന കൂടി കാണുക: ഒരു വിഭാഗം ഉപയോഗിക്കുന്ന സാങ്കേതിക പ്രയോഗം അവരുടെയടുത്ത് യഥാര്‍ത്ഥമാണ്. അതുകൊണ്ട്, മറ്റുള്ളവരുടെ പ്രയോഗത്തിനു അത് എതിരാണെന്നുവച്ച് അവര്‍ വിമര്‍ശിക്കപ്പെടുന്നതല്ല. ഇക്കാര്യം വചനശാസ്ത്രജ്ഞന്മാരും മറ്റുള്ളവരുമെല്ലാം സമര്‍ത്ഥിച്ചിരിക്കുന്നു. (തുഹ്ഫ: 9/82)
അതേ സമയം, ശര്‍ഇനു വിരുദ്ധമായ ഒരു അര്‍ത്ഥത്തില്‍ ഏതെങ്കിലും ഒരു പദം ഉപയോഗിക്കുകയും അങ്ങനെ ഒരു ഇസ്തിലാഹുണ്ടാക്കുകയും ചെയ്താല്‍ അത് എതിര്‍ക്കുക തന്നെ വേണമെന്നു മേല്‍ വാചകത്തിനു മറുവശമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ഉദാഹരണമായി, 'ഈമാന്‍' എന്നതിന്റെ മതകീയമായ എല്ലാ അംഗീകൃത വിവക്ഷകളെയും കാറ്റില്‍ പറത്തി സ്വയം ഒരു ആശയം കൊണ്ടുവരികയും ആ ആശയം ഉള്‍ക്കൊണ്ടവരാണ് യഥാര്‍ത്ഥത്തില്‍ മുഅ്മിനാകുകയുള്ളൂവെന്നും അല്ലാത്തവര്‍ കാഫിറുകളോ അല്ലെങ്കില്‍ കാഫിറാകുന്നില്ലെങ്കിലും മുസ്‌ലിംകളേ ആകുകയുള്ളൂവെന്നുമുള്ള ചില പിഴച്ച ത്വരീഖത്തുകാരുടെ ഇസ്തിലാഹ് മതവിരുദ്ധമാണ്. ഈമാനിന്റെയും കുഫ്‌റിന്റെയുമിടയില്‍ മറ്റൊരു സ്ഥാനം കല്‍പിച്ചിരുന്ന 'ഹശ്‌വിയ്യത്ത്' എന്ന പിഴച്ച കക്ഷിയുടെ വീക്ഷണത്തിനു തുല്യമാണത്.
തസ്വവ്വുഫ്, സൂഫി പദങ്ങളുടെ ആവിര്‍ഭാവം
സൂഫി എന്ന ശബ്ദത്തിന്റെ ആവിര്‍ഭാവം എന്തില്‍ നിന്നാണെന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായപ്പെട്ടിരിക്കുന്നു. സൂഫ് (രോമം) എന്ന ധാതുവില്‍ നിന്നാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. എന്നാല്‍ എന്റെ വീക്ഷണം, മാലിന്യമുക്തമാകുക എന്നര്‍ത്ഥത്തിലുള്ള സ്വഫാഅ് എന്ന ശബ്ദമാണ് അതിന്റെ നിഷ്പത്തി എന്നാണ്. (ഈഖാളുല്‍ ഹിമം പേജ്: 6, ഖവാഇദുത്തസ്വവ്വുഫ്, പേജ്: 4)
അഹ്‌മദ് സര്‍റൂഖ്(റ)ന്റെ വിവരണത്തില്‍ 5 ആവിര്‍ഭാവങ്ങള്‍ സംക്ഷിപ്തമാക്കിയിട്ടുണ്ട്.
1. സ്വൂഫത്ത് (രോമം): സൂഫി അല്ലാഹുവിനോടൊപ്പം, എറിയപ്പെട്ട രോമം പോലെ സ്വയം നിയന്ത്രണമില്ലാത്തവനാണല്ലോ.
2. സ്വൂഫത്തുല്‍ ഖഫാ (പിരടിയുടെ കമ്പിളി): സ്വൂഫിയുടെ മൃദുലത്വമാണ് അത് സൂചിപ്പിക്കുന്നത്.
3. സ്വിഫത്ത് (ഗുണം): സദ്ഗുണങ്ങള്‍ ആര്‍ജിക്കുകയും ദുര്‍ഗുണങ്ങള്‍ വെടിയലുമാണല്ലോ സൂഫിയുടെ ആകെത്തുക.
4. സ്വഫാഅ് (തെളിവ്): നേരത്തെ ബസ്തിയുടെ പദ്യത്തില്‍ പ്രബലപ്പെടുത്തിയത് ഈ ധാതുവിനെയാണ്.
5. സ്വുഫ്ഫത്ത് (മദീന പള്ളിയിലെ സ്വുഫ്ഫത്തിന്റെ അഹ്‌ലുകാരെ സ്മരിക്കുന്നു. (ഖവാഇദുത്തസ്വവ്വുഫ്, പേജ്: 4).
ഇമാം സുഹ്‌റവര്‍ദി(റ) അവാരിഫുല്‍ മആരിഫില്‍ തസ്വവ്വുഫിന്റെ പദോല്‍പത്തി വിശദീകരിച്ചതിന്റെ ചുരുക്കം ശ്രദ്ധിക്കുക. അനസ്(റ)വില്‍ നിന്നുദ്ധരണം: നബി(സ) അടിമയുടെ ക്ഷണം സ്വീകരിക്കാറുണ്ടായിരുന്നു. കഴുതപ്പുറത്ത് സഞ്ചരിക്കുകയും സ്വൂഫ് (രോമവസ്ത്രം) ധരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സ്വൂഫികള്‍ രോമവസ്ത്രം തെരഞ്ഞെടുത്തത് ഈ അടിസ്ഥാനത്തിലാണെന്നും കമ്പിളിയുടെ മൃദുലത അവരുടെ ആന്തരിക സ്വഭാവത്തിന്റെ പ്രതീകമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബിമാരും ബദ്‌രീങ്ങളില്‍ നിരവധി പേരും രോമ വസ്ത്രധാരികളായിരുന്നു. ഈ ലോകത്തിന്റെ ചമയങ്ങള്‍ വെടിഞ്ഞ് ആഖിറത്തില്‍ മുഴുകുന്നതിനാലാണ് പൂര്‍വകാല സ്വൂഫികള്‍ കമ്പിളിവസ്ത്രം ശീലമാക്കിയത്. കമ്പിളി വസ്ത്രം ധരിച്ചു എന്നര്‍ത്ഥത്തില്‍ 'തസ്വവ്വഫ' എന്ന പ്രയോഗം പദോല്‍പാദനപരമായി യോജിപ്പുള്ളതാണ്.
പ്രത്യക്ഷമായും പരോക്ഷമായും വാക്കിലും പ്രവൃത്തിയിലും അദബ് (അച്ചടക്കം) പാലിക്കുക എന്ന സൂഫി തത്വത്തോട് കമ്പിളി വസ്ത്രധാരണത്തില്‍ സൂചനയുണ്ട്.
രോമവസ്ത്രം അണിയല്‍ സച്ചരിതരുടെയും പരിത്യാഗികളുടെയും ആബിദീങ്ങളുടെയും ശീലമാണ്.
അല്ലാഹുവിന്റെ മുന്നില്‍ പ്രഥമ സ്വഫില്‍ സ്ഥിതിചെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ 'അസ്സ്വഫുല്‍ അവ്വല്‍' എന്ന പദത്തില്‍ നിന്നാണ് സൂഫികള്‍ എന്ന പ്രയോഗം ഉടലെടുത്തത് എന്നതാണ് മറ്റൊരു പക്ഷം. 'കടഞ്ഞെടുത്തവന്‍' എന്ന ആശയത്തിലുള്ള സ്വഫ്‌വിയ്യ് എന്ന വാക്കിന്റെ ശബ്ദലോപനമാണ് സൂഫിയ്യ് എന്ന വാദക്കാരുമുണ്ട്.
പ്രവാചകന്റെ പള്ളിയിലെ സുഫ്ഫത്തില്‍ (തിണ്ണയില്‍) താമസിച്ചിരുന്ന ദരിദ്രസ്വഹാബികളോട് താദാത്മ്യപ്പെടലുണ്ടായതുകൊണ്ട് 'സുഫ്ഫത്ത്' എന്ന പദമാണ് തസ്വവ്വുഫിന്റെ ധാതു എന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.
ഏതു നിഷ്പാദനം പരിശോധിച്ചാലും അതില്‍ സൂചിപ്പിക്കപ്പെട്ട ഉയര്‍ന്ന ഗുണങ്ങളെല്ലാം സൂഫിയില്‍ സമ്മേളിച്ചിട്ടുണ്ടെന്ന കാര്യം സുസമ്മതമാണ്. ഭാഷാ നിഷ്പാദനത്തിലേ തര്‍ക്കമുള്ളൂ. ഏതായിരുന്നാലും സൂഫി എന്ന ശബ്ദം നബി(സ)യുടെയും സ്വഹാബത്തിന്റെയും കാലത്ത് പ്രചരിതമായിരുന്നില്ല.
ഹസനുല്‍ ബസ്വരി(റ)വിനെ തൊട്ടുള്ള ഒരു ഉദ്ധരണിയില്‍ കാണാം. ത്വവാഫ് വേളയില്‍ ഞാനൊരു 'സൂഫി'യെ കണ്ടു. ഇമാം സുഫ്‌യാന്‍(റ) പറഞ്ഞു: 'സൂഫിവര്യനായ' അബൂ ഹാശിം ഇല്ലായിരുന്നുവെങ്കില്‍ രിയാഇന്റെ സൂക്ഷ്മതലം ഞാനറിയുമായിരുന്നില്ല. ഹിജ്‌റ 200നു ശേഷമാണ് സൂഫി എന്ന സംജ്ഞ പ്രചാരത്തിലാവുന്നത്. നബി(സ)യുടെ അനുചരന്മാര്‍ സ്വഹാബത്ത് എന്ന പേരിലാണല്ലോ അറിയപ്പെട്ടത്. അവരുടെ എല്ലാ പൂര്‍ണതകളും ഉള്‍ക്കൊള്ളുന്ന നാമമാണത്. അതുകൊണ്ട് അവര്‍ക്ക് മറ്റൊരു പേരിന്റെ ആവശ്യമില്ല. ഇതേ സ്ഥിതി തന്നെയാണ് താബിഉകളുടെതും. താബിഅ് എന്ന പദവി അത്യുന്നതമാണല്ലോ. തസ്വവ്വുഫിന്റെ എല്ലാ ഉന്നത മൂല്യങ്ങളും ഉള്‍ക്കൊണ്ട ഈ രണ്ടു വിഭാഗത്തിനും അതുകൊണ്ടുതന്നെ മറ്റൊരു വിവേചനനാമം ആവശ്യമാകുന്നില്ല.
