In Depth Story: കശുവണ്ടി കച്ചവടത്തിലൂടെ വിദ്യാഭ്യാസ വിപ്ലവം തീര്‍ത്തു, മാലിക് ഇബ്‌നു ദീനാറിന്റെ വംശ പരമ്പര,'കാശ്യൂ കിങ്' എന്ന തങ്ങള്‍ കുഞ്ഞ് മുസ്ലിയാരെ അറിഞ്ഞിരിക്കാം
കേരളത്തിന്റെ മണ്ണിലേക്ക് ആദ്യമായി ഇസ്ലാമിന്റെ വെളിച്ചം കൊണ്ടു വന്ന മാലിക് ഇബ്‌നു ദീനാറിന്റെ വംശ പരമ്പരയില്‍ പെടുന്ന, മദ്ധ്യ വര്‍ഗ്ഗ മുസ്ലിം തങ്ങള്‍ കുടുംബത്തില്‍ ജനിച്ച മനുഷ്യന്‍. വെള്ള തലപ്പാവും, വെള്ള വസ്ത്രവും ധരിച്ച് ആ മനുഷ്യന്‍ തെരുവുകളിലൂടെ നടക്കുന്നത് കണ്ടാല്‍ നിത്യേനെ നമ്മള്‍ കാണുന്ന ഒരു സാധാരണ മുസ്ലിം പുരുഷനായി മാത്രമെ ഒരു പക്ഷെ അയാളെ വിലയിരുത്തുകയുള്ളൂ. 69 വര്‍ഷത്തെ തന്റെ ജീവിതം കൊണ്ട് കേരളത്തിലെ വ്യാവസായിക വിദ്യാഭ്യാസ മേഖലകളില്‍ വലിയ വിപ്ലവം സൃഷ്ടിച്ച, അമേരിക്കയിലെ ഫോര്‍ച്യൂണ്‍ മാഗസീന്‍ പോലും പുകഴ്ത്തിയെഴുതിയ, മത നിരപേക്ഷ നിലപാടുകള്‍ കൊണ്ട് വരും കാലത്തിന് മാതൃകയായ ആ സാധാരണ മനുഷ്യന്‍ എന്നാല്‍ അത്ര സാധാരണക്കാരനല്ല. കേരളത്തിലെ കൊല്ലം ജില്ലയില്‍ ജനിച്ച തങ്ങള്‍ കുഞ്ഞ് മുസ്ലിയാര്‍ കശുവണ്ടി കച്ചവടത്തിലും, അടിസ്ഥാന ജന വിഭാഗത്തിന്റെ വിദ്യാഭ്യാസ മേഖലയിലും തുടങ്ങി വെച്ച സംരംഭങ്ങള്‍ ലോകം ഇന്നും അത്ഭുതത്തോടെ നോക്കി കാണുകയാണ്.
ജനനവും കച്ചവട സംരംഭങ്ങളും:
അഹ്മദ് കുഞ്ഞ് മുസ്ലിയാരിന്റെ മകനായി കൊണ്ട് 1897 ജനുവരി 12നാണ് തങ്ങള്‍ കുഞ്ഞ് മുസ്ലിയാര്‍ ജനിക്കുന്നത്. വംശ വേര് മാലിക് ഇബ്‌നു ദീനാറിലേക്ക് ചെന്നെത്തി നില്‍ക്കുന്ന ഒരു മദ്ധ്യ വര്‍ഗ്ഗ മുസ്ലിം കുടുംബത്തിലായിരുന്നു ജനനം.
ജോലി തേടി സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ബ്രൂണയി തുടങ്ങിയ രാജ്യങ്ങളില്‍ കറങ്ങി തിരിച്ചെത്തിയ തങ്ങള്‍ നാട്ടില്‍ കശുവണ്ടി സംസ്‌കരണ യൂണിറ്റിന് തുടക്കം കുറിച്ചു. 1940കളില്‍ ആരംഭിച്ച ഈ സംരംഭം വളരെ വേഗത്തില്‍ തന്നെ വിജയം കണ്ടു. കര്‍ഷകരില്‍ നിന്ന് കശുവണ്ടി സ്വീകരിച്ച് സംസ്‌കരിച്ച ശേഷം വലിയ വലിയ വ്യവസായശാലക്കള്‍ക്ക് നല്‍കുന്ന രീതിയായിരുന്നു തങ്ങളുടേത്. 'തങ്ങള്‍ കുഞ്ഞ് മുസ്ലിയാര്‍ ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരില്‍ ആരംഭിച്ച ഈ സംരംഭം 1940കളില്‍ തന്നെ 26 യൂണിറ്റുകള്‍ക്ക് കീഴില്‍ ഏതാണ്ട് 30,000 ആളുകള്‍ ജോലി ചെയ്യുന്ന വലിയ സ്ഥാപനമായി മാറുന്നുണ്ട്. ദേശീയഅന്തര്‍ദേശീയ ഇടങ്ങളില്‍ തങ്ങള്‍ അറിയപ്പെട്ടിരുന്നത് 'കാശ്യൂ കിംഗ്' എന്ന പേരിലായിരുന്നു. കശുവണ്ടി കച്ചവടത്തില്‍ തന്റെ സാമ്രാജ്യം സൃഷ്ടിച്ച തങ്ങള്‍ കുഞ്ഞ് മുസ്‌ലിയാരെ അമേരിക്കയിലെ ബിസിനസ്സ് മാഗസീന്‍ ഫോര്‍ച്യൂണ്‍ വിശേഷിപ്പിച്ചത് ആ കാലത്തിലെ ഏറ്റവും വലിയ തൊഴിലുടമയായ വ്യക്തിയെന്നാണ്.
