ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍
ഗസ്സ: ഇനിയും അവസാനിക്കാത്ത വംശഹത്യാ ആക്രമണങ്ങള്‍ ഗസ്സക്കുണ്ടാക്കിയ നഷ്ടങ്ങള്‍ എണ്ണിക്കണക്കാനാവുന്നതല്ല. ജീവനഷ്ടം മുതല്‍ തുടങ്ങുന്നു അത്. അവരുടേതെന്ന് പറഞ്ഞ് ആ മണ്ണില്‍ ഇനി ഒന്നും ശേഷിക്കുന്നില്ലെന്നതാണ് വാസ്തവം. പ്രിയപ്പെട്ടവര്‍ ഏറെ കൊല്ലപ്പെട്ടു. കാണാതായി. ജീവനോടെ ശേഷിച്ചവരില്‍ പലരും അംഗവൈകല്യ സംഭവിച്ചവരാണ്.
ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ രണ്ടുവര്‍ഷത്തിലേറെയായി നടത്തുന്ന വംശഹത്യയ്ക്കിടെയുണ്ടായ ബോംബാക്രമണങ്ങളില്‍ 35,000 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും 'ഭാഗികമായോ പൂര്‍ണ്ണമായോ' കേള്‍വിശക്തി നഷ്ടപ്പെട്ടതായി പുതുതായി പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
'തലക്കോ കഴുത്തിനോ ഉണ്ടാകുന്ന പരുക്കുകള്‍, തലച്ചോറിനുണ്ടാകുന്ന ആഘാതം മൂലം കര്‍ണപടലം പൊട്ടല്‍, ശ്രവണവ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ എന്നിവ മൂലം കേള്‍വിക്കുറവ് ഉണ്ടാകാം. ഒരാള്‍ക്ക് ശാരീരികമായി പരുക്കേറ്റിട്ടില്ലെങ്കില്‍ പോലും ശബ്ദ തരംഗങ്ങള്‍ക്ക് വിധേയമാകുന്നതിലൂടെയും ഇത് സംഭവിക്കാമെന്നും ബധിരര്‍ക്കായുള്ള അത്ഫാലുന സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോളജിസ്റ്റായ ഡോ. റമദാന്‍ ഹുസൈന്‍ പറഞ്ഞു.
'ഈ ശ്രവണ വൈകല്യങ്ങള്‍ മിക്കപ്പോഴും മാറ്റാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബോംബാക്രമണത്തില്‍ കേള്‍വിശക്തി നഷ്ടപ്പെട്ട 12 വയസ്സുകാരി ഡാന എന്ന പെണ്‍കുട്ടിയെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഗസ്സ സിറ്റിയിലെ തന്റെ മുറിയില്‍ വിശ്രമിക്കുമ്പോഴാണ് ഒരു ഇസ്‌റാഈലി മിസൈല്‍ അവളുടെ കെട്ടിടത്തിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ പതിക്കുന്നത്. സ്‌ഫോടനത്തില്‍ നിന്ന് ഡാന രക്ഷപ്പെട്ടെങ്കിലും അവള്‍ക്ക് കേള്‍വി നഷ്ടപ്പെട്ടു.
അതീഭീകരമായിരുന്നു സ്‌ഫോടനമെന്ന് ഡാനയുടെ പിതാവ് പറയുന്നു. അവളുടെ മുറിയുടെ വാതിലുകള്‍ തകര്‍ക്കുകയും ജനാലകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു. ഡാനക്ക് വളരെ ഗുരുതരമായ കേള്‍വിക്കുറവ് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
'സ്‌ഫോടനത്തിന്റെ ശക്തി കാരണം ശ്രവണ നാഡിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പൂര്‍ണമായും നശിച്ചു എന്ന് തന്നെ പറയാം. അവര്‍ കൂട്ടിച്ചേര്‍ത്തു,
അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റേതാണ് മറ്റൊരു അനുഭവം പങ്കുവെക്കുന്നത്.
