ഉർദു ഭാഷാ പഠനം നേരിടുന്നത് കടുത്ത അവഗണന; അധ്യാപക നിയമനങ്ങൾ അനിശ്ചിതത്വത്തിൽ
മലപ്പുറം: സംസ്ഥാനത്തെ ഗവ. കോളജുകളിൽ ഉർദു ഭാഷാ പഠനം നേരിടുന്നത് കടുത്ത അവഗണന. അധ്യാപക നിയമനത്തിലെ പുതിയ മാനദണ്ഡങ്ങളും അധികൃതരുടെ താൽപ്പര്യമില്ലായ്മയും കാരണം പല കോളജുകളിലും ഉർദു പഠന വിഭാഗങ്ങൾ ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്. മലപ്പുറം ഗവൺമെന്റ് വനിതാ കോളജ്, മങ്കട ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിൽ നിലവിൽ സിംഗിൾ ഫാക്കൽറ്റി മാത്രമേയുള്ളൂ. 2015 വരെ 14 പിരീഡുകൾ ഉള്ള സിംഗിൾ ഫാക്കൽറ്റി തസ്തികകളിൽ സ്ഥിരം നിയമനം നടത്തിയിരുന്നു. എന്നാൽ, ആഴ്ചയിൽ 16 പിരീഡ് വർക്ക് ലോഡ് ഉണ്ടെങ്കിൽ മാത്രമേ സ്ഥിരംനിയമനം നടത്താവൂ എന്ന സർവകലാശാലയുടെ പുതിയ നിയമമാണ് ഉർദു പോലുള്ള ഭാഷാ വിഷയങ്ങൾക്ക് തിരിച്ചടിയായിരിക്കുന്നത്.
മതിയായ വർക്ക് ലോഡ് ഇല്ലെന്ന കാരണത്താൽ കോഴിക്കോട് കുന്ദമംഗലം ഗവൺമെന്റ് കോളജിലെ ഉർദു ഫാക്കൽറ്റി തസ്തിക ഇതിനോടകം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അധ്യാപകരുടെ അഭാവം വിദ്യാർഥികളെ ഈ വിഷയത്തിൽ നിന്ന് അകറ്റാൻ കാരണമാകുന്നുണ്ട്. ഉർദു അധ്യാപക നിയമനത്തിനായുള്ള നിലവിലെ പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടെങ്കിലും ഒരാൾക്ക് പോലും നിയമനം നൽകാൻ അധികൃതർ തയാറായിട്ടില്ല. 2019ൽ വിജ്ഞാപനം പുറപ്പെടുവിച്ച് 2023 ഫെബ്രുവരിയിൽ നിലവിൽവന്ന ഉർദു അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടിക (കാറ്റഗറി നമ്പർ: 284/2019) ഒരൊറ്റ നിയമനം പോലും നടക്കാതെ അടുത്തമാസം റദ്ദാക്കപ്പെടാൻ പോവുകയാണ്. ക്രിയേറ്റ് ചെയ്ത പോസ്റ്റുകളുടെ അഭാവം കൊണ്ടാണ് പട്ടികയിൽ നിന്ന് നിയമനം നടക്കാത്തത് എന്നാണ് അധികൃതർ പറയുന്നത്. അടിയന്തരമായി തസ്തികകൾ അനുവദിക്കാത്തപക്ഷം ഉർദു ഭാഷാ പഠനം സംസ്ഥാനത്തെ സർക്കാർ കലാലയങ്ങളിൽ നിന്ന് അപ്രത്യക്ഷമായേക്കാവുന്ന സാഹചര്യമാണുള്ളത്. കാലിക്കറ്റ് സർവകലാശാലയിൽ ഉർദു ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയിട്ട് എട്ടു വർഷം പിന്നിട്ടിട്ടും ഒരു സ്ഥിരംനിയമനം പോലും നടത്താത്തത് ഉർദുവിനോടുള്ള അവഗണനയുടെ ആഴം വ്യക്തമാക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉർദു ഭാഷ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."