ഇന്ത്യ-യു.എസ് വ്യാപാര കരാർ: കർഷകരുടെ വയറ്റത്തടിക്കുന്നതെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ധാരണയ്‌ക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. കരാർ ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ ബലികഴിക്കുന്നതാണെന്നും രാജ്യത്തെ 72 കോടി കർഷകരുടെ വയറ്റത്തടിക്കുന്ന നടപടിയാണിതെന്നും കോൺഗ്രസ് ആരോപിച്ചു.
അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ കൂടുതൽ വിപണി സൗകര്യം ഒരുക്കുന്നത് തദ്ദേശീയ കർഷകരെ തകർക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഇന്ത്യയിലെ 72 കോടി വരുന്ന കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഉപജീവനമാർഗം തട്ടിയെടുക്കാനാണ് നീക്കം. അമേരിക്കയിൽ നിന്നുള്ള ചോളം, സോയാബീൻ, ജോവർ, വാൾനട്ട്, ബദാം, പിസ്ത എന്നിവയ്‌ക്കൊപ്പം ആപ്പിൾ, ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങളും ഇന്ത്യൻ വിപണിയിൽ കുന്നുകൂടും. ഇത് നമ്മുടെ കർഷകരെ എങ്ങോട്ടെത്തിക്കും?- സുർജേവാല ചോദിച്ചു.
കേന്ദ്ര സർക്കാരിന്റേത് കീഴടങ്ങൽ നയമാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ വിമർശിച്ചു. ഇതൊരു കരാറല്ല, മറിച്ച് ആത്മാഭിമാനം പണയപ്പെടുത്തിയുള്ള കീഴടങ്ങലാണ്. മുമ്പ് യു.എസ് പ്രസിഡന്റുമാരുടെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ സംസാരിച്ചിരുന്ന ഇന്ത്യ, ഇപ്പോൾ സാധാരണക്കാരുടെ താൽപര്യങ്ങൾ അടിയറവ് വയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ വിഷയം ചർച്ച ചെയ്യാൻ സർക്കാർ ഭയപ്പെടുകയാണെന്നും ഖേഡ കൂട്ടിച്ചേർത്തു.
താരിഫ് നിരക്കുകളിൽ വരുത്തിയ മാറ്റം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആർ.ജെ.ഡി എം.പി മനോജ് കുമാർ ഝാ ആരോപിച്ചു. സാധാരണ നിലയിൽ 2.9 ശതമാനമായിരുന്ന താരിഫ്, ഭീഷണിക്ക് വഴങ്ങി 50 ശതമാനമായി ഉയർത്തുകയും പിന്നീട് 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. ഇതിൽ എന്ത് നേട്ടമാണ് ആഘോഷിക്കാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കരാറിന്റെ പൂർണ രൂപം പുറത്തുവരുമ്പോൾ ജനങ്ങൾ തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."