കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി. നടപടി ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍
ആര്‍ട്ടിക്കിള്‍ 176(1) പ്രകാരം കാബിനറ്റ് തയ്യാറാക്കി നല്‍കുന്ന നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.
ബംഗളൂരു: കര്‍ണാടക നിയമസഭയിലും ഇന്ന് അസാധാര രംഗങ്ങള്‍. നയപ്രഖ്യാപന പ്രസംഗം രണ്ട് വരിയിലൊതുക്കി ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ കര്‍ണാകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ടും തമ്മിലുള്ള പോര് പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്.
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വായിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുകയായിരുന്നു. ജി റാം ജി ബില്ലുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഗവര്‍ണര്‍ വായിക്കാന്‍ വിസമ്മതിച്ചത്. ആദ്യ രണ്ട് വരികള്‍ മാത്രം വായിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തില്‍ സര്‍ക്കാറിന്റെ പ്രചാരണമുണ്ടെന്ന് ആരോപിച്ചാണ് ഗവര്‍ണറുടെ അസാധാരണ നടപടി.
തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ നിയമനിര്‍മ്മാണത്തെ പരാമര്‍ശിക്കുന്ന 11 ഖണ്ഡികകളാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെയും അതിന്റെ നയങ്ങളെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാറിന്റെ പ്രചാരണമാണ് ഈ ഭാഗങ്ങളെന്നും വസ്തുതാവിരുദ്ധമാണെന്നുമാണ് ഗവര്‍ണറുടെ വാദം.
നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഇറങ്ങിപ്പോയ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ആര്‍ട്ടിക്കിള്‍ 176(1) പ്രകാരം കാബിനറ്റ് തയ്യാറാക്കി നല്‍കുന്ന പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്-നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ ചൂണ്ടിക്കാട്ടി.
രാജ്ഭവന്‍ ബി.ജെ.പി ഓഫിസായി മാറിയോ എന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ചോദിച്ചു. പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത് വസ്തുതകള്‍ മാത്രമാണെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനയോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
തമിഴ്നാട് ഗവര്‍ണര്‍ ആര്‍. എന്‍ രവി നിയമസഭയില്‍ പ്രസംഗിക്കാതെ ഇറങ്ങിപ്പോയതിന് ഒരു ദിവസത്തിന് ശേഷമാണ് ഗവര്‍ണറുടെ നീക്കം. കേരളത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയതായിരുന്നു.
unprecedented scenes unfolded in the karnataka assembly as governor thavarchand gehlot read only two lines of the policy address and walked out, triggering a constitutional clash with the congress-led state government.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."