ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ടരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തതിന് പിന്നാലെ റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് തന്ത്രിയെ റിമാൻഡ് ചെയ്തത്. കേസിൽ തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ്ജയിലിലേക്ക് മാറ്റി.
താന്ത്രിക വിധികൾ ലംഘിച്ച് കട്ടിളപ്പാളികൾ കടത്താൻ തന്ത്രി കൂട്ടുനിന്നുവെന്നാണ് അറസ്റ്റ് റിപ്പോർട്ടിലെ പ്രധാന ആരോപണം. ദേവന്റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. താന്ത്രിക വിധികൾ പാലിക്കാതെ നടന്ന ഈ നടപടിക്ക് തന്ത്രി മൗനാനുവാദം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പാളികൾ കൈമാറിയപ്പോൾ അത് തടയാൻ തന്ത്രി തയ്യാറായില്ല. ആചാരലംഘനം നടന്നിട്ടും അത് തടയുന്നതിന് പകരം തന്ത്രി ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത് തന്ത്രിയാണെന്ന് കേസിലെ മറ്റൊരു പ്രതിയായ പത്മകുമാറിന്റെ മൊഴിയുണ്ട്.
അറസ്റ്റിലായ കണ്ടരര് രാജീവരെ കൊട്ടാരക്കരയിലെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതിന് മുമ്പാകെ ഹാജരാക്കി. തേവള്ളിയിലെ ജഡ്ജിയുടെ ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്. കേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ 13 ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.
ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത തന്ത്രിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ, താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങൾക്ക് "സ്വാമി ശരണം" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവിൽ തന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ബിപി, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്നും വൈദ്യപരിശോധന നടത്തിയ ഡോക്ടർമാർ അറിയിച്ചു.
The Special Investigation Team (SIT) has arrested and remanded Sabarimala Tantri Kantararu Rajeevaru in connection with the gold theft case involving temple doorplates (kattilappali). According to the arrest report, the Tantri colluded in violating sacred rituals by allowing the plates to be handed over to Unnikrishnan Potty without the deity’s permission or following tantric procedures. While the Tantri maintains his innocence, the police allege he provided "guilty silence" and assistance during the unauthorized removal of the temple property.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."