മൂന്ന് ജില്ലകളിൽ എയർ സ്ട്രിപ്പ്: സാധ്യതാ പഠനത്തിനത്തിന്റെ ചുവപ്പുനാട അഴിയുന്നു
തിരുവനന്തപുരം: കേരളത്തിലെ വ്യോമ ഗതാഗതം മെച്ചപ്പെടുത്താൻ മൂന്ന് ജില്ലകളിൽ എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനുള്ള തടസം നീങ്ങുന്നു. കെ.ആർ.ഡി.സി.എൽ ടെൻഡറിൽ ഉൾപ്പെടുത്തിയ നിബന്ധന നീക്കി ടെൻഡറിന് കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകുകയായിരുന്നു. ഇതോടെ ഏഴ് മാസമായി തടസപ്പെട്ട് കിടന്ന സാധ്യതാ പഠനം ഇനി ആരംഭിക്കാൻ കഴിയും.
ഗതാഗത കൺസൾട്ടൻസി സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവിസ് (റൈറ്റ്‌സ്), കിഫ്ബിക്കു കീഴിലുള്ള കൺസൾട്ടൻസി സ്ഥാപനമായ കിഫ്‌കോൺ എന്നിവയുടെ നേതൃത്വത്തിൽ റൈറ്റ്‌സ്-കിഫ്‌കോൺ സമർപ്പിച്ച ടെൻഡറിന് കഴിഞ്ഞ വർഷം ജൂൺ 11ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെങ്കിലും തുടർനടപടി മുന്നോട്ടുപോയിരുന്നില്ല.
സർക്കാരിന് വേണ്ടി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് ആണ് സാധ്യതാ പഠനത്തിനായി ടെൻഡർ ക്ഷണിച്ചത്. എന്നാൽ കെ.ആർ.ഡി.സി.എലിന് കൺസൾട്ടൻസിയെ കണ്ടെത്തുന്നതിനുള്ള അധികാരം മാത്രമെയുള്ളൂവെന്നും ടെൻഡർ അവാർഡ് ചെയ്യേണ്ട ചുമതല സർക്കാരിനാണെന്നും ടെൻഡറിൽ നിബന്ധനയുണ്ടായിരുന്നതാണ് സാധ്യതാ പഠനം നീളാൻ കാരണമായത്. സർക്കാരുമായി ആലോചിക്കാതെയാണ് കെ.ആർ.ഡി.സി.എൽ ഇത്തരമൊരു നിബന്ധന ടെൻഡറിൽ ഉൾപ്പെടുത്തിയതെന്നാണ് ഇപ്പോൾ സർക്കാർ വ്യക്തമാക്കുന്നത്.
ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിലാണ് എയർ സ്ട്രിപ്പുകൾക്ക് സാധ്യതാ പഠനം നടത്തുന്നത്. കാസർകോഡ് ജില്ലയിലെ പെരിയയും വയനാട് ജില്ലയിലെ കൽപ്പറ്റയുമാണ് പ്രധാനമായും എയർ സ്ട്രിപ്പിനായി പരിഗണിക്കുന്നത്. ഇടുക്കിയിൽ പുതിയ സ്ഥലം കണ്ടെത്തേണ്ടതുണ്ട്.
ഇടുക്കിയിലെ വണ്ടിപ്പെരിയാറിനടുത്തുള്ള സത്രത്തിൽ നിലവിൽ എൻ.സി.സിയുടെ എയർ സ്ട്രിപ്പ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വിമാന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക സൗകര്യം വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
എന്താണ് എയർ സ്ട്രിപ്പ്?
വ്യോമ ഗതാഗതം സുഗമമാക്കുകയാണ് എയർ സ്ട്രിപ്പുകളുടെ പ്രധാന ലക്ഷ്യം. ഇതിന് പുറമെ പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിലും ഇവ ഉപയോഗിക്കാം. എ.ടി.ആർ ഗണത്തിൽപ്പെടുന്നതും അതിൽ ചെറുതുമായ വിമാനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ളതായിരിക്കും എയർ സ്ട്രിപ്പുകൾ. ടൂറിസം കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി ഹെലിപോർട്ടുകൾ, എയർസ്ട്രിപ്പുകൾ, ജലവിമാനത്താവളങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതിന് കേന്ദ്ര പദ്ധതിയായ റീജ്യനൽ കണക്റ്റിവിറ്റി സ്‌കീം ഉപയോഗിക്കാനാണ് കേരള സർക്കാർ പദ്ധതി.
the obstacle to conducting a feasibility study for setting up airstrips in three districts to improve air connectivity in kerala is being cleared.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."