ജീവിതത്തിനും മരണത്തിനുമിടയില്‍ ഒമ്പതുവര്‍ഷം
മൂവാറ്റുപുഴ: ഒമ്പതുവര്‍ഷത്തിലധികം ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞശേഷമാണു ഡോ. ബൈജു മരണത്തിനു കീഴടങ്ങിയത്. തന്റെയടുക്കല്‍ ചികിത്സ തേടിയെത്തിയ രോഗിക്കു കുറിച്ചുകൊടുത്ത മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാനായി അതു സ്വയം കഴിച്ചുകാട്ടിയതാണു ബൈജുവിന്റെ ജീവിതത്തെ തകര്‍ത്തത്. 2007 ജനുവരി 24നായിരുന്നു സംഭവം.
ഇടുക്കി ബൈസണ്‍വാലി ആയുര്‍വേദാശുപത്രിയില്‍ ജോലി ചെയ്തുവരുന്നതിനിടെ സന്ധിവാതത്തിനു ചികിത്സ തേടിയെത്തിയ കാര്യംകുന്നേല്‍ ശാന്തയ്ക്കു രസനപഞ്ചകം എന്ന മരുന്നു കുറിച്ചുകൊടുത്തു. മരുന്നു കഴിച്ച ശാന്ത കുഴഞ്ഞുവീണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡോക്ടറെ സമീപിച്ചതോടെ വിശ്വാസ്യത തെളിയിക്കാന്‍ അവര്‍ കൊണ്ടുവന്ന മരുന്നുവാങ്ങി നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കേ സ്വയം കഴിച്ചു.
മരുന്നു കഴിച്ച ഡോക്ടര്‍ ഉടന്‍ വിറയലോടെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഡോക്ടര്‍ അബോധാവസ്ഥയിലാകുകയും ചെയ്തു. കഴിഞ്ഞ ഒമ്പതുവര്‍ഷമായി അതേ അവസ്ഥയിലായിരുന്നു. വൈദ്യശാസ്ത്രം കൈയൊഴിഞ്ഞിട്ടും ദൈവം കൈയൊഴിയില്ലെന്ന വിശ്വാസത്തില്‍ മകനു സൗഖ്യമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍.
കൂലിപ്പണിക്കാരായിരുന്ന പണ്ടിരിയില്‍ പുത്തന്‍പുര അയ്യപ്പന്റെയും ലീലയുടെയും മൂത്തമകനാണു ബൈജു. മൂവാറ്റുപുഴ ശിവന്‍കുന്ന് ഗവ. ഹൈസ്‌കൂളിലും നിര്‍മല കോളജിലുമായി ഉയര്‍ന്ന മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയശേഷം തൃപ്പൂണിത്തുറ ആയുര്‍വേദ കോളജില്‍ ചേര്‍ന്നു. കുടുംബത്തിനു വലിയ പ്രതീക്ഷകള്‍ പകര്‍ന്നു മികച്ച വിജയം നേടി. പരിയാരത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ജോലിചെയ്തത്. ഏറെ വൈകാതെ സര്‍ക്കാര്‍ ജോലി ഇദ്ദേഹത്തെ തേടിയെത്തി. ഇടുക്കി ബൈസണ്‍വാലി ആശുപത്രിയില്‍ ആയൂര്‍വേദ ഡോക്ടറായിട്ടായിരുന്നു ആദ്യ നിയമനം.
സര്‍ക്കാര്‍ ജോലി കിട്ടി ഒമ്പതുമാസം പിന്നിട്ടപ്പോഴാണു ബൈജുവിന്റെ ജീവിതം ദുരിതക്കയത്തിലേത്ത് തെന്നിമാറിയത്. ഒപ്പം തകര്‍ന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും. ഒമ്പതു വര്‍ഷം ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും പരീക്ഷിച്ചെങ്കിലും ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല.
ജോലി ലഭിച്ചു പ്രബേഷന്‍ കാലയളവിലായിരുന്നതിനാല്‍ യാതൊരുവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിച്ചില്ല. നിര്‍ധനകുടുംബം ഏറെ ബുദ്ധിമുട്ടിയാണു ചികിത്സ നടത്തിവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ അനുവദിച്ചതാണ് ഈ കുടുംബത്തിനു ലഭിച്ച ഏക സഹായം.
ബൈജുവിനുണ്ടായ ദുരന്തത്തിന്റെ പിന്നാമ്പുറ സംഭവവുമായി ബന്ധപ്പെട്ടുള്ള കേസില്‍ കോടതിയില്‍ വാദം നടന്നു വരുന്നതിനിടയിലാണു മരണം. ഡോ. ബൈജു മരുന്നു കുറിച്ചുനല്‍കിയ ബൈസണ്‍വാലി കാര്യംകുന്നേല്‍ ശാന്തയുടെ ഭര്‍ത്താവ് രാജപ്പനെതിരേ പോലീസ് വധശ്രമത്തിനാണു കേസെടുത്തിരുന്നത്. ഇതില്‍ തൊടുപുഴ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി വിചാരണ നടന്നുവരികയാണ്. ബൈജുവിന്റെ മരണത്തോടെ വധശ്രമത്തിനുള്ള വകുപ്പു ചുമത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."