നാലോണ നാളില്‍ പൂര നഗരിയില്‍ പുലിയിറങ്ങും
തൃശൂര്‍: തൃശൂര്‍ക്കാരുടെ പുലിക്കളി ഇത്തവണ പതിവില്‍ നിന്നെല്ലാം വ്യത്യസ്തമാവും. പൂരം പോലെ പുരുഷാരത്തെ ആകര്‍ഷിക്കാന്‍ നഗരഭരണം പുലികള്‍ക്ക് മേല്‍ ശക്തിയാര്‍ജിക്കുകയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ പുലിക്കൂട്ടങ്ങളുടെ എണ്ണം കൂടിയതുതന്നെ പകിട്ടാണ്. എല്ലാറ്റിനും പുറമെ, ഇക്കുറി പുലിമുഖങ്ങളുടെ ചമയം ഒരു കുടക്കീഴിലാക്കി കോര്‍പറേഷന്‍ പുതുമ കാട്ടുകയാണ്. പുലിക്കളിക്ക് രണ്ട് ദിവസം മുമ്പേ പുലി ചമയം നഗരവീഥിയോരത്തെ ബാനര്‍ജി ഹാളിലേക്ക് എത്തിച്ചാണ് സംഘാടനം സംഘങ്ങള്‍ക്ക് ആവേശമാക്കുന്നത്.
നാളെ വൈകീട്ട് അഞ്ചിന് പത്ത് സംഘങ്ങളുടെയും ചമയം ബാനര്‍ജി ക്ലബ് ഹാളില്‍ തൃശൂരിന്റെ മന്ത്രിമാരായ എ.സി മൊയ്തീനും വി.എസ് സുനില്‍കുമാറും സി.രവീന്ദ്രനാഥും ചേര്‍ന്ന് തുറന്നുകൊടുക്കും. പൂരം ചമയ പ്രദര്‍ശനത്തിന്റെ മാതൃകയില്‍ ആയിരങ്ങളെ ആകര്‍ഷിക്കും വിധം കെട്ടിലും മട്ടിലും ചമയമൊരുക്കാന്‍ പത്ത് പുലിക്കളി സംഘങ്ങളും കോര്‍പറേഷനും ബാനര്‍ജി ക്ലബും കൈകോര്‍ക്കുകയാണ് ഇക്കുറി.
അയ്യന്തോള്‍ ദേശം, വിയ്യൂര്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സംഘം, തൃക്കുമാരകുടം ശ്രീഭദ്ര ക്ലബ്, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി ദേശം, പാട്ടുരായ്ക്കല്‍ പുലിക്കളി കമ്മിറ്റി, കൊക്കാലെ സാന്റോസ് ക്ലബ്, പൂങ്കുന്നം വിവേകാനന്ദ എന്നിവയാണ് ഇത്തവണ പുലിക്കളിക്കായി നഗരത്തിലേക്കിറങ്ങുക.
കോര്‍പറേഷന്‍ ഒന്നേകാല്‍ ലക്ഷം രൂപയാണ് ഇത്തവണ പുലിക്കളി സംഘങ്ങള്‍ക്ക് നല്‍കുക. 10 ലിറ്റര്‍ മണ്ണെണ്ണ വീതം ഓരോ സംഘത്തിനും അനുവദിച്ചിട്ടുണ്ടെന്ന് പരിപാടികള്‍ വിശദീകരിക്കവെ മേയര്‍ അജിത ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംഘങ്ങളുടെ സൗകര്യപ്രകാരം അവരുടെ നേര്‍ദേശമനുസരിച്ച് റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരകൊമ്പുകള്‍ ഇതിനകം തന്നെ മുറിച്ചുമാറ്റിയിട്ടുണ്ട്.
തടസമായി നിന്നിരുന്ന കേബിളുകളും ഒതുക്കിയതായും മേയര്‍ അറിയിച്ചു. 17നാണ് പുലിക്കളി മഹോത്സവം. വിദേശികളടക്കമുള്ളവരെ പ്രതീക്ഷിക്കുന്ന ആഘോഷത്തിന് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. വിദേശികള്‍ക്കും വിഐപികള്‍ക്കും പ്രത്യേകം പവലിയന്‍ ഒരുക്കുന്നുണ്ട്.