ഖദീജ കുഞ്ഞ്, നബീസ ബീവി, ആയിഷ ബീവി എന്നിവരാണ് തങ്ങളുടെ ജീവിത പങ്കാളികള്‍. ഈ മൂന്ന് ഭാര്യമാരില്‍ 21 മക്കളുണ്ട് തങ്ങള്‍ക്ക്. ഇവരില്‍ പലരും വ്യാവസായിക, സാങ്കേതിക, അക്കാദമിക രംഗത്തെ പ്രഗത്ഭരാണ്.
സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകള്‍:
കേവലം കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അത് കൊണ്ട് ലാഭം ഉണ്ടാക്കി സ്വന്തം കാര്യം നോക്കി ജീവിച്ചിരുന്ന മനുഷ്യനായിരുന്നില്ല തങ്ങള്‍. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ കൂടി സമാനതകള്‍ ഇല്ലാത്ത സംഭാവനകള്‍ തങ്ങള്‍ നല്‍കിയതായി കാണാം.
വിജ്ഞാനപോഷിണി പ്രസിദ്ധീകരണാലയവും, പ്രഭാതം ദിനപത്രവും ഇതിന് ഉദാഹരണമാണ്. ഇതിന് പുറമെ പ്രകൃതി, തത്വ ചിന്ത സംബന്ധമായ പുസ്തകവും തങ്ങള്‍ രചിച്ചിട്ടുണ്ട്.
1956ല്‍ ആരംഭിച്ച ടി കെ എം എഡ്യൂക്കേഷണല്‍ ട്രസ്റ്റാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഈ ട്രസ്റ്റ് വേഗത്തില്‍ വളരുകയും ട്രസ്റ്റിന് കീഴില്‍ ടി കെ എം കോളേജ് ഓഫ് ഇഞ്ചിനിയറിങ്ങ്, ടി കെ എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ടി കെ എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി, ടി കെ എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ടി കെ എം ഹയര്‍ സെക്കന്ററി സ്‌കൂള്‍, ടി കെ എം സെന്റിനറി പബ്ലിക്ക് സ്‌കൂള്‍, ടി കെ എം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍ നിലനില്‍ക്കുന്നുണ്ട്.
ഇതിന് പുറമെയാണ് പിന്നാക്ക വിഭാഗത്തില്‍ പെടുന്ന ഈഴവ സമുദായത്തിന് കൂടി വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കിയ തങ്ങള്‍ അവരോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെ കുറിച്ച് സംസാരിക്കുന്നത്. എസ് എന്‍ ട്രസ്റ്റിന് കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി തങ്ങള്‍ കൊല്ലം ജില്ലയില്‍ ഈഴവര്‍ക്ക് സ്ഥലം വാങ്ങി നല്‍കുകയും, സ്ഥാപനം തുടങ്ങുന്നതിനായി പണം ദാനം നല്‍കുകയും ചെയ്തു. അങ്ങനെ എസ് എന്‍ ട്രസ്റ്റിന് കീഴില്‍ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി. ഈഴവര്‍ തങ്ങളോട് ഇതിന് നന്ദി കാണിച്ചത് അദ്ദേഹത്തെ എസ് എന്‍ ട്രസ്റ്റിന്റെ ഡയറക്ടറാക്കി കൊണ്ടാണ്. എസ് എന്‍ ട്രസ്റ്റിലെ ഈഴവനല്ലാത്ത ഒരേയൊരു ഡയറക്ടര്‍ ഈ കാലം വരെയും തങ്ങള്‍ കുഞ്ഞ് മുസ്ലിയാര്‍ മാത്രമാണ്.
അറുപത്തിയൊമ്പതാം വയസ്സില്‍ 1966 ഫെബ്രവരി 19നാണ് അദ്ദേഹം മരണപ്പെടുന്നത്.
Thangal Kunju Musaliar (1897–1966) was a visionary industrialist and philanthropist from Kollam, Kerala, famously known as the 'Cashew King.' He revolutionized the cashew industry in the 1940s, establishing a massive business empire that employed nearly 30,000 people and earned him recognition from America's Fortune magazine as a premier employer of his time. Beyond business, he was a champion of secularism and education, founding the TKM College of Engineering and various other institutions under the TKM Educational Trust. His legacy is also marked by his unique contribution to the Ezhava community, where he provided land and funds to help establish S.N. Trust institutions, becoming the only non-Ezhava director in the Trust's history.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."