ആറു പതിറ്റാണ്ടിന്റെ പഴക്കം, ഒടുവിൽ കൈയേറ്റം എന്ന് മുദ്ര; സംഭലിൽ വീണ്ടും ബുൾഡോസർ രാജ്; ആശങ്കയൊഴിയാതെ ജനങ്ങൾ
ലഖ്‌നൗ: തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദിനോടു ചേര്‍ന്നുള്ള പ്രദേശത്ത് കൂട്ട ബുള്‍ഡോസര്‍രാജിന് നീക്കം. അനധികൃത നിര്‍മാണവും കൈയേറ്റവും ആരോപിച്ച് പ്രദേശത്തെ 23 കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. കോട്ട് പൂര്‍വി പ്രദേശത്തെ റവന്യൂ രേഖകളില്‍ ശ്മശാനഭൂമിയായി രേഖപ്പെടുത്തിയ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം നടത്തിയപ്പോള്‍ ഭാഗികമായി അനധികൃത കൈയേറ്റം കണ്ടെത്തിയെന്ന് ആരോപിച്ചാണ് നടപടി. നോട്ടീസ് നല്‍കിയതെല്ലാം മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കെതിരേയാണ്. ആറും ഏഴും പതിറ്റാണ്ടുകള്‍ വരെ പഴക്കമുള്ള കെട്ടിടങ്ങളാണ് കൈയേറ്റം ആരോപിച്ച് പൊളിക്കാന്‍ നീക്കം നടക്കുന്നത്. നോട്ടീസിന് മറുപടി തൃപ്തികരമോ നിയമപരമായി സാധുവോ അല്ലെങ്കില്‍ നീക്കം ചെയ്യല്‍ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു.
ഇത് ഞങ്ങളുടെ പാരമ്പര്യ ഭൂമിയാണെന്നും ഇവിടെ 10 കടകള്‍ക്കും മുകളില്‍ വീടുകളും ഉണ്ടെന്നും രേഖകളും അംഗീകൃത മാപ്പുകളും കൈവശമുണ്ടെന്നും താമസക്കാരില്‍ ഒരാളായ ഡോ. ഫിറോസ് പറഞ്ഞു. പിതാവിന് 80 വയസ്സായി. അദ്ദേഹം ഇവിടെയാണ് ജീവിച്ചത്. മുത്തച്ഛനും ഇവിടെ താമസിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് തലമുറകളായി ഞങ്ങളുടെ കുടുംബം ഇവിടെ താമസിക്കുന്നുണ്ടെന്ന് മറ്റൊരു താമസക്കാരന്‍ മുഹമ്മദ് ഗുലാം വാരിസ് പറഞ്ഞു. ഇത് ഞങ്ങളുടെ പാരമ്പര്യ സ്ഥലമാണ്. രേഖകളും ഞങ്ങളുടെ പക്കലുണ്ട്. ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ അത് കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഷാഹി മസ്ജിദിലെ വിവാദ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലിസിന്റെ നടപടി തുടരുന്നതിനിടെയാണ് പുതിയ നീക്കം. ഇത് പ്രദേശത്തെ മുസ്ലിംകള്‍ക്കിടയില്‍ ഭീതിസൃഷ്ടിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് വന്‍ പൊലിസ് സന്നാഹത്തെയും നിയോഗിച്ചു. 10 പൊലിസ് സ്റ്റേഷനുകളില്‍നിന്നുള്ള സേന, ഒമ്പത് എസ്.എച്ച്.ഒമാര്‍, അഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു കമ്പനി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി, ദ്രുത കര്‍മ സേന എന്നിവ വിന്യസിച്ചതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് കുല്‍ദീപ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."