ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാറുകള്‍ നിലനില്‍ക്കെ ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയോടെ ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടും.
മധ്യ ഗസ്സയിലെ നെറ്റ്‌സാരിം ഇടനാഴിക്ക് സമീപം വാര്‍ത്താശേഖരണം നടത്തിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിന് നേരെയാണ് ഇസ്‌റാഈല്‍ മിസൈല്‍ ആക്രമണം നടത്തിയത്. അനസ് ഗുനൈം, അബ്ദുല്‍ റൗഫ്, ഷാത്ത് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. പുതുതായി സ്ഥാപിച്ച അഭയാര്‍ത്ഥി ക്യാംപ് ചിത്രീകരിക്കുന്നതിനിടെ ഇവരുടെ വാഹനത്തിന് നേരെ ഇസ്‌റാഈല്‍ സൈന്യം മിസൈല്‍ വര്‍ഷിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു.
സൈനിക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ ഡ്രോണ്‍ ഉപയോഗിച്ചുവെന്നാണ് വിഷയത്തില്‍ സയണിസ്റ്റ് സൈന്യത്തിന്റെ പ്രതികരണം. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഈജിപ്ഷ്യന്‍ റിലീഫ് കമ്മിറ്റിയുടേതാണെന്ന് ഇസ്‌റാഈല്‍ സൈന്യത്തിന് അറിയാമായിരുന്നുവെന്ന് കമ്മിറ്റി വക്താവ് മുഹമ്മദ് മന്‍സൂര്‍ വ്യക്തമാക്കി. അതേസമയം, ദക്ഷിണ ഗസ്സയിലെ ബനീ സുഹൈലയില്‍ വിറക് ശേഖരിക്കാന്‍ പോയ 13 വയസ്സുകാരനെ സൈന്യം വെടിവച്ചു കൊന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."