സമസ്ത നൂറാം വാര്‍ഷികം: ഗ്ലോബല്‍ എക്‌സ്‌പോ നഗരി ഒരുങ്ങുന്നു
കുണിയ (കാസര്‍കോട്): സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ പവലിയനുകൾ ഒരുങ്ങുന്നു. എക്‌സ്‌പോ കാണാന്‍ എത്തുന്നവര്‍ക്ക് കാഴ്ചയുടെ വിസ്മയ ലോകമാണ് പത്ത് പവലിയനുകളിലായി ഒരുക്കുന്നത്.
പൊതുസമ്മേളന നഗരിക്ക് 500 മീറ്ററോളം അകലെയാണ് എക്‌സ്‌പോ പവലിയനുകള്‍. ലോക നാഗരികതയ്ക്ക് ചിന്തയുടെയും കണ്ടുപിടുത്തങ്ങളുടെയും വെളിച്ചം പകര്‍ന്നു നല്‍കിയ ഗോള്‍ഡന്‍ ഏജിന്റെ ദൃശ്യാവിഷ്‌കാരങ്ങള്‍, കേരളീയ പാരമ്പര്യ പൈതൃകങ്ങളുടെ അവതരണം, ഓത്തുപള്ളികളും ദര്‍സുകളും മദ്‌റസകളും അറബിക് കോളജുകളും കൊണ്ട് സമ്പന്നമായ വിദ്യാഭ്യാസ സംവിധാനങ്ങളുടെ പരിചയം, അനുഷ്ഠാനങ്ങളുടെയും ആത്മീയതയുടെയും അകവും പുറവും സംബന്ധിച്ച അറിവു നല്‍കുന്ന കാഴ്ചകള്‍, സമസ്തയുടെ അംഗീകൃത മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മത്സര സ്റ്റാളുകള്‍, ഫത്ഹുല്‍ മുഈന്‍ വിശദീകരിക്കാന്‍ കഴിയുന്ന എ.ഐ ഉസ്താദ് അടക്കമുള്ള ടെക്‌നോളജികളുടെ നൂതന സാധ്യതകളും ഇവിടെ കാണാം.
ഒപ്പം കാലിഗ്രഫി അടക്കമുള്ള ആര്‍ട്ടുകളുടെ വിസ്മയ ലോകം, കുട്ടികള്‍ക്ക് അറിവും കൗതുകവും കൈമാറുന്ന വിശാലമായ ലോകം, വിവിധ വിഷയങ്ങളിലെ പാനല്‍ ഡിസ്‌കഷനുകളും അന്തര്‍ദേശീയ ദേശീയമാപ്പിള കലകളുടെ അവതരണങ്ങളും ഉണ്ടാകും. ഭക്ഷണത്തിന്റെയും വിവിധ വസ്തുക്കളുടേയും വിപണനമൊരുക്കുന്ന മാര്‍ക്കറ്റ് എന്നിവയ്ക്ക് പുറമേ സമസ്തയുടേയുടെയും പോഷക ഘടകങ്ങളുടേയും ചരിത്രവും വര്‍ത്തമാനവും ഭാവിയും അനാവൃതമാകുന്ന ആവിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിസ്മയിപ്പിക്കുന്ന കാഴ്ചകളും ഗ്ലോബല്‍ എക്‌സ്‌പോ നഗരിയില്‍ ഒരുങ്ങും.
ദേശീയപാതയോരത്ത് ഒരുങ്ങുന്ന ഗ്ലോബല്‍ എക്‌സ്‌പോ ഈമാസം 30ന് വൈകുന്നേരം നാലിന് സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളില്‍ സ്ത്രീകള്‍ക്ക് മാത്രം എക്‌സ്‌പോ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി രണ്ടുമുതല്‍ എട്ടുവരെ പുരുഷന്മാര്‍ക്കും സൗകര്യമൊരുക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഈ ദൃശ്യലോകം കാണാന്‍ expo.samastha.info എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.
പ്രൊഫഷനല്‍ മജ്ലിസ് നാളെ
കോഴിക്കോട്: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രൊഫഷനല്‍ മജ്ലിസ് നാളെ രാവിലെ ഒൻപത് മുതല്‍ വൈകീട്ട് അഞ്ചു വരെ കോഴിക്കോട് കിങ്ഫോര്‍ട്ട് ഹോട്ടലില്‍ നടക്കും.
സമസ്തയുടെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രൊഫഷനല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന പ്രൊഫഷനല്‍ മജ്‌ലിസില്‍ അക്കാദമിക്, മെഡിക്കല്‍, മാനേജ്‌മെന്റ്, എൻജിനീയറിങ്, നിയമ, ഐ.ടി, പരിശീലന വിഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷനലുകള്‍ പങ്കെടുക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ അധ്യക്ഷനാകും. എന്‍. പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ശുഹൈബുല്‍ ഹൈതമി വാരാമ്പറ്റ, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, ഡോ. ബഷീര്‍ പനങ്ങാങ്ങര, അശ്‌റഫ് മലയില്‍, ഡോ. നാട്ടിക മുഹമ്മദലി, ഡോ. ഉമറുല്‍ ഫാറൂഖ്, സിറാജ് ഖാസിലേന്‍, മുഹമ്മദ് കുട്ടി പെരിങ്ങാവ് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."