In Depth Story: ഇന്ത്യയില്‍ മുസ്ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലകളും നാടുകടത്തലും വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകളുമായി സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിന്‍
തെക്ക് ഏഷ്യന്‍ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെയും, അവിടങ്ങളില്‍ മത ന്യൂനപക്ഷങ്ങളും മറ്റും നേരിടുന്ന അക്രമങ്ങളെയും പഠിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്യുന്ന സംഘമായ സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിന്‍ നിലവില്‍ കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യ രാജ്യത്ത് സംഭവിച്ച ആള്‍ക്കൂട്ട കൊലപാതകത്തിന്റെയും, പൗരത്വത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട മനുഷ്യരുടെ കണക്കും പുറത്ത് വിട്ടിരിക്കുകയാണ്. 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ ഏറിയതിന് ശേഷം മുസ്ലിംകള്‍ക്കും, ദളിതര്‍ക്കും നേരെ വലിയ രീതിയിലുള്ള അക്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. പശു കടത്തിന്റെ പേരിലോ, ബീഫ് കയ്യില്‍ വെച്ചെന്ന് പറഞ്ഞോ, ലവ് ജിഹാദ് ആരോപിച്ചോ, മത പരിവര്‍ത്തനത്തിന് ശ്രമം നടത്തിയെന്നതിന്റെ പേരിലോ ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്റ്റേറ്റിന്റെയോ, ആള്‍ക്കൂട്ടത്തിന്റെയോ മര്‍ദ്ദനത്താല്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഇത് വരെയും നൂറിലേറെ മുസ്ലിംകളും, ദളിതരും ഉള്‍പ്പെടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മത പരിവര്‍ത്തനത്തിന്റെ പേരില്‍ അക്രമങ്ങള്‍ ഏറ്റു വാങ്ങുന്ന ക്രിസ്തീയ പുരോഹിതന്മാരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിന്‍ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ അക്രമ പരമ്പരകളുടെ കണക്കുകള്‍ പുറത്ത് വിടുന്നത്.
മുസ്ലിംകളുടെ എണ്ണം:
സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിനിന്റെ കണക്ക് പ്രകാരം 2023ല്‍ ഇന്ത്യയില്‍ ഒട്ടാകെ കൊല്ലപ്പെട്ടത് 45 പേരാണ്. അതില്‍ 20 ആളുകളെ സ്റ്റേറ്റും, 25 ആളുകളെ തീവ്ര ഹിന്ദുത്വവാദികളും ചേര്‍ന്നാണ് കൊലപ്പെടുത്തുന്നത്. 2024ല്‍ അത് 36 ആകുന്നു. സ്റ്റേറ്റ് കൊലപ്പെടുത്തിയ മുസ്ലിംകളുടെ എണ്ണം ഇരുപത്തിയൊന്നും, ഹിന്ദുത്വവാദികളാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചുമാകുന്നു. 2025ല്‍ എത്തുമ്പോള്‍ 23 മുസ്ലിംകളെ സ്റ്റേറ്റ് കൊലപ്പെടുത്തിയപ്പോള്‍, ഹിന്ദുത്വവാദികളാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. ഒട്ടാകെ 2025ല്‍ കൊല്ലപ്പെട്ട മുസ്ലിംകളുടെ എണ്ണം 50 ആകുന്നു.
സ്റ്റേറ്റ് കൊലപ്പെടുത്തിയ 23 മുസ്ലിംകള്‍:
എട്ടില്‍ അധികം പൗരന്മാര്‍ കൊല്ലപ്പെടുന്നത് കശ്മീരിന്റെ സുരക്ഷ സേനയുടെ കൈകളാലാണ്. യുപിയില്‍ പോലീസ് 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടതാകട്ടെ ആറില്‍ അധികം മുസ്ലിംകളും. കുടിയൊഴിപ്പിക്കലിന്റെ ഇടയില്‍ അസ്സമില്‍ ഒരു മുസ്ലിമിന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. മറ്റു സന്ദര്‍ഭങ്ങളിലായി രണ്ട് മുസ്ലിം കുട്ടികള്‍ സ്റ്റേറ്റിന്റെ കൈകളാല്‍ കൊല്ലപ്പെട്ടു.
ഹിന്ദുത്വവാദികളാല്‍ കൊല്ലപ്പെട്ട 27 മുസ്ലിംകള്‍:
ബംഗ്ലാദേശിയെന്ന് ആരോപിച്ചും, പശു സംരക്ഷണത്തിന്റെ പേരിലും കഴിഞ്ഞ വര്‍ഷം ഹിന്ദുത്വവാദികളാല്‍ കൊല്ലപ്പെട്ടത് ഏതാണ്ട് 27 മുസ്ലിംകളാണ്. ഇതിന് പുറമെ ദളിത് വിഭാഗത്തിലുള്ള ആളുകളും അക്രമങ്ങള്‍ നേരിടുകയും, കൊല്ലപ്പെടുകയുമുണ്ടായി.
യുപിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 6 മുസ്ലിംകളാണ് ഹിന്ദുത്വ അക്രമത്തില്‍ കൊല്ലപ്പെടുന്നത്. ബിഹാറിലും, ത്രിപുരയിലും നാല് മുസ്ലിംകള്‍ വീതം കൊല്ലപ്പെട്ടു. ബംഗ്ലാദേശിയെന്ന് ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട 5 ഇരകളില്‍ നാല് മുസ്ലിംകളും, ഒരു ദളിതനും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിനിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒമ്പത് മുസ്ലിംകള്‍ കൊല്ലപ്പെട്ടതാകട്ടെ പശു സംരക്ഷണത്തിന്റെ പേരിലും. ഹിന്ദുത്വ വാദികളുടെ അക്രമങ്ങളെ തുടര്‍ന്ന് രണ്ട് മുസ്ലിംകളും, ഒരു ഹിന്ദുവും കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്യുകയുമുണ്ടായി.
