തീതുപ്പുന്ന കാറുമായി ബംഗളൂരു നഗരത്തിൽ മലയാളി വിദ്യാർഥിയുടെ അഭ്യാസം; 1.11 ലക്ഷം രൂപ ഫൈൻ അടിച്ചുകൊടുത്ത് ട്രാഫിക് പൊലിസ്
ബംഗളൂരു: മോഡിഫൈ ചെയ്ത കാറുമായി ബംഗളൂരുവിലെത്തി സ്റ്റണ്ട് നടത്തിയ മലയാളി വിദ്യാർഥിക്ക് വൻതുക പിഴയിട്ട് യെലഹങ്ക റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്. 1.11 ലക്ഷം രൂപയാണ് തീ തുപ്പുന്ന വിധത്തിൽ കാറിൽ മോഡിഫിക്കേഷൻ വരുത്തിയ വിദ്യാർഥിക്ക് പിഴ ലഭിച്ചത്. നിരവധി വാഹനങ്ങൾ ഉള്ള നഗരത്തിൽ തീതുപ്പി വാഹനമോടിച്ച് പരിഭ്രാന്തി പരത്തിയതിനും പൊതുശല്യമുണ്ടാക്കിയതിനുമാണ് പിഴ ചുമത്തിയത്.
കാറിന്റെ എക്‌സ്‌ഹോസ്റ്റിൽ നിന്ന് തീ ഉയരുന്ന വീഡിയോ ഉൾപ്പെടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്വീറ്റ് ചെയ്താണ് ബംഗളൂരു ട്രാഫിക് പൊലിസ് വിവരം പങ്കുവെച്ചത്. 111500 രൂപ പിഴ അടച്ചതിൻറെ രസീതും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ കൂടുതൽ പേരും പൊലിസ് നടപടിയെ പ്രശംസിച്ചു.
കണ്ണൂർ സ്വദേശിയായ എഞ്ചിനിയറിങ് വിദ്യാർഥിയാണ് നഗരത്തിൽ അഭ്യാസപ്രകടനം നടത്തിയത്. 2026 പുതുവത്സരം ആഘോഷിക്കാൻ എത്തിയതായിരുന്നു ഇയാളെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. 2002 മോഡൽ ഹോണ്ട സിറ്റി ആണ് മോഡിഫിക്കേഷൻ വരുത്തി വാഹനമോടിക്കുമ്പോൾ എക്സ്ഹോസ്റ്റ് വഴി പുക തുപ്പുന്ന രൂപത്തിലേക്ക് മാറ്റിയത്. കാർ പോകുമ്പോൾ വലിയ ശബ്ദവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ബംഗളൂരു നഗരത്തിലൂടെ ഈ വാഹനം ആളുകളിൽ ഭീതിപരത്തി പായുകയായിരുന്നു.
സംഭവം നേരിട്ടുകണ്ട നിരവധി ആളുകൾ പരാതി നൽകിയതായി ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൊലിസ് റിപ്പോർട്ടിനെത്തുടർന്ന്, യെലഹങ്ക ആർടിഒ വാഹനം പരിശോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. വടക്കുകിഴക്കൻ ബംഗളൂരുവിലെ ഭാരതീയ സിറ്റിയിലാണ് കാർ കണ്ടെത്തിയത്. പിന്നീട് കാറിനെക്കാൾ കൂടുതൽ പിഴ ഈടാക്കിയാണ് വാഹനം വിട്ടുകൊടുത്തത്. ഇത് ആവർത്തിക്കരുതെന്ന് ആർടിഒ മുന്നറിയിപ്പ് നൽകി.
അതേസമയം, ഈ കാർ ഒരു വർഷത്തോളമായി കേരളത്തിൽ ഓടുന്നുണ്ടെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയ റീൽസിനുവേണ്ടിയാണ് കാറിൽ മോഡിഫിക്കേഷൻ വരുത്തി ഉപയോഗിച്ചിരുന്നത്. കാറിന്റെ ഉടമ ഇത്തരം റീൽസ് സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."