പില്‍കാലത്ത് അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുകയും പുത്തന്‍വാദങ്ങളും ദേഹേച്ഛകളും സാര്‍വത്രികമാകുകയും ചെയ്തു. ജനങ്ങളില്‍ ഭൗതിക ത്വര വളരുകയും വിവരക്കേടുകള്‍ ഉടലെടുക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ നല്ല അവസ്ഥകളും സല്‍കര്‍മങ്ങളും കര്‍ശനമായ മതബോധവും ഭൗതിക പരിത്യാഗവും ഏകാന്തതയും അഹ്‌ലുസ്സുഫ്ഫത്തിന്റെ മാതൃകയും ഉള്‍കൊണ്ട് ഒരു വിഭാഗം രംഗത്തു വന്നു. അടിസ്ഥാന ഈമാനിനും ബാഹ്യ അനുഷ്ഠാനങ്ങള്‍ക്കും അപ്പുറം ഉയര്‍ന്ന ഗുണങ്ങളും ജ്ഞാനവും അവര്‍ ആര്‍ജിച്ചു. അവരുടെ ജീവിത ക്രമവും ജ്ഞാന മേഖലയും അടയാളപ്പെടുത്തുന്ന സാങ്കേതിക ശബ്ദങ്ങള്‍ അവര്‍ കെട്ടിപ്പടുത്തു. അങ്ങനെ തസ്വവ്വുഫ് ഒരു ശാസ്ത്രമായി രൂപാന്തരപ്പെട്ടു. അതു പില്‍കാലക്കാര്‍ സ്വീകരിക്കുകയുണ്ടായി.
തസ്വവ്വുഫിന്റെ വികാസത്തിന്റെ ചരിത്ര ദശയുടെ ഏതാണ്ട് സംഗ്രഹമാണ് മുകളില്‍ പറഞ്ഞത്. (ഇമാം സുഹ്‌റവര്‍ദിയുടെ അവാരിഫുല്‍ മആരിഫ് 1/331-345 വായിക്കുക).
ശൈഖ് അഹ്‌മദുല്‍ കബീരിരിഫാഈ (ഖു.സി)വിന്റെ ഇവ്വിഷയകമായ വിവരണം ഗവേഷണത്തിനര്‍ഹമാകുന്നു. അദ്ദേഹം പറഞ്ഞു: ഈ വിഭാഗത്തിന് 'സൂഫിയ്യത്ത്' എന്നു പറഞ്ഞുപോരുന്നു. അതിനു പിന്നിലെ കാരണം കൗതുകകരമാണ്. പലര്‍ക്കും അതറിയില്ലെങ്കിലും മുളര്‍ വംശത്തിലെ ബനൂസ്സൂഫത്ത് ഗോത്രത്തില്‍ ത്വാബിഖത്തിന്റെ പുത്രന്‍ ഉദ്ദിന്റെ പുത്രന്‍ മുര്‍റിന്റെ പുത്രന്‍ ഗൗസ് അര്‍റബീത്വ് എന്നൊരാളുണ്ടായിരുന്നു. അയാളുടെ മാതാവിന് ജനിക്കുന്ന കുട്ടികളെല്ലാം അധികം ജീവിക്കാറില്ലായിരുന്നു. ഒരിക്കല്‍ അവര്‍ ഇങ്ങനെ നേര്‍ച്ച നേര്‍ന്നു. ഇനിയുണ്ടാകുന്ന കുഞ്ഞ് വളര്‍ന്നുവരികയാണെങ്കില്‍ അവന്റെ തലയില്‍ ഒരു രോമവസ്ത്രം കെട്ടിക്കൊടുത്ത് കഅ്ബയുടെ സമീപത്താക്കുമെന്ന്. അവളുടെ ഗോത്രക്കാര്‍ ഹാജിമാര്‍ക്ക് സൗകര്യം ചെയ്യുന്നവരുമായിരുന്നു. പിന്നീട് ഇസ്‌ലാം ആഗതമായപ്പോള്‍ അയാളുടെ പിന്‍മുറക്കാര്‍ മുസ്‌ലിംകളാകുകയുണ്ടായി. അവര്‍ വലിയ ആബിദുകളായി. പലരെ തൊട്ടും അവരുടെ ഹദീസ് നിവേദനങ്ങള്‍ ഉണ്ട്. അവരോട് സഹവസിച്ചുവന്നവരാണ് പിന്നീട് സൂഫികള്‍ എന്ന അപരനാമത്തില്‍ വിളിക്കപ്പെട്ടത്. അഥവാ അവരെപ്പോലെ രോമക്കുപ്പായം അണിഞ്ഞ് ആരാധനയില്‍ മുഴുകിയവര്‍ സൂഫികളായി. (അല്‍ ബുര്‍ഹാനുല്‍ മുഅയ്യദ്, പേജ്: 63). സൂഫികള്‍ എന്ന സംജ്ഞയുടെ വ്യാപക പ്രയോഗത്തിന്റെ പ്രാക്തന മാതൃകയാകാണിത്.
ആദ്യമായി സൂഫി എന്ന പേരില്‍ അറിയപ്പെട്ടത് ഹിജ്‌റ 150-ല്‍ വഫാത്തായ അബൂഹാശിം എന്നവരത്രെ. അദ്ദേഹം കൂഫയില്‍ ജനിച്ചു. ശാമില്‍ ജീവിച്ചവരായിരുന്നു. (കശ്ഫുള്ളുനൂന്‍, പേജ്: 1/414).
ഏകാന്തനായി ജീവിച്ച് അപ്രകാരം വഫാത്തായ അബൂദര്‍റില്‍ ഗിഫാരി(റ), ഹുദൈഫത്തുല്‍ യമാനി(റ), സല്‍മാനുല്‍ ഫാരിസി തുടങ്ങിയ സ്വഹാബിമാര്‍ സൂഫി ജീവിത ശൈലി സ്വീകരിച്ചവരാണ്. തസ്വവ്വുഫ് ചിന്തകള്‍ നിര്‍വചിച്ച് അവയ്ക്ക് വ്യാഖ്യാനം നല്‍കിയ പ്രഥമ വ്യക്തി ഇമാം മാലിക്(റ)വിന്റെ ശിഷ്യന്‍ ദുന്നൂനില്‍ മിസ്‌രി(റ) (മ. 245) ആയിരുന്നു. ജുനൈദുല്‍ ബഗ്ദാദി (ഹി. 334) അവയെ അധ്യായങ്ങളായി ക്രമീകരിച്ച് വിശദീകരിക്കുകയായിരുന്നു.
ഇമാം ഖുശൈരി(റ)വിന്റെ വിവരണംകൂടി കാണുക: പ്രവാചകന്‍(സ)വിന്റെ അനുചരന്മാര്‍ 'സ്വഹാബികള്‍' എന്ന നാമത്തിലാണ് അറിയപ്പെട്ടത്. പ്രവാചക സഹവാസ(സുഹ്ബത്തുന്നബി)ത്തെക്കാള്‍ ഉന്നതമായ പദവി ഇല്ലല്ലോ. അടുത്ത തലമുറക്കാര്‍ താബിഉകള്‍, താബിഉത്താബിഉകള്‍ എന്നിങ്ങനെ വിളിക്കപ്പെട്ടു. ശേഷക്കാരില്‍ ദീനിന്റെ ചിട്ടകള്‍ കര്‍ശനമായി പാലിക്കുന്നവരെക്കുറിച്ച് സാഹിദീങ്ങള്‍, ആബിദീങ്ങള്‍ എന്നു പറയപ്പെട്ടു. ബിദ്അത്തുകാരുടെ കടന്നുകയറ്റം രൂക്ഷമായപ്പോള്‍ അഹ്‌ലുസ്സുന്നയിലെ നിഷ്‌കാമികളായ വിഭാഗം 'തസ്വവ്വുഫുകാര്‍' എന്ന സവിശേഷണം സ്വീകരിക്കുകയാണു ചെയ്തത്. ഹി. 200-നു ശേഷമാണ് അത് പ്രസിദ്ധമായത്. ഇതിത്രയും വിശദമാക്കിയത്, സൂഫിസത്തില്‍ ബുദ്ധ സന്യാസവും ക്രൈസ്തവ പൗരോഹിത്യവും ഹൈന്ദവ പാരമ്പര്യവും ആരോപിക്കുന്ന സമീപകാല വിമര്‍ശകരുടെ ചരിത്രപരമായ അജ്ഞത കുറച്ചെങ്കിലും മനസ്സിലാക്കാനാണ്.
നിര്‍വചനം
തസ്വവ്വുഫിനെ നിര്‍വചിക്കുന്ന സയ്യിദുശ്ശരീഫിന്റെ വാചകം കാണുക: മതപരമായ ചിട്ടകള്‍ ബാഹ്യമായി പാലിക്കുക, പ്രത്യക്ഷ തലത്തിലുള്ള അവയുടെ അവസ്ഥ ഹൃദയത്തിനകത്തും പ്രതിഫലിക്കും. മതത്തിന്റെ ചിട്ടകള്‍ ആന്തരികമായും പാലിക്കുക. പരോക്ഷമായ അവയുടെ അവസ്ഥ പ്രത്യക്ഷത്തില്‍ ദര്‍ശിക്കപ്പെടും. ഈ രണ്ടു അവസ്ഥയുടെയും ചിട്ടകള്‍ പാലിക്കുമ്പോള്‍ പൂര്‍ണത കൈവരുന്നു. ഈ നിര്‍വചനം അസ്സൈറു വസ്സുലൂക് പേജ്: 9-ല്‍ നല്‍കിയിട്ടുണ്ട്.
