വാക്കുകള്‍ വളച്ചൊടിച്ചു; മതേതരത്വം പറഞ്ഞ ആരെങ്കിലും ജയിച്ചോ? : വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. പ്രസ്താവന വളച്ചൊടിച്ചു. താന്‍ പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ കൊടുത്തതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
താന്‍ പറഞ്ഞത് യാഥാര്‍ഥ്യമാണ്. രാജ്യത്ത് ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ചേ മതിയാകു. കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമാണ് അതിന് സാധിക്കൂ. കേരളത്തിലെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയമാണ് മുസ് ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ആ രാഷ്ട്രീയത്തെയാണ് ഞാന്‍ എതിര്‍ത്തത്.
''കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ ജയിച്ചവരുടെ പേരുനോക്കാന്‍ പറഞ്ഞാല്‍ അതൊരു പ്രത്യേക മതവിഭാഗത്തെ നോക്കാന്‍ പറഞ്ഞുവെന്നല്ല അതിനര്‍ഥം. 39 സീറ്റാണ് കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലുള്ളത്. മതേതരത്വം പറഞ്ഞ ഞങ്ങളുടെ പാര്‍ട്ടിക്ക് കിട്ടിയത് ഒരു സീറ്റാണ്. മതേതരത്വം പറഞ്ഞ കോണ്‍ഗ്രസിന് കിട്ടിയത് രണ്ടുസീറ്റും. അവിടെ വര്‍ഗീയത പറഞ്ഞ ബി.ജെ.പിക്ക് ഹിന്ദുമേഖലകളില്‍ 12 സീറ്റുകള്‍ കിട്ടി. മുസ് ലിം ഭൂരിപക്ഷ മേഖലകളില്‍ ലീഗിന് 22 സീറ്റ് കിട്ടി. ഈ പറഞ്ഞ ബി.ജെ.പി ജയിപ്പിച്ച ആളിന്റെയും മുസ്‌ലിം ലീഗ് ജയിപ്പിച്ച ആളിന്റെയും പേരുനോക്കാനേ ഞാന്‍ പറഞ്ഞുള്ളു. അല്ലാതെ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനെപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്.'' താനൊരു മതേതര വാദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുതന്നെയണ് മലപ്പുറത്തും നടന്നത്. വര്‍ഗീയതയോട് സമരസപ്പെടുന്ന സമീപനം കേരളത്തില്‍ ചിലയിടങ്ങളിലുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, മലപ്പുറത്തെയും കാസര്‍കോടിനെയും മാത്രം എടുത്ത് പറഞ്ഞത് ചൂണ്ടിക്കാട്ടി മന്ത്രിയുടെ വാദങ്ങളെ ചോദ്യം ചെയ്തതിനെതിരെ മന്ത്രി ക്ഷുഭിതനായി.
അതേസമയം, മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് അനൂപ് വി.ആര്‍. ചെങ്ങന്നൂര്‍ പൊലിസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. കാസര്‍കോട്ടേയും മലപ്പുറത്തേയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാല്‍ വര്‍ഗീയ ധ്രുവീകരണം മനസ്സിലാക്കമെന്ന വര്‍ഗീയ വിദ്വേഷ പരാമര്‍ശത്തിനെതിരേയാണ് പരാതി. പരാതി നല്‍കിയ വിവരം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിച്ചത്.
യുഡിഎഫ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും, കാസര്‍ഗോഡും ജയിച്ച സ്ഥാനാര്‍ഥികളുടെ പേര് പരിശോധിച്ചാല്‍ മാത്രം മതിയെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ആ സമുദായത്തില്‍ അല്ലാത്തവര്‍ ഈ സ്ഥലങ്ങളില്‍ എവിടെ നിന്നാലും ജയിക്കില്ലെന്നും മന്ത്രി പറഞ്ഞു.
'നിങ്ങള്‍ കാസര്‍കോട് നഗരസഭ റിസള്‍ട്ട് പരിശോധിച്ചാല്‍ മതി ആര്‍ക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തില്‍ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി. നിങ്ങളിത് ഉത്തര്‍ പ്രദേശും മധ്യപ്രദേശുമാക്കാന്‍ നില്‍ക്കരുത്.'- ഇതായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.
Kerala Minister Saji Cheriyan defended his controversial remarks on local election results in Kasaragod and Malappuram, stating that his words were misrepresented by the media. He argued that his comments were meant to highlight communal polarisation and the weakening of secular politics, not to target any specific religious group.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."