ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയായ 'പുതുയുഗ യാത്ര'ക്ക് മുൻപ് കോൺഗ്രസിൻറെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോർട്ട്. നാൽപതിനടുത്ത് സ്ഥാനാർഥികളെയാകും ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുക. ഫെബ്രുവരി ആറിനാണ് യാത്ര കാസർകോട് നിന്നും ആരംഭിക്കുക.
സംവരണ സീറ്റുകളിലും സിറ്റിങ് സീറ്റുകളിലുമാണ് ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. മുസ്‌ലിം ലീഗുമായി ചില സീറ്റുകളിൽ വെച്ചുമാറൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇത് വേഗത്തിൽ പൂർത്തിയായാൽ കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. മുന്നണിയിലെ മറ്റൊരു പാർട്ടിയായ കേരള കോൺഗ്രസുമായുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
അതേസമയം, കാസർകോടുനിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് എത്തുന്ന പുതുയുഗ യാത്ര ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ ദിവസങ്ങളിലായാണ് നടക്കുനുണ്ടത്. പ്രചാരണ ജാഥയുടെ തീം ‘കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ്’ എന്നതാണ്. സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്രയ്ക്ക് ഒടുവിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മഹാസമ്മേളനവും ഒരുക്കിയിട്ടുണ്ട്. യാത്രയിലുടനീളം സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും വികസന മുരടിപ്പും യുഡിഎഫ് മുന്നോട്ട് വെക്കുന്ന വികസന പദ്ധതികളും ചർച്ചയാകും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യാത്രയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്. 140 മണ്ഡലങ്ങളിലും പ്രചാര യാത്രക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. യുഡിഎഫിലെ മറ്റു നേതാക്കളും യാത്രയുടെ ഭാഗമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."