ഒരു സൂഫിയെ കണ്ടെത്താന്‍ പ്രയോജനപ്പെടുന്ന നല്ലൊരു നിര്‍വചനമാണിത്. നിസ്‌കാരം, നോമ്പ്, കളവുപേക്ഷിക്കല്‍ തുടങ്ങിയ ബാഹ്യ അമലുകള്‍ അവന്‍ ഹൃദയം അറിഞ്ഞു നിര്‍വഹിക്കുന്നു. നിസ്‌കാരത്തില്‍ ശാരീരികമായി ഖിബ്‌ലയിലേക്കു മുന്നിട്ട മുഴുവന്‍ സമയത്തും മനസ്സുകൊണ്ടും അവന്‍ അല്ലാഹുവിലേക്കു മുന്നിടുന്നു. അഹങ്കാരം എന്ന തിന്മ ഒഴിവാക്കി വിനയം ഹൃദയത്തിന്റെ സ്വഭാവമാക്കിയ സൂഫിവര്യന്‍ ബാഹ്യ പ്രവൃത്തികളിലും അതു പ്രകടമാക്കുന്നു. പ്രത്യക്ഷ ഗുണം അന്തരത്തിലും പരോക്ഷ സ്വഭാവം ബാഹ്യത്തിലും പ്രതിഫലിക്കുന്ന സമ്പൂര്‍ണ്ണതയാണിത്. ഹൃദയമറിയാത്ത നിസ്‌കാരവും പുറമെ കാണാത്ത വിനയവും സൂഫിയുടെ യാഥാര്‍ത്ഥ്യമല്ലെന്നാണ് ഈ നിര്‍വചനം സൂചിപ്പിക്കുന്നത്. മതപരമായ മുഴുവന്‍ നിയമങ്ങളിലും ഈ പ്രതിഫലനം അനുഭവപ്പെടുന്നവന്‍ പൂര്‍ണ സൂഫിയാണ്. ഭാഗികമായി അനുഭവപ്പെടുന്നവന്‍ അത്രയും ഭാഗത്ത് തസ്വവ്വുഫുള്ളവനാണ്. ആന്തരിക വശവും ബാഹ്യവശവും അങ്ങുമിങ്ങും സത്യപ്പെടുത്തുന്ന അവസ്ഥയാണിത്.
ഇതുകൊണ്ടാണ് ശൈഖ് അഹ്‌മദ് സൂഖ് തസ്വവ്വുഫിനെ നിര്‍വചിച്ചു ഇപ്രകാരം പറഞ്ഞത്:
തസ്വവ്വുഫിനെ അടയാളപ്പെടുത്തുന്ന നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും രണ്ടായിരത്തോളം വരും. അവയുടെയൊക്കെ മടക്കം, 'അല്ലാഹുവിലേക്കുള്ള മുന്നിടല്‍ സത്യസന്ധമാകുക' എന്നതാണ്. ബാക്കിയെല്ലാം അതിന്റെ വിവിധ വകുപ്പുകള്‍ മാത്രമാണ്. (ഖവാഇദുത്തസ്വവ്വുഫ്, പേജ്: 2).
അല്ലാഹുവിലേക്കുള്ള മുന്നിടല്‍ സത്യസന്ധമാവാന്‍ ശരിയായ ഈമാന്‍ നിര്‍ബന്ധമാണ്. ''അല്ലാഹു തന്റെ അടിമകള്‍ക്ക് കുഫ്ര്‍ ഇഷ്ടപ്പെടുന്നില്ല'' (ഖുര്‍ആന്‍). ഇസ്‌ലാം കാര്യങ്ങളും പ്രാവര്‍ത്തികമാക്കണം. ''നിങ്ങള്‍ നന്ദി ചെയ്യുന്നുവെങ്കില്‍ അവന്‍ നിങ്ങളെ തൃപ്തിപ്പെടും'' (ഖുര്‍ആന്‍). എന്നിരിക്കെ ഫിഖ്ഹ് ഇല്ലാതെ തസ്വവ്വുഫ് ഇല്ല. ഫിഖ്ഹിലൂടെ മാത്രമേ അല്ലാഹുവിന്റെ ബാഹ്യ നിയമങ്ങള്‍ മനസ്സിലാക്കാനാകൂ. തസ്വവ്വുഫ് കൂടാതെ ഫിഖ്ഹ് മാത്രം ഉണ്ടായതും ഫലവത്തല്ല. എന്നാല്‍ ഇതു രണ്ടും അഖീദ ശരിയാകാതെ സാധുവല്ല. ഇവിടെ ഉദ്ദേശിക്കപ്പെടുന്ന തസ്വവ്വുഫ്, ആടിസ്ഥാനിക തസ്വവ്വുഫ് ആണെന്നത് വ്യക്തമാണ്. ഇവ്വിഷയകമായുള്ള ഇമാം മാലിക്(റ)വിന്റെ പ്രസിദ്ധ വചനം ഇക്കാലത്ത് ഏറെ ദുരുപയോഗപ്പെടുത്തപ്പെടുന്നുണ്ട്. അതിതാണ്: ''വല്ലവനും തസ്വവ്വുഫ് ഉണ്ടായി, ഫിഖ്ഹ് ഉണ്ടായില്ലെങ്കില്‍ അവന്‍ മതരഹിതനായി. വല്ലവനും ഫിഖ്ഹുണ്ടായി, തസ്വവ്വുഫ് ഉള്‍കൊണ്ടില്ലെങ്കില്‍ അവന്‍ ദുര്‍നടപ്പുകാരനായി. വല്ലവനും ഫിഖ്ഹും തസ്വവ്വുഫും സമ്മേളിപ്പിച്ചാല്‍ അവന്‍ യഥാര്‍ത്ഥ നിലയുള്ളവനായി.''
''വല്ലവനും തസ്വവ്വുഫ് ഉണ്ടായി, ഫിഖ്ഹ് ഉണ്ടായില്ലെങ്കില്‍ അവന്‍ മതരഹിതനായി. വല്ലവനും ഫിഖ്ഹുണ്ടായി, തസ്വവ്വുഫ് ഉള്‍കൊണ്ടില്ലെങ്കില്‍ അവന്‍ ദുര്‍നടപ്പുകാരനായി. വല്ലവനും ഫിഖ്ഹും തസ്വവ്വുഫും സമ്മേളിപ്പിച്ചാല്‍ അവന്‍ യഥാര്‍ത്ഥ നിലയുള്ളവനായി.''
ഒരു ശൈഖിന്റെ അടുത്തു ചെന്ന് ബൈഅത്തു ചെയ്ത് ത്വരീഖത്തു വാങ്ങിയില്ലെങ്കില്‍ ഫാസിഖാകും എന്നിങ്ങനെ മേല്‍ വാചകം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാറുണ്ട്. അതുകൊണ്ട് ഇക്കാലത്തുള്ള ശൈഖില്ലാത്തവരുടെയൊക്കെ ശൈഖ് ശൈത്വാനാണെന്നും അവര്‍ എല്ലാം ഫാസിഖുകളാണെന്നും. ശൈഖിന്റെ ത്വരീഖത്തു സ്വീകരിച്ചെങ്കിലേ അടിസ്ഥാന തസ്വവ്വുഫാകുകയുള്ളൂവെന്നും തങ്ങളുടെ ശൈഖിന്റെ ത്വരീഖത്ത് സ്വീകരിക്കുമ്പോഴേക്കും സമ്പൂര്‍ണ സൂഫിയായി എന്നു പൊങ്ങച്ചം നടിക്കുന്ന സമകാലിക വ്യാജന്മാരാണ് ഈ പ്രചരണത്തിനു മുന്‍പന്തിയിലുള്ളത്.
ആധികാരികത
ഉമര്‍(റ)വില്‍ നിന്നു നിവേദനം: ഒരു ദിവസം ഞങ്ങള്‍ നബി(സ)യുടെ അടുത്ത് ഇരിക്കുന്ന വേളയില്‍ അപരിചിതനായ ഒരാള്‍ കടന്നുവന്നു. അദ്ദേഹത്തിന്റെ മുടി ശക്തമായ കറുപ്പുള്ളതും വസ്ത്രം തൂവെള്ളയുമായിരുന്നു. യാത്രയുടെ ഒരു പാടും അയാളിലില്ല. ആര്‍ക്കും അയാളെ അറിയുകയുമില്ല. നബി(സ)യുടെ ഇരു തുടകള്‍ക്കു മേല്‍ തന്റെ കൈകള്‍ വച്ച് മുട്ടോടു ചേര്‍ന്ന് ഇരുന്ന് അയാള്‍ ചോദിച്ചു: ''മുഹമ്മദ് നബിയേ, ഇസ്‌ലാം കാര്യങ്ങള്‍ എന്തൊക്കെയെന്ന് പറഞ്ഞുതരിക.'' നബി(സ) പറഞ്ഞു: ''ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന വാക്യം സാക്ഷ്യം വഹിക്കുക, നിസ്‌കാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക, റമളാനില്‍ നോമ്പനുഷ്ഠിക്കുക, കഴിവുള്ളവന്‍ ഹജ്ജ് ചെയ്യുക എന്നിവയാണ് ഇസ്‌ലാം കാര്യങ്ങള്‍.'' ആഗതന്‍ പ്രതികരിച്ചു: ''നബിയേ, അങ്ങ് വാസ്തവം പറഞ്ഞിരിക്കുന്നു.'' ആഗതന്‍ ചോദിക്കുകയും അദ്ദേഹം തന്നെ നബി(സ)യെ സത്യപ്പെടുത്തുകയും ചെയ്തതില്‍ ഞങ്ങള്‍ ആശ്ചര്യപ്പെട്ടു.