ഖാന്‍ യൂനിസിലെ അല്‍-മവാസായി പ്രദേശത്തെ കുടുംബത്തിന്റെ കൂടാരത്തില്‍ നിന്ന് ഒരു മീറ്റര്‍ അകലെയാണ് ഒരു ഇസ്‌റാഈല്‍ മിസൈല്‍ പതിക്കുന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കൂടാരം തകര്‍ന്നു. മണലിനടിയില്‍ പൂണ്ടുപോയ നിലയിലായിരുന്നു കുഞ്ഞ്. മണലിനടിയില്‍
'അവന്റെ കാലുകള്‍ പുറത്തേക്ക് തള്ളി നിന്നതിനാലാണ് ഞങ്ങള്‍ അവനെ കണ്ടെത്തിയത്. വല്ലാത്ത അവസ്ഥയിലായിരുന്നു അവന്‍. അവന്‍ മരിക്കാന്‍ പോകുകയാണെന്ന് ഞങ്ങള്‍ കരുതി.പിന്നീട് ജനിച്ച് നാല് മാസത്തെ ചികിത്സക്ക് ശേഷം അവനെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടി' കുട്ടിയുടെ മാതാവ് സഫ പറയുന്നു. എന്നാല്‍ അപ്പോള്‍ തന്നെ കുഞ്ഞിന് എന്തോ കുഴപ്പമുണ്ടെന്ന് താന്‍ ശ്രദ്ധിച്ചതായും അവര്‍ വ്യക്തമാക്കി. ശബ്ദങ്ങളോട് കുട്ടി പ്രതികരിക്കുന്നില്ലായിരുന്നു. ചലനങ്ങള്‍ മാത്രമാണ് അവന്‍ ശ്രദ്ധിച്ചിരുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കേള്‍വി ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി മനസ്സിലായെന്നും അവര്‍ പറഞ്ഞു.
കേള്‍വി പ്രശ്‌നത്തിലെ ഗുരുതരമായ കാലതാമസം ഒഴിവാക്കാന്‍ കുട്ടിക്ക് അടിയന്തിരമായി ഒരു ശ്രവണസഹായി അല്ലെങ്കില്‍ കോക്ലിയര്‍ ഇംപ്ലാന്റ് ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു . എന്നാല്‍ ഇസ്‌റാഈല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും പ്രവേശനം തടഞ്ഞതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല.
'ഏകദേശം ഒരു വര്‍ഷമായി, ഒരു ശ്രവണസഹായി പോലും ഗാസ മുനമ്പില്‍ എത്തിയിട്ടില്ല,' ഡോ. ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി, 'ബാറ്ററികളും നിരോധിച്ചിരിക്കുന്നതിനാല്‍, ഇതിനകം തന്നെ അവ ഉള്ളവര്‍ക്ക് പോലും അവ ഉപയോഗിക്കാന്‍ കഴിയില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇയര്‍ മോള്‍ഡുകള്‍ നിര്‍മ്മിക്കാനുള്ള ലബോറട്ടറികളും കേള്‍വി വൈകല്യങ്ങള്‍ ചികിത്സിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇസ്‌റാഈലിന്റെ ആക്രമണം മൂലം നശിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മാത്രമല്ല, അഭയാര്‍ത്ഥി ക്യാംപുകളിലെ സ്ഥിതി വഷളാകുന്നതും പോഷകാഹാരക്കുറവും പ്രാഥമിക ശുശ്രൂഷയുടെ അഭാവവും മൂലം അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
'ചെവിയില്‍ ബാധിക്കുന്ന ചെറിയ അണുബാധകള്‍ പോലും, കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ സ്ഥിരമായ കേള്‍വിക്കുറവിന് കാരണമാകുമെന്ന്' അറ്റ്ഫാലുന ഡയറക്ടര്‍ ഫാദി ആബെദ് മുന്നറിയിപ്പ് നല്‍കുന്നു.
2023 ഒക്ടോബര്‍ 7 മുതല്‍, അമേരിക്കന്‍ പിന്തുണയോടെ ഇസ്‌റാഈല്‍ സൈന്യം ഗസ്സയില്‍ ആരംഭിച്ച വംശഹത്യ യുദ്ധത്തില്‍ ഇതുവരെ 71,300-ലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും 171,000-ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും പലായനം ചെയ്തിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇത്രയേറെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെട്ട സ്ഥിതി ലോകത്ത് വേറെ ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് ആളുകളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
a new report reveals that israeli bombardments in gaza have caused partial or complete hearing loss to more than 35,000 children and adults, with medical aid and hearing devices blocked amid an ongoing humanitarian catastrophe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."