അന്നദാനത്തിലും ക്രമക്കേട്; വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങള്‍ തട്ടി; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും, ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
കൊച്ചി: നിലയ്ക്കല്‍ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെ. ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡിയുടെ കൊച്ചി സോണല്‍ ഓഫിസ് താല്‍ക്കാലികമായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി നടപടി.
ദേവസ്വം ബോര്‍ഡിനെ കബളിപ്പിച്ച് 52 ലക്ഷം രൂപയോളം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം. കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് ഇഡി തീരുമാനം.
2018-19 മണ്ഡല- മകരവിളക്ക് തീര്‍ഥാടന സമയത്ത് പച്ചക്കറികളും മറ്റ് അവശ്യ സാധനങ്ങളും വാങ്ങിയെന്ന പേരില്‍ കള്ള ബില്ല് സംഘടിപ്പിച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59,98,028 രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. ഇതില്‍ 8,20,935 രൂപ കരാറുകാരായ ജെപി ട്രേഡേഴ്‌സിന് നല്‍കി. ബാക്കി 51,77,194 രൂപ മറ്റ് പ്രതികളുടെ സഹായത്തോടെ തട്ടിയെടുത്തെന്നാണ് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയത്.
നിലയ്ക്കല്‍ അന്നദാനത്തിന് കരാര്‍ ഏറ്റെടുത്ത ജെപി ട്രേഡേഴ്‌സ് ആകെ 30.90 ലക്ഷത്തിന്റെ ബില്ലാണ് ദേവസ്വം ബോര്‍ഡിന് നല്‍കിയത്. എന്നാല്‍ ഇവര്‍ക്ക് 8 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ജെപി ട്രേഡേഴ്‌സ് ദേവസ്വം വിജിലന്‍സിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ 59.98 ലക്ഷം രൂപയുടെ വ്യാജ ബില്ല് സമര്‍പ്പിച്ച് പണം തട്ടിയതായി കണ്ടെത്തിയത്. തട്ടിപ്പില്‍ ജെ ജയപ്രകാശിന് പുറമെ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്, സുധീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍ നമ്പൂതിരി എന്നിവരാണ് കൂട്ടുപ്രതികള്‍.
financial irregularities case related to nilakkal annadanam, the enforcement directorate has attached the assets of former devaswom administrative officer j. jayaprakash and his wife,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."