അയാള്‍ ചോദിച്ചു: ''ഈമാന്‍ കാര്യങ്ങള്‍ എന്തൊക്കെയാണ്?'' നബി(സ) പറഞ്ഞു: ''അല്ലാഹ്, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, അന്ത്യനാള്‍, നന്മയും തിന്മയും അല്ലാഹുവില്‍ നിന്നുള്ളതാണെന്ന ഖദ്ര്‍ എന്നിവയില്‍ വിശ്വസിക്കലാണ് ഈമാന്‍ കാര്യങ്ങള്‍.'' ''അങ്ങ് സത്യം പറഞ്ഞുവെന്ന്'' അയാള്‍ പ്രതികരിച്ചു. ഇനി എന്താണ് ഇഹ്‌സാന്‍ എന്നുകൂടി പറഞ്ഞുതരിക. നബി(സ) പറഞ്ഞു: ''നീ അല്ലാഹുവിനെ ആരാധിക്കുക. അവനെ നീ കാണുംപോലെ. ഇനി നീ അവനെ കാണുന്നില്ലെങ്കില്‍ അവന്‍ നിന്നെ കാണുന്നുണ്ട് എന്ന വിധത്തില്‍ ഇബാദത്ത് ചെയ്യുക.''..... പിന്നീട് നബി(സ) ചോദിച്ചു: ''നീ അറിയുമോ, ആ ചോദ്യക്കാരന്‍ ആരാണെന്ന്?'' ഞാന്‍ പറഞ്ഞു: ''അല്ലാഹു വറസൂലുഹു അഅ്‌ലം.'' നബി(സ) പറഞ്ഞു: ''അത് ജിബ്‌രീല്‍(അ) ആയിരുന്നു. നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു പഠിപ്പിച്ചു തരുവാന്‍ വേണ്ടി വന്നതായിരുന്നു.'' (മുസ്‌ലിം)
ഇസ്‌ലാം കാര്യങ്ങള്‍, ഈമാന്‍ കാര്യങ്ങള്‍ എന്നിവ എപ്രകാരം ദീനിന്റെ ഭാഗമാകുന്നോ അതേ തരത്തിലുള്ള ഭാഗധേയം ആത്മ സംസ്‌കരണമുറയായ ഇഹ്‌സാന്‍ അഥവാ തസ്വവ്വുഫിനും അവകാശപ്പെടാനുണ്ടെന്ന് ഉധൃത ഹദീസ് നമ്മെ പഠിപ്പിക്കുന്നു.
സ്വഹാബത്തിനു ദീന്‍ പഠിപ്പിച്ച ഈ ഹദീസ് പ്രതിപാദിച്ചുകൊണ്ട് ഇമാം സ്വുബ്കി(റ) രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. "ഈ ഹദീസ് ദീനിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. ദീനിന്റെ അച്ചുതണ്ടാണത്. 'നിങ്ങള്‍ക്ക് ദീന്‍ പഠിപ്പിച്ചു തരുവാന്‍ വേണ്ടി' എന്ന വാക്യാംശം അക്കാര്യം സൂചിപ്പിക്കുന്നു. ശറഈ വിജ്ഞാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മൂന്നാണ്. (1) ഫിഖ്ഹ് - ഇസ്‌ലാം കൊണ്ടു സൂചിപ്പിച്ചത് അതാണ്. (2) ഉസ്വൂലുദ്ദീന്‍ - ഈമാന്‍ കൊണ്ടു സൂചിപ്പിക്കപ്പെടുന്നത് അതാണ്. (3) തസ്വവ്വുഫ് - ഇഹ്‌സാന്‍ സൂചിപ്പിക്കുന്നത് അതാണ്. ഇതു മൂന്നുമല്ലാത്ത വിജ്ഞാനങ്ങള്‍ ഒന്നുകില്‍ ഇവയിലടങ്ങുന്നതും ഒന്നുകില്‍ മതത്തിനു പുറത്തുള്ളതുമായിരിക്കും. (ത്വബഖാത്തുശ്ശാഫിഇയ്യത്തില്‍ കുബ്‌റാ, പേജ്: 1/117)
ശൈഖ് സറൂഖ്(റ)ഉം ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു: തസ്വവ്വുഫിന്റെ അടിത്തറ ഇഹ്‌സാനിന്റെ മേഖലയാണ്. നീ അല്ലാഹുവിനെ അവനെ കാണുന്നതുപോലെ ഇബാദത്തു ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കില്‍ അവന്‍ നിന്നെ കാണുന്നുണ്ട് എന്നാണല്ലോ ഇഹ്‌സാനിനു നബി(സ) വിശദീകരണം കൊടുത്തത്. അല്ലാഹുവിലേക്കുള്ള സത്യസന്ധമായ പ്രയാണം ഈ അടിത്തറയിലേക്കാണു മടങ്ങുന്നത്. തസ്വവ്വുഫിന്റെ അവലംബവും അതുതന്നെ. ഇഹ്‌സാന്‍ എന്ന ശബ്ദം അതിനു അനിവാര്യമായി വരുന്ന മുറാഖബയുടെ തേട്ടത്തെ കുറിക്കുന്നു. മുറാഖബയെ പ്രോത്സാഹിപ്പിക്കുന്നത് ഇഹ്‌സാനിനെ നേരിട്ടു ആവശ്യപ്പെടലാണ്. ഫിഖ്ഹ് ഇസ്‌ലാമിന്റെ മഖാമിന്റെ മേലിലും വിശ്വാസശാസ്ത്രം ഈമാനിന്റെ മഖാമിന്റെ മേലിലും അവലംബിക്കുന്നതുപോലെയാണിത്. ചുരുക്കത്തില്‍ സ്വഹാബത്തിനു ദീന്‍ പഠിക്കാന്‍ ജിബ്‌രീല്‍ വിവരിച്ച ദീനിന്റെ ഘടകങ്ങളില്‍ ഒന്നാണു തസ്വവ്വുഫ് (ഖവാഇദുത്തസ്വവ്വുഫ്, പേജ്: 3, 4).
തസ്വവ്വുഫിന്റെ ആധികാരികത സംബന്ധിച്ച് ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു: ''ഇല്‍മുത്തസ്വവ്വുഫ് മുസ്‌ലിം സമുദായത്തില്‍ പില്‍കാലത്തു ക്രോഡീകൃതമായ മതവിജ്ഞാനങ്ങളില്‍ പെട്ടതാണ്. തസ്വവ്വുഫിന്റെ അഹ്‌ലുകാരുടെ മാര്‍ഗം സത്യത്തിന്റെയും സന്മാര്‍ഗത്തിന്റെയും മാര്‍ഗമായി സ്വഹാബത്ത് മുതല്‍ക്കേ നിലനിന്നു പോരുന്നതാണ് ഈ ശാസ്ത്രത്തിന്റെ അടിത്തറ. ഈ മാര്‍ഗത്തിന്റെ അടിസ്ഥാനം ഇബാദത്തില്‍ മുഴുകലും ഐഹിക അലങ്കാരവും ആഢംബരവും ഉപേക്ഷിച്ച് അല്ലാഹുവിലേക്കു സമ്പൂര്‍ണമായി സമര്‍പ്പിക്കലും അധികമാളുകളും സ്വീകരിച്ചുപോരുന്ന ആനന്ദം, ഐശ്വര്യം, പദവി പോലുള്ളവ ത്യജിക്കലും സൃഷ്ടികളില്‍ നിന്നകന്ന് ആരാധനയ്ക്കുവേണ്ടി വിജനമാകലുമാണ്. ഇതെല്ലാം സ്വഹാബത്തിലും സലഫിലും വ്യാപകമായിരുന്നു. രണ്ടാം തലമുറയിലും തുടര്‍ന്നും ഐഹിക ജീവിത പ്രമത്തത ജനങ്ങളില്‍ ആകര്‍ഷിച്ചപ്പോള്‍ ആരാധനയില്‍ നിമഗ്‌നനായവര്‍ സൂഫിയാക്കള്‍ എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.'' (മുഖദ്ദിമത്തു ഇബ്‌നി ഖല്‍ദൂന്‍, പേജ്: 449).
സൂഫിയ്യത്തിനെ പ്രകീര്‍ത്തിക്കുന്ന ഇമാം ഗസ്സാലിയുടെ അനുഭവ വിവരണം ആവേശകരമാണ്. അദ്ദേഹം പറഞ്ഞു: ''ഞാന്‍ ഉറപ്പിച്ചു മനസ്സിലാക്കുന്നു അല്ലാഹുവിലേക്കുള്ള മാര്‍ഗത്തില്‍ പ്രവേശിച്ചവര്‍ സൂഫികള്‍ മാത്രമാണെന്ന്. അവരുടെ നടപടികളും വഴിയുമാണ് ഏറ്റവും ഭംഗിയായതും ശരിയും. അവരുടെ സ്വഭാവ ഗുണങ്ങള്‍ മികച്ചതാണ്. ബുദ്ധിജീവികളുടെ ധിഷണയും ശാസ്ത്രജ്ഞന്മാരുടെ തൃഷ്ണയും മതത്തിന്റെ അന്തര്‍ധാര വായിച്ചെടുക്കുന്ന പണ്ഡിതരുടെ അറിവും എല്ലാം കൂടിച്ചേര്‍ന്നാലും സൂഫികളുടെ മാതൃകയ്ക്കു പകരം നില്‍ക്കാനാവില്ല. കാരണം അവരുടെ മുഴുവന്‍ ചലന-നിശ്ചലനങ്ങളും പ്രത്യക്ഷത്തിലും പരോക്ഷമായും നുബുവ്വത്തെന്ന വിളക്കുമാടത്തിലെ വെളിച്ചത്തില്‍ നിന്ന് പകര്‍ത്തപ്പെട്ടതാണ്. പ്രസ്തുത വെളിച്ചത്തിനപ്പുറം പ്രകാശമേകുന്ന മറ്റൊരു വെളിച്ചവും ഭൂമുഖത്തില്ല.'' (അല്‍ മുന്‍ഖിദു മിനള്ള്വലാല്‍, പേജ്: 39).
