ഗസ്സ സമാധാന സമിതി യാഥാർഥ്യമായി; വിവിധ രാജ്യങ്ങൾ ഒപ്പുവച്ചു
ദാവോസ്: ഗസ്സ ഉൾപ്പെടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെന്ന പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച സമാധാന സമിതിയുടെ പ്രഥമ ചാർട്ടറിൽ വിവിധ രാജ്യങ്ങൾ ഒപ്പുവച്ചു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ 56ാമത് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഹമാസിനെ നിരായുധീകരിക്കുകയെന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി സഊദി, യു.എ.ഇ, ഖത്തർ, തുർക്കി, പാകിസ്ഥാൻ ഉൾപ്പെടെ അറബ്-മുസ്‌ലിം രാജ്യങ്ങളെ കൂട്ടുപിടിച്ചാണ് സമാധാന സമിതി രൂപീകരിച്ചിരിക്കുന്നത്. ഇതിനകം ഇസ്റാഈലുൾപ്പെടെ 35 രാജ്യങ്ങൾ അംഗമാകാൻ സമ്മതിച്ചിട്ടുണ്ട്. അംഗത്വമെടുക്കുന്ന ഓരോ രാജ്യവും 100 കോടി ഡോളർ നൽകണമെന്നും ട്രംപ് നിർദേശിച്ചിട്ടുണ്ട്. 59 രാജ്യങ്ങൾ സമാധാന സമിതിക്ക് പിന്തുണ അറിയിച്ചതായി ട്രംപ് പറയുന്നു. ട്രംപിനെ തുടർന്ന് വിവിധ ലോക നേതാക്കളും ചാർട്ടറിൽ ഒപ്പുവച്ചു.
10 വർഷംകൊണ്ട് 11,200 കോടി ഡോളർ സമാഹരിച്ച് ഗസ്സയെ ടൂറിസം-ടെക്നോളജി ഹബ് ആക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗസ്സയെ സായുധസംഘങ്ങളുടെ പിടിയിൽനിന്ന് മോചിപ്പിച്ച് സുന്ദരമായി പുനർനിർമിക്കുമെന്ന് ചടങ്ങിൽ ട്രംപ് വ്യക്തമാക്കി. വെടിനിർത്തലിനെ തുടർന്ന് റെക്കോർഡ് അളവിൽ മാനുഷിക സഹായമെത്തിയതായും ഫലസ്തീനികൾ പട്ടിണികിടക്കുന്നത് ഇല്ലാതാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്റാഈൽ ഇപ്പോഴും സഹായവിതരണം തടസപ്പെടുത്തുമ്പോഴാണ് ട്രംപ് വ്യാജ അവകാശവാദമുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."