പാഠഭാഗം(നോട്ട്) എഴുതിയില്ലെന്ന് ആരോപിച്ച് ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; കൈ അടിച്ചുപൊട്ടിച്ചു
കൊല്ലം: പാഠഭാഗങ്ങള്‍ എഴുതി തീര്‍ത്തില്ലെന്ന നിസ്സാര കാരണത്താല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദിച്ചു. കൊല്ലം മേവറത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മയ്യനാട് സ്വദേശിയായ പതിനാറുകാരനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥിയുടെ വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലുള്ള ഭാഗം അടിയേറ്റ് പൊട്ടിയിട്ടുണ്ട്.
സ്‌കൂളില്‍ വിടാതെ ഇരുത്തി എഴുതിച്ചു; പിന്നാലെ ക്രൂരത
നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വിദ്യാര്‍ത്ഥി ഏതാനും ദിവസങ്ങള്‍ ട്യൂഷന് എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ നോട്‌സ് എഴുതി തീര്‍ക്കാനായി കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ സ്‌കൂളില്‍ വിടാതെ ട്യൂഷന്‍ സെന്ററില്‍ തന്നെ ഇരുത്തിക്കുകയായിരുന്നു എന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇന്നലെ വൈകിട്ട് ക്ലാസിലെത്തിയ പ്രിന്‍സിപ്പല്‍, നോട്ട് പൂര്‍ത്തിയായില്ലെന്ന് ആരോപിച്ച് ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി തല്ലുകയായിരുന്നു.
സംഭവം മറച്ചുവെക്കാന്‍ ശ്രമം
മര്‍ദനത്തിന് പിന്നാലെ സ്ഥാപന അധികൃതര്‍ തന്നെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാല്‍ കുട്ടിക്ക് 'ചെറിയ മുറിവ്' പറ്റിയെന്നും അതിനാല്‍ വീട്ടില്‍ കൊണ്ടുവിടുകയാണെന്നുമാണ് ഇവര്‍ മാതാപിതാക്കളോട് പറഞ്ഞത്. കുട്ടിയെ വീട്ടിലാക്കിയ ശേഷം ഇവര്‍ വേഗത്തില്‍ മടങ്ങുകയും ചെയ്തു. രാത്രി അച്ഛന്‍ എത്തിയപ്പോഴാണ് കുട്ടിയുടെ കൈ അടിയേറ്റ് പൊട്ടിയ നിലയില്‍ കണ്ടത്. കൈക്ക് പുറമെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മര്‍ദനമേറ്റ് നീലിച്ച പാടുകളുണ്ട്.
സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശാരീരിക പീഡനം നിരോധിച്ചിരിക്കെ, ഒരു സ്വകാര്യ സ്ഥാപനത്തില്‍ നടന്ന ഈ അതിക്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
A Plus One student in Kollam suffered a fractured hand after being brutally beaten with a cane by a private tuition centre principal for not completing notes, prompting the family to seek legal action amid public outrage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."