1976ല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ 'ബുള്‍ഡോസര്‍ രാജ്' നടന്ന തുര്‍ക്ക്മാന്‍ ഗേറ്റ്: ഒഴിപ്പിക്കലിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബോള്‍ഡോസര്‍ രാജിന് സാക്ഷ്യംവഹിച്ചതും ഡല്‍ഹിയിലെ ബി.ജെ.പി സര്‍ക്കാര്‍ ഇന്നലെ പുലര്‍ച്ചെ ഒഴിപ്പിക്കല്‍ നടത്തിയ അതേ തുര്‍ക്ക്മാന്‍ ഗേറ്റില്‍. ഒഴിപ്പിക്കല്‍ നടപടികളും അതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷവും, അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ബുള്‍ഡോസര്‍ രാജും വെടിവയ്പ്പും ഒരിക്കലൂടെ പ്രദേശവാസികളുടെ മനസ്സുകളിലെത്തി.
1976ല്‍ ഇതേ മണ്ണില്‍ നടന്ന രക്തരൂക്ഷിതമായ കൂട്ടക്കൊലയുടെ ഇരകളുടെ ഇന്നത്തെ തലമുറയാണ് ബുധനാഴ്ച പുലര്‍ച്ചെ ബുള്‍ഡോസറുകളുടെ ശബ്ദം കേട്ട് എഴുന്നേറ്റത്. അടിയന്തരാവസ്ഥാ കാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണവും നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ പേരിലുള്ള നടപടികളുമാണ് അന്ന് തുര്‍ക്ക്മാന്‍ ഗേറ്റിനെ ചോരയില്‍ മുക്കിയത്. സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ ദരിദ്ര മുസ്ലിംകള്‍ താമസിച്ചിരുന്ന ചേരികള്‍ പൊളിച്ചുനീക്കാന്‍ സഞ്ജയ് ഗാന്ധി ഉത്തരവിടുകയായിരുന്നു. ഔദ്യോഗിക പദവികളൊന്നുമില്ലാതെയായിരുന്നു സഞ്ജയ് ഗാന്ധിയുടെ ഈ അധികാര പ്രയോഗം.
1976 ഏപ്രില്‍ 19ന് ബുള്‍ഡോസറുകളെ തടയാന്‍ ഫൈസ് ഇലാഹി പള്ളിക്ക് മുന്നില്‍ അയ്യായിരത്തിലധികം വരുന്ന ജനങ്ങള്‍ തടിച്ചുകൂടി. പ്രതിഷേധക്കാരെ നേരിടാന്‍ പൊലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ജനക്കൂട്ടത്തിന് നേരെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. സ്വതന്ത്ര ഏജന്‍സികളുടെ കണക്കനുസരിച്ച് നാനൂറോളം പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസ് സ്വാഗതം ചെയ്തു
ന്യൂഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റിലെ ഇന്നലത്തെ പൊളിക്കല്‍ നടപടികളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യുന്നത് നല്ല കാര്യമാണെന്നും ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സന്ദീപ് ദീക്ഷിത് പറഞ്ഞു. ബി.ജെ.പി പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും കോടതി വിധി നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനാണ് സന്ദീപ്.
പള്ളിയോടനുബന്ധിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത് പുലര്‍ച്ചെ 1.30ന്
തുര്‍ക്ക്മാന്‍ ഗേറ്റില്‍ രാംലീലാ മൈതാനിക്കടുത്ത് സയ്യിദ് ഫൈസേ ഇലാഹി പള്ളിയുടെയും ശ്മശാനത്തിന്റെയും ഭാഗങ്ങളും അനുബന്ധ ഭൂമിയിലെ കെട്ടിടങ്ങളുമാണ് കൈയേറ്റമെന്നാരോപിച്ച് ഇന്നലെ പുലര്‍ച്ചെ 1.30ന് അധികൃതര്‍ ബുള്‍ഡോസറുകളുമായെത്തി പൊളിച്ചു നീക്കിയത്. പൊളിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് പൊളിക്കല്‍ നടന്നത്. പ്രതിഷേധിച്ച നാട്ടുകാര്‍ പൊലിസുമായി ഏറ്റുമുട്ടി. കല്ലേറില്‍ അഞ്ചു പൊലിസുകാര്‍ക്ക് പരുക്കേറ്റു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് അഞ്ചു പ്രദേശവാസികളെ അറസ്റ്റ് ചെയ്തു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊളിച്ചു നീക്കല്‍ നടത്തിയതെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടായിട്ടില്ലെന്നുമാണ് ഡല്‍ഹി പൊലിസ് മേധാവിയുടെ അവകാശവാദം. എന്നാല്‍ ബുള്‍ഡോസര്‍ രാജ് സംബന്ധിച്ചുള്ള സുപ്രിംകോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു ഡല്‍ഹിയില്‍ വീണ്ടും അരങ്ങേറിയ പൊളിക്കല്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
30 ബുള്‍ഡോസറുകളും 50 ട്രക്കുകളും
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ മുന്നൂറോളം വരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളുമാണ് 30 ബുള്‍ഡോസറുകളും 50 ട്രക്കുകളുമായി പൊളിച്ചുനീക്കാനെത്തിയത്. ഒരു ഹാളും ഡിസ്‌പെന്‍സറിയും പൊളിക്കാനാണ് എത്തിയതെന്നും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന് കരുതിയാണ് നടപടി രാത്രിയിലാക്കിയതെന്നും പൊലിസ് അവകാശപ്പെട്ടു. മൂന്നു മാസത്തിനുള്ളില്‍ തുര്‍ക്മാന്‍ ഗേറ്റിനു സമീപത്ത് രാംലീല മൈതാനിയിലെ 38,940 സ്‌ക്വയര്‍ ഫീറ്റ് വരുന്ന അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ചു നീക്കണമെന്ന് 2025 നവംബറില്‍ ഹൈക്കോടതി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്‍കിയിരുന്നു.
