ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം
തൃശൂര്‍: അതിജീവനത്തിന്റെ പാതയിൽ അവർക്ക് കരുത്താണ് കല. ഇരുള്‍ നിറഞ്ഞ ഭീതിദമായ രാത്രിയുടെ ഓര്‍മയ്ക്കുമേല്‍ കലയിലൂടെ പുതുവെളിച്ചം അവർ വിതറി, പ്രതീക്ഷയുടെ പുത്തന്‍ പാട്ടുമായി. വയനാട് ചൂരല്‍മല ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവച്ചു.
കുട്ടികളെ നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ മന്ത്രി കെ. രാജനുമെത്തി. ചൂരല്‍മലയിലെ ദുരനുഭവങ്ങള്‍ക്ക് വിട ചൊല്ലുമെന്നും പ്രത്യാശയുടെ പുതുകാലത്തെ വരവേല്‍ക്കുമെന്നുള്ള ഗാനശകലവുമായാണ് വഞ്ചിപ്പാട്ട് മത്സരത്തില്‍ കുട്ടികള്‍ പങ്കുചേര്‍ന്നത്. വെള്ളര്‍മലയിലെ കുട്ടികളും അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷും ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയപ്പോള്‍ കാണികളെല്ലാം കൈയടി മുഴക്കി.
ദുരിതം അനുഭവിച്ച നാടിനോടുള്ള സ്‌നേഹപ്രവാഹമായിരുന്നു കലോത്സവ വേദിയില്‍. ഉണ്ണി മാഷിന്റെ നേതൃത്വത്തില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വയനാടിന്റെ കുട്ടികളെ കാണാന്‍ എത്തിയ മന്ത്രി കെ. രാജന്‍ അവരെ ചേര്‍ത്തുപിടിച്ചു. കുട്ടികള്‍ക്കൊപ്പം മന്ത്രി സമയം ചെലവഴിച്ചത് അവർക്ക് കൂടുതൽ സന്തോഷമേകി.
വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളുമായി മന്ത്രി കെ. രാജന്‍ സന്തോഷം പങ്കുവച്ചപ്പോള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."