ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; വിമാന- ട്രെയിന്‍ സര്‍വിസുകള്‍ വൈകി
ഡല്‍ഹി: ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞും കൊടും തണുപ്പും തുടരുന്നു. ദൃശ്യപരത പൂജ്യത്തിലെത്തിയിരിക്കുകയാണ്. ഇത് വ്യോമ, റെയില്‍, റോഡ് ഗതാഗതത്തെ ബാധിച്ചു. ട്രെയിന്‍- വിമാന സര്‍വിസുകള്‍ വൈകിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്ഥിതി കൂടുതല്‍ വഷളാക്കിക്കൊണ്ട് തലസ്ഥാനത്ത് വായു മലിനീകരണവും കടുത്തതാണ്. ഇന്ന് രാവിലെ 7 മണിക്ക് വായു ഗുണനിലവാര സൂചിക (AQI) 439 ല്‍ എത്തിയതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വായുവിന്റെ ഗുണനിലവാരം വഷളാകുന്ന സാഹചര്യത്തില്‍, ശനിയാഴ്ച ഏറ്റവും കര്‍ശനമായ മലിനീകരണ വിരുദ്ധ നടപടിയായ GRAP-IV പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍.
സഫ്ദര്‍ജംഗില്‍ ദൃശ്യപരത പൂജ്യം മാത്രമാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. മൂടല്‍മഞ്ഞ് കാരണം എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നിവയുള്‍പ്പെടെ നിരവധി വിമാനക്കമ്പനികള്‍ കാലതാമസം ഉണ്ടാകുമെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുറപ്പെടലുകളില്‍ 35 ശതമാനവും എത്തിച്ചേരലുകളില്‍ 27 ശതമാനവും കാലതാമസം ഉണ്ടായതായാണ് ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ്‌റാഡാര്‍24 കാണിക്കുന്നത്.
രാവിലെ 8 മണിക്ക്, ഡല്‍ഹി വിമാനത്താവളം വിമാന പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്നും കുറഞ്ഞ ദൃശ്യപരതയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസവും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞ് മൂടി. പ്രധാന സംസ്ഥാനങ്ങളിലുടനീളം ദൃശ്യപരത ഗണ്യമായി കുറഞ്ഞിരുന്നു.പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം കനത്ത മൂടല്‍മഞ്ഞായിരുന്നു. ഉത്തര്‍പ്രദേശില്‍ സഹാറന്‍പൂര്‍, ഗാസിയാബാദ്, ബറേലി, ഗോരഖ്പൂര്‍, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ദൃശ്യപരതയില്ലാത്ത കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. ലഖ്നൗ, വാരണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളില്‍ രാവിലെ 6.30 വരെ 50 മുതല്‍ 100 മീറ്റര്‍ വരെ ദൂരത്തില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ തലസ്ഥാനത്ത് ശരാശരി വായുനിലവാര സൂചിക 376 ആയിരുന്നു. മലിനീകരണം കൂടിയതോടെ മൂന്നാംഘട്ട നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു.
dense fog and extreme cold reduce visibility to zero in delhi ncr as air pollution worsens and flight and train services face delays
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."