0.195 ഏക്കര്‍ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇതിന് അപ്പുറമുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റാന്‍ ബാധ്യസ്ഥരാണെന്നും പള്ളിയുടെ മാനേജിങ് കമ്മിറ്റിയോ ഡല്‍ഹി വഖ്ഫ് ബോര്‍ഡോ ഭൂമിയുടെ ഉടമസ്ഥാവകാശമോ നിയമപരമായ കൈവശാവകാശമോ സ്ഥാപിക്കുന്നതിന് യാതൊരു രേഖാമൂലമുള്ള തെളിവുകളും ഹാജരാക്കിയിട്ടില്ലെന്നും ഡിസംബറില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പറഞ്ഞിരുന്നു. റോഡിന്റെ ഭാഗങ്ങള്‍, നടപ്പാത, പാര്‍ക്കിങ് ഏരിയ, ഒരു സ്വകാര്യ ഡയഗനോസ്റ്റിക് സെന്റര്‍ എന്നിവയാണ് കൈയേറ്റങ്ങളില്‍ ഉള്‍പ്പെടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
പൊളിക്കാനുള്ള ഭാഗങ്ങള്‍ ജനുവരി ഒന്നിന് അടയാളപ്പെടുത്തിയതിനെത്തുടര്‍ന്ന് പള്ളി മാനേജിങ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കിയത്.
വഖ്ഫ് ഭൂമിയെന്ന് പള്ളിക്കമ്മിറ്റി
ന്യൂഡല്‍ഹി: സ്ഥലത്തെ മസ്ജിദ്, ദര്‍ഗ, ഒരു ശ്മശാനം എന്നിവ ഒരു നൂറ്റാണ്ടിലേറെ മുമ്പ് വഖ്ഫ് ആയി സ്ഥാപിക്കപ്പെട്ടതാണെന്നും അന്നുമുതല്‍ മുസ്‌ലിംകള്‍ ഈ സ്വത്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്നുമാണ് പള്ളിക്കമ്മിറ്റി അവകാശപ്പെടുന്നത്. ശ്മശാനം കാലക്രമേണ ഉപയോഗത്തിലില്ലായിരുന്നു. എന്നാല്‍ പള്ളിയും ദര്‍ഗയും പ്രവര്‍ത്തനക്ഷമമായി തുടര്‍ന്നു. വഖ്ഫ് ഭൂമിയുടെ ഭാഗമായ തുറന്ന സ്ഥലം സൗജന്യ വൈദ്യപരിശോധനകള്‍ നടത്തല്‍, റേഷന്‍ വിതരണം, വിവാഹങ്ങള്‍ തുടങ്ങിയവയ്ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. ഈ സ്ഥലത്തുള്ള കെട്ടിടമാണ് പൊളിച്ചു നീക്കിയിരിക്കുന്നത്.
വഖ്ഫ് ഭൂമിയെന്ന് അമാനത്തുല്ല ഖാനും
ന്യൂഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റിലെ ബുള്‍ഡോസര്‍ രാജ് നടന്നത് വഖ്ഫ് ഭൂമിയിലെന്ന് എ.എ.പി എം.എല്‍.എയും ഡല്‍ഹി മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുല്ല ഖാന്‍. വിജ്ഞാപനം ചെയ്യപ്പെട്ട 123 വഖ്ഫ് സ്വത്തുക്കളില്‍ ഉള്‍പ്പെട്ട ഭൂമിയാണ് അധികൃതര്‍ ഏകപക്ഷീയമായി തകര്‍ത്തതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെയും ഡല്‍ഹിയിലെയും സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പള്ളിക്ക് സമീപമുള്ള വിവാഹ മണ്ഡപവും ഡിസ്‌പെന്‍സറിയും ഖബര്‍സ്ഥാനും ലക്ഷ്യംവച്ചാണ് ബുള്‍ഡോസറുകള്‍ എത്തിയത്. പാവപ്പെട്ടവര്‍ക്ക് സഹായമാകുന്ന സ്ഥാപനങ്ങളെ തകര്‍ക്കുന്നത് എന്തിനാണ്?- ഖാന്‍ ചോദിച്ചു.
Sumamry: The Delhi authorities recently carried out a late-night demolition drive at Turkman Gate to remove alleged encroachments near the Sayyid Faiz-e-Ilahi Mosque, sparking violent clashes between residents and police. This action has revived painful memories of the 1976 "Bulldozer Raj" during the Emergency, when a similar beautification drive led by Sanjay Gandhi resulted in a bloody massacre in the same area. While the mosque committee and AAP leaders claim the demolished structures stood on Waqf land, the High Court cleared the action after the authorities argued that no legal ownership documents were produced. Notably, senior Congress leader Sandeep Dikshit supported the drive, stating that while the BJP may target specific communities, the removal of illegal constructions following court orders is a necessary step.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."