തസ്വവ്വുഫ് എന്ന ശാസ്ത്രശാഖയുടെ ഇസ്‌ലാമികത അരക്കിട്ടുറപ്പിക്കുന്ന പ്രസ്താവനകളാണിത്. തസ്വവ്വുഫിന്റെ അനിവാര്യതയിലേക്കു വെളിച്ചം വീശുന്ന ഒരു വിശദീകരണം താഴെ കൊടുക്കുന്നു. പൂര്‍ണത തേടല്‍ സുപ്രധാന കാര്യമാണ്. പൂര്‍ണതയെന്നാല്‍ നികൃഷ്ട സ്വഭാവങ്ങളില്‍ നിന്ന് ഒഴിയുകയും ഉല്‍കൃഷ്ട ഗുണങ്ങളാല്‍ അലങ്കൃതമാകലുമാണ്. ചീത്ത ഗുണങ്ങള്‍ ഇവയാണ്: അജ്ഞത, ദേഷ്യം, പക, അസൂയ, പിശുക്ക്, അഹംഭാവം, അഹങ്കാരം, പൊങ്ങച്ചം, വഞ്ചന, ലോകമാന്യം, ഖ്യാതി, സ്ഥാനമോഹം, നേതൃമോഹം, സംസാരം, തമാശ വര്‍ധിപ്പിക്കല്‍, പടപ്പുകള്‍ക്കു വേണ്ടി ചമഞ്ഞു നടക്കല്‍, വമ്പ് പറയല്‍, പൊട്ടിച്ചിരി, ബന്ധം തകര്‍ക്കല്‍, തമ്മില്‍ തെറ്റല്‍, രഹസ്യങ്ങള്‍ എത്തിനോക്കല്‍, കൊതി, അലച്ച, ദുസ്സ്വഭാവം തുടങ്ങിയവയാണ്. ഉല്‍കൃഷ്ട ഗുണങ്ങള്‍ ഇനി പറയുന്നു: അറിവ്, പക്വത, അകത്തെളിവ്, ഔദാര്യം, താഴ്മ, ദയ, വിനയം, ക്ഷമ, നന്ദി, ഭൗതിക പരിത്യാഗം, അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍, അവനിലുള്ള സ്‌നേഹം, ആഗ്രഹം, ലജ്ജ, പൊരുത്തം, ആത്മാര്‍ത്ഥത, സത്യസന്ധത, ജാഗ്രത, ആത്മവിചാരണ, ചിന്താനിമഗ്‌നത, കൃപ, കാരുണ്യം, അല്ലാഹുവിലുള്ള സൃഷ്ടികളോടുള്ള ഇഷ്ടം, കാര്യങ്ങളിലെ അവധാനത, കരച്ചില്‍, അരുതായ്മകളിലെ ദുഃഖം, അപ്രശസ്തിയും ഏകാന്തതയും ആഗ്രഹിക്കല്‍, ഹൃദയ ശുദ്ധി, ഗുണകാംക്ഷ, സംസാരക്കമ്മി, ഭക്തി, വിധേയത്വം, ഹൃദയം വിങ്ങിപ്പൊട്ടല്‍, സല്‍സ്വഭാവം തുടങ്ങിയവ. തസ്വവ്വുഫിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുന്നതിന്റെ ഉദ്ദേശ്യം പൂര്‍ണത കരഗതമാക്കലും തിന്മകള്‍ വെടിയലുമാണ്. ഇതു മതം കല്‍പിക്കുന്ന അനിവാര്യ വസ്തുതയാകുന്നു. (അസ്സൈറുവസ്സുലൂക്, പേജ്: 32,33). നിരവധി ഖുര്‍ആനിക സൂക്തങ്ങളും ഹദീസുകളും മേലുദ്ധൃത സദ്ഗുണങ്ങളുടെ അനിവാര്യതയും ദുര്‍ഗുണങ്ങളുടെ അസ്പര്‍ശതയും സവിസ്തരിച്ചിരിക്കുന്നു. ഇഹ്‌യാ ഉലൂമിദ്ദീന്‍ പോലുള്ള തസ്വവ്വുഫിന്റെ ഗ്രന്ഥങ്ങളില്‍ അവ വിശാല അധ്യായങ്ങളായി പ്രതിപാദിച്ചിരിക്കുന്നു.
തസ്വവ്വുഫിന്റെ അടിസ്ഥാന ഗുണമാണ് ഈ പൂര്‍ണത കൈവരുത്തല്‍. നബി(സ)യുടെ പ്രവര്‍ത്തനങ്ങള്‍ ചികഞ്ഞെടുത്ത് പ്രാവര്‍ത്തികമാക്കലാണതിനുള്ള പോംവഴി. മഅ്‌രിഫത്ത്, ഹഖീഖത്ത്, അസ്തിത്വ ഏകത്വം, ദാര്‍ശനിക ഏകത്വം തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ ആര്‍ജിക്കല്‍ തസ്വവ്വുഫിന്റെ ഉന്നത സോപാനങ്ങളാണ്. ഫനാഅ് (അല്ലാഹുവില്‍ വിലയം പ്രാപിക്കല്‍) പോലുള്ള അവസ്ഥകള്‍ അവയിലേക്കുള്ള പ്രത്യേക മാര്‍ഗങ്ങളാണ്. അതിനു ശരിയായ ശൈഖ് (ആധ്യാത്മിക ഗുരു), ത്വരീഖത്ത് പോലുള്ള സവിശേഷ പാതകളുമുണ്ട്. എന്നാല്‍ വിശാലാര്‍ത്ഥത്തിലുള്ളതും അടിസ്ഥാനപരവുമായ തസ്വവ്വുഫ് അത്തരം പാതകള്‍ സ്വീകരിച്ചെങ്കിലേ സാധിക്കുകയുള്ളൂ എന്നു നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ അടിസ്ഥാനിക തസ്വവ്വുഫിന് ഭക്തനായ ഉസ്താദ്, പിതാവ്, പരലോക ചിന്ത ഉപദേശിക്കുന്ന പ്രഭാഷകന്‍, തതുല്യമായ മതഗ്രന്ഥങ്ങള്‍ എന്നിതെല്ലാം ഉപയുക്തങ്ങളാണ്. എന്നാല്‍ ഇവകൊണ്ടൊന്നും ഹൃദയശുദ്ധി കൈവരുത്താനാകാത്തവന്‍, യഥാര്‍ത്ഥ മുറബ്ബിയാണെന്ന് അറിയപ്പെടുകയും അയാളുടെ കൈകളില്‍ ചികിത്സയുണ്ടെന്നു ശ്രുതിപ്പെടുകയും ചെയ്തു വ്യക്തിയുടെ അരികലേക്ക് യാത്ര ചെയ്യല്‍ നിര്‍ബന്ധമാണെന്ന് ഇബ്‌നു അജീബ(റ) രേഖപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്‌ക്കേണ്ടതില്ല. (ഈഖാള്, പേജ്: 8).
തസ്വവ്വുഫിന്റെ ഉന്നത ഗുണങ്ങളായ മഅ്‌രിഫത്ത്, സൃഷ്ടികളിലൂടെ അല്ലാഹുവിന്റെ അസ്തിത്വം അനുഭവിക്കല്‍, അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ ആധ്യാത്മിക ജ്ഞാനം നേടി സൃഷ്ടികളുടെ നില മനസ്സിലാക്കല്‍, അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളിലെ പൊരുളുകള്‍, രഹസ്യങ്ങള്‍ എന്നിവ ഗ്രഹിക്കല്‍ തുടങ്ങിയ സിദ്ധികള്‍ നേടുന്നതും മറ്റും ഉയര്‍ന്ന മേഖലയാണ്. പ്രസ്തുത മേഖല ഒരു മുസ്‌ലിമിന് അടിസ്ഥാനപരമായി നിര്‍ബന്ധമാക്കപ്പെട്ടതല്ല.
ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു: ഹുങ്ക്, പൊങ്ങച്ചം, പ്രകടനപരത പോലുള്ള ആന്തരിക രോഗങ്ങളുടെ ഔഷധങ്ങള്‍ പഠിക്കല്‍ സുരക്ഷിത ഹൃദയം പ്രദാനം ചെയ്യപ്പെടാത്തവരുടെ മേല്‍ വ്യക്തിഗത നിര്‍ബന്ധമാണ്. (തുഹ്ഫ: 9/214) അടിസ്ഥാന തസ്വവ്വുഫിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇസ്‌ലാം കാര്യങ്ങള്‍ ശരിപ്പെടുത്തല്‍ വ്യക്തിയുടെ സാക്ഷ്യത്വം സാധുവാകാനാവശ്യമായ സുകൃതത്വത്തിന് (അദാലത്ത്) അനിവാര്യമാണ്. അതില്ലാത്തവനാണ് ഫാസിഖ് (തെമ്മാടി), അഹങ്കാരം തുടങ്ങിയ ആന്തരിക രോഗങ്ങള്‍ ശമിപ്പിക്കുന്നതിനാണ് അടിസ്ഥാന തസ്വവ്വുഫ് നിലകൊള്ളുന്നത്. ഇതു രണ്ടും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അദാലത്ത് സംബന്ധിച്ച നിര്‍വചനം കാണുക.
വന്‍ദോഷങ്ങളും ചെറുദോഷത്തില്‍ ഉറച്ചു നില്‍ക്കലും വെടിയലാണ് അദാലത്ത്. ഒരാള്‍ വന്‍ദോഷം ചെയ്താല്‍ നിരുപാധികം അവന്റെ നീതിത്വം നഷ്ടപ്പെടുന്നതാണ്. പതിവായിട്ടോ അല്ലാതെയോ ഒന്നോ അതിലധികമോ ചെറുദോഷങ്ങള്‍ പ്രവര്‍ത്തിച്ചവന്റെ സല്‍കര്‍മങ്ങള്‍ അവയെക്കാള്‍ എണ്ണം മികച്ചതാണെങ്കില്‍ അവന്‍ നീതിമാനാണ്. എന്നാല്‍ പുണ്യ കര്‍മങ്ങളും ചെറുപാപങ്ങളും തുല്യമാകുകയോ പാപങ്ങള്‍ അധികമാകുകയോ ചെയ്താല്‍ അവന്‍ ഫാസിഖാണ്. (തുഹ്ഫ: 10/214).
ആന്തരിക പാപങ്ങളുടെ അവസ്ഥയും ഇപ്രകാരമാണെന്നു വ്യക്തമാണ്. എങ്കിലും അവ പരലോകത്തേക്കു ബാധിക്കുന്നവയാണെന്നു മാത്രം. കാരണം അദാലത്ത്-ഫിസ്ഖിന്റെ ബാഹ്യ നിര്‍ണയത്തില്‍ അവ ഇടപെടുന്നില്ല.
