ഇംഗ്ലണ്ട് ക്രിക്കറ്റിൽ വൻ വിവാദം; മദ്യപിച്ച് ലക്കുകെട്ട് നൈറ്റ് ക്ലബ്ബിൽ അടിപിടി; ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്റെ നായകസ്ഥാനം തെറിച്ചേക്കും
ലണ്ടൻ: ആഷസ് പരമ്പരയിലെ കനത്ത തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിൽ വൻ വിവാദം. ഇംഗ്ലണ്ട് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനും വെളുത്ത പന്ത് ക്രിക്കറ്റിലെ നായകനുമായ ഹാരി ബ്രൂക്ക് മദ്യപിച്ച് നിശാക്ലബ്ബിൽ ബൗൺസറുമായി അടിപിടി കൂടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ താരത്തിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കുമെന്നാണ് സൂചന.
വെല്ലിംഗ്ടണിലെ ആ രാത്രി
കഴിഞ്ഞ നവംബറിൽ ന്യൂസീലൻഡ് പര്യടനത്തിനിടെ വെല്ലിംഗ്ടണിലായിരുന്നു സംഭവം. ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിന് തൊട്ടുതലേന്നുള്ള രാത്രിയിൽ മദ്യപിച്ച് ലക്കുകെട്ട ബ്രൂക്ക് ഒരു നിശാക്ലബ്ബിൽ പ്രവേശിക്കാൻ ശ്രമിച്ചു. എന്നാൽ താരം അമിതമായി മദ്യപിച്ചെന്ന് കണ്ട് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. ഇതോടെ ബ്രൂക്ക് ബൗൺസറുമായി വാക്കുതർക്കത്തിലേർപ്പെടുകയും അത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. അടിപിടിക്കിടെ ബ്രൂക്കിന് മുഖത്ത് ഇടിയേറ്റതായും റിപ്പോർട്ടുകളുണ്ട്.
പിഴയും താക്കീതും
സംഭവം പുറത്തറിഞ്ഞതോടെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) കടുത്ത നടപടിയെടുത്തു. ബോർഡിന്റെ അച്ചടക്ക നിയമങ്ങൾ ലംഘിച്ചതിന് താരത്തിന് ഏകദേശം 30,000 പൗണ്ട് (ഏകദേശം 32 ലക്ഷം രൂപ) പിഴ ചുമത്തുകയും കടുത്ത താക്കീത് നൽകുകയും ചെയ്തു. ജേക്കബ് ബെത്തെൽ, ഗസ് അറ്റ്കിൻസൺ എന്നിവരും ബ്രൂക്കിനൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ ക്ലബ്ബിൽ പ്രവേശിച്ചിരുന്നില്ല. ക്ലബ് അധികൃതർ പൊലിസിൽ പരാതിപ്പെടാതിരുന്നതിനാലാണ് ബ്രൂക്ക് അന്ന് വലിയ നടപടികളിൽ നിന്ന് രക്ഷപ്പെട്ടത്.
വിവാദങ്ങൾ വിട്ടുമാറാതെ ഇംഗ്ലണ്ട് ടീം
ആഷസ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങളുടെ അച്ചടക്കമില്ലായ്മ വീണ്ടും ചർച്ചയാവുകയാണ്.രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനും ഇടയിലുള്ള ഒമ്പത് ദിവസത്തെ ഇടവേളയിൽ ഇംഗ്ലീഷ് താരങ്ങൾ ആറ് ദിവസത്തോളം മദ്യപാനത്തിൽ മുഴുകിയതായി റിപ്പോർട്ടുകളുണ്ട്.നൂസ ബീച്ച് റിസോർട്ടിൽ താമസിക്കവെ ചില താരങ്ങൾ റോഡരികിലിരുന്ന് പോലും മദ്യപിച്ച ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഈ സംഘത്തിലും ഹാരി ബ്രൂക്കിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെ നടന്ന മത്സരത്തിൽ 11 പന്തിൽ 6 റൺസ് മാത്രമെടുത്ത് ബ്രൂക്ക് പുറത്തായിരുന്നു. ടീമിന്റെ മോശം പ്രകടനവും അച്ചടക്ക ലംഘനങ്ങളും കൂടി പരിഗണിച്ച് ബ്രൂക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്. തന്റെ പെരുമാറ്റത്തിൽ ഖേദിക്കുന്നതായും ടീമിന് നാണക്കേടുണ്ടാക്കിയതിൽ മാപ്പ് ചോദിക്കുന്നതായും ബ്രൂക്ക് പ്രസ്താവനയിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."