ശബരിമല സ്വർണ്ണക്കൊള്ള; മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അടൂർ പ്രകാശിനെ വീണ്ടും എസ്‌ഐടി ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വീട്ടിലും ബെംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിട്ടുണ്ടെന്നും കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചത് പ്രകാരമായിരുന്നുവെന്നുമാണ് അടൂർ പ്രകാശ് വ്യക്തമാക്കിയത്. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചതെന്നും എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമ്മയില്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. അടൂർ പ്രകാശിന്റെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെങ്കിൽ വീണ്ടും എസ്ഐടി പ്രകാശിനെ ചോദ്യം ചെയ്യും.
അതേസമയം 110 ദിവസത്തിനുശേഷം ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പുറമെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജയിൽ മോചനം നടന്നത്. മുരാരി ബാബുവിനും ശ്രീകുമാറിനും സുധീഷിനും ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്.
ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക പാളി കേസിൽ ജാമ്യം ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് കട്ടിള പാളി കേസിലും കൊല്ലം വിജിലൻസ് കോടതി ഉണ്ണികൃഷ്ണൻ ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."