കാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി: കാണാതായ കുട്ടികളെ ണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി ബാധകമാകുന്ന തരത്തില്‍ മാര്‍ഗരേഖ പുറപ്പെടുവിക്കുമെന്ന് സുപ്രിംകോടതി. 2011ല്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരു വര്‍ഷവും 10 മാസവും പ്രായമുള്ള കുട്ടിയെ കാണാതായ കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ അഹ്‌സനുദ്ദീന്‍ അമാനുല്ല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. കുട്ടിയെ കണ്ടെത്താന്‍ ഒന്നും ചെയ്യാതിരുന്ന തമിഴ്നാട്, ജനുവരി 16ന് കേസ് പരിഗണിച്ചപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യമെമ്പാടും ഇത്തരം സംഭവങ്ങള്‍ വ്യാപകമായിട്ടും സംസ്ഥാനങ്ങള്‍ അത്തരം കാര്യങ്ങള്‍ക്ക് അര്‍ഹമായ ശ്രദ്ധയും മുന്‍ഗണനയും നല്‍കുന്നില്ല. അതിനാല്‍ കേന്ദ്ര സര്‍ക്കാറിനെയും സംസ്ഥാനങ്ങളെയും കേസില്‍ കക്ഷി ചേര്‍ക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
തന്റെ കുട്ടിയെ കണ്ടെത്താന്‍ പൊലിസ് ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും മജിസ്ട്രേറ്റിന് മുമ്പാകെ ഒരു ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും ഹരജിക്കാരന്‍ ബോധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2013 ലെ സര്‍ക്കുലര്‍ പ്രകാരം, കാണാതായ കുട്ടിയെ നാല് മാസത്തിനുള്ളില്‍ കണ്ടെത്താനായില്ലെങ്കില്‍, വിഷയം ഓരോ സംസ്ഥാനത്തെയും മനുഷ്യക്കടത്ത് വിരുദ്ധ യൂനിറ്റിന് കൈമാറണമെന്നും ഹരജിക്കാരന്‍ വാദിച്ചു.
തട്ടിക്കൊണ്ടുപോയ കുട്ടികളെ കണ്ടെത്തുന്നതിലെ പ്രധാന ബുദ്ധിമുട്ട് കടത്തല്‍ ശൃംഖലകളുടെ വിപുലവും അന്തര്‍ സംസ്ഥാന സ്വഭാവവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സമര്‍പ്പിതരായ നോഡല്‍ ഓഫിസര്‍മാരുടെ വിവരങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലഭ്യമാക്കണം. വിവരങ്ങള്‍ മിഷന്‍ വാത്സല്യ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട് തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ ഡാറ്റ ഹൈക്കോടതികളില്‍ നിന്ന് ബെഞ്ച് തേടി.
the supreme court has announced that it will frame nationwide guidelines to ensure quicker identification and recovery of missing children, citing lack of priority and effective action by states in such cases.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."