പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ്, ചിത്രം പുറത്ത്; 'കവറില്‍ ഇത്തപ്പഴം, കൊള്ളക്കാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും തമ്മിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ബംഗളുരുവില്‍ വെച്ച് പോറ്റി അടൂര്‍ പ്രകാശിന് ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തില്‍ ഉണ്ട്. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രത്തിലും അടൂര്‍ പ്രകാശിന്റെ സാന്നിധ്യമുണ്ടായിരുന്നു.
അതേസമയം, വീണ്ടും പോറ്റിയുമൊത്തുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി അടൂര്‍ പ്രകാശ് രംഗത്തെത്തി. ഏതൊക്കെ തരത്തില്‍ മോശക്കാരനാക്കാന്‍ ശ്രമിച്ചാലും അതൊന്നും വിലപ്പോകില്ലെന്നും എല്ലാം ജനം വിലയിരുത്തുന്നുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
''പോറ്റിയെ ആദ്യമായി കാണുന്നത് 2019ലാണ്. അന്ന് താന്‍ എംപിയായിരുന്നു. ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട ചടങ്ങിനെത്താനായി അദ്ദേഹം ക്ഷണിച്ചു. അതനുസരിച്ച് അതില്‍ പങ്കെടുത്തു. അതിനുശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. അത് അദ്ദേഹത്തിന്റെ പിതാവ് മരിച്ചപ്പോഴായിരുന്നു. മരിച്ച സമയത്ത് സ്ഥലത്ത് ഇല്ലാത്തതിനാല്‍ പിന്നീടാണ് പോയത്. അദ്ദേഹം ശബരിമല കൊള്ളക്കാരനാണെന്ന് അറിഞ്ഞിട്ടല്ല പരിചയപ്പെടുന്നത്'''- അദ്ദേഹം പറഞ്ഞു.
''അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിലും പോയിരുന്നു. അന്ന് തനിക്കൊപ്പം കെ.പി.സി.സി ജനറല്‍ സെക്രട്ടറി രമണി പി നായരും ഉണ്ടായിരുന്നു. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് താന്‍ അല്ല. ഡല്‍ഹിയില്‍ വന്ന് പറഞ്ഞ് സോണിയഗാന്ധിയെ കാണാന്‍ അപ്പോയ്ന്‍മെന്റ് ഉണ്ടെന്ന് പറഞ്ഞു. എം.പി എന്ന നിലയില്‍ കൂടെ വരണമെന്ന് പറഞ്ഞു. അങ്ങനെയാണ് സോണിയ ഗാന്ധിയെ കാണാന്‍ അദ്ദേഹത്തിനൊപ്പം പോയത്. പിന്നീട് ഒരിക്കല്‍ താന്‍ ബംഗളൂരുവിലുണ്ടെന്നറിഞ്ഞ് തന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ ചടങ്ങുമായി സംബന്ധിച്ച ക്ഷണക്കത്ത് തരികയും ചെയ്തു. അതിനൊപ്പം മറ്റൊരു കവര്‍ തന്നു എന്നത് സത്യമാണ്. അത് ഈന്തപ്പഴമായിരുന്നു. അത് അവിടെയുള്ളവര്‍ക്ക് തന്നെ വിതരണം ചെയ്യുകയും ചെയ്തു. പിന്നീട് ഒരിക്കല്‍ പോറ്റി വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് വച്ച് നല്‍കിയതിന്റെ താക്കോല്‍ ദാനത്തിനാണ് പോയത്. അന്ന് തനിക്കൊപ്പം ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഉണ്ടായിരുന്നു. അതിലൊന്നും മറ്റ് എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയുള്ളതായി തോന്നിയില്ല. താന്‍ പോറ്റിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനല്ലെന്നും തന്നെ നിത്യസന്ദര്‍ശകന്‍ എന്ന് വ്യാഖാനിക്കുന്നത് മരംമുറി ചാനല്‍ മാത്രമാണ്''- അടൂര്‍ പ്രകാശ് പറഞ്ഞു.
അതേസമയം, പോറ്റിയുടെ വീട്ടില്‍ പോയതില്‍ വിശദീകരണവുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ താന്‍ ഒരു പ്രാവശ്യം മാത്രമേ പോയിട്ടുള്ളൂ എന്ന് കടകംപള്ളി ആവര്‍ത്തിച്ചു. സന്ദര്‍ശനവേളയില്‍ താന്‍ ഒരുതരത്തിലുള്ള സമ്മാനങ്ങളും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കടകംപള്ളി തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലര്‍ക്കും ബാഗും നിലവിളക്കും പണവും സമ്മാനമായി നല്‍കിയിരുന്നെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണസംഘത്തിനു മൊഴിനല്‍കിയത് കടകംപള്ളിയെ വെട്ടിലാക്കിയിരുന്നു. പോറ്റിയെ കാണാന്‍ പോയിട്ടില്ലെന്ന് ആവര്‍ത്തിച്ചിരുന്ന കടകംപള്ളി, കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പോറ്റിയുടെ വീട്ടില്‍ പോയെന്ന് വെളിപ്പെടുത്തുകയായിരുന്നു. താന്‍ വീട്ടില്‍ പോയിട്ടുണ്ടെന്നും കുട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് പോയതെന്ന് പറഞ്ഞത് തെറ്റിപ്പോയതാണെന്നും പോറ്റിയുടെ അച്ഛന്റെ ചടങ്ങില്‍ പങ്കെടുക്കാനാണ് പോയതെന്നുമാണ് ഇന്നലത്തെ വിശദീകരണത്തില്‍ കടകംപള്ളി വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പോറ്റി സോണിയഗാന്ധിയെ കണ്ടതില്‍ വ്യത്യസ്ത അഭിപ്രായപ്രകടനവും കടകംപള്ളി സുരേന്ദ്രന്‍ നടത്തി. കളങ്കിതനായ ഒരാളെ സോണിയ വീട്ടില്‍ കയറ്റുമെന്ന് തോന്നുന്നില്ലെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. സോണിയയും പോറ്റിയും നില്‍ക്കുന്ന ചിത്രം ചൂണ്ടിക്കാട്ടി സോണിയയെ സംശയമുനയില്‍ നിര്‍ത്തുന്ന ആരോപണം സി.പി.എം കടുപ്പിക്കുമ്പോഴാണ് കടകംപള്ളിയുടെ മയപ്പെട്ട മറുപടി.
More photographs have emerged showing Unni Krishnan Potti, the prime accused in the Sabarimala gold smuggling case, along with UDF convener and Congress leader Adur Prakash. The newly surfaced images show Potti presenting a gift to Adur Prakash during a meeting in Bengaluru.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."