എസ്.ഐ.ആർ: പ്രവാസി വോട്ടർ അപേക്ഷകൾ ഒരു ലക്ഷം കടന്നില്ല; സാങ്കേതിക തടസത്തിൽ ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് 20 ദിവസം പിന്നിടുമ്പോഴും പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ വർധനവില്ല. 55,905 പേരാണ് കരട് വോട്ടർപട്ടിക വന്ന ശേഷം ഫോം 6എ പൂരിപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയത്. കരട് പട്ടികയ്ക്ക് മുമ്പ് 32,925 അപേക്ഷകൾ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിരുന്നു. രണ്ടും കൂടി പരിഗണിച്ചാലും ആകെ അപേക്ഷകൾ ഒരുലക്ഷത്തിൽ താഴെ മാത്രമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ 89,839 പ്രവാസി വോട്ടർമാരാണുണ്ടായിരുന്നത്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളും മറ്റുമാണ് അപേക്ഷകരുടെ എണ്ണം കുറയുന്നതിന് കാരണമെന്നാണ് പ്രവാസി സംഘടനകൾ പറയുന്നത്. മാതാപിതാക്കൾ ഇന്ത്യൻ പൗരൻമാരായ ഇന്ത്യക്ക് പുറത്തു ജനിച്ചവർക്ക് അപേക്ഷ നൽകുന്നതിന് നിലനിൽക്കുന്ന സാങ്കേതിക പ്രശ്‌നം ഒഴിവാക്കാൻ ഇതുവരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തിട്ടില്ല. ഓൺലൈനിൽ അപേക്ഷ നൽകുമ്പോൾ ഇന്ത്യയ്ക്കുള്ളിൽ ജനിച്ച ഏതെങ്കിലും സ്ഥലത്തിന്റെ പേര് മാത്രമാണ് നൽകാനാവുക. രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചതിനെ തുടർന്ന്, നവംബറിൽ തന്നെ ഇക്കാര്യം സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. എന്നാൽ ഒരു നടപടിയും ഇതുവരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
അതേസമയം, എസ്.ഐ.ആറുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞ ആഴ്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പ്രവാസി സംഘടനകളുടെ യോഗം ഓൺലൈനിൽ വിളിച്ചുചേർത്തിരുന്നു.
20 days after the provisional voter list release, 55,905 nri applications were received, showing no major rise in additions to the voter list.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."