ബംഗ്ലാദേശിലെ അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല; ഒപ്പം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തീവ്ര വിദ്വേഷം കാണാതിരിക്കാനുമാകില്ല: അര്‍ഷദ് മദനി
ന്യൂഡല്‍ഹി: രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ബംഗ്ലാദേശിലെ അക്രമസംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഒപ്പം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തീവ്ര വിദ്വേഷം കാണാതിരിക്കാനുമാകില്ലെന്നും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് അര്‍ഷദ് മദനി. ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങളോട് പ്രതികരിച്ച മദനി, അയല്‍രാഷ്ട്രത്തിലെ സ്ഥിതി അത്യന്തം മോശമാണെന്നും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് പൂര്‍ണമായി വിരുദ്ധമാണെന്നും പറഞ്ഞു. അതേസമയം ഇന്ത്യയിലും മതതീവ്രവാദവും വിദ്വേഷവും ആശങ്കാജനകമായി വര്‍ധിച്ചുവരുന്നുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശില്‍ നടക്കുന്നത് അത്യന്തം മോശമാണ്. ഇത് കേവലം കൊലപാതകമല്ല, ക്രൂരതയുടെയും കാടത്തത്തിന്റെയും പരകോടിയാണ്. അതിനെ എത്ര അപലപിച്ചാലും മതിയാകില്ല. ഒരുവിധത്തിലുള്ള ആക്രമണങ്ങള്‍ക്കും ഇസ്ലാം അനുവാദം നല്‍കുന്നില്ല. ഇത് ചെയ്തവര്‍ ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ ലംഘിച്ചതോടൊപ്പം ഇസ്ലാമിന്റെ പ്രതിച്ഛായയും കളങ്കപ്പെടുത്തി. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം.
ബംഗ്ലാദേശിലെ അക്രമത്തെ അപലപിച്ച് തന്നെ, ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷത്തെക്കുറിച്ചും അദ്ദേഹം ഗുരുതര ആശങ്ക പ്രകടിപ്പിച്ചു. ക്രിസ്ത്യന്‍ സമുദായത്തിനെതിരായ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയ മദനി, ക്രിസ്മസ് ആഘോഷവേളയില്‍ വര്‍ഗീയവാദികള്‍ ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞു. ഇത് ഭരണഘടന ഉറപ്പുനല്‍കിയ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്. ബിഹാറിലെ നളന്ദയില്‍ വസ്ത്രം വില്‍ക്കുകയായിരുന്ന മുസ്ലിം യുവാവിനെ പേരും മതവും ചോദിച്ച ശേഷം ക്രൂരമായി മര്‍ദിച്ച് കൊന്നു. കേരളത്തിലും സമാനമായ സംഭവം പുറത്തുവന്നു. ഛത്തിസ്ഗഡില്‍ ദലിത് യുവാവിനെ ബംഗ്ലാദേശി എന്ന് ആരോപിച്ചും കൊലപ്പെടുത്തി. ബംഗാളില്‍നിന്നുള്ള മുസ്ലിം തൊഴിലാളിയെ ഒഡീഷയില്‍ വച്ചും മര്‍ദിച്ചുകൊന്നു. വര്‍ധിച്ചുവരുന്ന ഇത്തരം സംഭവങ്ങളില്‍ ഭരണകൂടം മൗനംപാലിക്കുന്നത് നിരാശാജനകമാണ്. കേന്ദ്രസര്‍ക്കാരോ ബി.ജെ.പി നേതാക്കളോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ
ഇത്തരം സംഭവങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. ബംഗ്ലാദേശ് സംഭവത്തെക്കുറിച്ച് ചാനലുകളില്‍ ചര്‍ച്ച നടക്കുമ്പോള്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള മൗനം അത്യന്തം ഖേദകരമാണ്. ഈ ഇരട്ടത്താപ്പിനെ നാം എന്ത് വിളിക്കും?- അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."