ജില്ലയില്‍ മണല്‍ മാഫിയ വീണ്ടും സജീവമാകുന്നു
കൊടുങ്ങല്ലൂര്‍: ജില്ലയിലെ വിവിധ മേഖലകളില്‍ വീണ്ടും മണല്‍ വാരല്‍ തകൃതിയായി നടക്കുന്നു. കൊടുങ്ങല്ലൂര്‍ മേഖലയിലെ കായലോരങ്ങള്‍ കേന്ദ്രീകരിച്ചാണ് മണല്‍ മാഫിയ വീണ്ടും സജീവമാകുന്നത്.
കൊടുങ്ങല്ലൂരിന്റെ കായലുകളില്‍ നിന്നും ദിനംപ്രതി നൂറ് കണക്കിന് ടണ്‍ മണല്‍ വടക്കന്‍ ജില്ലകളിലേക്കും, മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റിപ്പോകുന്നതിനെതിരെ അധികൃതരും, പൊലിസും കണ്ണടക്കുന്നതായി വ്യാപകമായ പരാതി. തുറമുഖ വകുപ്പിന്റെ മണല്‍ പാസുകളുടെ മറവിലാണ് ഈ പകല്‍ കൊള്ള അരങ്ങേറുന്നത്.
പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴ അറബിക്കടലില്‍ സംഗമിക്കുന്ന അഴീക്കോട് അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണല്‍ നീക്കം ചെയ്യുന്നതിന്റെ പേരിലാണ് തുറമുഖ വകുപ്പ് മണല്‍ പാസുകള്‍ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് രൂപീകരിച്ച മണല്‍ വാരല്‍ സൊസൈറ്റികളില്‍ നാലെണ്ണത്തിനാണ് ദിനംപ്രതി മണല്‍ വാരാന്‍ അഞ്ച് പാസുകള്‍ വീതം അനുവദിച്ചിട്ടുള്ളത്. ഒരു പാസില്‍ മൂന്ന് ടണ്‍ മണല്‍ ആണ് വാരുവാന്‍ അനുവാദമുള്ളത്.
ഈ പാസുകളുടെ മറവിലാണ് കൂറ്റന്‍ ലോറികളില്‍ മണല്‍ കടത്തി കൊണ്ടുപോകുന്നത്. അഴീക്കോട് മാര്‍തോമ, ചുങ്കം എന്നിവിടങ്ങളിലെ നാല് പടവുകള്‍ കേന്ദ്രീകരിച്ച് വൈകീട്ട് നാല് മുതലാണ് മണല്‍ കയറ്റിപോകുന്നത്. ഇത്തരത്തിലുള്ള മണല്‍വാരല്‍ ദേശിയപാത പതിനേഴിലെ കോട്ടപ്പുറം പാലത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറിക്കഴിഞ്ഞു.
കോട്ടപ്പുറം പാലം മുതല്‍ അഴീക്കോട് അഴിമുഖം വരെയുള്ള ഭാഗത്ത് നിന്നുമാണ് മണല്‍ വാരല്‍ നടന്നുവരുന്നത്. പാസ് കൊടുക്കല്‍ മാത്രമാണ് തുറമുഖ വകുപ്പ് ചെയ്യുന്നത്. വാരിയെടുക്കുന്നതിന്റെയും കടത്തികൊണ്ടുപോകുന്ന മണലിന്റേയും യാതൊരു അളവും കാര്യങ്ങളും ഇവര്‍ക്ക് ബാധകമല്ല എന്ന നിലയിലാണ്. ഒരു പ്രദേശത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഈ പകല്‍കൊള്ളക്കെതിരെ നാട്ടുകാരും മറ്റും പലഘട്ടങ്ങളിലായി രംഗത്ത് വന്നുവെങ്കിലും നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."