തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ? കോൺഗ്രസ് സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിൽ
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളെ ഉറ്റുനോക്കി തൃക്കരിപ്പൂരും ഉദുമയും. സന്ദീപ് വാര്യരെ തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള ആലോചനകൾ സജീവമാണ്. കാസർകോട് ജില്ലയിലെ തന്നെ ഉദുമയിൽ പ്രദീപ് കുമാറിന്റെ പേരിനാണ് മുൻഗണന.
നേരത്തെ പുറത്തിറക്കിയ 55 പേരുടെ ആദ്യ പട്ടികയിൽ കാസർകോട് ജില്ലയെ പൂർണ്ണമായും ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ പ്രാദേശിക തർക്കങ്ങളും ഗ്രൂപ്പ് പോരുമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ സന്ദീപ് വാര്യരുടെ വരവോടെ തൃക്കരിപ്പൂരിൽ പുതിയൊരു പോരാട്ട വീര്യം കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതേസമയം പെരുമ്പാവൂരിൽ എൽദോസിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
യുഡിഎഫ് സീറ്റ് നില ഇങ്ങനെ:
ആകെയുള്ള 140 സീറ്റുകളിൽ കോൺഗ്രസ് 92 സീറ്റുകളിൽ നേരിട്ട് മത്സരിക്കും.
മുസ്‌ലിം ലീഗ്: 27 സീറ്റുകൾ
കേരള കോൺഗ്രസ് (ജോസഫ്): 8 സീറ്റുകൾ
ആർഎസ്പി: 4 സീറ്റുകൾ (ഒരു സീറ്റിൽ സ്വതന്ത്രൻ)
കോൺഗ്രസ് സ്വതന്ത്രർ: 3 പേർ
യുഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ബാക്കിയുള്ള 40 മണ്ഡലങ്ങളിലെ പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്ന് വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിവിധ മണ്ഡലങ്ങളിലെ സീറ്റുകളെ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ രണ്ടാം സ്ഥാനാർഥി പട്ടിക പ്രഖ്യാപനം വൈകുമെന്നാണ് സൂചന.എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാട് പെരുമ്പാവൂരിലെ രാഷ്ട്രീയ ഗതി നിശ്ചയിക്കും.
അതേസമയം കുട്ടനാട്ടിലും അമ്പലപ്പുഴയിലും വിമത ഭീഷണി ഉയരുമ്പോൾ കൊല്ലം പുനലൂരിൽ പ്രാദേശിക നേതൃത്വം രാജി ഭീഷണി മുഴക്കിയിരിക്കുകയാണ്. കുട്ടനാട്ടിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ റെജി ചെറിയാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കലാപം രൂക്ഷമായി. ഡിസിസി വൈസ് പ്രസിഡന്റ് സജീവ് ജോസഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
കുട്ടനാട് പെയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ച സജീവ് ജോസഫ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച സജീവിനൊപ്പം 50 ഓളം പ്രവർത്തകരും ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാറും സ്ഥാനങ്ങൾ ഒഴിഞ്ഞു.
പണം നൽകിയാണ് സീറ്റ് നേടിയതെന്ന് പറയുന്നവർ തെളിവ് നൽകണമെന്ന് റെജി ചെറിയാൻ വെല്ലുവിളിച്ചു. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട സീറ്റ് ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജോസഫ് വിഭാഗം.
അമ്പലപ്പുഴ മണ്ഡലത്തിൽ ജി. സുധാകരന് യുഡിഎഫ് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോ രംഗത്തെത്തി. കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷാനു ഭൂട്ടോ അറിയിച്ചു. ഉടൻ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.
As the Kerala Assembly elections approach (scheduled for April 9, 2026), the Congress-led UDF is in the final stages of finalizing its candidate list. A major point of discussion is the potential candidacy of Sandeep Variyer in the Trikaripur constituency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."