ബംഗ്ലാദേശി എന്നാരോപിച്ച് നാട് കടത്തപ്പെട്ട മുസ്ലിംകള്‍:
2025 മെയ് മാസം തൊട്ട് മാത്രം ബംഗാളി സംസാരിക്കുന്ന ഏതാണ്ട് നാലായിരത്തിലധികം മുസ്ലിംകളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നാട് കടത്തിയിട്ടുണ്ട് എന്നാണ് സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിനിന്റെ കണ്ടെത്തല്‍.
1,880ല്‍ അധികം മുസ്ലിംകളെ മെയ് മാസത്തിനു ജൂലൈയ്ക്കുമിടയില്‍ ബംഗ്ലാദേശിലേക്ക് നാട് കടത്തിയിട്ടുണ്ടത്രെ.
2000ല്‍ അധികം മുസ്ലിംകളെയാണ് അസ്സമില്‍ നിന്ന് മാത്രം ഒക്ടോബര്‍ ഡിസംബര്‍ മാസത്തിനിടയില്‍ ബംഗ്ലാദേശിലേക്ക് നാട് കടത്തിയത്.
140 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും സര്‍ക്കാര്‍ മ്യാന്മറിലേക്ക് നാട് കടത്തുകയുണ്ടായി. ഇതില്‍ 40 പേരെ കടലിലാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
ബംഗ്ലാദേശിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ അല്ലെന്ന പേരില്‍ പറഞ്ഞു വിട്ട ഏതാണ്ട് 200 പേരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യന്‍ പൗരരെന്ന് കണ്ടെത്തി തിരിച്ചയക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
അന്യായമായി തടവിലാക്കപ്പെട്ട മുസ്ലിംകള്‍:
അസ്സമില്‍ മാത്രം 2500ല്‍ അധികം ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകള്‍ തടവിലാക്കപ്പെടുകയോ, രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുകയോ ചെയ്യുകയുണ്ടായി. പശു സംരക്ഷണത്തിന്റെ പേരില്‍ ജൂണ്‍ - ജൂലൈ മാസം മാത്രം 300ല്‍ അധികം മുസ്ലിംകള്‍ അസ്സമില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ 100ല്‍ അധികം മുസ്ലിംകളെയാണ് യുഎപിഎ ചുമത്തി അസ്സം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സപ്തംബര്‍ നവംബര്‍ മാസത്തിനിടയില്‍ 'ഐ ലവ് മുഹമ്മദ്' കാമ്പയിനിന്റെ പേരില്‍ 110ല്‍ അധികം മുസ്ലിംകള്‍ യുപിയില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പശു സംരക്ഷണത്തിന്റെ പേരിലും, മത പരിവര്‍ത്തനത്തിന്റെ പേരിലും നൂറിലധികം മുസ്ലിംകള്‍ യു പിയില്‍ വേറെയും അറസ്റ്റ് ചെയ്യപ്പെട്ടു.
ഒഡിഷയില്‍ 440ല്‍ അധികം ബംഗാളി മുസ്ലിം കുടിയേറ്റകാരായ തൊഴിലാളികളെയാണ് ബംഗ്ലാദേശികള്‍ എന്ന് ആരോപിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷം തടവിലാക്കിയത്.
ഗുജറാത്തില്‍ കഴിഞ്ഞ മെയ് - ജൂണ്‍ മാസത്തിനിടയില്‍ തടവിലാക്കപ്പെട്ട ബംഗാളി മുസ്ലിംകളുടെ എണ്ണം ഏതാണ്ട് 6500ല്‍ അധികം വരും.
കശ്മീരില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ മരണത്തെ തുടര്‍ന്നുണ്ടായ സൈനിക ഇടപെടലില്‍ കഴിഞ്ഞ ഫെബ്രവരിയില്‍ മാത്രം ഏതാണ്ട് 500ല്‍ അധികം മുസ്ലിംകള്‍ തടവിലാക്കപ്പെട്ടു. പഹല്‍ഗാം അക്രമത്തെ തുടര്‍ന്ന് കശ്മീരില്‍ മാത്രം തടവിലാക്കപ്പെട്ടത് ഏതാണ്ട് 3000ല്‍ അധികം മുസ്ലിംകളാണ്. ഡല്‍ഹിയിലെ ബോംബ് അക്രമണത്തിന് ശേഷം കശ്മീരില്‍ തടവിലാക്കപ്പെട്ടത് ഏതാണ്ട് ആയിരത്തില്‍ അധികം മുസ്ലിംകളാണ് എന്നാണ് സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിനിന്റെ കണ്ടെത്തല്‍.
English summary: The South Asia Justice Campaign has released a disturbing report documenting a surge in human rights violations and communal violence in India over the past few years. According to the data, 2025 alone saw the killing of 50 Muslims, with 23 deaths attributed to state actions and 27 to mob violence by Hindutva extremists, often under the guise of cow protection or citizenship allegations. The report also highlights a massive crackdown on Bengali-speaking Muslims, noting that over 4,000 individuals were deported to Bangladesh since May 2025, while thousands more remain arbitrarily detained across various states.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."