പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ
കോഴിക്കോട്: സംസ്ഥാനതല പ്രിസൺമീറ്റിന് മുന്നോടിയായി സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ മാരത്തൺ. മേഖലാതല മീറ്റ് സംഘടിപ്പിക്കുന്നതിനും തുടർന്ന് സംസ്ഥാനതല മീറ്റ് സംഘടിപ്പിക്കുന്നതിനും മതിയായ ഫണ്ടില്ലാത്ത സാഹചര്യത്തിലാണ് സംഘാടകർ സ്‌പോൺസറെ കണ്ടെത്താനായി ഓട്ടം തുടങ്ങിയത്. ഉത്തരമേഖല, മധ്യമേഖല, ദക്ഷിണമേഖല മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി സർക്കാർ 50,000 രൂപ വീതമാണ് അനുവദിച്ചത്. കൂടാതെ സംസ്ഥാനതല മീറ്റിന് 50,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ മീറ്റിന്റെ വിജയകരമായ നടത്തിപ്പിലേക്കായി ജീവനക്കാരുടെ വിഹിതമായി 500 രൂപ വീതം ശേഖരിക്കുന്നുണ്ട്. എന്നാൽ ഈ തുകകൊണ്ട് പ്രിസൺമീറ്റ് സംഘടിപ്പിക്കാൻ സാധ്യമല്ലെന്നാണ് പറയുന്നത്.
അത്‌ലറ്റിക്‌സ്, സ്‌പോർട്‌സ് ആൻഡ് ഗെയിംസ്, കലാമത്സരങ്ങൾ എന്നീ ഇനങ്ങളിൽ 24 മത്സരങ്ങളാണ് മീറ്റിന്റെ ഭാഗമായി നടത്തുന്നത്. ജയിലുകളിൽ മത്സരങ്ങൾ നടത്തുന്നതിന് പരിമിതികൾ ഉള്ളതിനാൽ പലയിടത്തും ഗ്രൗണ്ടുകൾ വാടകക്കെടുത്താണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിനുപുറമെ വിവിധ ജയിലുകളിൽ നിന്നുള്ള ജീവനക്കാരെ മേഖലാ- സംസ്ഥാന മീറ്റുകൾക്ക് എത്തിക്കുന്നതിന് യാത്രാ ചെലവും ആവശ്യമാണ്. കൂടാതെ മീറ്റ് നടക്കുന്ന സ്ഥലത്തേക്ക് ആവശ്യമായ വെള്ളം, വെളിച്ചം, മറ്റു അനുബന്ധ വസ്തുക്കൾ, മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള ജെഴ്‌സി എന്നിവയ്ക്കും വലിയ തുക വേണ്ടിവരും. ജീവനക്കാരുടെ മാനസിക സംഘർഷം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രിസൺ മീറ്റിന് അനുമതി നൽകിയത്. നിലവിൽ മീറ്റ് നടത്തിപ്പിനുള്ള ചെലവ് കണ്ടെത്തേണ്ടതിന്റെ ബാധ്യതയിലാണ് ജീവനക്കാരുള്ളത്. മൂന്നാമത് സംസ്ഥാനതല പ്രിസൺമീറ്റ് ഫെബ്രുവരി അവസാനവാരം തൃശൂരിലാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ഉത്തര, ദക്ഷിണ മേഖലാ മത്സരങ്ങൾ ഈ മാസം അവസാന ആഴ്ചയും മധ്യമേഖലയിൽ ഫെബ്രുവരി ആദ്യആഴ്ചയും അതത് മേഖലയിൽ വച്ചു തന്നെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."