മികച്ച പുലിക്കളി അവതരണത്തിനുള്ള വിധി നിര്‍ണയും പാറമേക്കാവ്, എംഒ റോഡ്, നടുവിലാല്‍ എന്നിവിടങ്ങളിലായാണ് നടക്കുക. പാറമേക്കാവിലെ വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ വൈകീട്ട് നാലിന് ആദ്യസംഘമായ മൈലിപ്പാടം ദേശം പുലിക്കളി കമ്മറ്റിയുടെ പുലിക്കൂട്ടങ്ങളെത്തും. 4.15ന് വിയ്യൂര്‍ ദേശവും 4.30ന് കുട്ടന്‍കുളങ്ങരയും 4.45ന് നായ്ക്കനാല്‍ പുലിക്കളി സംഘവും അഞ്ചിന് വടക്കേഅങ്ങാടി ദേശവും 5.15ന് അയ്യന്തോള്‍ ദേശവും 5.30ന് കൊക്കാലെ സാന്റോസും ആറിന് തൃക്കുമാരകുടവും 6.15ന് പൂങ്കുന്നം വിവേകാനന്ദയും 6.30ന് പാട്ടുരായ്ക്കലും പാറമേക്കാവിന് മുന്നിലെത്തും.
എംജി റോഡിലെയും നടുവിലാല്‍ ജംഗ്ഷനിലെയും വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ എത്തേണ്ട സമയം ഓരോ സംഘങ്ങള്‍ക്കും പ്രത്യേകം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. സമയകൃത്യത ഉള്‍പ്പടെ വിധി നിര്‍ണയത്തിന്റെ മാനദണ്ഡമാണെന്ന് മേയര്‍ പറഞ്ഞു. നാല് മണിക്ക് ആരംഭിച്ച് രാത്രി എട്ടോടെ അവസാനിപ്പിക്കും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
പാലസ് റോഡ്, കരുണാകരന്‍ നമ്പ്യാര്‍ റോഡ്, എ ആര്‍ മേനോന്‍ റോഡ്, കുറുപ്പം റോഡ്, എംജി റോഡ്, ഷൊര്‍ണൂര്‍ റോഡ് എന്നീ ആറ് വഴികളിലൂടെയാണ് സംഘങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുക.
35 മുതല്‍ 51 വരെ പുലികളാകും ഓരോ സംഘത്തിലുമുണ്ടാവുക. മികച്ച പുലിക്കളിക്ക് ഒന്നാം സമ്മാനം 35,000 രൂപയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ് ട്രോഫികള്‍ക്കൊപ്പം നല്‍കുക. മികച്ച നിശ്ചല ദൃശ്യങ്ങള്‍ക്ക് യഥാക്രമം 30,000, 25,000, 20,000 രൂപ വീതം ട്രോഫികള്‍ക്കൊപ്പം സമ്മാനിക്കും. മികച്ച അച്ചടക്കമുള്ള സംഘത്തിന് 10,000 രൂപയും ട്രോഫിയും നല്‍കും. മികച്ച പുലിക്കൊട്ടിന് 5,000 രൂപയും ട്രോഫിയും മികച്ച പുലിവേഷത്തിന് 5,000 രൂപയും ട്രോഫിയും നല്‍കുമെന്നും മേയര്‍ പറഞ്ഞു. പുലിക്കളി സംഘങ്ങളുടെയും പുലിക്കളി കാണാനെത്തുന്നവരുടെയും സുരക്ഷക്ക് പൊലിസിന്റെ സന്നാഹം ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഒരു സംഘത്തിനൊപ്പം ഒരു എസ്.ഐയും പത്ത് പൊലിസും വീതം പ്രത്യേകം ഉണ്ടാകും. ഇതിന് പുറമെ, സുരക്ഷാ സംവിധാനത്തിന് അഞ്ഞൂറിലേറെ പൊലിസ് വേറെയും ഡ്യൂട്ടിയിലുണ്ടാവും.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം മെഡിക്കല്‍ ടീമും ഇത്തവണ സജ്ജമാണ്. ബാനര്‍ജി ക്ലബിനോട് ചേര്‍ന്ന് സ്വരാജ് റൗണ്ടിനരികില്‍ അംഗപരിമിതര്‍ക്ക് പുലിക്കളി കാണാന്‍ പ്രത്യേകം സൗകര്യമുണ്ടാകുമെന്നും മേയര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഡെ.മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, പുലിക്കളി ആഘോഷ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അനൂപ് ഡേവിസ് കാട, ജോ.കണ്‍വീനര്‍മാരായ ടി.ആര്‍ സന്തോഷ്, വി.രാവുണ്ണി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."