കർഷകർക്ക് ആശ്വാസം; റബർ വിലയിൽ കുതിപ്പ്: മാർച്ചിൽ 250 കടക്കുമെന്ന് സൂചന
കൊച്ചി: വിപണിയിൽ വലിയ ഉണർവ് സൃഷ്ടിച്ച് റബർ വില കുതിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷീറ്റുവില പ്രതിദിനം വർധനവ് രേഖപ്പെടുത്തുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ മാർച്ച് പകുതിയോടെ ഷീറ്റുവില 250 രൂപയിലെത്താനുള്ള സാഹചര്യമുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, വിപണിയിൽ റബർ ഷീറ്റിന്റെ ലഭ്യതക്കുറവ് രൂക്ഷമായി തുടരുകയാണ്. വിലയിടിവ് രൂക്ഷമായതിനെ തുടർന്ന് റബർ ഉൽപാദക സംഘങ്ങളുടെ നേതൃത്വത്തിൽ വിലയില്ലെങ്കിൽ റബറില്ല എന്ന മുദ്രാവാക്യം ഉയർത്തി ഉൽപാദനം നിർത്തിവച്ച് സമരത്തിലായിരുന്നു. ഇതോടെയാണ് റബറുൽപാദനം കുത്തനം ഇടിഞ്ഞത്. ഇത് രാജ്യാന്തര വിപണിയിലും റബർ വില ഉയരുന്നതിന് ഇടയാക്കി. ആഭ്യന്തര വിപണിയിൽ നിന്ന് ഷീറ്റ് സംഭരിക്കുന്നത് ടയർ കമ്പനികൾ കുറച്ചതോടെ ഷീറ്റുൽപാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെ ചെലവ് കുറഞ്ഞ ഒട്ടുപാൽ ഉൽപാദനത്തിലേക്ക് 70 ശതമാനം കർഷകരും ചുവടുമാറ്റിയിരുന്നു. ഇതോടെ റബർ പാലായി വിൽപന നടത്തുന്ന പ്രവണത കൂടിയതും ഷീറ്റിന്റെ ലഭ്യതക്കുറവിന് കാരണമായി.
ഷീറ്റിന് വിലവർധിക്കുന്നതിന് ആനുപാതികമായി റബർപാലിന് വിലവർധിക്കാത്തതും സംഭരണ ഏജൻസികളുടെ ചൂഷണവും കർഷകരെ റബർ ഷീറ്റുൽപാദനത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇറക്കുമതിചെയ്യുന്ന കോബവുഡ് റബറിന്റെ ഗുണനിലവാരക്കുറവ് ടയർ കമ്പനികൾക്ക് തിരിച്ചടിയായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പ്രതീക്ഷിച്ചത് പോലുള്ള ഉൽപാദനം ഉണ്ടാവാതെ വന്നതോടെ കേരളത്തിലെ റബറിനെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാവാത്ത സ്ഥിതി ടയറുൽപാദന മേഖലയ്ക്കുണ്ടായി. വിപണിവിലയേക്കാൾ ഉയർന്ന വില നൽകിയാണ് നിലവിൽ വ്യാപാരികൾ കർഷകരിൽ നിന്നു ഷീറ്റ് വാങ്ങുന്നത്. ചൂടുകാലമായതിനാൽ ഷീറ്റ് കേടുകൂടാതെ മാസങ്ങളോളം ഇരിക്കുമെന്നതിനാൽ പൂഴ്ത്തിവയ്പും നടക്കുന്നുണ്ട്.
നിലവിലെ സാഹചര്യം റബ്ബർ കൃഷിക്കും കർഷകർക്കും പ്രതീക്ഷ നൽകുന്നതാണെങ്കിലും ആനുപാതികമായി ഉൽപാദനം ഉയരാൻ കൂടുതൽ സമയമെടുക്കും .ഇത് മൂലം നിലവിലെ വില വർധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കാനും സമയമെടുക്കുമെന്നും കർഷക കോൺഗ്രസ് നേതാവ് എബി ഐപ് അഭിപ്രായപ്പെട്ടു.
rubber prices are rising sharply in the market. for the past few days, sheet rubber prices have been increasing every day. if this continues, experts say the price could reach 250 rupees by mid-march.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."