അടിസ്ഥാന തസ്വവ്വുഫാണ് വാജിബ് എന്നും ഊളിയിട്ട തസ്വവ്വുഫ് സുന്നത്തു മാത്രമാണെന്നും അവലംബ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ആന്തരിക ശാസ്ത്രമായ തസ്വവ്വുഫ് ഫര്‍ള് ഐനാണെന്ന് സമര്‍ത്ഥിക്കാന്‍ ഇബ്‌നു ഹജര്‍(റ) ഉള്‍പ്പെടെ 4 മദ്ഹബുകളിലെയും ഇമാമുകളെ ഉദ്ധരിച്ചതിനു ശേഷം ശൈഖ് അഹ്‌മദ് ള്വിയാഉദ്ദീന്‍ രേഖപ്പെടുത്തുന്നു: അലാഉദ്ദീന്‍ ദുര്‍റുല്‍ മുഖ്താറില്‍ പറഞ്ഞു: നീ അറിയുക, അറിവ് അഭ്യസിക്കല്‍ ഫര്‍ള് ഐനും ഫര്‍ള് കിഫായയും സുന്നത്തായതുമുണ്ട്. ആന്തരിക വിദ്യയിലും കര്‍മശാസ്ത്രത്തിലും സമുദ്ര സമാനമാകലാണ് സുന്നത്ത്. എന്നാല്‍ ഹൃദയ ശുദ്ധീകരണത്തിന്റെ അടിസ്ഥാന ശാസ്ത്രം ഫര്‍ള് ഐന്‍ തന്നെയാണ്. (ജാമിഉല്‍ ഉസ്വൂല്‍, പേജ്: 227).
ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്
മതകീയ നിയമങ്ങള്‍ക്കെല്ലാം കൂടി ദീന്‍, ഇസ്‌ലാം എന്നിങ്ങനെ പറയുന്നതുപോലെ ശരീഅത്ത്, മില്ലത്ത് എന്നീ ശബ്ദങ്ങളും വ്യാപകാര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. അതേ സമയം, ദീനിനെത്തന്നെ ഇസ്‌ലാം, ഈമാന്‍, ഇഹ്‌സാന്‍ എന്നിങ്ങനെ വിഭജനപ്പെടുത്തുന്നത് നാം കണ്ടു. ഇപ്രകാരം ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്ന വിഭജന രീതിയില്‍ ശരീഅത്ത് പരിമിതാര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുന്നു.
ശരീഅത്ത് അല്ലാഹുവിനു ഇബാദത്ത് ചെയ്യുക, ത്വരീഖത്ത് അവനെ ലക്ഷ്യമാക്കുക, ഹഖീഖത്ത് അവനെ അനുഭവപ്പെടുക എന്നതാണ്. അഥവാ ശരീഅത്ത് ബാഹ്യതലത്തെ നന്നാക്കാനും ത്വരീഖത്ത് ആന്തരിക തലത്തെ നന്നാക്കാനും ഹഖീഖത്ത് ആത്മീയ തലത്തെ നന്നാക്കാനുമത്രെ.
ഈ വിഭജനത്തെ സാര്‍ത്ഥവത്താക്കുന്ന ഇമാം റാസിയുടെ വിശദീകരണം കാണുക:
''ഓ മനുഷ്യരേ, നിങ്ങളുടെ റബ്ബില്‍ നിന്നുള്ള സദുപദേശം നിങ്ങള്‍ക്കു വന്നിരിക്കുന്നു. ഹൃദയങ്ങളിലുള്ള ഒന്നിന്റെ ശമനവും സത്യവിശ്വാസികള്‍ക്ക് നേര്‍വഴിയും കാരുണ്യവും (വന്നിരിക്കുന്നു)'' (യൂനുസ്: 57). സദുപദേശം, ആന്തരിക ശമനം, നേര്‍മാര്‍ഗം, വിശ്വാസികള്‍ക്ക് റഹ്‌മത്ത് എന്നീ വിശേഷണങ്ങളാണ് ഈ ആയത്തില്‍ ഖുര്‍ആനിനു നല്‍കിയിരിക്കുന്നത്. ചുരുക്കത്തില്‍ സദുപദേശമെന്നത് സൃഷ്ടികളുടെ ബാഹ്യവശങ്ങളെ സംസ്‌കരിക്കലേക്കു സൂചിപ്പിക്കുന്നു. അതുതന്നെയാണ് ശരീഅത്ത്. ഹൃദയ ശമനമെന്നത് ആത്മീയ ദുര്‍ഗുണങ്ങളില്‍ നിന്നും പിഴച്ച വിശ്വാസങ്ങളില്‍ നിന്നുമുള്ള സംസ്‌കരണമാണ്. അതാണ് ത്വരീഖത്ത്. സത്‌വഴി എന്നത് പരമ സത്യവാന്മാരുടെ ഹൃദയങ്ങളില്‍ ഹഖിന്റെ വെളിച്ചം വെളിവാകുന്നതിനെ സൂചിപ്പിക്കുന്നു. ഹഖീഖത്ത് എന്ന അവസ്ഥയാണത്. റഹ്‌മത്ത് അപൂര്‍ണന്മാരെ പൂര്‍ണതയിലേക്ക് ആനയിക്കാന്‍ മാത്രം ശക്തിയുള്ള നുബുവ്വത്തിന്റെ പദവിയാണ്. (റാസി: 17/94). സ്വാവി: 2/180ലും ജമല്‍: 2/357ലും ഇതേ വിശദീകരണം കാണാം.
അഹ്‌മദുസ്സര്‍ഹിന്ദി(റ) പറയുന്നു: ശരീഅത്തിനു 3 തലങ്ങളുണ്ട്. (1) ഇല്‍മ്. (2) അമല്‍. (3) ഇഖ്‌ലാസ്. ഇവ മൂന്നില്‍ ഓരോന്നും ഉണ്ടായില്ലെങ്കില്‍ ശരീഅത്ത് യാഥാര്‍ത്ഥ്യമാകില്ല.
യാഥാര്‍ത്ഥ്യമായാല്‍ അല്ലാഹുവിന്റെ പൊരുത്തം എന്ന സമ്പൂര്‍ണ വിജയം ആര്‍ജിതമായി. ശരീഅത്ത് എല്ലാ വിജയവും നേടിത്തരുന്നു. അതിനപ്പുറം ഇനി ഒരു വിജയവും ലഭിക്കാനില്ല. ത്വരീഖത്ത്, ഹഖീഖത്ത് എന്നീ സൂഫീ മാര്‍ഗങ്ങള്‍ ശരീഅത്തിന്റെ പരിചാരകരാണ്. അഥവാ ഇഖ്‌ലാസ് എന്ന ഘടകത്തെ അത് രണ്ടും പൂര്‍ത്തീകരിക്കുന്നു. ചുരുക്കത്തില്‍ ശരീഅത്തിനെ പൂര്‍ണമാക്കുന്നവയാണ് ത്വരീഖത്തും ഹഖീഖത്തും. (അല്‍ മക്തൂബാത്ത് 36-ാം ലിഖിതം).
അടിസ്ഥാന സംസ്‌കരണം ശരീഅത്തിനകത്തു ഉള്‍പ്പെട്ടതാണെന്നും ത്വരീഖത്തും ഹഖീഖത്തും പൂര്‍ണതയുടെ മേഖലകളാണെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം. അതിനാല്‍, ത്വരീഖത്തും ഹഖീഖത്തുമൊന്നുമില്ലാതെയുള്ള തസ്വവ്വുഫും ദീനിലുണ്ടെന്ന കാര്യം വിസ്മരിച്ചുപോകരുത്.
കല്‍പനകള്‍ അനുസരിക്കലും വിരോധിച്ചവ ഉപേക്ഷിക്കലുമാണ് ശരീഅത്ത്. നബി(സ)യുടെ പൊതുവായ നിര്‍ദേശങ്ങളാണിത്. അതേ സമയം, ''നബി(സ)യുടെ വൈയക്തിക പ്രവര്‍ത്തനങ്ങളെ ചികഞ്ഞെടുത്ത് അനുഷ്ഠിക്കലാണ് ത്വരീഖത്ത്.'' (അസ്സൈര്‍, പേജ്: 9) കര്‍ശന സ്വഭാവത്തില്‍ നബി(സ) കൊണ്ടുനടന്ന കാര്യങ്ങള്‍ ശരീഅത്തിന്റെ വീക്ഷണത്തില്‍ അത്രയ്ക്ക് കര്‍ശനത്വമുണ്ടാകില്ല. ചില ഉദാഹരണങ്ങള്‍ കാണുക: അബൂദര്‍റി(റ)വിനെ തൊട്ടുദ്ധരണം. ഞാന്‍ നബി(സ)യോടൊപ്പം മദീനയിലെ ഹര്‍റത്ത് എന്ന ഭൂമിയിലൂടെ നടക്കുകയായിരുന്നു. ഞങ്ങള്‍ക്ക് അഭിമുഖമായി ഉഹ്ദ് മല കണ്ടപ്പോള്‍ നബി(സ) പറഞ്ഞു: ഈ ഉഹ്ദ് മലയോളം എനിക്കു സ്വര്‍ണം ഉണ്ടെങ്കില്‍ 3 ദിവസം കഴിയുമ്പോള്‍ അതില്‍ നിന്ന് ഒരു ദീനാറെങ്കിലും ബാക്കിയാവുന്നത് എനിക്കു ഇഷ്ടമില്ല. വല്ല കടവും വീട്ടാന്‍ ഞാന്‍ എടുത്തുവയ്ക്കുന്നതൊഴികെ. (ബുഖാരി, മുസ്‌ലിം).
സമ്പാദ്യത്തില്‍ നിന്ന് കടം വീട്ടുക എന്നുള്ളത് നബി(സ)യുടെ നിര്‍ദേശമാണ്. അതേ സമയം സമ്പാദ്യം മുഴുവന്‍ വ്യയം ചെയ്യുകയെന്നത് അവിടത്തെ വ്യക്തിഗത പ്രവൃത്തിയുമാണ്. ഒന്നു ശരീഅത്തിനും രണ്ടാമത്തെത് ത്വരീഖത്തിനും ഉദാഹരണമാക്കാം. നബി(സ) വെറും പായയില്‍ കിടന്നുറങ്ങിയതിനാല്‍ പായയുടെ അടയാളം അവിടത്തെ മേനിയില്‍ പതിഞ്ഞു. സ്വഹാബത്ത് ചോദിച്ചു: നബിയേ, ഞങ്ങള്‍ അങ്ങേക്കു ഒരു വിരിപ്പ് ഉണ്ടാക്കട്ടേ. നബി(സ) പറഞ്ഞതിതാണ്: എനിക്കും ദുന്‍യാവിനും തമ്മിലെന്തു ബന്ധം? ഞാനീ ദുന്‍യാവില്‍ യാത്രക്കാരനെപ്പോലെ മാത്രമാണ്. അയാള്‍ ഒരു മരച്ചുവട്ടില്‍ തണല്‍കൊണ്ടു. പിന്നെ മരമുപേക്ഷിച്ച് അയാള്‍ പോകുകയും ചെയ്തു. (തുര്‍മുദി: 2378) ഇതു ത്വരീഖത്തിന്റെ മേഖലയ്ക്ക് ഉദാഹരണമായെഴുതാം.
ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസ് പ്രസക്തമാണ്. നബി(സ) പറഞ്ഞു: ഈമാന്‍ 333 ശരീഅത്താണ്. അതില്‍ ഏതു ശരീഅത്ത് പൂര്‍ത്തീകരിച്ചാലും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. (ശുഅബുല്‍ ഈമാന്‍: 6/366). മുന്നൂറ്റി അറുപത് ത്വരീഖത്തുകളുമായി ശരീഅത്ത് വന്നിരിക്കുന്നു എന്ന പാഠഭേദം ഈ ഹദീസിനുണ്ട്. (ത്വബ്‌റാനി).
സൈനുദ്ദീന്‍ മഖ്ദൂമിന്റെ അദ്കിയാഇന്റെ വരികള്‍ ശ്രദ്ധേയമാണ്: ''ശരീഅത്ത് കപ്പല്‍ പോലെയും ത്വരീഖത്ത് സമുദ്രം പോലെയും ഹഖീഖത്ത് അമൂല്യ രത്‌നം പോലെയുമാണ്. സൃഷ്ടാവിന്റെ ദീനിന്റെ വിധിവിലക്കുകള്‍ മുറുകെ പിടിക്കലാണ് ശരീഅത്ത്. ഏറ്റവും സൂക്ഷ്മമായതും കര്‍ശനമായതും കൈകൊള്ളലാണ് ത്വരീഖത്ത്. വറഅ് (ദുഷ്‌കം പാലിക്കല്‍) സമ്പൂര്‍ണ രിയാള (ആത്മീയ പരിശീലനം) തുടങ്ങിയവ ഇതിനുദാഹരണമാണ്. പരമ ലക്ഷ്യം പ്രാപിക്കലാണ് ഹഖീഖത്ത്. അല്ലാഹുവിന്റെ നൂറുത്തജല്ലി (അവന്റെ വിശേഷണങ്ങളുടെ പൊരുള്‍ വെളിപ്പെടുന്ന അവസ്ഥ, ഖുര്‍ആനിന്റെ ഉള്‍സാരം, ദീനീ നിയമങ്ങളുടെ അകംപൊരുള്‍ തുടങ്ങിയവ ഗ്രഹിക്കല്‍ എന്നിവ) അനുഭവപ്പെടലുമാണത്.'' (അദ്കിയാഅ്). ജാമിഉല്‍ ഉസൂലില്‍ പേജ്: 72-ലും ഇവ്വിധം ഉദാഹരിച്ചതു കാണാം.
ഇവിടെ കര്‍ശനമായതു പിടിക്കുകയെന്നത് കൂടുതല്‍ പ്രയാസകരമായ മാര്‍ഗം സ്വീകരിക്കുക എന്ന ഉദ്ദേശ്യത്തിലാണ്. അല്ലാതെ ഫിഖ്ഹിന്റെ കിതാബില്‍ പറഞ്ഞ കര്‍ശനത്വമുള്ള നിയമങ്ങള്‍ എന്നല്ല. യാത്രക്കാരന്‍ ളുഹ്‌റും അസ്വ്‌റും അതതു സമയത്ത് പൂര്‍ത്തിയായി നിസ്‌കരിക്കുന്നത് അസീമത്തും ജംഉം ഖസ്‌റുമാക്കുന്നത് റുഖ്‌സ (ഇളവ്)യുമാണ്. ത്വരീഖത്തുകാരനു ജംഉം ഖസ്‌റുമെന്ന ഇളവു പാടില്ല എന്ന മേല്‍ വരികള്‍ സൂചിപ്പിക്കുന്നുപോലുമില്ല. യാത്ര, വിശപ്പ്, ഏകാന്തത, ഭൗതിക പരിത്യാഗം തുടങ്ങിയ പരിശീലന മുറകളെയാണ് ഇവിടെ അസീമത്ത് കൊണ്ടുദ്ദേശിക്കുന്നത്.
'ഇളവ്' കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ജംഅ്, ഖസ്വ്ര്‍, യാത്രക്കാരന്‍ നോമ്പുപേക്ഷിക്കുക പോലുള്ള കാര്യങ്ങളല്ല. ജനങ്ങളുമായി കൂടിക്കലരല്‍, ഹലാലായ മാര്‍ഗത്തിലൂടെ കാരണങ്ങളുമായി ബന്ധപ്പെടുക, സകാത്ത് കൊടുത്ത ശേഷം ബാക്കി സമ്പത്ത് സൂക്ഷിച്ചു വയ്ക്കുക, ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കിവയ്ക്കുക പോലുള്ളവയാണ് ഇളവുകള്‍ എങ്കിലും അത് ആദ്ധ്യാത്മിക മാര്‍ഗക്കാരുടെയടുക്കല്‍ സുഹ്ദ്-തവക്കുലിന്റെ നിലവാരത്തില്‍ നിന്ന് താഴ്ന്നു പോകലാണ്. (ജാമിഉല്‍ ഉസ്വൂല്‍, പേജ്: 72).
നബി(സ)യുടെ വ്യക്തിഗത പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉന്നതാവസ്ഥയിലുള്ളതാണല്ലോ അല്ലാഹുവിന്റെ മഅ്‌രിഫത്തും, യഥാര്‍ത്ഥ അസ്തിത്വം അല്ലാഹുവിനു മാത്രമാണെന്നു അനുഭവപ്പെടലും, തജ്ജന്യമായ കാര്യങ്ങളും. അമ്പിയാക്കളല്ലാത്തവരില്‍ അധികപേര്‍ക്കും ഇത്തരം ഉയരങ്ങളിലേക്കെത്താന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. അല്ലാഹുവിനു 70 അഥവാ എഴുപതിനായിരം മറകള്‍ ഉണ്ട് എന്ന് ഹദീസില്‍ ഉണ്ട്. ഈ മറകളെല്ലാം മറികടക്കുമ്പോഴേ പരമ യാഥാര്‍ത്ഥ്യത്തിലേക്കുള്ള കവാടം തുറക്കുകയുള്ളൂ.
മനസ്സിന്റെ അവസ്ഥകളായ അമ്മാറ, ലവ്വാമ, മുല്‍ഹിമ, മുത്വ്മഇന്ന, റാളിയ, മര്‍ളിയ്യ, കാമില എന്നീ ഏഴു അവസ്ഥകള്‍ പിന്നിടുമ്പോഴാണ് അമ്പിയാക്കളുടെ നിലവാരത്തിലെത്തുന്നത്. അവ ഇവിടെ വിശദമാക്കുന്നില്ല.
ത്വരീഖത്തിലെ ഈ സ്‌പെഷ്യല്‍ വഴിയില്‍ പ്രവേശിക്കുന്നവനാണ് സാലിക്, മുരീദ് എന്ന് സാങ്കേതികമായി പറയുന്നത്. സാദൃശ്യപ്പെടുത്തി ചില മറ്റുള്ളവരെയും അപ്രകാരം വിശേഷിപ്പിക്കുന്നത് ഇപ്പറഞ്ഞതിന് അപവാദമല്ല.
ത്വരീഖത്തിന്റെ ഈ സവിശേഷ വഴിയെ നിര്‍വചിച്ചുകൊണ്ട് ഇമാം ജൂര്‍ജാനി(റ) രേഖപ്പെടുത്തി: അല്ലാഹുവിലേക്കു പ്രയാണം ചെയ്യുന്ന സാലികുകളെക്കൊണ്ട് പ്രത്യേകമാകുന്ന ജീവിത രീതിയാണ് ത്വരീഖത്ത്. കടമ്പകള്‍ മുറിച്ചുകടക്കലും മഖാമുകളിലേക്കു കയറിപ്പോകലുമാണത്. (തഅ്‌രീഫാത്ത്, പേജ്: 61). ചില്ലറ മാറ്റത്തോടെ ജാമിഉല്‍ ഉസ്വൂലിലും ഇതേ നിര്‍വചനം കാണാം. (പേജ്: 316).
നേരത്തെ അസ്സൈറു വസ്സുലൂകില്‍ നിന്നുദ്ധരിച്ച നിര്‍വചനത്തേക്കാള്‍ പരിമിതമായ നിര്‍വചനമാണിതെന്നു മനസ്സിലാക്കാം. മനസ്സിന്റെ മറകള്‍ നീക്കം ചെയ്യാനും സ്ഥാനങ്ങളിലേക്കുയരാനും സാലിക് (മുരീദ്) സ്വയം ശ്രമിക്കുന്നത് അപകടകരമാണ്. കാരണം പിശാചിന്റെ ഇടപെടലുകള്‍, വഴിമധ്യേയുള്ള ആത്മീയാനുഭവങ്ങള്‍, അനുഭൂതികള്‍ എന്നിവ പലപ്പോഴും മതനിരാസത്തിലേക്കു വരെ സാലികിനെ എത്തിക്കുമെന്ന് മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും ശരീഅത്തില്‍ ജീവിക്കുന്നവനെക്കാള്‍ എളുപ്പത്തില്‍ വഴിപിഴക്കുക ത്വരീഖത്തില്‍ ജീവിക്കുന്നവനാകും. കാരണം നിബന്ധനകള്‍ അധികരിക്കുമ്പോള്‍ ഏതെങ്കിലും ഒന്നിന്റെ പഴുത് തുറന്നാല്‍ മതി കാര്യം തകര്‍ന്നുപോകുവാന്‍.
ഇക്കാരണം കൊണ്ടാണ് തഖ്‌വയുടെ ഉയര്‍ന്ന പദവിയില്‍ എത്താന്‍ ശ്രമിക്കുന്ന സാലികിന് നിബന്ധനകളൊത്ത ഒരു ശൈഖിന്റെ ശിക്ഷണം സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് തസ്വവ്വുഫിന്റെ ഗ്രന്ഥങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. അബൂയസീദില്‍ ബിസ്ത്വാമിയുടെ പ്രസിദ്ധ മൊഴി അറിയപ്പെട്ടതാണ്.
