ഒമാനില്‍ മ്വാസലറ്റ് ബസ് സര്‍വീസിന് റെക്കോഡ് യാത്രക്കാര്‍
മസ്‌കത്ത്: ഒമാനിലെ സര്‍ക്കാര്‍ ബസ് സേവനമായ മ്വാസലറ്റ് 2025ല്‍ 50 ലക്ഷം യാത്രക്കാരെ കൊണ്ടുപോയതായി ഗതാഗത, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പൊതു ഗതാഗതം കൂടുതല്‍ ഉപയോഗത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നേറ്റം.
നിലവില്‍ മുസ്‌കത്ത് നഗരത്തില്‍ 12 റൂട്ടുകളിലും സലാലയില്‍ 2 റൂട്ടുകളിലുമാണ് മ്വാസലറ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. വരും ദിവസങ്ങളില്‍ നിസ്വ ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങളിലേക്കും ബസ് സര്‍വീസ് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പൊതു ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം, ബസുകളുടെ ട്രാക്കിംഗ് സംവിധാനം, പുതിയ ബസ് സ്റ്റേഷനുകള്‍ എന്നിവ നടപ്പിലാക്കി വരികയാണ്.
പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാനായി 'ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം' സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ബസുകള്‍ വാങ്ങുന്നതും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതും പരിശോധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് ഇപ്പോള്‍ വിവരശേഖരണ ഘട്ടം മാത്രമാണെന്നും ഔദ്യോഗിക ടെണ്ടര്‍ അല്ലെന്നും വ്യക്തമാക്കി.
അതേസമയം, മസ്‌കത്ത് ഏരിയാ ട്രാഫിക് സ്റ്റഡി 2025 പ്രകാരം നഗരത്തിലെ ഭൂരിഭാഗം യാത്രകളും ഇപ്പോഴും സ്വകാര്യ വാഹനങ്ങളിലൂടെയാണ് നടക്കുന്നത്. കൂടുതല്‍ ആളുകളെ പൊതു ഗതാഗതത്തിലേക്ക് ആകര്‍ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
Mwasalat bus service in Oman recorded a major rise in passengers in 2025, with over 5 million people using the government-run public transport network across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."