പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം, എട്ടോളം പേർക്ക് ഗുരുതര പരുക്ക്
ബെംഗളൂരു: കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും എട്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ബെലഗാവി ജില്ലയിലെ മരകുമ്പി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ് അപകടമുണ്ടയത്. വിക്രം ഇനാംദാർ എന്നയാളുടെ ഉടമസ്ഥയിലുള്ളതാണ് ഫാക്‌ടറി.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബോയിലർ പൊട്ടിത്തെറിച്ചത്. അപകടം പ്ലാന്റിലെ തൊഴിലാളികളിൽ പരിഭ്രാന്തി പരത്തി. സ്ഫോടനത്തിൽ ബോയിലറിൽ നിന്നുള്ള ഉരുകിയ ചൂടുള്ള വസ്തുക്കൾ ജോലിയിൽ ഉണ്ടായിരുന്ന തൊഴിലാളികളുടെ മേൽ വീണതായും പെട്ടെന്ന് ഉണ്ടായ കടുത്ത ചൂട് മൂലം നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റതായും പൊലിസ് പറഞ്ഞു. പരുക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയാതായി ബെലഗാവി റൂറൽ ജില്ലാ സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു.
"രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നിരവധിപേർക്ക് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നാല് തൊഴിലാളികളുടെ നില ഗുരുതരമാണ്," ഉദ്യോഗസ്ഥർ പറഞ്ഞു.
പരുക്കേറ്റ തൊഴിലാളിയിൽ ഒരാളെ ബെയ്‌ൽഹോങ്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി ബെലഗാവിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവർക്ക് തീവ്രപരിചരണം നൽകുന്നുണ്ടെന്നും ഗുരുതരമായി പൊള്ളലേറ്റവരെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.
ബോയിലർ പൊട്ടിത്തെറിച്ചതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലിസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. അതേസമയം മുൻകരുതൽ എന്ന നിലയിൽ ഫാക്ടറി പ്രവർത്തനങ്ങൾ നിർത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."