പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ
ബംഗളൂരു: പകൽസമയങ്ങളിൽ ആൺകുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ട് യുവതികളെ വടക്കൻ ബംഗളൂരുവിൽ പൊലിസ് അറസ്റ്റ് ചെയ്തു. തനരി റോഡ് സ്വദേശികളായ ശാലു, നീലു എന്നിവരെയാണ് സമ്പഗെഹള്ളി പൊലിസ് പിടികൂടിയത്. വേഷപ്പകർച്ചയിലൂടെ പൊലിസിനെയും നാട്ടുകാരെയും ഒരുപോലെ കബളിപ്പിച്ച പ്രതികളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുടുക്കിയത്.
മോഷണരീതി ഇങ്ങനെ:
ആർക്കും സംശയം തോന്നാതിരിക്കാൻ കൗമാരക്കാരായ ആൺകുട്ടികളെപ്പോലെ വസ്ത്രം ധരിച്ചാണ് ഇവർ മോഷണത്തിനിറങ്ങുന്നത്.സ്കൂട്ടറിൽ കറങ്ങി നടന്ന് വീടുകൾ നിരീക്ഷിക്കുകയും വീട്ടുകാർ പുറത്തുപോകുന്നത് വരെ കാത്തുനിൽക്കുകയും ചെയ്യും.ആളൊഴിഞ്ഞെന്ന് ഉറപ്പായാൽ ഉടൻ വീടിനകത്ത് അതിക്രമിച്ചു കയറി പണവും ആഭരണങ്ങളും കവരും. അയൽവാസികൾക്ക് പോലും ഇവരെ സംശയം തോന്നിയിരുന്നില്ല.
കുടുങ്ങിയത് സിസിടിവിയിൽ:
ജനുവരി 13-ന് യെലഹങ്ക അഗ്രഹാര ലേഔട്ടിലെ ഓട്ടോ ഡ്രൈവർ സംഗമേഷിന്റെ വീട്ടിൽ നടന്ന മോഷണമാണ് പ്രതികളെ കുടുക്കിയത്. ജോലി കഴിഞ്ഞ് സംഗമേഷ് തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പൊലിസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് ആൺകുട്ടികൾ സ്കൂട്ടറിൽ വന്നുപോകുന്നത് കണ്ടെത്തി. വാഹന നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് ആൺകുട്ടികളല്ല, യുവതികളാണ് മോഷണം നടത്തിയതെന്ന് പൊലിസിന് വ്യക്തമായത്.
ചോദ്യം ചെയ്യലിൽ സമാനമായ രീതിയിൽ പലയിടങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. പകൽസമയത്തും വീടുകൾ സുരക്ഷിതമായി പൂട്ടണമെന്നും സിസിടിവി നിരീക്ഷണം കർശനമാക്കണമെന്നും പൊലിസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."