ശൈഖില്ലാത്തവന്റെ ശൈഖ് പിശാചാണ്. ഇതു സാലികിനു ബാധിച്ച പരാമര്‍ശമാണ്. ഏതുപോലെയെന്നാല്‍, ഒരു ഉസ്താദില്‍ നിന്ന് കിതാബോതാതെ മതവിധി പറയാന്‍ ഒരുമ്പെടുന്നവനു പിശാച് വഴികാട്ടിയാകുമെന്നു പറയപ്പെടാറുണ്ട്. ത്വരീഖത്തില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവനു ശൈഖിനെ പിടിക്കല്‍ അനിവാര്യമെന്നു ഉദ്ദേശ്യം. (ഇബ്‌നു അബ്ബാദ്: 2/69, ജാമിഉല്‍ ഉസ്വൂല്‍: 147 തുടങ്ങിയവ കാണുക.)
മുസ്‌ലിംകള്‍ക്കെല്ലാം ശൈഖ് വേണമെന്ന് അതിനര്‍ത്ഥമില്ല. താഴെ ഉദ്ധരണികള്‍ കാണുക: നീ അറിയുക, ബൈഅത്ത് സുന്നത്താണ്; വാജിബല്ല. കാരണം, സ്വഹാബത്ത് നബി(സ)യോട് ബൈഅത്ത് ചെയ്യുകയും തദ്വാരാ അല്ലാഹുവിലേക്ക് അടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബൈഅത്ത് ഉപേക്ഷിക്കുന്നവന്‍ കുറ്റക്കാരനാണെന്നതിനു തെളിവൊന്നുമില്ല. ഇമാമുകളാരുംതന്നെ അത്തരക്കാരനെ എതിര്‍ത്തിട്ടുമില്ല. ആയതിനാല്‍ ബൈഅത്ത് നിര്‍ബന്ധമില്ലെന്നുള്ളത് ഇജ്മാഅ്ഉ ള്ളതുപോലെയായിരിക്കുന്നു. (റൗളത്തുല്‍ മുത്തഖീന്‍, പേജ്: 26)
ബുദ്ധിയുള്ളവര്‍ക്കെല്ലാം മുറബ്ബിയും വഴികാട്ടിയുമായ ഒരു ശൈഖിനെ തേടല്‍ സുന്നത്താകുന്നു. ശൈഖ് തന്റെ അനുയായികളില്‍ നബി(സ) തന്റെ ഉമ്മത്തിലെന്നപോലെയാണ്. ശൈഖില്ലാത്തവന്റെ ശൈഖ് പിശാചാണെന്ന തത്വം വിധിക്കുന്നതും അതുതന്നെ. (റൗളത്തുല്‍ മുത്തഖീന്‍, പേജ്: 177)
എന്നാല്‍ ഇമാം ശഅ്‌റാനിയെ പോലുള്ളവര്‍ പറഞ്ഞ ഒരു വാചകം ശ്രദ്ധിക്കേണ്ടതുണ്ട്. ശൈഖിനെ പിടിക്കലും സുലൂക്കില്‍ പ്രവേശിക്കലും നിര്‍ബന്ധമാണെന്നതില്‍ ത്വരീഖത്തിന്റെ അഹ്‌ലുകാര്‍ ഇജ്മാആയിരിക്കുന്നു എന്നിങ്ങനെ അദ്ദേഹം അല്‍ അന്‍വാറുല്‍ ഖുദ്‌സിയ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അതു മുന്‍ പറഞ്ഞ ഇജ്മാഇനു എതിരല്ല. കാരണം ഇപ്പറഞ്ഞതു മശാഇഖുമാരുടെ ഇജ്മാആണ്. അത് അവരുടെ ഇസ്തിലാഹുമായി ബന്ധപ്പെട്ട ഇജ്മാആണ്. അത്തരം ഇജ്മാഅ് പൊതുവെ ബാധകമാകുന്ന ഇജ്മാഅല്ല.
കൂടാതെ മശാഇഖുമാരുമായി ബന്ധം ചേരുക എന്നതിനു ബൈഅത്തു മാത്രമല്ല വഴി. ജാമിഉല്‍ ഉസ്വൂലില്‍ പറയുന്നു. നീ അറിയുക, ത്വരീഖത്തുകളിലേക്കും മറ്റും ബന്ധം ചേരലും അവ പിടിക്കലും നാലു വിധമുണ്ട്. (1) മുസാഫഹത്ത്, ദിക്ര്‍ ചൊല്ലി കൊടുക്കല്‍, ഖിര്‍ഖ (സ്ഥാനവസ്ത്രം), തലപ്പാവ് എന്നിവ ധരിക്കല്‍ തുടങ്ങിയവ തബര്‍റുകിനോ ബന്ധത്തിനോ മാത്രമായി സ്വീകരിക്കല്‍. (2) മശാഇഖുമാരുടെ ഗ്രന്ഥങ്ങള്‍ അര്‍ത്ഥം നോക്കാതെ പാരായണം ചെയ്യുക. ഇതും രിവായത്തിന്റെ സ്വീകരണമാണ്. തബര്‍റുകിനും നിസബക്കും വേണ്ടിയാകാമിതും. (3) ദിറായത്തിന്റെ സ്വീകരണം. അതു അവരുടെ ഗ്രന്ഥങ്ങള്‍ ആശയം കുരുക്കഴിച്ച് പഠനം നടത്തലാണ്. (4) മുശാഹദ, ഫനാഅ്, ബഖാഅ് തുടങ്ങിയവയ്ക്കു വേണ്ടി പരിശീലനത്തിന്റെയും സംസ്‌കരണത്തിന്റെയും സ്വീകരണം. ഇതാണ് പ്രമുഖവും അപൂര്‍വമായതും. അധിക ത്വരീഖത്തുകളും ഇത് അവലംബിക്കുന്നവയാണ്.
അഞ്ചാമതൊരു ബന്ധം സ്ഥാപിക്കല്‍ കൂടിയുണ്ട്. മഖാഇഖുമാരെ പ്രിയം വയ്ക്കലോടൊപ്പം അല്‍പമെങ്കിലും അവരോട് പിന്‍പറ്റുകയും പങ്കുചേരുകയും ചെയ്യുക. അവരുടെ ഹിസ്ബുകള്‍ ഏതെങ്കിലും ഓതുന്നതു ഇതിനുദാഹരണമാണ്. (ജാമിഉല്‍ ഉസൂല്‍, പേജ്: 20).
മശാഇഖുമാരില്‍ നിന്ന് ദിക്ര്‍ (അമല്‍) സ്വീകരിക്കുന്നതിന്റെ പ്രമാണം കാണുക:
ഇമാം അഹ്‌മദ്, ബസ്സാര്‍, ത്വബ്‌റാനി തുടങ്ങിയവര്‍ പ്രബലമായ പരമ്പരയോടെ നിവേദനം ചെയ്യുന്നു: ''ഒരു ദിവസം റസൂല്‍(സ)യും സ്വഹാബികളും ഒരുമിച്ചുകൂടിയിരിക്കെ നബി(സ) ചോദിച്ചു. 'നിങ്ങളില്‍ അപരിചിതര്‍ ആരെങ്കിലുമുണ്ടോ?'-വേദക്കാരെയാണ് നബി(സ) ഉദ്ദേശിക്കുന്നത്-സ്വഹാബത് പറഞ്ഞു: 'ഇല്ല റസൂലേ...' നബി(സ) വാതിലടയ്ക്കാന്‍ കല്‍പിച്ചു. തുടര്‍ന്നു പറഞ്ഞു: 'നിങ്ങള്‍ കൈ ഉയര്‍ത്തുവീന്‍. എന്നിട്ട് ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുവീന്‍.' ശദ്ദാദ് ബ്‌നു ഔസ്(റ) പറയുന്നു: 'അപ്പോള്‍ ഞങ്ങള്‍ കുറച്ചു സമയം കൈകളുയര്‍ത്തി. ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഉരുവിടുകയും ചെയ്തു.'
ഒരു സംഘത്തിന് ഒരുമിച്ച് ദിക്ര്‍ ചൊല്ലിക്കൊടുക്കുന്നതിന്റെ തെളിവാണിത്. ഇനി ഒരു വ്യക്തിക്ക് ഒറ്റക്ക് ദിക്ര്‍ ചൊല്ലിക്കൊടുക്കുന്നതിന്റെ തെളിവ് കാണുക:
അലി(റ) ചോദിച്ചു: 'റസൂലേ, അല്ലാഹുവിലേക്കുള്ള ഏറ്റവും എളുപ്പകരവും അടുപ്പമുള്ളതും ശ്രേഷ്ഠകരവുമായ വഴി എനിക്ക് പറഞ്ഞുതരുമോ?'
റസൂല്‍(സ) പറഞ്ഞു: 'അലീ, നീ പതുക്കെയും ഉറക്കെയും അല്ലാഹുവിന്റെ ദിക്ര്‍ പതിവാക്കുക.' അപ്പോള്‍ അലി(റ) പറഞ്ഞു: 'റസൂലേ, എല്ലാവരും ദിക്ര്‍ ചൊല്ലുന്നവരാണല്ലോ. എനിക്കു സ്വന്തമായി എന്തെങ്കിലും പറഞ്ഞുതരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' റസൂല്‍(സ) പറഞ്ഞു: 'നിശ്ശബ്ദമാകൂ അലീ, ഞാനും മുന്‍കഴിഞ്ഞ പ്രവാചകന്മാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ ദിക്ര്‍ ലാഇലാഹ ഇല്ലല്ലാഹ് ആണ്. ഏഴു ആകാശവും ഏഴു ഭൂമിയും ഒരു തട്ടിലും ലാഇലാഹ ഇല്ലല്ലാഹ് മറ്റൊരു തട്ടിലും വച്ചാല്‍ ലാഇലാഹ ഇല്ലല്ലാഹ് ആയിരിക്കും പ്രബലമാവുക. തസ്വവ്വുഫിന്റെ ഗ്രന്ഥങ്ങളില്‍ മുരീദ് ശൈഖുമാരില്‍ നിന്ന് ദിക്ര്‍ ഏറ്റെടുക്കുന്നതിനെ തെളിവായി സര്‍വ്വത്ര ഉദ്ധരിക്കാറുള്ളവയാണ് ഈ രണ്ടു ഹദീസുകളും.''
A comprehensive analysis of Tasawwuf (Sufism) in Islam: its origin, linguistic derivation, definition, and its integral connection with Shariah, Tariqah, and Haqiqah. Explores its authenticity based on Hadith Jibreel and the views of prominent Islamic scholars.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."